സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY -THE LIFE; വിശ്വാസപഠനം – IV
മൂന്നാം ഭാഗത്തിൻ്റെ തുടർച്ച (വിശ്വാസപഠനം – III >>)
31). ക്രിസ്തീയ മാമോദീസായും സ്നാപക യോഹന്നാൻ നിർവഹിച്ച മാമോദീസായും തമ്മിലുള്ള വ്യത്യാസം എന്താണ്?
മുകളിൽ വ്യക്തമാക്കിയത് പോലെ ക്രിസ്തീയ മാമോദീസയും യോഹന്നാൻ നിർവഹിച്ച മാമോദീസയും ഒന്നല്ല. സ്നാപക യോഹന്നാൻ നൽകിയത് ജലത്താലുള്ള അനുതാപത്തിൻ്റെ സ്നാനമാണ് (കർത്താവിനു വഴിയൊരുക്കുക എന്നതായിരുന്നു നിയോഗം). “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി സ്നാനം ഏല്പിക്കുന്നതേയുള്ളു….” (St .Mathew 3: 11). കർത്താവിൻ്റെ വരവിനു മുന്നോടിയായി ജനത്തെ അനുതാപത്തിലേക്കു നയിക്കുകയും ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുകയും ചെയ്യുക എന്നതാണ് സ്നാപക യോഹന്നാൻ നൽകിയ സ്നാനം കൊണ്ട് ഉദേശിച്ചത് (Read St. Luke 3: 3; Acts 19: 4; St John 1: 31 ).
എന്നാൽ ക്രിസ്തീയ മാമോദീസാ “വെള്ളത്താലും ആത്മാവിനാലും” ഉള്ള സ്നാനമാണ്. ഈ സ്നാനം പ്രാപിക്കാത്തവരാരും ദൈവാരാജ്യപ്രവേശനത്തിനു യോഗ്യരല്ല (St. John 3: 5). ആത്മാവിനാലുള്ള സ്നാനമല്ല തന്റേതു എന്ന് സ്നാപക യോഹന്നാൻ വ്യക്‌തമാക്കുന്നുണ്ട് (St Mathew 3: 11). യോഹന്നാൻ മൂലം ജലത്താലുള്ള സ്നാനം ഏറ്റ ആർക്കും പരിശുദ്ധാതമാവിനെ ലഭിച്ചില്ല എന്നും നാം കാണുന്നു (Acts 19: 2-5). അതായതു ക്രിസ്തു തമ്പുരാൻ സ്ഥാപിച്ച മാമോദീസ (ക്രിസ്തീയ മാമോദീസ) സ്നാപക യോഹന്നാൻ്റെ മാമോദീസയിൽ നിന്നും വ്യത്യസ്തമാണ് .
32). മുതിർന്ന സ്നാനവും ശിശുസ്നാനവും രണ്ടും വി. സഭ പിന്തുടരുന്നതിൻ്റെ അടിസ്ഥാനം ചുരുക്കത്തിൽ വ്യക്തമാക്കാമോ?
ഇതിൻ്റെ ഉത്തരം മുകളിൽ വിവിധ ചോദ്യങ്ങളിലൂടെ വ്യക്‌തമാക്കിട്ടുണ്ട്. എല്ലാം കൂടെ ചുരുക്കത്തിൽ ഒന്ന് പഠിക്കാം
1) ഒരു വ്യക്തിയിലൂടെ കുടുംബത്തിലും സമൂഹത്തിലും ഇടപെടുന്ന ദൈവത്തെ ആണ് നാം കാണുന്നത്. ഒരുവൻ്റെയോ ഒരു സമൂഹത്തിൻ്റെയോ രക്ഷ മറ്റൊരുവനിൽ കൂടി നിർവഹിക്കുന്ന ധാരാളം സംഭവങ്ങൾ വിശുദ്ധ ഗ്രന്ധത്തിൽ ഉണ്ട്. മറ്റുള്ളവരുടെ വിശ്വാസം രക്ഷക്ക് പര്യാപ്‌തമായിട്ടുണ്ട് (St Mathew 9:2; St Mark 9:24; St Mark 5:41).
- കുടുംബമായി സ്നാനം ഏറ്റത് (Acts 10: 48; Acts 16: 15, 33; Acts 18: 8 ; 1 Cor. 1: 16 എന്നിവ പഠിക്കുക). എല്ലാ പ്രായത്തിൽ ഉള്ളവരും ഉൾപ്പെടുന്നു
- നോഹയുടെ കാലത്തേ പ്രളയവും പെട്ടകവും (1 Peter 3 :19-21). ഇവിടെ പ്രത്യേക പ്രായത്തിൽ ഉള്ളവരെ മാത്രമല്ലലോ കയറ്റിയത്.
- “എനിക്ക് നിന്നോട് ഒരു നിയമം ഉണ്ട്…..” (Genesis 17 :4) ദൈവം അബ്രഹാമിന് പരിച്ഛേദനയുടെ ഉടമ്പടി നൽകുകയാണ്. ഈ ഉടമ്പടി തലമുറകൾക്കു ബാധകമാണ് (Genesis 17 :1 -14 ; Col .2 :11).
- ജനം ചെങ്കടൽ കടന്നതിൽ ശിശുക്കൾ ഇല്ല എന്ന് എങ്ങനെ പറയും? മുതിർന്നവരും ശിശുക്കളും പല പ്രായത്തിൽ ഉള്ളവരും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇത് സ്നാനത്തിനു ഒരു മുൻകുറിയെന്നു പൗലോസും സാക്ഷിക്കുന്നു എങ്കിൽ ശിശുക്കൾക്ക് ക്രിസ്തീയ സ്നാനം വിലക്കുന്നത് കല്പന ലംഘനം ആണ്. (Exodus 14; 1 Cor .10:1, 2).
2). Acts 2:39; “വാഗ്‌ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും…. ” എന്നതിനാൽ വാഗ്ദാനങ്ങൾ കുഞ്ഞുങ്ങൾക്കും നൽകപ്പെടുന്നു. ശിശുക്കൾക്കു എന്തെങ്കിലും നിഷേധിച്ചിരുന്നു എങ്കിൽ ഇവിടെ അത് പരാമർശിക്കപെടുമായിരുന്നു. മക്കൾ എന്നതിന് കുറിച്ചിരിക്കുന്നു ഗ്രീക്ക് പദം ‘tekna’ എന്നാണ്. അത് ശിശുക്കളെയും കുറിക്കുന്നു. ഈ പദം മുതിർന്നവരെ കുറിക്കുന്നതല്ല താനും. ചുരുക്കി പറഞ്ഞാൽ മുതിർന്നവരെന്നോ ശിശുക്കളെന്നോ പ്രായവ്യത്യാസമില്ലാതെ വാഗ്‌ദത്തിനു അർഹരാണ്.
3). 1 Cor . 7:14; കുഞ്ഞുങ്ങൾ അശുദ്ധരല്ല വിശുദ്ധരാണ്. മാതാപിതാക്കൾ മുഖാന്തരം മക്കൾ വിശുദ്ധരാകുന്നു. മക്കളുടെ വിശുദ്ധി മാതാപിതാക്കളിലൂടെ ആണ് എന്ന് ഇവിടെ വ്യക്‌തമാണ്. “കൃപയല്ലലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു” വിശ്വാസത്തിൻ്റെ അടിസ്ഥാനം ദൈവ കൃപ ആണ്; ദൈവ ദാനം ആണ്. ശിശുസ്നാനം നമ്മെ പഠിപ്പിക്കുന്ന വലിയ സത്യമാണ് 1 John 4:10 -ഇൽ കാണുന്നത്; “നാം ദൈവത്തെ സ്നേഹിച്ചതല്ല, ദൈവം നമ്മെ സ്നേഹിച്ചു തൻ്റെ പുത്രനെ …..” നാം ദൈവത്തെ സ്നേഹിക്കും മുമ്പേ ദൈവം നമ്മെ കൈകൊള്ളുകയും സ്നേഹിക്കുകയും ചെയുന്നു. അതിനു നമ്മെ ദൈവകരങ്ങളിൽ വിട്ടുകൊടുക്കുന്നു. വിശ്വാസത്തിൻ്റെ അടിസ്ഥാനം ദൈവ കൃപ എന്നതിനാൽ അത് മുതിർന്നവർക്ക് മാത്രമുള്ളത് അല്ല, പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും ലഭിക്കുന്ന ഒന്നാണ്.
33). “നിങ്ങൾ എൻ്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും“, ഉടമ്പടിയിൽ ദൈവത്തിൻ്റെ വാഗ്ദാനം ആണ് ഇത്. ദൈവവും മനുഷ്യനും തമ്മിൽ ഉള്ള ബന്ധത്തിൻ്റെ അടയാളമാണല്ലോ ഉടമ്പടി. പഴയനിയമ ഉടമ്പടി എങ്ങനെ ക്രിസ്തുവിലേക്കു (പുതിയ നിയമത്തിലേക്കു) നയിക്കപ്പെട്ടു?
“നിങ്ങൾ എൻ്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും”, ഉടമ്പടിയിൽ ദൈവത്തിൻ്റെ വാഗ്ദാനം ആണ് ഇത്. ഒരു വ്യവസ്ഥയും ആ വ്യവസ്ഥ പാലിച്ചാൽ ദൈവം നൽകുന്ന വലിയ അനുഗ്രഹവും വാഗ്ദാനം ആയി നൽകുകയും ചെയ്യുന്നു.
