OVS - ArticlesOVS - Latest News

നാം അറിയണം… സത്യം തിരിച്ചറിയണം….

1958 -ലെ ബ. സുപ്രീം കോടതി വിധിക്കുശേഷമുണ്ടായ യോജിപ്പിലൂടെ സമാധാനപരമായി കഴിഞ്ഞിരുന്ന മലങ്കര സഭയെ പിളര്‍ത്തി കാര്യലാഭം ഉണ്ടാക്കിയവര്‍, തങ്ങളുടെ നിലനില്‍പ്പിനായി ചമയ്ക്കുന്ന നുണകള്‍, തന്മയത്തോടെ അവതരിപ്പിച്ച് വിദ്വേഷം വളര്‍ത്തുന്ന സാഹചര്യമാണ് മലങ്കര സഭയില്‍ ഇന്ന് കാണുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ വ്യാജ്രപസ്താവനകെള തള്ളിക്കളയേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഒരുവിഭാഗം വിശ്വാസികളുടെ നിഷ്‌ക്കളങ്കതയും ഭക്തിയും ചൂഷണം ചെയ്തുകൊണ്ട് നടത്തുന്ന വഞ്ചന തുടരുവാന്‍ ഇനിയും അനുവദിക്കരുത്. ഈ നേതാക്കളുടെ ആരോപണങ്ങളും അതിൻ്റെ നിജസ്ഥിതിയും എന്തൊക്കെയാണ്?

1. വിശ്വാസത്തിൻ്റെ കാര്യമായതിനാല്‍ കോടതി വിധി അംഗീകരിക്കാന്‍ പറ്റില്ല.
വിശ്വാസ സംബന്ധമായ യാതൊരു കാര്യവും നാളിതുവരെയുള്ള കേസുകളില്‍ വിഷയമായിരുന്നില്ല എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. കേസിൻ്റെ നാള്‍വഴികളും വാദങ്ങളും വിധികളും പരിശോധിച്ചാലിത് വ്യക്തമാകും. മലങ്കര സഭയിലെ പള്ളികള്‍ ആരാല്‍ ഭരിക്കപ്പെടണം എന്ന അധികാരത്തര്‍ക്കത്തിന് തീര്‍പ്പ് ഉണ്ടാകുവാന്‍ നടത്തിയ സിവില്‍ കേസുകളാണിവ. വിശ്വാസ കാര്യമാണിതെന്ന് വിശ്വാസികളോട് പറയുന്നതിനിടയില്‍ മാധ്യമങ്ങളിലൂടെയെല്ലാം ഇതൊരു സിവില്‍ കേസ് ആണെന്ന് പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ഏറ്റവും ഒടുവില്‍ പിറവം പള്ളി സംബന്ധമായ കേസിൻ്റെ നടത്തിപ്പിനേപ്പറ്റിയുള്ള ചര്‍ച്ചയില്‍ യാക്കോബായ വിഭാഗത്തിൻ്റെ ഒരു മെത്രാപ്പോലീത്തയും വൈദികനും ഈ കാര്യം ചാനല്‍ ചര്‍ച്ചയില്‍ പ്രത്യേകം പറഞ്ഞിരുന്നുവല്ലോ. ജനത്തിനെ കബളിപ്പിക്കുവാനൊന്നു പറയും മറ്റൊരിടത്ത് വേറൊന്നു പറയും. ഇത് തിരിച്ചറിയുക.

2. മെത്രാങ്കക്ഷിക്കാര്‍ വേദവിപരീതികളും മുടക്കപ്പെട്ടവരുമാണ് എന്നുള്ള പ്രസ്താവന.
ആരാധനയില്‍ ശ്രദ്ധയോടെ സംബന്ധിക്കുന്നവര്‍ക്കും, ശരിയായി കൗദാശിക ജീവിതം നയിക്കുന്നവര്‍ക്കും, അവയില്‍ സംബന്ധിക്കുന്നവര്‍ക്കും വ്യക്തമായി അറിയാവുന്നതാണ് ഈ പ്രസ്താവന അടിസ്ഥാനരഹിതവും പച്ചക്കള്ളവുമാണെന്ന്. കാരണം, കക്ഷിഭേദമെന്യേ ജനങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ദേവാലയങ്ങളിലും, യാക്കോബായ വിഭാഗത്തിൻ്റെ നിയന്ത്രണത്തിലായിട്ടുള്ള ദേവാലയങ്ങളിലും നടത്തുന്ന ആരാധനയില്‍ സംബന്ധിക്കുന്നുണ്ട്, കുമ്പസാരം നടത്തുന്നുണ്ട്, വി. കുര്‍ബാന അനുഭവിക്കുന്നുണ്ട്, മാമോദീസ മുക്കുന്നുണ്ട്, മൂറോനഭിഷേകം നടത്തുന്നുണ്ട്, വിവാഹം നടത്തുന്നുണ്ട്, രോഗികളുടെ തൈലാഭിഷേകം നടത്തുന്നുണ്ട്, വിവാഹത്തിന് വിളിച്ചുചൊല്ല് കുറിയും ദേശകുറിയും കൊടുക്കുന്നുണ്ട്. പാത്രിയര്‍ക്കീസ് വിഭാഗം മെത്രാങ്കക്ഷി എന്ന് വിളിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദിക സ്ഥാനികളും, ജനങ്ങളും വേദവിപരീതികളും മുടക്കപ്പെട്ടവരുമാണെങ്കില്‍ ഇവയൊക്കെ എങ്ങനെയാണ് നടക്കുന്നത്? ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ മാമോദീസ മുക്കിയ കുഞ്ഞിനെ വീണ്ടും മുക്കി, മൂറോന്‍ അഭിഷേകം നടത്തിയിട്ടാണോ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ വൈദികരും മേല്‍പ്പട്ടക്കാരും കുര്‍ബാന കൊടുക്കുന്നത്? അതുപോലെ വിവാഹകൂദാശ ആവര്‍ത്തിക്കുമോ? ഓര്‍ത്തഡോക്‌സ് സഭയിലെ ഒരംഗത്തിനെ മാമോദീസ മുക്കിയിട്ടാണോ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ വൈദികര്‍ വിവാഹ കൂദാശ നടത്തുന്നത്? ഒരിക്കലും അല്ല എന്ന് എല്ലാവര്‍ക്കും അറിയാം. വേദവിപരീതികള്‍ക്ക് വിവാഹ കുറി കൊടുക്കുമോ? 1958 -ലെ സഭാ യോജിപ്പിനു ശേഷം കാതോലിക്ക കൂദാശ ചെയ്ത വി. മൂറോന്‍ വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്നതുമാണ്. ഇതില്‍ നിന്നും മനസ്സിലാകുന്നത്, ഇവര്‍ നിഷ്‌കളങ്കരായ വിശ്വാസികളെ നുണ പറഞ്ഞ് പറ്റിക്കുന്നുവെന്നല്ലേ?

