ഉയരം കൂടും തോറും വീഴ്ച്ചയുടെ ആഘാതം കൂടും….
ഇന്ന് വിഘടിത വിഭാഗവും, കേരളാ സർക്കാരും മറന്ന് പോകുന്ന ഒരു കാര്യവും ഇതാണ്, അന്നന്ന് വേണ്ട വിജയത്തിന് വേണ്ടി ഏത് നെറികെട്ട കാര്യവും ചെയ്യും, അതിനൊരു സർക്കാർ കൂട്ടുനിൽക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിനും, ജനാധിപത്യ സമ്പ്രദായത്തിനും നിരക്കാത്ത പ്രവർത്തിയാണ്. ഇതിന് ഇന്നല്ലെങ്കിൽ നാളെ ഈ സർക്കാരും, ഈ വിഘടിത മൂഢ ജനവും കോടതിയിലും, പ്രബുദ്ധരായ ഈ നാട്ടിലെ ജനങ്ങളോടും സമാധാനം പറയേണ്ടി വരുമെന്നതിൽ തർക്കമില്ല. ഒരു രാജ്യത്തിന്റെ പരമോന്നത നീതി പീഢം അർദ്ധശങ്കയില്ലാതെ വിധിച്ച ഒരു വിധിയോട് ആ രാജ്യത്തിന്റെ ഭാഗമായി ആ രാജ്യത്തിന്റെ അഡ്മിനിസ്ട്രേഷൻ ശ്രേണിയിൽ രണ്ടാം സ്ഥാനത്തായി പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനം ഭരിക്കുന്ന സർക്കാർ കാണിക്കുന്ന അലംഭാവം രാജ്യത്തിന്റെ നീതി ന്യായ വ്യവസ്ഥിതിയെ തന്നെ തകിടംമറിക്കുമെന്ന് നിസ്സംശയം പറയാം.
ഭാരതത്തിന്റെ തദ്ദേശിയ ക്രൈസ്തവ സഭയായ മലങ്കര ഓർത്തഡോക്സ് സഭയിൽ നിന്ന് വൈദേശികാധിപത്യം സ്വീകരിച്ച് വിഘടിച്ച് മാറി അന്തോഖ്യൻ പത്രിക്കിസിന്റെ കൽപ്പനകൾക്കനുസരിച്ച് പ്രാദേശിക തലവനെ മുൻ നിർത്തി പ്രവർത്തിക്കുന്ന 2017 ജൂലൈ മൂന്നിന് ബഹു .സുപ്രീം കോടതി അസ്ഥിരപ്പെടുത്തിയ യാക്കോബായ വിഭാഗം ഇന്ന് പരസ്യമായി ഭാരതത്തിന്റെ പരമോന്നത നീതി പീഠത്തെ തെരുവിലും, പരസ്യ യോഗങ്ങളിലും വെല്ല് വിളിക്കുമ്പോൾ അതിന് മൗനാനുവാദം നൽകി കൈയും കെട്ടി നോക്കി നിൽക്കുന്നത് ഒരു സർക്കാരിന് അതും ഒരു ഇടത് സർക്കാരിന് ഭൂഷണമാകില്ല.
പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ബഹു. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ എത്തിയ പോലീസ് അധികാരികൾക്ക് മുന്നിൽ ആത്മഹത്യ ശ്രമമുൾപ്പടെ നടത്തി പോലീസിന്റെ കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയ യാക്കോബായ വിഭാഗം സ്ത്രീകൾക്കും, പുരുഷൻമാർക്കുമെതിരെ പോലീസ് എന്ത് നടപടി സ്വീകരിച്ചു? ദിവസം നാല് കഴിഞ്ഞിട്ടും അതിൽ എത്ര പേരെ പോലീസ് അറസ്റ്റ് ചെയ്തു? ഇടത്പക്ഷ സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനം ഇതിൽ വ്യക്തമാണ്.