ഈ ഉടമ്പടികൾ ക്രിസ്തുവിലേക്കാണ് നമ്മെ നയിക്കുന്നത്. (All covenants really points to Christ.)
- ആദാമുമായി ഉടമ്പടി;
ശരിക്കും ആദ്യത്തെ ഉടമ്പടി ദൈവവും ആദാമും തമ്മിൽ ആയിരുന്നു എന്ന് വിചാരിക്കാം (Genesis 1: 28). “ഞാൻ നിനക്കും സ്ത്രീക്കും നിൻ്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും അവൻ നിൻ്റെ തല തകർക്കും.” (ക്രിസ്തു ജീവൻ്റെ വൃക്ഷവും സാത്താൻ്റെ തല തകർക്കുന്നവനുമാകുന്നു.) - നോഹയുമായി ഉടമ്പടി ചെയുന്ന ദൈവം;
“നോഹ നീതിമാനും തൻ്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു …” (Genesis 6: 9); “നിന്നോടോ ഞാൻ ഒരു നിയമം ചെയ്യും ….” (6: 18); (9: 12). ജലപ്രളയത്തിനു ശേഷം ആകാശത്തു മഴവില്ലു സ്ഥാപിച്ചു ഉടമ്പടി ഉണ്ടാക്കി. (ക്രിസ്തു രക്ഷയുടെ പെട്ടകമാകുന്നു (real ark of safety) - അബ്രഹാമുമായി ഉടമ്പടി ബന്ധം
“…..നീ നിൻ്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു, ഞാൻ നിന്നെ കാണിക്കാൻ ഇരിക്കുന്ന ദേശത്തേക്കു പോക …” (Genesis 12:1, 2). “ഞാൻ നിന്നെ വലിയൊരു ജാതിയാക്കും.
“എനിക്കും നിനക്കും മദ്ധ്യേ ഞാൻ എൻ്റെ നിയമം സ്ഥാപിക്കും “(Genesis 17 :2 ,3);
‘…നിങ്ങൾ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കണം ‘ (Genesis 17:10).
(ക്രിസ്തുവും പരിച്ഛേദന ഏറ്റിരുന്നു (St .Luke 2 :21; Col .2: 11) Christ was circumcised for us on the cross.) - മോശയും ഇസ്രയേലുമായി ഉടമ്പടി ചെയ്യുന്ന ദൈവം.
ദൈവം മോശയെ വിളിക്കുകയും. (Exodus 3 :4-7) ഇസ്രയേലുമായി ഉടമ്പടി ചെയുകയും ചെയ്യുന്നു (Exodus 19 :5 ; exodus 31: 16; Exodus 20; Exodus 34:7 Leviticus 26: 25 ; Deuteronomy 4 :9; 7: 9; 29: 29).
ക്രിസ്തുവിൽ ഈ ന്യായപ്രമാണങ്ങളത്രെയും പൂർത്തീകരിക്കപ്പെടുന്നു (St .Mathew 5: 17; Galatians 3 :24). - ദാവീദുമായി ഉടമ്പടി ചെയ്യുന്നു
“….ഞാൻ നിന്നെ പുല്പുറത്തുനിന്നും ആടുകളെ നോക്കി നടക്കുമ്പോൾ തന്നെ എടുത്തു…” (2 Samuel 7 : 8 – 10 & 14 വായിക്കുക).
ഇതും ക്രിസ്തുവിലാണ് (ദാവീദ് പുത്രൻ) വന്നു ചേരുന്നത്. (2 Samuel 7 :16 വായിക്കുക) “നിൻ്റെ ഗ്രഹവും നിൻ്റെ രാജ്യത്തവും എൻ്റെ മുമ്പിൽ എന്നേക്കും സ്ഥിരമായിരിക്കും നിൻ്റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും”; വിണ്ടും St .Mathew 9 :27 “യേശു അവിടെ നിന്ന് പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദുപുത്ര ഞങ്ങളോട് കരുണ തോന്നേണമേ എന്ന് നിലവിളിച്ചും കൊണ്ട് പിന്തുടർന്നു”. മത്തായി ശ്ലീഹായിൽ മാത്രം അനേക തവണ ക്രിസ്തുവിനെ ജനങ്ങൾ ദാവീദുപുത്ര എന്ന് വിളിക്കുന്നുണ്ട്: (St Mathew 1:1; 2: 1, 2; 9 :27; 12: 23; 15 : 22; 20: 30; 21: 9; 21 :5; 22: 42 -46..) - പ്രവാചകന്മാരുടെ പുസ്തകങ്ങളിലും ദൈവവും തൻ്റെ ജനവും തമ്മിലുള്ള ഉടമ്പടി ബന്ധത്തെ പറ്റി വിവരിക്കുന്നുണ്ട്;
ഈ വാക്യങ്ങൾ വായിക്കുക (Jeremiah 7: 23; 30: 22; Ezekiel 36: 28) - പഴയനിയമ ഉടമ്പടി പരാമർശങ്ങൾ പുതിയനിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
വാക്യങ്ങൾ ശ്രദ്ധിക്കുക ; 2 Cor .6: 16 ; Hebrew 8: 10; Revelation 21 :3
മുകളിലെ ചിന്തകളെ കൂട്ടി വായിക്കുമ്പോൾ പ്രത്യേകം ശ്രദ്ധ അർഹിക്കുന്ന ഒരു കാര്യം ഇവിടെ കുറിക്കുന്നു; പുതിയനിയമ വിശ്വാസികളെ (ക്രിസ്തീയവിശ്വാസികളെ) “അബ്രഹാമിൻ്റെ സന്തതികൾ” എന്ന് വിശേഷിപ്പിക്കുന്നത് ശ്രദ്ധിക്കുക; “ക്രിസ്തുവിനുള്ളവർ എങ്കിലോ നിങ്ങൾ അബ്രഹാമിൻ്റെ സന്തതിയും വാഗ്‌ദത്ത പ്രകാരം അവകാശികളും ആകുന്നു” (Romans 3: 29) [Read Romans 9: 5 – 8; Galatian 3: 7 ]. ഇവിടെ ഒരു കാര്യം വ്യതമാകുന്നത്; ബൈബിൾ ചരിത്രത്തിൽ ഒരു ദൈവജനവും ഒരു വാഗ്ദാനവും മാത്രമേ ഉള്ളു (One People of God and one Promise for the People of God)
പഴയനിയമ ഉടമ്പടിയുടെ വലിയ പോരായ്മ മനസിലാക്കേണ്ടതാണ്;
ദൈവത്തിൻ്റെ നിയമങ്ങളെ പലപ്പോഴും ഇസ്രായേൽ ജനം ലങ്കിക്കുകയും ദൈവം ജനത്തെ ശിക്ഷിക്കുകയും ചെയ്യുന്നത് അവർത്തിക്കുനതായിരുന്നു. വീണ്ടും വീണ്ടും ജനം ദൈവത്തിൻ്റെ വാഗ്ദാനങ്ങളെ മറന്നു ഉടമ്പടി ലങ്കിച്ചു. അവരുടെ പാപങ്ങൾ നിമിത്തം ദൈവത്തിൻ്റെ വാഗ്ദാനങ്ങളെ പോലും അവർ മറന്നു പ്രവർത്തിച്ചു “അവർ എൻ്റെ നിയമം ലങ്കിച്ചുകളഞ്ഞു എന്ന് യഹോവയുടെ അരുളപ്പാടു” (Jeremiah 31: 32). അതുമൂലം ദൈവം വാഗ്ദാനം ചെയ്ത അനുഗ്രഹണങ്ങൾക്കു പകരം ജനം ശിക്ഷിക്കപ്പെട്ടു.
എന്നാൽ ദൈവം തൻ്റെ ജനത്തോടു ചെയ്ത വാഗ്ദാനങ്ങൾ നിറവേറ്റുവാൻ “പുതിയ ഉടമ്പടി (New Covenant)” നൽകി ലോകത്തെ അനുഗ്രഹിച്ചു (എന്നേക്കുമുള്ള വീണ്ടെടുപ്പ്) “ഞാൻ ഇസ്രായേൽ ഗ്രഹത്തോടും യെഹൂദാ ഗ്രഹത്തോടും പുതിയൊരു നിയമം ചെയ്യുന്ന കാലം വരും എന്ന് യെഹോവയുടെ അരുളപ്പാടു” (Jeremiah 31: 31). അപ്രകാരം ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ കാൽവരി ക്രൂശിൽ ക്രിസ്തുവിലൂടെ നിറവേറ്റി ലോകത്തെ തന്നോട് നിരപ്പിച്ചു.
“…അതിനൊക്കെയും ദൈവം തന്നെ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തു മൂലം തന്നോട് നിരപ്പിച്ചു ….. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോട് നിരപ്പിച്ചു പൊന്നു.” (2 Cor.5:18) “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയസൃഷ്ട്ടിയത്രേ ആകുന്നു” എന്ന പൗലോസിൻ്റെ വാക്യം ഈ അർത്ഥത്തിൽ ആണ് നാം അറിയേണ്ടത് (2 Cor 5: 17). അവൻ പുതിയനിയമത്തിൽ ഭാഗമായി മാറുകയും ക്രിസ്തുവിലൂടെ അവൻ ദൈവത്തിനോട് നിരപാകപ്പെടുകയും ചെയ്യുകയാണ്. “ഞാൻ അവരുടെ അകൃത്യം മോചിക്കും അവരുടെ പാപങ്ങൾ ഇനിയും ഓർകുകയില്ല …” (Jeremiah 33: 34)
ഈ പുതിയ നിയമത്തെ (ഉടമ്പടി) പറ്റി ആണ് യിരെമ്യാപ്രവാചകൻ കുറിക്കുന്നത് “..ഞാൻ ഇസ്രായേൽ ഗ്രഹത്തോടും യെഹൂദാഗൃഹത്തോടും പുതിയൊരു നിയമം ചെയ്യുന്ന കാലം വരും എന്ന് യെഹോവയുടെ അരുളപ്പാടു.” (Jeremiah 31: 31). ഈ നിയമം (ഉടമ്പടി) കല്പലകയിൽ അല്ല ജനത്തിൻ്റെ ഹൃദയങ്ങളിൽ തന്നെ എഴുത്തും. ഈ വാക്യം തന്നെ പൗലോസ് ശ്ലീഹ തൻ്റെ ലേഖനത്തിൽ കുറിക്കുന്നു. Hebrew 8:8 “…ഇസ്രായേൽ ഗ്രഹത്തോടും …പുതിയൊരു നിയമം ചെയുന്ന കാലം വരും….”. അതായതു ഈ “പുതിയൊരു നിയമം” ഇസ്രായേൽ ഗ്രഹത്തോടും യെഹൂദാഗൃഹത്തോടും മാത്രമല്ല പുതിയനിയമ സഭയോടും ചെയ്തിട്ടുള്ളതാകുന്നു. ഇപ്രകാരം പഴയ ഉടമ്പടി ക്രിസ്തുവിലേക്കു നയിക്കപ്പെടുന്നു എന്ന് മനസിലാക്കാം.
34). പുതിയ നിയമത്തിൻ്റെ അടയാളം എന്താണ്?
പഴയനിയമ ഉടമ്പടികൾ ജനം പലപ്പോഴും ലങ്കിച്ചപ്പോൾ (“അവർ എൻ്റെ നിയമം ലങ്കിച് കളഞ്ഞു” (Jeremiah 31: 32) ദൈവം എന്നേക്കുമായൊരു നിയമം (പുതിയ നിയമം ) സ്ഥാപിച്ചു. ഇവിടെ യിരെമ്യാ പ്രവാചകൻ്റെ പുസ്തകം ചേർത്ത് പഠിക്കണം (Jeremiah 31: 31-34). ഈ പുതിയനിയമം വഴി ജനത്തിൻ്റെ അകൃത്യം മോചിക്കപെടുകയും അവരുടെ പാപങ്ങൾ ഓർക്കാതിരിക്കുകയും ചെയ്യും. ദൈവത്തിൻ്റെ മക്കൾ (People of God) എന്ന അവകാശത്തിലേക്കു കൂട്ടിവരുത്തുകയും ചെയുന്നു.
വി .മാമോദീസയും വി .കുർബാനയും ആണ് പുതിയനിയമത്തിൻ്റെ അടയാളമായി കാണുന്നത്.
വി.മാമോദീസാ;
“വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവാരാജ്യത്തിൽ കടക്കുവാൻ ആർക്കും കഴിയുകയില്ല” (St. John 3 :5).
“നിങ്ങൾ മാനസാന്തരപ്പെട്ട് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏൽപ്പിൻ” (Acts 2: 38 ).
സ്നാനം മൂലം അവൻ്റെ മരണത്തിനു പങ്കാളികൾ ആകുന്നു; (Romans 5: 4)
“ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിൻ്റെ മക്കൾ ആകുന്നു. ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.” (Galatians 3: 26, 27).
മാമോദീസയിലൂടെ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാണ് (Galatian 3: 29)
തുടങ്ങിയ വാക്യങ്ങൾ പുതിയ നിയമത്തിൻ്റെ അടയാളമായി മാമോദീസ എന്ന കൂദാശയെയും നൽകുകയാണ്. മാമോദീസയിലൂടെ ആണ് സഭയിൽ അംഗത്വം ഉണ്ടാവുന്നത് (Acts 2: 41; 1 Cor. 10: 2), സഭയിലെ അംഗങ്ങൾക്ക് മാത്രമാണ് വി കുർബാന നൽകപ്പെടുന്നത്.
വി.കുർബാന;
മാമോദീസയെ പോലെ വി. കുർബാനയും നിഴ്ചയുമായും സ്വീകരിച്ചിരിക്കണമെന്നു യോഹന്നാൻ അറിയിക്കുന്നു;
“നിങ്ങൾ മനുഷ്യപുത്രൻ്റെ മാംസം തിന്നാതെയും അവൻ്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവനില്ല” (St .John 6:53)
വീണ്ടും മാമോദീസയെ പോലെ
വി. കുർബാന പാപങ്ങളുടെ മോചനത്തിനായി സ്വീകരിക്കണമെന്ന് ക്രിസ്തു തന്നെ പഠിപ്പിക്കുന്നു.’ പുതിയനിയമത്തിനുള്ള രക്തം’ (St. Mathew 26: 28)
“ഇത് അനേകർക്ക് വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയ നിയമത്തിനുള്ള എൻ്റെ രക്തം”
മാമോദീസ മൂലം ക്രിസ്തുവിൻ്റെ മരണത്തെ പ്രസ്താവിക്കുന്നത് പോലെ
“വി കുർബാന മൂലവും അവൻ്റെ രണ്ടാമത്തെ വരവ് വരെ മരണത്തെ പ്രസ്താവിക്കുന്നു” (1 Cor.11 :27) .
മാമോദീസ മൂലം ക്രിസ്തുവിൽ ഒന്നാകുന്നു പോലെ
വി. കുർബാനയിലൂടെ നാം ക്രിസ്തുവിൽ ‘ഒരു ശരീരമാകുന്നു’ (1 Cor .12 :13 ; St .John 6 :56)
ഇവിടെ ചേർത്ത് പഠിക്കുവാൻ ചില വാക്യങ്ങൾ നൽകുന്നു; Romans 8: 1 -4; Romans 6: 1 -7; Hebrew 10: 26
35). ദൈവജനം അഥവാ ദൈവത്തിൻ്റെ മക്കൾ (People Of God) ആയിട്ടാണ് പഴയ – പുതിയ നിയമ ഉടമ്പടി പ്രകാരം ദൈവം നമ്മെ ചേർത്തിരിക്കുന്നത്. ഈ ഉടമ്പടിയിൽ ശിശുക്കൾ ഇല്ലായിരുന്നോ?
ഉണ്ടായിരുന്നു. ബൈബിൾ ചരിത്രത്തിൽ ഒരു ദൈവജനവും ഒരു വാഗ്ദാനവും മാത്രമേ ഉള്ളു (One People of God and one Promise for the People of God) പഴയ – പുതിയ നിയമ പ്രകാരം നമ്മെ ദൈവജനം എന്ന അവകാശത്തിലേക്കാണ് കൊണ്ടുവന്നത്. ചില വേദഭാഗങ്ങൾ നോക്കാം; പുറപ്പാട് 6: 7: “ഞാൻ നിങ്ങളെ എനിക്ക് ജനമാക്കി കൊള്ളുകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കുകയും ചെയ്യും“; 1 Peter 2:9 -10 “…..ഇപ്പോഴോ ദൈവത്തിന്റെ ജനം …”
Please refer പഴയനിയമം; Malachi 2:10; Exodus 19: 5 -6; Judges 20:2; Deuteronomy 7: 6; 4: 37; 14:2; 23: 5; 26: 18; 28: 9; I kings 3: 8; Isaiah 41:8-9; Ezekiel 20:5; Psalms 44: 3; Malachi 3:17 etc. പുതിയനിയമം : St.Mathew 23: 8-9; Romans 8: 15-17; Collossians 1:2; I John 5: 1; Hebrew 11:25; John 11:52 etc
പഴയ നിയമത്തിൽ ദൈവജന സമുഹത്തെ “ഇസ്രായേൽ” എന്നും പുതിയ നിയമത്തിൽ “സഭ“ (Church) [കർത്താവു രക്ഷിക്കപെടുന്നവരെ സഭയോട് ചേർത്തുകൊണ്ടിരുന്നു (Acts 2 :47 )] എന്നും വിളിക്കുന്നു.
ഇനിയും ചോദ്യത്തിൻ്റെ ഉത്തരം ;
നാം കണ്ട പഴയ – പുതിയ നിയമങ്ങളിൽ (ഉടമ്പടി), ശിശുക്കൾ ഉണ്ടായിരുന്നോ?. ഉണ്ടായിരുന്നു. ദൈവജനം എന്നത് ശിശുക്കളെ മാറ്റിനിർത്തി കൊണ്ടാണ് എന്ന് എങ്ങനെ ചിന്തിക്കാൻ ആകും? യെഹോവയാം ദൈവം അബ്രഹാമിനോട് അരുളിച്ചെയ്തതു ശ്രദ്ധിക്കുക;
“….എനിക്കും നിങ്ങൾക്കും നിൻ്റെ ശേഷം നിൻ്റെ സന്തതിക്കും മധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ നിയമം ആവിതു: നിങ്ങൾ പുരഷപ്രജ ഒക്കെയും പരിച്ഛേദന ഏൽക്കണം ….. അത് എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിൻ്റെ അടയാളം ആകും. തലമുറതലമുറയായി പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കണം ……. ‘അഗ്രചർമിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽ നിന്നും ഛേദിച്ചുകളയേണം: അവൻ എൻ്റെ നിയമം ലങ്കിച്ചിരിക്കുന്നു.’ ഈ കുഞ്ഞുങ്ങൾ ഇത് മൂലം ദൈവജനം എന്ന സമൂഹത്തിൻ്റെ ഭാഗം ആകുന്നു (Genesis 17: 10-14). [ദൈവം മോശയോട് കല്പിക്കുന്നത്; “…..ഒരു സ്ത്രീ ഗർഭം ധരിച്ചു ആൺകുഞ്ഞിനെ പ്രസവിച്ചാൽ ….എട്ടാം ദിവസം അവൻ്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യണം…“(ലേവ്യ 12 :3 )]
പുതിയനിയമത്തിൽ ഉടമ്പടി വഴി ലഭിക്കുന്ന വാഗ്‌ദത്തം മുതിർന്നവർക്ക് മാത്രമല്ല മക്കൾക്കും ലഭിക്കുന്നു; “വാഗ്‌ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ …” (Acts 2: 39). വാഗ്‌ദത്തങ്ങൾ ശിശുക്കൾക്ക് നല്കപ്പെട്ടില്ലായിരുന്നു എങ്കിൽ ഇവിടെ അത് പ്രത്യേകം പരാമർശിക്കപെടുമായിരുന്നു. കുഞ്ഞുങ്ങൾ സഭ (People Of God) യിലെ അംഗങ്ങൾ ആണ് എന്ന് പൗലോസിൻ്റെ ലേഖനം പഠിപ്പിക്കുന്നു (Col. 3: 20; Ephesians 6: 1 -4).
36). കുഞ്ഞുങ്ങൾ സഭയിലെ അംഗങ്ങൾ എന്ന് പറഞ്ഞല്ലോ. ഒന്ന് വിശദമാക്കാമോ?
പഴയനിയമ വാഗ്‌ദത്ത സമൂഹത്തെ (ദൈവജനം അഥവാ People of God) ‘ഇസ്രായേൽ‘ എന്നും പുതിയനിയമ വാഗ്‌ദത്ത സമൂഹത്തെ ‘സഭ‘ എന്നും ആണ് വിശേഷിപ്പിക്കുന്നത്. ഇസ്രായേൽ മക്കളിൽ (പഴയനിയമ സഭ) ശിശുക്കൾ ഉണ്ടായിരുന്നു എന്ന് നാം മുകളിലെ ഉത്തരത്തിൽ കണ്ടു. അതിനുള്ള അടയാളം ആയിരുന്നല്ലോ പരിച്ഛേദന (Genesis 17: 10-14; ലേവ്യ 12: 3). കൂടാതെ യിരെമ്യാ പ്രവാചകനും കുറിക്കുന്നത് ദൈവത്തിൻ്റെ വാഗ്ദാനത്തിൽ (ഉടമ്പടിയിൽ) കുഞ്ഞുങ്ങൾ ഉൾപ്പെട്ടിരുന്നു എന്നാണ്. “..അവർ എനിക്ക് ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും. അവർക്കും അവരുടെ മക്കൾക്കും ….. ശാശ്വത നിയമം ചെയ്യും. (Jeremiah 32: 39).
പുതിയനിയമ സഭയിൽ ശിശുക്കൾ ഉണ്ടായിരുന്നോ എന്നത് ഒന്ന് വിശദമായി നോക്കാം; (സഭ പ്രവേശനം മാമോദീസയിലൂടെ ആണല്ലോ (Acts 2 :42 -47 ).)
- കുഞ്ഞുങ്ങൾ കർത്താവിൻ്റെ ശിഷ്യന്മാർ ;
“മക്കളെ നിങ്ങയുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ; ഇത് കർത്താവിൻ്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാധകരമല്ലോ” (Col. 3: 20 ). മക്കൾക്കു ഇവിടെയും കുറിക്കുന്ന പദം tekna എന്നാണ്. മുതിർന്ന മക്കൾ എന്ന് വ്യാഖ്യാനിക്കുവാൻ സാധിക്കില്ല. - “മക്കളെ നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ …… പിതാക്കന്മാരെ നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിൻ്റെ ബാലശിക്ഷയിലും പത്യോപദേശത്തിലും പോറ്റി വളർത്തുവിൻ “(Ephesians 6 :1 -4)
ഇവിടെ രണ്ടു കാര്യങ്ങൾ ശ്രെദ്ധിക്കുക:
1). എഫെസ്യർക്കു എഴുതുന്ന ലേഖനത്തിൻ്റെ അഭിസംബോധന എന്താണ്?
Ephesian 1: 1 & 2 : ” …..എഫെസൊസിലുള്ള വിശുദ്ധന്മാരും ക്രിസ്തുയേശുവിൽ വിശ്വാസികളായവർക്കു എഴുതുന്നത് …”
ഇനിയും മുകളിലെ വാക്യം നോക്കുക (Ephesian 6: 1 -4); ഇവിടെ ഉപയോഗിക്കുന്ന “മക്കളെ” എന്ന പദം കുഞ്ഞുങ്ങൾ എന്ന അർഥം വരുന്ന Tekna (Greek) പദം ആണ്. “ബാലശിക്ഷ” എന്ന പദവും ശ്രദ്ധേയമാണ്. ഇവിടെ മനസിലാകുന്നത് എഫേസൂസിലെ സഭയിൽ ശിശുക്കളും അംഗങ്ങൾ ആയിരുന്നു എന്ന് തന്നെയാണ്”
2). ഇവിടെ കുഞ്ഞുങ്ങൾ സഭയ്ക്കു പുറത്തുള്ളവരെങ്കിൽ ‘കർത്താവിൽ അനുസരിപ്പിന്‘ എന്നും ‘കർത്താവിൻ്റെ’ ശിക്ഷണത്തിൽ വളർത്തുവിൻ എന്നും പ്രസ്താവിക്കുമോ? കർത്താവിനോടുള്ള ഐക്യത്തിൽ ആണ് കുഞ്ഞുങ്ങളെ ഇവിടെ നമ്മുക്ക് കാണുവാൻ സാധിക്കുന്നത്. അതായതു മാതാപിതാക്കളും കുഞ്ഞുങ്ങളും എല്ലാം ക്രിസ്തീയസഭയുടെ അംഗത്വത്തിൽ ആണ്. - കുഞ്ഞുങ്ങൾ വിശുദ്ധർ (1 Cor. 7 :14 )
വിശുദ്ധർ എന്ന പദത്തിൻ്റെ ഗ്രീക്ക് (മൂല ഭാഷ) വാക്ക് haggios എന്നാണ് (means; consecrated to God; holy; sacred). സഭയിലെ എല്ലാ അംഗങ്ങളെയും വിശുദ്ധർ എന്നാണ് പൗലോസ് അഭിസംബോധന ചെയ്യുന്നത്; “……ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാർക്കും അധ്യക്ഷന്മാർക്കും ……” (Philippians 1 :1). മറ്റു വാക്യങ്ങൾ: Ephesians 1: 1; Collossians 1: 1; 2 Cor. 1: 1 .”അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ തൻ്റെ സഹോദരൻ (ഭർത്താവു) മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്ന് വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.” (1 Cor. 7: 14 ) ഇവിടെ മക്കൾ (ടെക്ന ) വിശുദ്ധർ ആണ് എന്ന് പറയുമ്പോൾ അവരുടെ വിശുദ്ധിയുടെ അടിസ്ഥാനം മാമോദീസ അത്രേ. കാരണം സഭാഅംഗത്വം ലഭിക്കണമെങ്കിൽ സ്നാനം നിർബന്ധം ആണ്.
കുഞ്ഞുങ്ങളുടെ സഭ അംഗത്വം സൂചിപ്പിക്കുന്ന മറ്റൊരു വേദഭാഗം ആണ് St. Mathew 18 :1 -11 വരെയുള്ളടത്തു കാണുന്നത് “….നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആയിവരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയില്ല എന്നു സത്യമായിട്ടും നിങ്ങളോടു പറയുന്നു…” ; “…..ഇങ്ങനെയുള്ള ശിശുവിനെ എൻ്റെ നാമത്തിൽ കൈകൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു ...” തുടങ്ങിയ വാക്യങ്ങൾ സൂചിപ്പിക്കുന്നത് കുഞ്ഞുങ്ങളും സഭയിലെ അംഗങ്ങൾ ആയിരുന്നു എന്നതാണ്. കാരണം സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുവാനുള്ള അർഹത “വെള്ളത്താലും ആത്മാവിനാലും” ജനിക്കുക എന്നതാണ്. “വെള്ളത്താലും ആത്മാവിനാലും ജനിക്കുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കുവാൻ ആർക്കും സാധിക്കില്ല.” (St. John 3 :5 ).
അതായതു മാമോദീസ എൽകണം എന്ന് അർഥം. അങ്ങനെയെങ്കിൽ ശിശുക്കൾ മാമോദീസ കൈക്കൊള്ളണം എന്നും അവരെ അതിനു തടയരുത് എന്നുമാണ് ഇവിടെ അർത്ഥമാക്കുന്നത്. അപ്രകാരം കുഞ്ഞുങ്ങൾ സഭയിലെ അംഗങ്ങളായി മാറുന്നു. സഭയിലെ അംഗം ആകണമെങ്കിൽ ഒരുവൻ സ്നാനം ഏൽക്കണം എന്നാണല്ലോ.
യോഹന്നാൻ എഴുതിയ സുവിശേഷവും സഭയിൽ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന സൂചനകൾ ആണ് നൽകുന്നത്.
1) St .John 6: 53 ” ….നിങ്ങൾ മനുഷ്യപുത്രൻ്റെ മാംസം തിന്നാതെയും അവൻ്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്ക് ഉള്ളിൽ ജീവനില്ല …” ഇത് യേശുതമ്പുരാൻ പറയുന്ന വാക്കുകൾ ആണ്. നിത്യജീവന് അവൻ്റെ തിരുശരീരരക്തങ്ങൾ സ്വീകരിക്കണം; ഇല്ലാത്തവർക്ക് നിത്യജീവനില്ല എന്ന് വ്യക്തമാണ്. അങ്ങനെയെങ്കിൽ ശിശുക്കൾ സ്വർഗ്ഗരാജ്യത്തിനു അവകാശികൾ ആണ് എന്ന് യേശുതമ്പുരാൻ പറയുമ്പോൾ അതിൻ്റെ അർഥം അവർക്കു നിത്യജീവനുണ്ട് എന്നും അവർ സഭയിലെ അംഗങ്ങൾ ആണ് എന്നുമാണല്ലോ. അങ്ങനെയെങ്കിൽ ശിശുക്കൾ സ്നാനം സ്വീകരിക്കുന്നു എന്ന് ഇവിടെ ഇതിനാൽ വ്യക്തമല്ലേ.
2) ഉയിർത്തെഴുന്നേറ്റ കർത്താവു മറ്റു എല്ലാ ശിഷ്യന്മാർക്കു നൽകിയ പോലെ ഉള്ള നിയോഗം പത്രോസിനും നൽകുന്നുണ്ട്. “ആടുകളെ മേയിക്കുക”; (St. John 21: 15). മുതിർന്ന ആടുകളെയും കുഞ്ഞാടുകളെയും വേർതിരിച്ചു പറയുന്നതിൽ മനസിലാകുന്നത് പ്രായം കുറഞ്ഞവരും (കുഞ്ഞുങ്ങളും) മുതിർന്നവരും ഒരുപോലെ അവൻ്റെ ആട്ടിന്കൂട്ടത്തിലെ (സഭയിലെ) അംഗം ആണ് എന്നുള്ളതാണ്. (21: 15; “എൻ്റെ കുഞ്ഞാടുകളെ മേയിക്കുക” ഗ്രീക്കിൽ Boske ta arnia [feed the Lambs] ); “ v16 “എൻ്റെ ആടുകളെ പാലിക്കുക ” ഗ്രീക്കിൽ “poimaine” (Shepherd ) ta (the ) probata (sheep ) ;v 17 “എൻ്റെ ആടുകളെ മേയിക്കുക” boske (Feed) ta probata (sheep) സുറിയാനി തർജിമയിൽ ഈ ഭാഗത്തിൽ ‘കുഞ്ഞാടുകൾ’, ‘പെണ്ണാടുകൾ’, ‘ആടുകൾ’ എന്നിങ്ങനെ ആണ് കാണുന്നത്; എങ്ങനെ വന്നാലും പ്രായത്തിലെ വ്യത്യാസം ഇവിടെ എല്ലാം വ്യക്‌തമാണ്.
ശിശുക്കളുടെ സഭ അംഗത്വം സോചിപ്പിക്കുന്ന മറ്റു ചില വാക്യങ്ങൾ ശ്രദ്ധിക്കാം ;
- “നീ കുരുടർകു വഴി കാട്ടുന്നവൻ. ഇരുട്ടിൽ ഉള്ളവർക്ക് വെളിച്ചം മൂഡരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്ക് ഉപദേഷ്ടാവ് എന്ന് ഉറച്ചുമിരിക്കുന്നുവെങ്കിൽ ….” (Roman 2: 20)
- “….നിങ്ങളെ വിളിക്കുന്ന ദൈവത്തിന് യോഗ്യമായ നടക്കുവാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്ന പോലെ പ്രബോധിപ്പിച്ചും ഉത്‍സാഹിപ്പിച്ചും ….” (1 Thessalonians 2: 12). മുകളിലെ രണ്ടു വാക്യങ്ങളിലും ആദിമസഭയിൽ പ്രബോധനവും ഉപദേശവും നിലനിന്നിരുന്നു എന്നും ആയതു ശിശുക്കൾ ഉൾപ്പെടെ ഉള്ളവർക്ക് നൽകപ്പെട്ടു എന്നും മനസിലാക്കുന്നു. St. Mathew 28: 19 ഇവിടെ ചേർത്ത് വായിക്കുക. ഇത് കുഞ്ഞുങ്ങളുടെ സഭാ അംഗത്വം വ്യക്തമാക്കുന്നതാണ്.
- “ഇപ്പോൾ ജനിച്ച ശിശുവെ പോലെ രക്ഷക്കായി വളരുവാൻ വചനം എന്ന മയമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ ” 1 Peter 2: 1. വചനം എന്നത് ക്രിസ്തു തമ്പുരാൻ ആണ്. രക്ഷക്കായി ക്രിസ്തുതമ്പുരാനെ സ്വീകരിക്കണം എന്ന് അർഥം. അതായതു മാമോദീസയിലൂടെ. അതിനു പ്രായം ഒരു തടസമല്ല എന്നത് ഇവിടെ വ്യക്തമാണ്. നാം കണ്ടതായി വാക്യപരാമർശങ്ങൾ അത്രെയും ശിശുക്കൾ സഭയിലെ അംഗത്വത്തിൽ ഉൾപ്പെടുന്നു എന്ന് വ്യക്തമാക്കുന്നതാണ് .
37). ദൈവാരാജ്യപ്രവേശനത്തിനു മാമോദീസ അനിവാര്യമെന്ന് കണ്ടു. പഴയനിയമ പശ്ചാത്തലത്തിൽ പരിച്ഛേദന ആണ് ആവശ്യം. വി. മാമോദീസയും പരിച്ഛേദനയും തമ്മിൽ എങ്ങനെ താരതമ്യം ചെയ്യാം?
വി. പൗലൊസ് ശ്ലീഹായാണ് മാമോദീസ പുതിയ നിയമ പരിച്ഛേദന എന്ന് വിശേഷിപ്പിക്കുന്നത്. ‘അവനിൽ നിങ്ങൾക്കു ക്രിസ്തുവിൻ്റെ പരിച്ഛേദനയാൽ, ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നെ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു ‘ Colossians 2:11 (“Putting off of the sinful nature….”). ജഡശരീരം അതായതു പാപസ്വഭാവം (sinful nature) ഉരിഞ്ഞുകളയുന്ന കർമമാണ് വി.മാമോദീസയിലും നടക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ പഴയനിയമ ഉടമ്പടി പരിച്ഛേദനയായിരുന്നു എങ്കിൽ പുതിയ ഉടമ്പടി വി.മാമോദീസയാണ്.
പരിച്ഛേദനയും വി. മാമോദീസ്സയും തമ്മിലുളള ചില താരതമ്യങ്ങൾ ശ്രദ്ധിക്കാം ;
- ഇവ രണ്ടും ദൈവവും ദൈവജനവും തമ്മിലുള്ള ഉടമ്പടിബന്ധമാണ്.
പഴയനിയമത്തിൽ ജനത്തെ ദൈവവുമായി ബന്ധിപ്പിക്കുന്ന അടയാളമാണ് (ഉടമ്പടി) പരിച്ഛേദന (Covenant Bond). പുതിയ നിയമത്തിൽ വി. മാമോദീസയിലൂടെ നാം ത്രിയേക ദൈവത്തിൽ ചേരുന്നു. (പുതിയനിയമ അടയാളം) - ഇവ രണ്ടും വീണ്ടും ജനനത്തിനും പാപമോചനത്തിനും നൽകപ്പെടുന്നു.
പരിച്ഛേദന എല്കാതിരുന്നാൽ ജനത്തിൽ നിന്നും ഛേദിച്ചുകളയേണം (Genesis 17: 14). പാപമോചനത്തിനായി ഹൃദയം പരിച്ഛേദന ഏൽക്കണം (Deuteronomy 10: 16; Jeremiah 4: 4). ജീവിച്ചിരിക്കേണ്ടതിനു (വീണ്ടും ജനനത്തിനായി) ഹൃദയം പരിച്ഛേദന ചെയ്യണം (Deuteronomy 30: 6). പാപമോചനത്തിനായി മാമോദീസ ഏൽക്കണം (Acts 2: 38; Romans 6: 1 -4). വീണ്ടും ജനനത്തിനായി മാമോദീസ ഏൽക്കണം (St John 3 :5 ). - ഇവ രണ്ടും സഭയിലെക്കുള്ള പ്രവേശന കവാടങ്ങൾ ആണ്. യെഹൂദസഭയിലേക്കുള്ള (ദൈവാരാജ്യപ്രവേശനം) പ്രവേശനം പരിച്ഛേദനയിലൂടെ ആയിരുന്നു (പരിച്ഛേദന എല്കാതിരുന്നാൽ ജനത്തിൽ നിന്നും ഛേദിച്ചുകളയേണം (Genesis 17 :14). അപ്രകാരം ക്രിസ്തീയ സഭയിലേക്കുള്ള പ്രവേശനം വി മാമോദീസയിലൂടെ ആകുന്നു (Acts 2 :41 & 47).
- പരിച്ഛേദന ഏറ്റവരെയും മാമോദീസായേറ്റവരെയും ‘വിശുദ്ധർ ‘ എന്ന് വിളിക്കുന്നു.
പുതിയ നിയമം (മാമോദീസ) ; “നാം വിശുദ്ധവംശവും സ്വന്തജനവും ആകുന്നു”; 1 Peter 2: 9 (read 2 Timothy 1: 9; Ephesians 5 :8 -11 etc) പഴയനിയമം (പരിച്ഛേദന) “നിങ്ങൾ എനിക്ക് …വിശുദ്ധ ജനവും ആകുന്നു ..”Exodus 19 : 5 -6 ; Genesis 17 :14ചേർത്ത് വായിക്കുക. (Deuteronomy 7 :6; 14: 2; 26: 18 -19). - ഇവ രണ്ടിലും കുഞ്ഞുങ്ങളും തലമുറകളും ഉൾപ്പെടുന്നു.
പരിച്ഛേദന;
Genesis 17: 7 ; “ഞാൻ നിനക്കും നിൻ്റെ ശേഷം നിൻ്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിനു ഞാൻ എനിക്കും നിനക്കും നിൻ്റെ ശേഷം തലമുറതലമുറയായി നിൻ്റെ സന്തതിക്കും മദ്ധ്യേ എൻ്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും “. (Read Genesis 9: 9 -13 also)
Deutronomy 29: 28 ” …വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിൽ സകല വചനങ്ങളും അനുസരിച്ചു നടകേണ്ടതിനു എന്നേക്കും നമ്മുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.”
Jeremiah 32: 38 -40 : ” …..അവർക്കും അവരുടെ ശേഷം അവരുടെ മക്കൾക്കും ഗുണം വരത്തക്കവണ്ണം …..” (Read Jeremiah 31: 31 also).
മാമോദീസ;
Acts 2: 39 ” വാഗ്‌ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ……ഏവർക്കും ഉള്ളതല്ലോ എന്ന് പറഞ്ഞു.”
Mathew 19: 14 “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ അവരെ തടുക്കരുത് സ്വർഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ .”
1 Cor. 7: 14: “അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെടും…… ഇപ്പോഴോ അവർ (കുഞ്ഞുങ്ങൾ ) വിശുദ്ധർ ആകുന്നു.” - ഇവ രണ്ടിലും കുടുംബം മുഴുവനായി ഉൾപ്പെടുന്നു (Households are baptized just as households were circumcised)
പരിച്ഛേദന:
Genesis 17: 27 ” വീട്ടിൽ ജനിച്ച ദാസന്മാരും …..അവൻ്റെ വീട്ടിൽ ഉള്ള എല്ലാവരും അവനോടു കൂടി പരിച്ഛേദന ഏറ്റു “.
Exodus 12: 48; “ഒരു അന്യജാതിക്കാരൻ നിന്നോട് കൂടെ പാർത്തു യെഹോവയ്‌ക്കു പെസഹാ ആചരിക്കണമെങ്കിൽ അവനുള്ള ആണൊക്കെയും പരിച്ഛേദന ഏൽക്കണം …പരിച്ഛേദന ഇല്ലാത്ത ഒരുത്തനും അത് തിന്നരുതു.”
മാമോദീസാ:
Acts 16: 14 -15 ” …അവളും ( ലുധിയാ ) കുടുംബവും സ്നാനം ഏറ്റു”. ലുധിയാ എന്ന സ്ത്രീ പൗലോസിന്റെ വാക്കുകൾ കേട്ട് എന്നാൽ അവളുടെ കുടുംബവും സ്നാനം ഏറ്റതായി കാണുന്നു.
Acts 16: 27 വായിക്കുക “കാരാഗ്രഹ പ്രമാണിയും കുടുംബവും” സ്നാനം ഏൽക്കുന്നു.
(1 Cor .1 :16 ) “സ്തെഫനോസിൻ്റെ ഭാവനക്കാരെയും സ്നാനം കഴിപ്പിച്ചു”.
38). പരിച്ഛേദന ശിശുക്കൾക്കു (ആൺ പൈതങ്ങൾ) നൽകിയിരുന്നു എന്ന് സമ്മതിക്കുന്നു. പരിച്ഛേദനയ്ക് പകരമാണ് (മുൻകുറി) മാമോദീസ എന്ന് പരാമർശിക്കുന്നുണ്ടോ?
പഴയനിയമ സഭ അംഗത്വത്തിന് പരിച്ഛേദന നിർബന്ധമായിരുന്നു എങ്കിൽ പുതിയനിയമ സഭയിൽ നിഴലായ് പരിച്ഛേദന നീക്കപ്പെടുകയും പൊരുളായ മാമോദീസ നിശ്ചയിക്കപ്പെടുകയും ചെയ്തു. പരിച്ഛേദനയെപ്പറ്റിയുള്ള തർക്കം ആയിരുന്നല്ലോ യെരുശലേം സുന്നഹദസിന് മുഖാന്തിരം ആയിരുന്നത്. അവിടെ ഉണ്ടായ തീരുമാനം ആണ് ഈ ചോദ്യത്തിന് ഉള്ള ഉത്തരം; Acts 15-ൽ വ്യക്തമാകുന്നത്; പഴയനിയമകാലത്തെ നിലവിലിരുന്ന പരിച്ഛേദന എന്ന അംഗത്വ വ്യവസ്ഥ ആവശ്യമില്ലെന്നും, മാമോദീസാ മാത്രം മതിയെന്നും സുന്നഹദോസ് തീരുമാനിച്ചു എന്നാണ് (15 :28).
മറ്റു ചില കാര്യങ്ങൾ കൂടി നോക്കാം: ഉത്പത്തി 17 -ൽ കാണുന്നത് പരിച്ഛേദന എന്നത് തലമുറതലമുറയായി എന്നേക്കുമുള്ള നിത്യനിയമമായി സ്ഥാപിക്കും എന്നാണ് (v 7 & 12 ) യിരെമ്യാവ് 31: 31; 32: 39 എന്നി വാക്യങ്ങഉം ചേർത്ത് പഠിക്കുക. ഈ പഴയനിയമ ഉടമ്പടി മനസ്സിൽ വച്ചുകൊണ്ടു പുതിയനിയമത്തിൽ കാണുന്ന ഒരു സംഭവം മനസിലാക്കാം;
അപ്പോസ്തോലപ്രവർത്തികൾ (Acts 8: 26 – 40); എത്യോപ്യൻ ഷണ്ഡനെ ഫീലിപ്പോസ് സ്നാനം കഴിപ്പിക്കുന്ന ഭാഗം ആണ് ഈ വാക്യങ്ങളിൽ പരാമർശിക്കുന്നത്. ഷണ്ഡൻ പരിച്ഛേദന ഏല്കുന്നതായി കാണുന്നില്ല. നിത്യനിയമമായി ചെയ്ത പരിച്ഛേദന എന്ന കർമ്മം ഇവിടെ നിർബന്ധം ആയിരുന്നു എങ്കിൽ കർത്താവിൻ്റെ ശിഷ്യന്മാർ അവയെ ലങ്കിക്കുമായിരുന്നോ? ശരിക്കും നിഴലായ് പരിച്ഛേദന നീക്കപ്പെടുകയും പൊരുളായ മാമോദീസ നിഴ്ചയ്ക്കപ്പെടുകയും ചെയ്തത് കൊണ്ടല്ലേ ഇപ്രകാരം വിവിധ സന്ദർഭങ്ങളിൽ ക്രിസ്തുവിൻ്റെ ശിഷ്യന്മാർ പോലും പരിച്ഛേദന നൽകാതെ സ്നാനം മാത്രം നൽകിയത്.
മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്; പരിച്ഛേദന പുരുഷന്മാർക്ക് മാത്രം നൽകിയിരുന്നത് കൊണ്ട് സ്നാനത്തിൻ്റെ മുൻകൂറി ആകുവാൻ സാധ്യമല്ല എന്ന വാദമാണ്. ഇവിടെ ഓർക്കേണ്ടത് സ്ത്രീകൾക്ക് പഴയനിയമ വ്യവസ്ഥയിൽ യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല എന്നതാണ്. എന്നാൽ പുതിയനിയമ വ്യവസ്ഥയിൽ ഇത് പുനർവ്യാഖ്യാനിക്കപെട്ടു. “…അതിൽ യവനനെന്നും ….ആണും പെണ്ണും എന്നും ഇല്ല ..” (Galatians 3: 28) ആയതിനാൽ പുതിയനിയമ പരിച്ഛേദന എന്ന മാമോദീസ പുരുഷന്മാർക്കും സ്ത്രീകൾക്കും നൽകുന്നു.
39). ബൈബിൾ ചരിത്രത്തിൽ ഒരു ദൈവജനവും ഒരു വാഗ്ദാനവും മാത്രമേ ഉള്ളു (One People of God and one Promise for the People of God). കൂടുതൽ വ്യക്തമാക്കാമോ?
മുമ്പുള്ള ചോദ്യത്തിൽ ഇത് വ്യക്തമാക്കിയിരുന്നു എങ്കിലും ചില കാര്യങ്ങൾ കൂടി ഇവിടെ വിശദീകരിക്കാം. ഇത് ശരിക്കും പഴയ – പുതിയനിയമ ചരിത്രത്തെ മൊത്തം കണക്കിലെടുത്താണ് പറയുന്നത്. മറിച്ചു പഴയനിയമ യിസ്രായേലിന്നു ഒരു നിയമമവും പുതിയനിയമ ഇസ്രായേലിനു (സഭയ്ക്കു) മറ്റൊരു നിയമവും എന്ന കണക്കിലല്ല.
- വിശ്വാസികൾ അബ്രഹാമിൻ്റെ മക്കൾ (One Father of the people of faith).
“…. വിശ്വാസികൾ അത്രേ അബ്രഹാമിൻ്റെ മക്കൾ …..നിന്നിൽ സകല ജാതികളും അനുഗ്രഹിക്കപെടും (All Nations will be blessed through you) എന്നുള്ള സുവിശേഷം അബ്രഹാമിനെ മുൻകൂട്ടി അറിയിച്ചു…” Galatians 3: 7 & 8
വീണ്ടും “..അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രഹാമിനോട് കൂടി അനുഗ്രഹിക്കപെടുന്നു.”Galatians 3: 9
ഈ രണ്ടു വാക്യങ്ങളും വ്യക്തമാകുന്നത് ഒരു ദൈവജനവും ഒരു വാഗ്ദാനവും എന്ന സത്യം ആണ്. ലോക ജനതകളിൽ നിന്നും ഒരു സമൂഹത്തെ ദൈവം വിളിച്ചു വേർതിരിക്കുന്നു (People of God). വിശ്വാസികളുടെ പിതാവായ അബ്രഹാമിൽ നിന്നും ആണ് ഈ വിളി ആരംഭിക്കുന്നത് (Genesis 12: 1-3). - അബ്രഹാമിൻ്റെ കാലത്തു പരിച്ഛേദന എന്ന അടയാളത്തിലൂടെ ദൈവജനവുമായി ഉടമ്പടിയുണ്ടാക്കി (Genesis 17 :10). “വിശ്വസിക്കുന്ന എല്ലാവർക്കും പിതാവായിരിക്കേണ്ടതിനു തന്നെ..” (Romans 4:11). ചുരുക്കിപ്പറഞ്ഞാൽ അബ്രഹാമിൽ നിന്നും പഴയനിയമകാലത്തിൽ ആരംഭിച്ചതായ ആ ദൈവവിളി പരിശുദ്ധ സഭയുടെ വി. മാമോദീസ എന്ന കൂദാശവഴിയായി ഇന്നും തുടർന്ന് പോകുന്നു. (ഒരു ദൈവജനവും ഒരു വാഗ്ദാനവും ).
- “ഞാൻ ഇസ്രായേൽ ഗ്രഹത്തോടും യെഹൂദാഗൃഹത്തോടും പുതിയൊരു നിയമം ചെയ്യുന്ന കാലം വരും..” (Jeremiah 31 :31 ; Hebrew 8:8 ). ഇവിടെ മനസിലാക്കേണ്ടത് ദൈവതിരഞ്ഞെടുത്ത അതെ പഴയനിയമ ജനത്തോടു (People of God ) ആണ് എന്നേക്കുമുള്ള പുതിയ ഉടമ്പടി സ്ഥാപിക്കുന്നത്. പുതിയൊരു ജനത്തെ ഇവിടെ രൂപപ്പെടുത്തുക ആയിരുന്നില്ല. ഇതേ വാക്യം പൗലോസ് ശ്ലീഹ തൻ്റെ ലേഖനത്തിൽ ആധാരമായി കുറിക്കുന്നുണ്ട്. Hebrew 8:8-ൽ നാം കാണുന്നത് “…ഇസ്രായേൽ ഗ്രഹത്തോടും …പുതിയൊരു നിയമം ചെയുന്ന കാലം വരും….”. അതായതു ഈ “പുതിയൊരു നിയമം” ഇസ്രായേൽ ഗ്രഹത്തോടും യെഹൂദാഗൃഹത്തോടും മാത്രമല്ല പുതിയനിയമ സഭയോടും ചെയ്തിട്ടുള്ളതാകുന്നു.
- വേര് ഒന്ന് കൊമ്പുകൾ പലതു; Romans 11:17 “..വേര് വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നെ.”(ഒരു ദൈവജനവും ഒരു വാഗ്ദാനവും)
- പുതിയ ആകാശം പുതിയ ഭൂമി (Revelation 21 :1 -3)
ദൈവജനത്തിനു പുതിയൊരു നഗരം; ‘പുതിയ ജെറുസലേം ‘. “ഇതാ മനുഷ്യരോട് കൂടി ദൈവത്തിൻ്റെ കൂടാരം. അവൻ അവരോടു കൂടി വസിക്കും; അവർ അവൻ്റെ ജനമായിരിക്കും; ദൈവം തൻ അവരുടെ ദൈവമായി അവരോടു കൂടി ഇരിക്കും.” പുതിയ യെരുശലേം എന്ന ഒരു വിശുദ്ധ നഗരത്തിൽ അതെ വാഗ്‌ദത്ത (ദൈവ) ജനം. - ഇസ്രായേൽ എന്ന മരുഭൂമിയിലെ സഭയും (Ecclesia i.e. Church [Acts 7 :37 -39] )സഭ എന്ന ഇസ്രയേലും; 1 Peter 2 :9 & Exodus 19 : 5.
പഴയനിയമത്തിലും പുതിയനിയമത്തിലും (അതായതു ഇസ്രായേൽ ജനത്തെയും പുതിയനിയമ സഭാവിശ്വാസികളെയും) ദൈവജനത്തെ (People of God) ഒരു പോലെ വിശേഷിപ്പിക്കുന്നത് ശ്രദ്ധിക്കുക; ഇസ്രായേൽ എന്ന സഭയിലെ ജനങ്ങൾ; “നിങ്ങൾ എനിക്ക് പുരോഹിത രാജ്യത്വവും വിശുദ്ധ ജനവും ആകും. ഇവ നീ ഇസ്രായേൽ മക്കളോട് പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.”(Exodus 19: 6).
പുതിയനിയമ സഭയിലെ ദൈവജനം : “….തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗവും വിശുദ്ധവംശവും സ്വന്ത ജനവും ആകുന്നു.”1 Peter 2:9. മറ്റു വാക്യങ്ങൾ ; Old Testament: Deutronomy 7: 6; 4: 37 Judges 20: 2; 2 Samuel 14: 13; Isaiah 43: 1 etc New testament: Hebrew 4: 9; 11: 25 Revelation 21: 3 etc.
40). സ്വയമായി വിശ്വസിക്കണമെന്നും വിശ്വാസം ഏറ്റു പറയണമെന്നും ആണല്ലോ ശിശുസ്നാന വിരോധികളുടെ വാദം. ഈ ചോദ്യത്തെ എങ്ങനെ അഭിമുഖീകരിക്കും?
അതെ. സ്വയമായി വിശ്വസിച്ചാലെ സ്നാനത്തിനു യോഗ്യത ഉള്ളു എന്നാണ് അവർ വാദിക്കുന്നത്. അതിനു അവർ ആധാരമായി എടുക്കുന്ന വേദഭാഗമാണ് നാം മുമ്പ് കണ്ടത് “വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷ പ്രാപിക്കും വിശ്വസിക്കാത്തവർ ശിക്ഷവിധിയിൽ അകപ്പെടും” ഇവിടുത്തെ ചോദ്യത്തിനുള്ള ഉത്തരം നോക്കാം;
ഒന്ന്; വിശ്വാസം സ്നാനത്തിനു ആവശ്യം ആണെങ്കിലും ഇല്ലെങ്കിലും ഒരു കാര്യം നാം മനസിലാക്കണം. “ശിശുസ്നാനത്തെ സ്വീകരിക്കുന്ന നാം തലതൊട്ടപ്പൻ മൂലം കുഞ്ഞിൻ്റെ കൈകൾ പിടിച്ചു ശിശുവിന് വേണ്ടി സത്യവാചകം (വിശ്വാസം) ഏറ്റു പറയുന്നു. ഇവിടെയാണ് മറ്റൊരു ചോദ്യം; മറ്റൊരുവൻ വിശ്വാസം ഏറ്റു പറയുന്നത് കൊണ്ട് അത് കുഞ്ഞിൻ്റെ വിശ്വാസം എന്ന് വരുമോ? വരും. ഇതിനുള്ള ഉത്തരം മറ്റൊരു രൂപത്തിൽ വിശുദ്ധ വേദപുസ്തകം നൽകുന്നത് ശ്രദ്ധിക്കാം.
“അല്ല, മരിച്ചവർക്കുവേണ്ടി സ്നാനം ഏല്കുന്നവർ എന്ത് ചെയ്യും? മരിച്ചവർ കേവലം ഉയർക്കുന്നില്ല എങ്കിൽ അവർക്കുവേണ്ടി സ്നാനം എല്ക്കുന്നത് എന്തിനു?” അതായതു ആദിമസഭയിൽ വിശ്വാസം പഠിച്ചുകൊണ്ടിരിക്കുന്ന ആൾ മാമോദീസ എല്കുന്നതിനു മുമ്പ് മരിച്ചുപോയാൽ മരിച്ചയാളുടെ കൈയിൽ പിടിച്ചു മറ്റൊരാൾ വിശ്വാസം ചൊല്ലി ആ ആളിനുവേണ്ടി സ്നാനം ഏറ്റിരുന്നു. അങ്ങനെയെങ്കിൽ ഏറ്റുപറയുവാൻ സാധിക്കുന്നില്ല എന്നതിനാൽ മറ്റൊരാൾ ശിശുവിന് വേണ്ടി വിശ്വാസം ഏറ്റു പറയുന്നതിൽ എന്താണ് യുക്തിരഹിതം എന്ന് ചിന്തിക്കുക. വിശ്വാസം എന്നത് നിരീശ്വരവാദികളെ സംബന്ധിച്ചിടത്തോളം യുക്തിരഹിതമാകാം എന്നാൽ നമ്മെ സംബന്ധിച്ച് വിശ്വാസം യുക്തിക്ക്അതീതമാണ്, യുക്തിരഹിതമല്ല. ഇപ്രകാരം മരിച്ചവർക്കു വേണ്ടി സ്നാനം ഏൽക്കുന്ന രീതിയും യുക്തിക്കു അതീതമായി മാത്രമേ കാണുന്നുള്ളൂ. എങ്കിൽ ജീവനുള്ള ശിശുവിനുവേണ്ടി വിശ്വാസം ഏറ്റുപറയുന്നു എന്നത് യുക്തിരഹിതമല്ല. ഉദരത്തിൽ ആയിരുന്ന ശിശുവിന് മറ്റൊരു സാമിപ്യം തിരിച്ചറിയാൻ സാധിച്ചത് (ഉദരത്തിൽ ആയിരുന്ന യോഹന്നാൻ സ്നാപകൻ) ശിശുക്കൾക്ക് എല്ലാം ഗ്രഹിക്കാൻ സാധിക്കുമെന്നല്ലേ?
രണ്ടു, വിശ്വാസം ഏറ്റുപറയുവാനും വിശ്വസിക്കുവാൻ സാധിക്കാതെ ഇരിക്കുന്നവർക്കും ദൈവം ഒരു രക്ഷയുടെ മാർഗം കൊടുക്കുന്നുണ്ട്. പൗലോസ് ശ്ലീഹായുടെ പഠിപ്പിക്കുന്ന വേദഭാഗം ഒന്ന് മനസിലാകാം; Galatians 3: 23; ” വിശ്വാസം വരും മുമ്പേ നമ്മിൽ വെളിപെടുവാനിരുന്ന വിശ്വാസത്തിനായി കൊണ്ട് ന്യായപ്രമാണത്തിന് കീഴിൽ അടച്ചു സൂക്ഷിച്ചിരുന്നു. അങ്ങനെ നാം വിശ്വാസത്തിൽ നീതികരിക്കപ്പെടേണ്ടതിനു, ന്യായപ്രമാണം ക്രിസ്തുവിൻ്റെ അടുക്കലേക്കു നടത്തുവാൻ നമ്മുക്ക് ശിശുപാലകനായി ഭാവിച്ചു. വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകൻ്റെ കീഴിൽ അല്ല. ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിൻ്റെ മക്കൾ ആകുന്നു.” കുഞ്ഞുങ്ങൾക്കു വിശ്വസിക്കാൻ സാധിക്കില്ല എന്നു വാദിച്ചാലും അവർ (ശിശുക്കൾ) വിശ്വാസത്താൽ നീതികരിക്കപ്പെടേണ്ടതിനു ന്യായപ്രമാണം അവരെ ക്രിസ്തുവിങ്കലേക്കു അടുപ്പിക്കുന്നു. ആ ന്യായപ്രമാണം ആണ് ശിശുപാലകനായി ഭവിച്ചു എന്ന് ഇവിടെ പരാമർശിക്കുന്നത്. തലതൊട്ടപ്പൻ്റെ അധവാ മധ്യസ്ഥൻ്റെ സ്ഥാനത്തെ പറ്റി പഠിക്കുമ്പോൾ ഇത് കൂടുതൽ വിശദമാക്കുന്നതാണ്.
മൂന്ന്, നേരിട്ട് വിശ്വസിക്കാത്തവരെയും സ്നാനപെടുത്തിയ സംഭവങ്ങൾ അനവധി നാം കാണുന്നുണ്ട്.
- ലുധിയാ എന്ന സ്ത്രീ പ്രസംഗം കേട്ടു. അവളുടെ ഹൃദയം തുറന്നു. പ്രസംഗം കേൾക്കാത്ത അവളുടെ കുടുംബം മുഴുവനും സ്നാനം ഏറ്റു (Acts 16 : 14 & 15)
- Acts 16: 30-33 “യജമാനന്മാരെ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്ത് ചെയ്യണം” എന്ന കാരാഗൃഹപ്രമാണിയുടെ ചോദ്യത്തിന് പൗലോസും ശീലാസും ഉത്തരം പറഞ്ഞത് ശ്രദ്ധേയമാണ്; “കർത്താവായ യേശുവിൽ വിശ്വസിക്കുക, എന്നാൽ നീയും നിൻ്റെ കുടുംബവും രക്ഷപ്രാപിക്കും ” രക്ഷ പ്രാപിക്കാൻ “ഞാൻ ” (singular) എന്ത് ചെയ്യണം എന്നാണ് ചോദ്യം. കർത്താവിൽ വിശ്വസിച്ചാൽ നീ മാത്രമല്ല നിൻ്റെ കുടുംബവവും രക്ഷപ്രാപിക്കും (plural) എന്നാണ് ഉത്തരം.
- രാജഭൃത്യൻ്റെ മകന് സൗഖ്യം ലഭിച്ചത് അവൻ്റെ മകൻ്റെ വിശ്വാസം മൂലം അല്ല പിന്നെയോ രാജഭൃത്യൻ്റെ മാത്രം വിശ്വാസം മൂലമാണ്. അവനും അവൻ്റെ കുടുംബം ഒക്കെയും സ്നാനം എല്ക്കുന്നത് ആ കുടുംബത്തിലെ ഒരുവൻ്റെ വിശ്വാസം മൂലം മാത്രമാണ്. (St. John 4: 47 -54)
- St. Mark 9: 24 “ബാലൻ്റെ അപ്പൻ ഉടനെ നിലവിളിച്ചു കർത്താവെ ഞാൻ വിശ്വസിക്കുന്നു എൻ്റെ അവിശ്വാസത്തിൽ സഹായിക്കണമേ ..” ഇവിടെ സ്വന്തം കുഞ്ഞു ആത്‌മാവ് ബാധിതനും ഊമനും ചെകിടനുമാണ്. അപ്പൻ്റെ വിശ്വാസത്തിൽ ബാലന് സൗഖ്യം ലഭിക്കുന്നു. St. Mathew 15: 21- 28 “…എൻ്റെ മകൾക് ഭൂതോപദ്രവം കഠിനമായിരിക്കുന്നു ” അവളുടെ വിശ്വാസം കണ്ടിട്ട് അവളുടെ മകൾക് സൗഖ്യം ലഭിക്കുന്നു. ഇവിടെ നാം കണ്ട രണ്ടു വാക്യങ്ങളിലും അപ്പൻ്റെയും അമ്മയുടെയും വിശ്വാസം മൂലം മക്കളുടെ ആത്മാവും പ്രാണനും ദേഹവും സൗഖ്യം പ്രാപിക്കുന്നു എന്നാണ്. എങ്കിൽ ശിശുക്കൾക്ക് മാമോദീസ മൂലം അനുഗ്രഹങ്ങളെ പ്രാപിക്കുവാൻ സാധിക്കില്ലേ?.
- യായിറോസിൻ്റെ മകളെ ഉയർപ്പിച്ചത് (St. Mark 5 :21); പക്ഷവാതകാരന് സൗഖ്യം ലഭിച്ചത് (St. Mathew 9: 2); ശതാധിപൻ്റെ ബാല്യകാരന് സൗഖ്യം (St . Mathew 8 :5 -13).
മുകളിലെ സംഭവങ്ങളിലെല്ലാം നേരിട്ടുള്ള വിശ്വാസം രക്ഷക്ക് നിർബന്ധം ഇല്ല എന്നത് വ്യക്തമാണ്. ചേർത്ത് വായിക്കേണ്ട ചില വേദഭാഗങ്ങൾ: 2 Timothy: 1 :5 -7; Acts 8: 12 ; Acts 9: 34 & 35; Acts 9: 42 .
തോമസ് അലക്സ്
www.ovsonline.in
സത്യവിശ്വാസികൾ അറിയേണ്ടത്: ORTHODOXY-THE LIFE; വിശ്വാസപഠനം-V