3. ഭൂരിപക്ഷത്തിൻ്റെതാണ് പള്ളി, ആയതിനാല്‍ ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സുകാര്‍ക്ക് അവകാശമില്ല.
ഇതും വലിയൊരു തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണ്. കാരണം, പള്ളി ഭൂരിപക്ഷത്തിൻ്റെതല്ല ഇടവകാംഗങ്ങള്‍ക്കായി പണിതിട്ടുള്ളതാണ് അത് വളരെ വ്യക്തമായി 2017 ജൂലായ് 3 ലെ ബഹു. സുപ്രീം കോടതി വിധിയില്‍ പറഞ്ഞിട്ടുമുണ്ട്. “When the Church has been created and is for beneficiaries, it is not open for the beneficiaries, even by a majority, to usurp its property t ohre mbaenneafgite mofe tnhte” (para 8). (ഒരു സഭ രൂപീകരിക്കുകയും, അത് അതിൻ്റെ ഗുണഭോക്താക്കളുടെ മെച്ചത്തിനു വേണ്ടി ആയിരിക്കുകയും ചെയ്യുമ്പോള്‍, പ്രസ്തുത ഗുണഭോക്താക്കള്‍ക്ക്, ഭൂരിപക്ഷത്തോടെയായാല്‍ പോലും അതിൻ്റെ വസ്തുക്കളും ഭരണവും കൈപ്പിടിയിലാക്കുവാൻ കഴിയുന്നതല്ല ” …. no one can claim to be owners thereof even by majority and usurp the Church and the properties (para 17) (ഉടമകള്‍ തങ്ങളെന്ന് ഭൂരിപക്ഷത്തിൻ്റെ അടിസ്ഥാനത്തില്‍ പോലും ആര്‍ക്കും അവകാശവാദം ഉയര്‍ത്താവുന്നതല്ല, ആര്‍ക്കും പള്ളിയോ സ്വത്തുക്കളോ കയ്യേറാവുന്നതല്ല). ആയതിനാല്‍, ഇടവകാംഗങ്ങളായ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കും അവകാശപ്പെട്ടതാണ് ഈ പള്ളികള്‍. ഭൂരിപക്ഷം നോക്കിയല്ല പള്ളിയുടെ അവകാശം തീരുമാനിക്കുന്നതെന്ന് വളരെ വ്യക്തമാണിവിടെ. ന്യൂനപക്ഷ മതവിശ്വാസികള്‍ ഇന്ത്യവിട്ട് പോകണമെന്ന് പറയുന്ന ഭൂരിപക്ഷ വര്‍ഗീയതയുടെ ശബ്ദമാണ് പാത്രിയര്‍ക്കീസ് വിഭാഗമിവിടെ ഉയര്‍ത്തുന്നത്. വളരെയധികം അപകടകരമായൊരു സ്ഥിതിയിലേക്കും അരാജകത്വത്തിലേക്കും മാത്രമേ ഇത് നയിക്കുകയുള്ളൂ എന്നോര്‍ക്കുക.

4. മെത്രാങ്കക്ഷികള്‍ പള്ളിപിടിത്തക്കാരാണ് എന്ന ആരോപണം
പാത്രിയര്‍ക്കീസ് വിഭാഗം മെത്രാങ്കക്ഷിയെന്ന് വിശേഷിപ്പിക്കുന്ന ഓര്‍ത്തഡോക്‌സ് സഭ ഒരു പള്ളിയും പിടിക്കാന്‍ വരുന്നില്ല. അങ്ങനെ തോന്നുന്നതിൻ്റെ കാരണം പാത്രിയര്‍ക്കീസ് വിഭാഗത്തിൻ്റെ മുന്‍കാല പ്രവര്‍ത്തനങ്ങളിലൂടെയുള്ള സ്വയം വിലയിരുത്തലാണ്. അവരെപ്പോലെയാണ് മറ്റുള്ളവരും എന്നുള്ള തെറ്റിദ്ധാരണയില്‍ നിന്നുദിക്കുന്ന അഭിപ്രായമാണിത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിയന്ത്രണത്തിലും, 1934 -ലെ ഭരണഘടന പ്രകാരവും ഭരിക്കപ്പെട്ടിരുന്നതും, എല്ലാ ഇടവകാംഗങ്ങള്‍ക്കും തുല്യ അവകാശവും തുല്യ നീതിയും ഉണ്ടായിരുന്നതുമായ പള്ളികള്‍ അക്രമത്തിലൂടെയും, കൈക്കരുത്തിലൂടേയും പിടിച്ചടക്കി, ഓര്‍ത്തഡോക്‌സ് വിശ്വാസികളേയും വൈദികരേയും ഉപദ്രവിച്ച് ഇറക്കിവിട്ടു പള്ളിപിടിച്ചടക്കിയവര്‍ക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. പള്ളിയിലും അനുബന്ധ സ്ഥാപനങ്ങളിലും പള്ളിയുടെ കവാടത്തിലും കമാനത്തിലും ഉണ്ടായിരുന്ന ”ഓര്‍ത്തഡോക്‌സ് പള്ളി” എന്നുള്ള ചുവരെഴുത്തുകളും, ശിലാഫലകങ്ങളും, അതുപോലെ ലെറ്റര്‍ ഹെഡുകളും നശിപ്പിച്ചിട്ട്, പകരം ”യാക്കോബായ” എന്നെഴുതി വച്ചാല്‍ പള്ളി തങ്ങളുടേത് മാത്രമാക്കിയെടുക്കാമെന്ന് കരുതിയിരിക്കാം. പേര് മാറ്റി എഴുതിയാല്‍ പള്ളി യാക്കോബായ വിഭാഗത്തിന്റേതുമാത്രമായി തീരുന്നതെങ്ങിനെ? വിഭാഗീയതയ്ക്കും പിടിച്ചടക്കലിനും മുന്‍പുള്ള അവസ്ഥയിലേക്ക്, ബഹു. സുപ്രീം കോടതി വിധിയിലൂടെ ഇടവകയെ കൊണ്ടുവരുകയാണ് ചെയ്യുന്നത്. പള്ളിയോ അനുബന്ധ സ്വത്തുക്കളോ ആരും എടുത്തോണ്ട് പോകുന്നില്ല. നിയമവിധേയമായി, നിയമത്തിൻ്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട്, ഇടവകാംഗങ്ങളായ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കിക്കൊുള്ള ഭരണ സംവിധാനമാണ് ഉണ്ടാകുന്നത്. പള്ളിയുടെ സര്‍വ്വസ്വത്തുക്കള്‍ക്കും സംരക്ഷണവും പള്ളിയില്‍ വിശ്വാസികള്‍ ഇടുന്ന ഓരോ ചില്ലിക്കാശിനും കണക്കും ഓഡിറ്റിംഗും ഉണ്ടാകും. സുതാര്യത എല്ലാ സാമ്പത്തിക ഇടപാടുകളിലും ഉണ്ടാകും. അതിനുള്ള സംവിധാനമാണ് 1934-ലെ ഭരണഘടന. പള്ളികള്‍ ഭരിക്കപ്പേടേണ്ടത് 1934-ലെ ഭരണഘടന പ്രകാരമാണെന്ന് ബഹു. സുപ്രീം കോടതി വളരെ വ്യക്തമായി ഉത്തരവിട്ടിരിക്കുകയാണ്. “The 1934 constitution fully governs the affairs of the Parish churches and shall prevail’ (para 1) (1934 -ലെ ഭരണഘടന ഇടവകപ്പള്ളിക്കാര്യങ്ങളെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതും (ഭരിക്കുന്നതും) സ്ഥായിയായി നിലനില്‍ക്കുന്നതുമാണ്). “The 1934 Constitution is appropriate and adequate for management of the parish churches..” (1934 ലെ ഭരണഘടന ഇടവകപ്പള്ളികളുടെ ഭരണത്തിനനുയോജ്യവും മതിയായതുമാണ്). പള്ളിയുടെ പണം യഥേഷ്ടം കണക്കും ഓഡിറ്റിംഗും ഇല്ലാതെ ധൂര്‍ത്തടിച്ചവര്‍ക്ക് ഇത് പ്രയാസം ഉണ്ടാക്കും. അതുകൊണ്ടാണ് 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടുന്നതിനെ എതിര്‍ക്കുന്നതും മെത്രാങ്കക്ഷികള്‍ പള്ളിപിടിച്ചടക്കി എല്ലാവരേയും പുറത്താക്കുകയാണ് എന്ന് ഭീഷണി മുഴക്കി കലാപത്തിന് ശ്രമിക്കുന്നതും. അനീതി നിലനിര്‍ത്തുവാനും സ്വാര്‍ത്ഥലാഭത്തിനുമായി വിശ്വാസികളെ മനുഷ്യകവചമാക്കുകയാണിവിടെ. ഇത് വിശ്വാസികള്‍ തിരിച്ചറിയണം.

5. യാക്കോബായ സഭയാണ് പുരാതന സഭയെന്നും, ഓര്‍ത്തഡോക്‌സ് ‌സഭ വിഘടിച്ചുപോയതുമാണ് എന്ന ആരോപണം
അബദ്ധജടിലവും വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടുമുള്ള ഒരു ആരോപണമാണിത്. ഒന്നാമത്, യാക്കോബായ സഭ എന്നൊരു സഭ ഇല്ല. ഓര്‍ത്തഡോക്‌സ് സഭയെ പരിഹസിച്ച് വിളിക്കുന്ന പേരാണിത്. ”യാക്കോബായ” എന്നത് പരിഹാസപ്പേര് ആണെന്നും യഥാര്‍ത്ഥ നാമം ”ഓര്‍ത്തഡോക്‌സ്” എന്നാണെന്നും, മലങ്കരയിലെ പൗരാണിക സഭ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയാണെന്നും ഉറപ്പുള്ളതിനാലാണ് , 1934 -ലെ ഭരണഘടനയിലെ മൂന്നാമത്തെ ഖണ്ഡികയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്. ‘‘ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെ ചില കാരണങ്ങളാല്‍ പിശകായി യാക്കോബായ സഭ എന്നുകൂടെ പേര് പറഞ്ഞുവരുന്നതുപോലെ മലങ്കര സഭയേയും അതേ കാരണങ്ങളാല്‍ യാക്കോബായ സഭ എന്നുകൂടെ പേര് പറഞ്ഞുവരുന്നുവെങ്കിലും, അതിനുള്ള പൂര്‍വ്വീകമായ സാക്ഷാല്‍ പേര് ‘മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ’ എന്നാകുന്നു.” ഈ വിവരിച്ചിരിക്കുന്ന കാരണങ്ങളാലാണ് പലരുടേയും SSLC ബുക്കില്‍ ”യാക്കോബായ” എന്ന് കഴിഞ്ഞ കാലങ്ങളില്‍ തെറ്റായി ചേര്‍ത്തിരിക്കുന്നത്. ഈ വസ്തുത ശരിവക്കുന്നതാണ്, ഇവിടുത്തെ യാക്കോബായ വിഭാഗം തങ്ങളുടെ മാതൃസഭയായി വിശേഷിപ്പിക്കുന്ന, പ. അപ്രേം രണ്ടാമന്‍ കരീം പാത്രിയര്‍ക്കീസ് പ്രധാന മേലദ്ധ്യക്ഷനായിരിക്കുന്ന, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വെബ് സൈറ്റില്‍ ഇങ്ങനെ ചേര്‍ത്തിരിക്കുന്നത്: “… adversaries labelled the Syriac Orthodox Church ‘Jacobite’ after St. Jacob. The Syriac Orthodox Church rejects this belittling label which wrongly suggests that the Church was founded by Mor Yaqub” (www.syrianorthodoxchurch.org/general-history). ഈ യാഥാര്‍ത്ഥ്യം ബോദ്ധ്യമായിട്ടുള്ളതിനാലാണ്, ബഹു. സുപ്രീം കോടതി തന്നെ, തെളിവുകളുടെ അടിസ്ഥാനത്തില്‍, ഇവിടുത്തെ പൗരാണിക സഭ മലങ്കര ഓര്‍ത്തഡോക്‌സ് സഭയാണെന്ന് അംഗീകരിച്ചുകൊണ്ട് സുപ്രധാന വിധിന്യായം പുറപ്പെടുവിച്ചിരിക്കുന്നത്.

രണ്ടാമതായി, മുകളില്‍ പറഞ്ഞിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം 2002-ല്‍ വിഘടിച്ചുപോയി, തങ്ങളുടേതായ അസ്സോസ്സിയേഷന്‍ കൂടുകയും, ”യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ” എന്ന പേരില്‍ പുതിയ സഭ സ്ഥാപിക്കുകയും അതിനുവേണ്ടി ഒരു ഭരണഘടന പാസാക്കുകയും ചെയ്തു. ഇത് സംബന്ധമായുള്ള ബഹു. സുപ്രീം കോടതിയുടെ നിരീക്ഷണം 2017 ജൂലായ് 3 -ലെ വിധിന്യായത്തിൻ്റെ 62, 63 പേജുകളിലായി ഇപ്രകാരം എഴുതിയിരിക്കുന്നു. The plaintiffs have deviated from Malankara Orthodox Syrian faith for which the Church was established and formed a new Sabha called Yakobava Suriyani Christian Association in the year 2002. ”യാക്കോബായ” എന്ന പേര് പ്രതിയോഗികള്‍ തങ്ങളെ ഇകഴ്ത്തിക്കാട്ടുവാന്‍ നല്‍കിയ പരിഹാസപ്പേര് ആണെന്നും, സഭയുടെ യഥാര്‍ത്ഥ പേര് ”സുറിയാനി ഓര്‍ത്തഡോക്‌സ്” എന്നാണെന്നും പാത്രിയര്‍ക്കീസ് പറയുന്നു. എന്നാല്‍ അതേ സഭയുടെ അവിഭാജ്യഘടകമെന്ന്, തങ്ങള്‍ ഉണ്ടാക്കിയ 2002 -ലെ ഭരണഘടനയുടെ ആമുഖത്തിലും, ഒന്നാമത്തെ പ്രഖ്യാപനത്തിലും പുതിയ സഭയായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ പറയുന്നു. ഇതില്‍ തന്നെ വലിയൊരു പൊരുത്തക്കേട് കാണാവുന്നതാണ്. കൂടാതെ, പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ മുന്‍ ശ്രേഷ്ഠ കാതോലിക്ക പൗലോസ് ദ്വിതീയന്‍ പറഞ്ഞിരുന്നത് ”യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ” എന്നാണ്. അതിലെ ”ഓര്‍ത്തഡോക്‌സും” മായിച്ചുകളഞ്ഞ നൂതനസഭ എങ്ങനെ ഇവിടുത്തെ പൗരാണിക സഭയാകും? ആയതിനാല്‍, 2002 -ല്‍ പുതിയ പേരില്‍, പുതിയ ഭരണഘടനയുമായി രൂപീകരിക്കപ്പെട്ട യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയല്ല, മറിച്ച്, പണ്ട് കാലത്ത് ‘യാക്കോബായ’ എന്ന് പിശകായി വിളിക്കപ്പെട്ടിരുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയാണ് ഇവിടുത്തെ പൗരാണിക സഭ എന്ന് നിസംശയം പറയാം. ഇതുതന്നെ ശരിവയ്ക്കുവാനേ പാത്രിയര്‍ക്കീസിനും സാധിക്കുകയുള്ളൂ.

7). 1934-ലെ ഭരണഘടനയില്‍, പാത്രിയര്‍ക്കീസിനെ മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായി പറയുന്നുണ്ടെങ്കിലും ഓര്‍ത്തഡോക്സുകാർ അംഗീകരിക്കുന്നില്ല.
1934-ലെ ഭരണഘടന ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവര്‍ക്കറിയാം ഇതുമൊരു വ്യാജപ്രസ്താവനയാണെന്ന്. കാരണം 1934-ലെ ഭരണഘടനയില്‍ അങ്ങനെ പറയുന്നില്ല. 1934-ലെ ഭരണഘടനയില്‍ പറയുന്നത്: ”മലങ്കര സഭ – ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഒരു വിഭാഗവും (division), ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ (Primate) അന്ത്യോക്യ പാത്രിയര്‍ക്കീസും ആകുന്നു” (വകുപ്പ് 1), ”മലങ്കര സഭ – മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായതും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയില്‍ ഉള്‍പ്പെട്ടതും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ (Primate) കാതോലിക്കായും ആകുന്നു” (വകുപ്പ് 2). ഇവിടെ ഒരിടത്തും മലങ്കര സഭ അന്ത്യോക്യന്‍ സഭയുടെ ഭാഗമാണെന്ന് (part) പറഞ്ഞിട്ടില്ല. ”ഭാഗവും” (part) ”വിഭാഗവും”(division) തമ്മില്‍ വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, കണ്ണ് ശരീരത്തിൻ്റെ ഭാഗമാണ് (part) വിഭാഗമല്ല (division). ഒരു സ്‌കൂളില്‍, ഒരേ ക്ലാസുകള്‍ ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അവയെല്ലാം വിഭാഗങ്ങളാണ് (divisions), ഭാഗങ്ങള്‍ (parts) അല്ല. അതുപോലെയാണ മലങ്കര സഭയും, ഒരു പോലെയുള്ള രണ്ട് സഭകള്‍. കൂടാതെ, പാത്രിയര്‍ക്കീസ് മലങ്കര സഭയുടെ പരമാദ്ധ്യക്ഷനാണെന്നും (Supreme Head) പറഞ്ഞിട്ടില്ല. പിന്നേയോ, മലങ്കരസഭ ഉള്‍പ്പെട്ട പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ കാതോലിക്കാ ആകുന്നുവെന്നാണ്.

തുടര്‍ന്ന്, 101 -ാം വകുപ്പില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ”കാതോലിക്കായുടെ സഹകരണത്തോടുകൂടി കാനോനികമായി വാഴിക്കപ്പെടുന്ന പാത്രിയര്‍ക്കീസിനെ മലങ്കര സഭ അംഗീകരിക്കുന്നതാകുന്നു’‘. പാത്രിയര്‍ക്കീസിന്റെ മലങ്കര സഭയിലെ സ്ഥാനം ഇത്രയേ ഉള്ളൂ. കൂടാതെ, ”…….മലങ്കര സഭയാല്‍ സ്വീകരിക്കപ്പെട്ട പാത്രിയര്‍ക്കീസ് ഉണ്ടെങ്കില്‍, കാതോലിക്കായെ വാഴിക്കുന്ന അവസരത്തില്‍ പാത്രിയര്‍ക്കീസിനെ ക്ഷണിക്കേണ്ടതും, പാത്രിയര്‍ക്കീസ് വരുന്നപക്ഷം സിനഡിന്റെ പ്രസിഡന്റ് എന്ന നിലയില്‍ സിനഡിന്റെ സഹകരണത്തോടുകൂടി കാതോലിക്കയെ വാഴിക്കേണ്ടതും ആകുന്നു” (വകുപ്പ് 114). ഈ വകുപ്പ് പ്രകാരമാണ്, 1958-ലെ യോജിപ്പോടുകൂടി മലങ്കര സഭ സ്വീകരിച്ച യാക്കൂബ് മൂന്നാമന്‍ പാത്രിയര്‍ക്കീസിനെ ക്ഷണിച്ചതും, ഇവിടുത്തെ സിനഡിന്റെ സഹകരണത്തോടുകൂടി കാതോലിക്കായെ വാഴിച്ചതും. മറ്റൊന്ന്, 118 -ാം വകുപ്പ് ആണ്, ”…. പരാതി കാതോലിക്കായെപ്പറ്റി ആണെങ്കില്‍, മലങ്കര സഭയാല്‍ സ്വീകരിക്കപ്പെട്ട പാത്രിയര്‍ക്കീസ് ഉണ്ടെങ്കില്‍ പാത്രിയര്‍ക്കീസിനെക്കൂടെ ക്ഷണിക്കേണ്ടതും അദ്ദേഹം വരുന്ന പക്ഷം സിനഡിന്റെ പ്രസിഡന്റ് ആയിരിക്കുന്നതും, വരാത്തപക്ഷം സിനഡ് വിധി കല്‍പ്പിക്കുന്നതുമാണ്…”

പാത്രിയര്‍ക്കീസും മലങ്കര സഭയുമായിട്ടുള്ള ബന്ധത്തില്‍ പാത്രിയര്‍ക്കീസിൻ്റെ സ്ഥാനം ഇതൊക്കെയാണ്. ഭരണഘടന പ്രകാരം മലങ്കര സഭയുടെ തലവന്‍ കാതോലിക്കായാണ്, പാത്രിയര്‍ക്കീസ് അല്ല. മലങ്കര സഭയാല്‍ സ്വീകരിക്കപ്പെട്ടിട്ടുള്ള പാത്രിയര്‍ക്കീസിനെ മാത്രമെ അംഗീകരിക്കേണ്ട ആവശ്യമുള്ളൂ, അതുപോലെ ക്ഷണിച്ചാല്‍ മാത്രമെ പാത്രിയര്‍ക്കീസിന് മലങ്കര സഭയില്‍ വരുവാന്‍ അവകാശമുള്ളൂ. ക്ഷണിക്കപ്പെടാതെയുള്ള വരവ് അനധികൃതവും, അധിനിവേശവും കടന്നുകയറ്റവുമാണ്. അതിനെയാണ് മലങ്കര സഭ എതിര്‍ക്കുന്നത്. അല്ലാതെ പാത്രിയര്‍ക്കീസ് എന്ന വ്യക്തിയെ അല്ല. പാത്രിയര്‍ക്കീസ് വിഭാഗത്തിൻ്റെ ശ്രേഷ്ഠകാതോലിക്ക തോമസ് പ്രഥമന്‍ 2014 നവംബര്‍ മാസത്തില്‍ Mt-63/2014 -ാം നമ്പരായി മറ്റ് മെത്രാച്ചന്മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നത് നോക്കുക: ”ഇന്ത്യയിലെ പരി. സഭ ഇത്ര നിര്‍ഭാഗ്യവതിയും ഇരുമ്പുദണ്ഡുകൊണ്ടുള്ള നുകത്തിന്‍ കീഴിലുള്ള അടിമത്വവും അനുഭവിക്കേണ്ടി വരുന്നല്ലോ…….. മനുഷ്യത്വം നഷ്ടപ്പെട്ട് ഈ നരകയാതന എത്ര നാള്‍ അനുഭവിക്കും……….. ” ഇതാണ് പാത്രിയര്‍ക്കീസിന്റെ മനോഭാവം. ഇത് മലങ്കര ഓര്‍ത്തഡോക്‌സ് സഭ നേരത്തെ മനസ്സിലാക്കിയതിനാല്‍, ആ ഇരിമ്പു നുകത്തിന്‍ കീഴില്‍ തുടരാന്‍ ആഗ്രഹിക്കാത്തത്. എങ്കിലും, പാത്രിയര്‍ക്കീസിന് എല്ലാ ബഹുമാനവും ആദരവും മലങ്കരസഭ നല്‍കുന്നുണ്ട്. അതിനാലാണ് ഇപ്പോഴും വി. കുര്‍ബാനയിലെ ഒന്നാം തുബ്‌ദേനില്‍ പാത്രിയര്‍ക്കീസിൻ്റെ പേര് ഓര്‍ത്തഡോക്‌സ് സഭ ഓര്‍ക്കുന്നത്.

8. ഓര്‍ത്തഡോക്‌സുകാരാണ് കേസുകളെല്ലാം കൊടുക്കുന്നത്
1912 -ലെ കാതോലിക്കേറ്റ് സ്ഥാപനത്തിന് ശേഷം ഉണ്ടായ സുപ്രധാന കേസുകളുടെയെല്ലാം വാദി പാത്രിയര്‍ക്കീസ് വിഭാഗമായിരുന്നുവെന്ന് കോടതി രേഖകളില്‍ നിന്നും വിധിന്യായത്തില്‍ നിന്നും വ്യക്തമാണ്. അവയില്‍ പ്രധാനപ്പെട്ട ചില കേസുകളുടെ വിവരങ്ങള്‍ ഇവിടെ പ്രതിപാദിക്കട്ടെ.

  1. സമരിക്കേസ്: 1912 -ന് തൊട്ടുമുന്‍പ് പാത്രിയര്‍ക്കീസ് അനുകൂലിയായിരുന്ന അത്മായ ട്രസ്റ്റി സി. ജെ കുര്യന്‍ മലങ്കര മെത്രാപ്പോലീത്തയായിരന്ന പ. വട്ടശേരില്‍ തിരുമേനിക്ക് എതിരായി 1911-ല്‍ കൊടുത്തതാണിത്. അത് മെത്രാപ്പോലീത്തക്ക് അനുകൂലമായി 1911 സെപറ്റ്ംബര്‍ 11-ന് വിധിച്ചു.
  2. കുന്നംകുളം കേസ്: പ. വട്ടശേരില്‍ തിരുമേനി പട്ടം കൊടുത്ത കുന്നംകുളം ആര്‍ത്താറ്റ് പള്ളി ഇടവകക്കാരനായ ചാക്കുണ്ണി കത്തനാര്‍ പള്ളിയില്‍ പ്രവേശിക്കാന്‍ പാടില്ല എന്നു പറഞ്ഞ് കുന്നംകുളത്തുള്ള പാത്രിയര്‍ക്കീസ് പക്ഷക്കാര്‍, തൃശൂര്‍ ഡിസ്റ്റ്രിക് മജിസ്റ്റ്രേറ്റിന് മുന്‍പാകെയും, അതില്‍ പരാജയപ്പെട്ടപ്പോള്‍ തൃശൂര്‍ ജില്ലാ കോടതിയില്‍ 1088 കുംഭമാസത്തിലും ഫയല്‍ ചെയ്ത കേസ്. 4 വര്‍ഷം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി 1092 മേടം 30 -ന് ചിലവുകള്‍ സഹിതം തള്ളിക്കൊണ്ട് ഉത്തരവായി. പ്രസ്തുത വിധിയിന്മേല്‍ വാദികള്‍ കൊച്ചി ചീഫ് കോര്‍ട്ടില്‍ അപ്പീല്‍ പോയെങ്കിലും, കീഴ്‌ക്കോടതിവിധി സ്ഥിരപ്പെടുത്തിക്കൊണ്ട് 1093 മിഥുനം 7 ന് പാത്രിയര്‍ക്കീസ് പക്ഷക്കാരായ വാദികള്‍ക്ക് എതിരായി വിധി ഉണ്ടായി.
  3. വട്ടിപ്പണക്കേസ്: ഇതിനെപ്പറ്റി പാത്രിയര്‍ക്കീസ് വിഭാഗത്തിലെ കണിയാംപറമ്പിലച്ചന്‍ തന്നെ സമ്മതിക്കുന്നുണ്ട് ആ കേസ് കൊടുത്തത് തങ്ങളാണെന്ന് (ആലുവായിലെ വലിയ തിരുമേനി, പേജ് 37). 1913 -ല്‍ പാത്രിയര്‍ക്കീസ് വിഭാഗം തിരുവനന്തപുരം ഡിസ്ട്രിക്റ്റ് കോടതിയില്‍ 1088 -ലെ ഒ.എസ് 94 -ാം നമ്പറായി ഫയല്‍ ചെയ്ത കേസ്, 1919 സെപ്റ്റംബര്‍ 15 (1095 ചിങ്ങം 30) ന് ചിലവ് സഹിതം തള്ളി. വട്ടിപ്പണത്തിന്റെ പലിശ കാതോലിക്കാവിഭാഗം വാങ്ങുകയും, കേസിൻ്റെ ചിലവിലേക്ക് കോടതി വിധിപ്രകാരം 3619 രൂപ 9 ചക്രം 13 കാശ് പാത്രിയര്‍ക്കീസ് വിഭാഗം കോടതിയില്‍ കെട്ടിവയ്ക്കുകയും ചെയ്തു (പേജ് 44).
  4. വട്ടിപ്പണക്കേസിൻ്റെ അപ്പീല്‍: പാത്രിയര്‍ക്കീസ് വിഭാഗം തിരുവതാംകൂര്‍ ഹൈക്കോടതിയില്‍ 1096 -ലെ 68-ാം നമ്പറായി ഫയല്‍ ചെയ്തത്.
  5. സസ്‌പെന്‍ഷന്‍ കേസ്: കോട്ടയം ജില്ലാ കോടതിയില്‍ പാത്രിയര്‍ക്കീസ് വിഭാഗം ഫയല്‍ ചെയ്ത 1104 -ലെ ഒ.എസ് 2 -ാം നമ്പര്‍ കേസ്. 1106 മകരം 10 ന് ചിലവ് സഹിതം തള്ളിയ കേസ് വീണ്ടും ഫയലില്‍ സ്വീകരിക്കാന്‍ നല്‍കിയ അപേക്ഷ 1931 സെപ്റ്റംബര്‍ 29 -ന് തള്ളി. അതിനെതിരെ 1107 ധനു 20 നു (1932 ജനുവരി 4) ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചെങ്കിലും, അതും തള്ളിക്കൊണ്ട് ഉത്തരവായി.
  6. രുമല ചിട്ടിക്കേസിന്റെ വിധിക്കെതിരെ പാത്രിയര്‍ക്കീസ് വിഭാഗക്കാരനായ ട്രസ്റ്റി സി.ജെ കുര്യന്‍ തിരുവതാംകൂര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ്. പ. വട്ടശേരില്‍ തിരുമേനിക്ക് അനുകൂലമായി 1918 ആഗസ്റ്റ് 18 ന് ഫുള്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചു. ഈ വിധിയിലെ പ്രസക്തമായ കാര്യം പരുമല സെമിനാരിയും സ്വത്തുക്കളും സമുദായത്തിന്റെ കൂട്ട് ട്രസ്റ്റില്‍ പെടുന്നതല്ലയെന്നും പ.വട്ടശേരില്‍ തിരുമേനിയുടെ കൈവശാവകാശത്തില്‍പ്പെടുന്നതുമാണ് എന്നതാണ്.
  7. ഒന്നാം സമുദായക്കേസ് – 1958 -ല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ഭരണഘടനാബെഞ്ച് വിധിച്ച കേസ് ആരംഭിക്കുന്നത് 1938 മാര്‍ച്ച് 10 ന് കോട്ടയം ജില്ലാക്കോടതിയില്‍ 1113 -ലെ ഒ. എസ് 111 -ാം നമ്പരായി പാത്രിയര്‍ക്കീസ് വിഭാഗം ഫയല്‍ ചെയ്ത കേസില്‍ നിന്നായിരുന്നു.
  8. രണ്ടാം സമുദായക്കേസ് – 1995 ജൂണ്‍ 20 -ന് ബ. സുപ്രീം കോടതി പ്രഖ്യാപിച്ച സുപ്രധാന വിധിക്കു കാരണമായത് 1990 -ലെ സി.എ 4958, 4959, 4960 എന്നീ നമ്പറുകളിലായി പാത്രിയര്‍ക്കീസ് വിഭാഗം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസുകളിന്മേല്‍ ആയിരുന്നു. ശ) മൂന്നാം സമുദായക്കേസ് – ഏറ്റവും ഒടുവിലായി 2017 ജൂലായ് 3 ബ. സുപ്രീംകോടതി ഉത്തരവിട്ട വിധിയ്ക്കും കാരണമായത് 2015 -ല്‍ 3674 -ാം നമ്പരായി പാത്രിയര്‍ക്കീസ് വിഭാഗം ബ. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ആയിരുന്നു. ഇപ്രകാരം കേസുകളുടെ ഒരു നീണ്ട നിര തന്നെ പാത്രിയര്‍ക്കീസ് വിഭാഗം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എന്നിട്ടിപ്പോള്‍ പറയുകയാണ്, തങ്ങള്‍ ഒറ്റ കേസുപോലും കൊടുത്തിട്ടില്ലായെന്ന്. ഇങ്ങനെ നുണ പറയുന്നത് കടുത്ത വഞ്ചനയല്ലേ?

പ. ഇഗ്നാത്തിയോസ് സാക്കാ ഇവാസ് ഒന്നാമന്‍ പാത്രിയര്‍ക്കീസ് ബാവ, പാത്രിയര്‍ക്കീസ് വിഭാഗത്തിന്, 07 – 01 – 1999 -ല്‍ അയച്ച 30/99 -ാം നമ്പര്‍ കല്‍പ്പനയില്‍ നിന്നൊരുഭാഗം ഇവിടെ പ്രസക്തമാണ്. ”ആരംഭത്തില്‍ മറുഭാഗം ബ. സുപ്രീം കോടതി വിധിയുടേയും, ഭരണഘടനയുടേയും അടിസ്ഥാനത്തില്‍ സമാധാനമുണ്ടാക്കുവാന്‍ സന്നദ്ധരായിരുന്നു. ആ സമയത്ത് സന്ധി സംഭാഷണങ്ങളില്‍ നിന്ന് നിങ്ങള്‍ പിന്‍മാറി, നിങ്ങള്‍ സഭയുടെ നല്ല ഭാവിയെ കരുതിയല്ല പ്രവര്‍ത്തിക്കുന്നത്.”

9). 1934 ലെ ഭരണഘടന രെജിസ്റ്റര്‍ ചെയ്തിട്ടില്ല , പല ഭാഷ്യങ്ങള്‍ ഉള്ളതിനാല്‍ ശരിയായ ഭരണഘടന നിലവിലില്ല
അജ്ഞതയില്‍ നിന്നോ, അല്ലെങ്കില്‍ അജ്ഞത നടിച്ച് ജനത്തെ കബളിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ള നാടകമോ ആണ് ഈ ആരോപണം. കാരണം, ഒരു ഭരണഘടനയോ, നിയമാവലിയോ ഉണ്ടാക്കിയാല്‍, പിന്നീട് കാലോചിതമായ ഭേദഗതികള്‍ വരുത്തുക സാധാരണമാണ്. അതായത്, ആവശ്യമായിട്ടുള്ളത് കൂട്ടിച്ചേര്‍ക്കുകയും ആവശ്യമില്ലായെന്ന് തോന്നുന്നത് നീക്കിക്കളയുകയും ചെയ്യുന്ന രീതി. അപ്രകാരം, കാലാകാലങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ (amendment) വരുത്തിയിട്ടുള്ളതാണ് 1934 -ലെ ഭരണഘടന. അത് ബ. സുപ്രീം കോടതി 1958 -ലും, 1995 -ലും, 2017-ലും അംഗീകരിച്ചിട്ടുള്ളതാണ്. 1995-ലെ വിധിയില്‍ അപ്രകാരമൊരു ഭേദഗതി കോടതിതന്നെ നിര്‍ദ്ദേശിക്കുകയും അതിന്‍പ്രകാരം ഭേദഗതി ചെയ്തിട്ടുള്ളതുമാണ്. എന്തിനേറേപ്പറയുന്നു, ഇന്ത്യന്‍ ഭരണഘടന ഇതുപോലെ എത്രയോ പ്രാവശ്യം ഭേദഗതി വരുത്തിയിട്ടുള്ളതാണ്.

1934 ലെ ഭരണഘടന രെജിസ്റ്റര്‍ ചെയ്യേആവശ്യമില്ലായെന്ന് 2017 ജൂലായ് 3 -ലെ വിധിയില്‍ ബ. സുപ്രീം കോടതി തന്നെ വളരെ വ്യക്തമായി ഉത്തരവിട്ടിട്ടുള്ളതാണ്. “The 1934 Constitution ………….. only provides a system of administration and as such is not required to be registered” (para 22) (1934 ലെ ഭരണഘടന, ………….. ഒരു ഭരണ സംവിധാനമുാക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ ഭരണഘടന രെജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല). ഇത് സംബന്ധമായിയുള്ള എല്ലാ പരാതികളും കോടതി തള്ളിക്കളയുകയാണുണ്ടായത്. എന്നിട്ടും അതിൻ്റെ പേരില്‍ വ്യാജവാക്കുകളാല്‍ പറ്റിക്കുകയല്ലേ യാക്കോബായ നേതൃത്വവും വക്കീലന്മാരും?

പാത്രിയര്‍ക്കീസ് വിഭാഗത്തെ നയിക്കുന്നവര്‍, ഇപ്രകാരമുള്ള അനേകം നുണകളിലൂടെ നിഷ്‌ക്കളങ്കരായ വിശ്വാസികളെ ദിനംപ്രതി വഞ്ചിക്കുകയാണ്. അത് തിരിച്ചറിയുവാനും, തിരിച്ചറിവിലൂടെ ഒന്നായി ആരാധന ജീവിതം നയിക്കുവാനും നമുക്കിടയാകണം. സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ നാമെല്ലാവരും കടപ്പെട്ടവരാണ്. അതിനായി ക്രമീകരിച്ചിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുവാനും ബാദ്ധ്യസ്ഥരാണ്. സംസ്‌ക്കാരമുള്ള ജനത നിയമങ്ങള്‍ പാലിച്ച് പരസ്പര സഹവര്‍ത്തിത്വത്തോടും സഹകരണത്തോടും ജീവിതം നയിക്കും. വിഭാഗീയത ദൈവീകമല്ലായെന്നോര്‍ക്കുക. ഒരേ വിശ്വാസത്തിലും, പാരമ്പര്യത്തിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന സഹോദരങ്ങള്‍ തമ്മിലടിച്ച് നശിക്കുവാനിടയാകാതെ, ഐക്യത്തോടും സമാധാനത്തോടും സന്തോഷത്തോടും ജീവിക്കുവാന്‍ ഇടയാകട്ടെ.

ഫാ. ജോസ് തോമസ് പൂവത്തുങ്കല്‍
2018 ഡിസംബര്‍ 14

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in