അരക്കുപ്പി മണ്ണെണ്ണക്ക് മുന്നിൽ നാടിന്റെ ക്രമസമാധാന പാലകർ മുട്ട് മടക്കിയ അതി ദാരുണമായ അവസ്ഥ ഇന്നലെ പൊതു സമൂഹം കണ്ടതാണ്. നാളെ ഇത് മറ്റ് കേസുകളുടെ വിധി നടത്തിപ്പിലും പ്രതിഫലിച്ചാൽ നമ്മൾ ആരെ പഴി പറയും? സംശയം വേണ്ട ഇന്ന് കേരളം ഭരിക്കുന്ന ഇടത് പക്ഷ സർക്കാരിന്റെ പിടുപ്പ് കേടായി വിലയിരുത്താം. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ അവതാരകൻ പ്രതിബാദിച്ച ഒരു കാര്യം വളരെ പ്രധാന്യമുള്ളതാണ് ” നിങ്ങൾ (യാക്കോബായ വിഭാഗം) നിയമങ്ങളിൽ നിന്ന് അകന്നകന്ന് പോകുന്നു” അതിന് വളമിട്ട് കൊടുക്കുന്നത് ആരെന്ന ചോദ്യത്തിനുള്ള ഉത്തരത്തിനും കേരളാ സർക്കാരിലേക്ക് വിരൽ ചുണ്ടേണ്ടി വരും. തർക്കം പരിഹരിക്കാൻ കോടതിയെ സമീപിച്ചവർ നിയമ വ്യവസ്ഥയിൽ അവസാന വാക്കായ ബഹു. സുപ്രീം കോടതിയുടെ വിധിയും പ്രതികൂലമായപ്പോൾ കോടതി വിധികളെ മാറ്റി നിർത്തി മദ്ധ്യസ്ഥ ചർച്ചക്ക് പരിശ്രമിക്കുമ്പോൾ കോടതി വിധികളെ ബഹുമാനിക്കുകയും, വിധികൾക്ക് വില നൽകുകയും ചെയ്യുന്ന ഓർത്തഡോക്സ് സഭ കോടതി വിധിയെ മുൻനിർത്തി മാത്രം ഒരു മധ്യസ്ഥ ചർച്ചക്ക് തയ്യറാകുന്നത് തികച്ചും മാതൃകാപരമാണ്.
വിധി നടത്തിപ്പ് എന്ന പേരിൽ പിറവത്ത് അരങ്ങേറിയ തരം താഴ്ന്ന പ്രഹസനം എന്തിന് വേണ്ടിയായിരുന്നു എന്ന ചോദ്യത്തിനും പ്രശസ്ഥിയേറി വരുന്നു. ഒരു സ്ഥലത്ത് സംഘടിച്ച് നിൽക്കുന്ന ആളുകളെ അവിടെ നിന്ന് നീക്കം ചെയ്യാൻ ഒരു സർക്കാർ സംവിധാനത്തിനു സാധിക്കുന്നില്ലയെങ്കിൽ അത് ആ സർക്കാരിന്റെ പിടുപ്പ് കേടായി വിലയിരുത്താം. പക്ഷേ അതിന്റെ നാല് ഇരട്ടിയിലധികം ആളുകളെ മറ്റൊരു ആരാധനാലയത്തിൽ നിന്ന് നീക്കം ചെയ്ത അതേ സംവിധാനം എന്ത് കൊണ്ട് പിറവത്ത് പരാജയപ്പെട്ടുവെന്നത് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
1934 -ലെ ഭരണ ഘടനയുടെ ചട്ടക്കൂടിൽ നിന്ന് കൊണ്ട് മലങ്കരയിലെ 1064 പള്ളികളിലും ഭൗതീക കൃത്യനിർവ്വഹണത്തിന് വേണ്ടി ഭരണം നടത്തണമെന്ന ബഹു. സുപ്രീം കോടതിയുൾപ്പടെ വിധി പ്രസ്താവിച്ചിട്ടും വിഘടിത വിഭാഗം അതിനെതിരെ പുറം തിരിഞ്ഞ് നിന്ന് കോടതിയെ ഉൾപ്പടെ അധിക്ഷേപിക്കുന്ന നടപടി സ്വീകരിക്കുന്നത് എന്തിനാണ്? അതിന്റെ പേരിൽ ഒരു ഇടവകക്കാരന് പോലും അതാതു പള്ളികളിൽ നിന്ന് പടിയിറങ്ങേണ്ടി വരില്ലയെന്ന് ഓർത്തഡോക്സ സഭ ഉറപ്പ് നൽകിയിട്ടും വിഘടിത വിഭാഗം നേതൃത്വം നിർഭാഗ്യവശാൽ മറു വശത്തായിപ്പോയ സഹോദരങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതും തികച്ചും ഖേദകരമാണ്, നമ്മൾ ഒരപ്പത്തിന്റെ അംശികളാണെന്നുള്ള തിരിച്ചറിവ് ഇന്നല്ലെങ്കിൽ നാളെ മലങ്കരയെ വീണ്ടുംമൊരു സമാധാനത്തിന്റെ നാൾ വഴികളിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കാം
സുമോദ് മാമ്മൂട്ടിൽ
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/articles/malankara-church-dispute/