സൂര്യയ്ക്ക് കൈനിറയെ സമ്മാനവുമായി സഖറിയ മാർ തെയോഫിലോസ് തിരുമേനി
എടക്കര :- ദാരിദ്ര്യത്തോടു പൊരുതി എൻട്രൻസ് ജയിച്ച് എംബിബിഎസ് പ്രവേശനം നേടിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സൂര്യവിശ്വനാഥനെ അനുമോദിക്കാൻ കൈനിറയെ സമ്മാനവുമായി ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയ മാർ തെയോഫിലോസ് എത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ച സൂര്യയ്ക്ക് ഫീസടയ്ക്കാനും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനും പണമില്ലാതെ പഠനം വഴിമുട്ടിയതു സംബന്ധിച്ച് മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹം പാലേമാട് നാരോക്കാവിലെ സൂര്യയുടെ വീട്ടിലെത്തിയത്. ഐ–ഫോണും വസ്ത്രങ്ങളും സമ്മാനമായി നൽകി. സൂര്യയുടെ പഠനത്തിനു പിന്തുണ നൽകിയ പിതാവ് വിശ്വനാഥനും മാതാവ് സിന്ധുവിനുമുണ്ടായിരുന്നു സമ്മാനം. പഠനവഴിയിൽ തളരാതെ മുന്നോട്ടുപോകാൻ തിരുമേനി സൂര്യയ്ക്കു ധൈര്യം പകർന്നു. ഡോക്ടറായി ഗ്രാമത്തിന്റെ അനുഗ്രഹമായിത്തീരട്ടെയെന്നും പ്രാർഥിച്ചു.
അടുത്തദിവസം തന്നെ സൂര്യയുടെ പഠനസഹായത്തിനായി ലാപ്ടോപ് നൽകും. സാമ്പത്തിക പ്രശ്നംമൂലം പാതിയിൽ മുടങ്ങിയ വീടിന്റെ പണി പൂർത്തീകരിക്കാൻ ഒരുലക്ഷം രൂപ സഹായിക്കാമെന്നും തിരുമേനി അറിയിച്ചു. ബിജു വാലടിയും തിരുമേനിക്കൊപ്പമുണ്ടായിരുന്നു.
കടപാട് :- മലയാള മനോരമ