സ്നേഹ സ്പർശം അവാർഡ് എം. എ യൂസഫലിക്ക് സമ്മാനിച്ചു; പരുമല കാൻസർ സെന്ററിൽ നന്ദന കീമോതെറപ്പി വാർഡ്
തിരുവല്ല: എല്ലാ വിശ്വാസികളും ആത്മീയ സംസ്കരണത്തിന് തയ്യാറാകണമെന്നു വ്യവസായി എം.എ. യൂസഫലി. പരുമല സെന്റ് ഗ്രിഗോറിയോസ് രാജ്യാന്തര കാൻസർ കെയർ സെന്ററിൽ ഗായിക കെ.എസ്. ചിത്രയുടെ മകളുടെ പേരിലുള്ള നന്ദന കീമോതെറപ്പി വാർഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാർഥ വിശ്വാസി ഒരിക്കലും തീവ്രവാദിയോ മതഭ്രാന്തനോ ആകുകയില്ല. വിശ്വാസത്തിന്റെ കാര്യത്തിൽ എല്ലാവരും ഒന്നിക്കേണ്ടിയിരിക്കുന്നു.
ഒരുമ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ്. കരുണ ചെയ്യുന്നില്ലെങ്കിൽ ജീവിതം കൊണ്ട് അർഥമില്ലെന്നും യൂസഫലി പറഞ്ഞു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കാനും അവർക്കുവേണ്ടി നന്മ ചെയ്യാനും കഴിയുന്നതാണ് ജീവിതമെന്നും അലിവിന്റെ ഹൃദയം തുറക്കാൻ കഴിയണമെന്നും ബാവാ പറഞ്ഞു. മലങ്കര സഭ സ്നേഹ സ്പർശം അവാർഡ് എം.എ.യൂസഫലിക്ക് കാതോലിക്കാ ബാവാ സമ്മാനിച്ചു. .
ഗായിക കെ.എസ്. ചിത്ര വേദിയിൽ ഗാനം ആലപിച്ചു. ക്രിസ്മസ് രാവുകൾക്കായി തരംഗിണിക്കുവേണ്ടി കെ.എസ്. ചിത്ര 33 വർഷം മുൻപു പാടിയ പൈതലാം യേശുവേ…. ഉമ്മവെച്ചമ്മവെച്ചുണർത്തിയ എന്ന ഗാനം വീണ്ടും ഒരു ക്രിസ്മസ് കാലയളവിൽ ആശംസയായി പാടിയപ്പോൾ വേദിയും സദസും ഒരുപോലെ താളംപിടിച്ചു. പ്രസംഗിക്കാൻ തുടങ്ങി വികാരാധീനയായി വാക്കുകൾ കിട്ടാതെ വന്നപ്പോൾ ‘ഞാൻ പ്രസംഗിക്കുന്നതിലും നല്ലത് പാട്ട് പാടുന്നതാണെന്ന്’ പറഞ്ഞുകൊണ്ടായിരുന്നു ചിത്രയുടെ തുടക്കം.
മലങ്കര ഓർത്തഡോക്സ് സഭയുടെ സ്നേഹ സ്പർശം പരിപാടിയുടെ വിളംബര ഗാനമായ ഇനിയും പുലരിവിരിയും… മുകളുകൾ പൂക്കളായി വിടരും… എന്ന ഗാനത്തിന്റെ ഈടികൾ പാടിയ ശേഷമായിരുന്നു പൈതലാം യേശുവേ എന്ന ഗാനം ആലപിച്ചത്. ഈ പാട്ടിനുശേഷം എല്ലാവർക്കും ക്രിസ്മസ് ആശംസകളും ചിത്ര നേർന്നു. നന്ദനയുടെ പേരിലുള്ള കീമോതെറപ്പി വാർഡ് ഉദ്ഘാടനം ചെയ്തശേഷം പ്രസംഗിച്ച വ്യവസായി എം.എ. യൂസഫലി തന്റെ മാതാപിതാക്കളുടെ പേരിൽ പരുമലയിലെ കാൻസർ സെന്ററിനായി 2 വാർഡുകൾ നിർമിച്ചു നൽകുമെന്നു പ്രഖ്യാപിക്കുകയും ചിത്ര ഇതിന്റെ ഉദ്ഘാടനത്തിനായി എത്തണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
വേദിയിൽ എഴുന്നേറ്റു നിന്നു വിനയത്തോടുകൂടിയാണ് ഗായിക ഈ ക്ഷണം സ്വീകരിച്ചത്. പരുമലയിലെ എന്താവശ്യങ്ങൾക്കും വിളിച്ചാൽ താൻ എത്തുമെന്നും അവർ ഉറപ്പു നൽകി. ചെന്നൈയിൽ നിന്നു കുടുംബാംഗങ്ങൾക്കൊപ്പമാണ് ഇവർ എത്തിയത്. പരിപാടിയിൽ പങ്കെടുക്കുവാൻ കോഴിക്കോട്ടു നിന്നുള്ള സ്കൂൾ വിദ്യാർഥി സംഘവും എത്തിയിരുന്നു. ഇവരിൽ അനുഗ്രഹ എന്ന ഭിന്നശേഷിക്കാരനും ഈ കുട്ടിയെ പരിചരിക്കുന്ന സഹപാഠി ബിസ്മി ഫാത്തിമയും വേദിയിലെ വിശിഷ്ടാതിഥികൾ പ്രത്യേകം അഭിനന്ദിച്ചു. കുടുക്കയിൽ സ്വരൂപിച്ച പണം കാൻസർ കെയറിന് നൽകാനാണ് ഇവർ എത്തിയത്.
മാത്യു ടി. തോമസ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ.യാക്കോബ് മാർ ഐറേനിയസ്, ഡോ.യാക്കോബ് മാർ ഏലിയാസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.സഖറിയാസ് മാർ അപ്രേം സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്, വർക്കി ജോൺ, ആശുപത്രി സി.ഇ.ഒ ഫാ. എം.സി. പൗലോസ് എന്നിവരും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |