പഴയ സെമിനാരി ഓണാഘോഷം കളറായി ; വിശദീകരണക്കുറുപ്പുമായി വൈസ് പ്രസിഡന്റ്
കോട്ടയം :മലങ്കര സഭയുടെ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നടന്ന ഓണാഘോഷം ഓണാഘോഷം സംബന്ധിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ സാമൂഹിക മാധ്യമ കൂട്ടായ്മകളിൽ നടക്കുകയാണ്.വിവാദത്തിൽ പഴയ സെമിനാരി വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രതികരിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ നടന്ന ഓണാഘോഷപരിപാടിയെ സംബന്ധിച്ച് നിരവധി പരാതികളും, പരിഭവങ്ങളും നേരിട്ടും അല്ലാതെയും നമുക്ക് ലഭിക്കുവാൻ ഇടയായി. ഇതിന്റെ ചില വിഡിയോകളും, ചിത്രങ്ങളും വൈദികർ ഉൾപ്പടെയുള്ളവർ അയച്ചു തരുകയും , സമൂഹമാധ്യമങ്ങളിൽ ഇവ പ്രചരിക്കുന്നതായി മനസിലാക്കുകയും ചെയ്യുന്നു. ആയതിന്റെ വെളിച്ചത്തിലാണ് ഈ കുറുപ്പ് എഴുതുന്നത്.
സ്തുതിചൊവാക്കപ്പെട്ട സത്യവിശ്വാസം അതിന്റെ ശോഭകെടാതെ കാത്തുസൂക്ഷിക്കുവാൻ ഉത്തരവാദിത്തപ്പെട്ടവരാണ് ഓരോരുത്തരും. വിശുദ്ധ സഭ പൊതുസമൂഹത്തിൽ അതിന്റെ ശുശ്രൂഷ നിർവ്വഹിക്കുന്നു എന്നതിനാൽ സാമൂഹികമായും സാസ്കാരികമായുമുള്ള ബന്ധവും പ്രധാന്യമർഹിക്കുന്നതാണ്. എന്നാൽ അതിരുവിടുന്ന ആഘോഷങ്ങൾ വിശുദ്ധ സഭയുടെ ശുശ്രൂഷയ്ക്കും ലക്ഷ്യത്തിനും പോറലേൽപ്പിക്കാൻ പാടില്ല. ഇക്കാര്യങ്ങളിൽ ശ്രദ്ധയോടെ മനസിലാക്കി ഇടപെടുന്നതാണ് ഒരു ഉത്തമ സഭാ വിശ്വാസിക്ക് അഭികാമ്യം. അത്തരത്തിലുള്ള ശ്രദ്ധക്കുറവ് പലപ്പോഴും നമ്മുടെ പള്ളികളിലും, സെമിനാരികളിലും,ആത്മീയ പ്രസ്ഥാനങ്ങളിലും ഉണ്ടാകുന്നുണ്ട് എന്നത് തിരുത്തപ്പെടേണ്ടതാണ്.
കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ നടന്ന ആഘോഷപ്രകടനം മൂലം സഭാ സ്നേഹികൾക്ക് ഉണ്ടായ മാനസിക ബുദ്ധിമുട്ടിൽ സെമിനാരിയുടെ എളിയ ശുശ്രൂഷകൻ എന്ന നിലയിൽ നിർവ്യാജമായ ഖേദം അറിയിക്കുന്നു. മേലിൽ ഇത്തരം കാര്യങ്ങളിൽ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും നിങ്ങളെ അറിയിക്കുന്നു. പുതിയ സാങ്കേതിക വിദ്യകൾ കാലഘട്ടത്തിന്റെ ആവശ്യമെങ്കിലും സോഷ്യൽ മീഡിയ അതിപ്രസരവും , അതിരുകടന്ന ആഘോഷങ്ങളും പള്ളികളെയും, പള്ളിക്കൂടങ്ങളെയും ഗ്രസിക്കുകയും അതുവഴി പുതിയ തലമുറ മറ്റൊരു സംസ്കാരത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു എന്നത് ശുഭകരമല്ല. മാതാപിതാക്കളും,അധ്യാപകരും, വൈദികരും, ആത്മീയപ്രസ്ഥാനങ്ങളും മാതൃകയോടെ അവരെ നയിച്ചെങ്കിൽ മാത്രമേ അതിന്റെ പ്രതിഫലനം സമൂഹത്തിലും സഭയിലും ഉണ്ടാകു. ആയതിന് ആവശ്യമായ ക്രിയാത്മകമായ ശ്രമം സെമിനാരിയിൽ നിർബന്ധമായും നടപ്പാക്കുന്നതിന് നാം പ്രതിജ്ഞാബദ്ധവുമാണ്. ആയതിനാൽ ഈ വിഷയം സംബന്ധിച്ചുള്ള എല്ലാ ചർച്ചകളും അവസാനിപ്പിച്ച് വിശുദ്ധ സഭയുടേയും അതുവഴി സെമിനാരിയുടെയും സർവോന്മുഖമായ വികസനത്തിന് ഒന്നായി ചേർന്ന് പ്രവർത്തിക്കണം .
