OVS - ArticlesOVS - Latest News

മലങ്കരസഭയില്‍ അധിനിവേശത്തിന്റെ പ്രതിഫലനങ്ങളും ശാശ്വത സമാധാനവും

മലങ്കരസഭയില്‍ ശാശ്വത സമാധാനം ഉണ്ടാവണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുമില്ല. മാര്‍ത്തോമ്മാശ്ലീഹായുടെ മക്കളായ മലങ്കര നസ്രാണികള്‍ ഇന്ന് വിവിധ വിദേശക്രിസ്തീയ സഭകളുടെ മേല്‍ക്കോയ്മ സ്വീകരിച്ചു നിലനില്‍ക്കുന്നത് വേദപുസ്തക സഭാ ശാസ്ത്രത്തിന് നിരക്കുന്നതല്ല. വി. പൗലോസോ മറ്റ് ശ്ലീഹൻമാരോ അവരുടെ ശിഷ്യൻമാരോ  സുവിശേഷഘോഷണത്താല്‍ ആരംഭിച്ച ഒരു പ്രാദേശിക സഭയും മറ്റൊരു പ്രാദേശിക സഭയുടെ ഭരണത്തിന്‍ കീഴിലായിരുന്നില്ല. കൊരിന്തിലെയോ, എഫേസൂസിലേയോ, റോമിലെയോ, അന്ത്യോക്യായിലെയോ, ഭാരതത്തിലേയോ സഭകള്‍ പരസ്പരം ഭരണപരമായി ഒന്ന് മറ്റൊന്നിന്മേല്‍ ആധിപത്യം പുലര്‍ത്തിയിരുന്നില്ല. അഞ്ചാം നൂറ്റാണ്ടില്‍ ഉടലെടുത്ത ഒരു ക്രൈസ്തവേതര പ്രതിഭാസമാണ് ഒരു പ്രാദേശിക സഭ മറ്റൊരു പ്രാദേശിക സഭമേല്‍ ആധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം. കല്‍ക്കിദോന്‍ സുന്നഹദോസിനു മുമ്പ് (എ.ഡി. 451) എവുത്തിക്കൂസിന്‍റെ വേദവിപരീതം ഉടലെടുത്തപ്പോള്‍ അതിനെക്കുറിച്ച് സഭയുടെ സാര്‍വ്വത്രിക സുന്നഹദോസ് (Eccumenical) കൂടേണ്ടതില്ലെന്നും റോമന്‍ പോപ്പ് ലെയോ ഒന്നാമന്‍ ഇറക്കിയ ചാക്രിക ലേഖനം (Encyclical letter) (A.D. 448) എല്ലാവരും അംഗീകരിച്ചു നടന്നാല്‍ മതിയെന്നുമുള്ള അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശമാണ് അധിനിവേശ സഭാ ശാസ്ത്രത്തിന്‍റെ (Colonical Ecclesiology) തുടക്കം കുറിച്ചത്. റോമന്‍ കത്തോലിക്കാ സഭയും തുടര്‍ന്ന് റോമാ സാമ്രാജ്യത്തില്‍ ഉടലെടുത്ത അന്ത്യോക്യന്‍ സഭയുള്‍പ്പെടെയുള്ള മറ്റു സഭകളും സാമ്രാജ്യത്വ രാഷ്ട്രീയത്തെ സാമ്രാജ്യത്വ സഭാ ശാസ്ത്രമായി പരാവര്‍ത്തനം ചെയ്തു. ഒരു സാമ്രാജ്യത്തിലെ ഭരണത്തിന്‍റെ നല്ല കാര്യങ്ങള്‍ മറ്റൊരു സാമ്രാജ്യത്തിന്‍റെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് പ്രയോജനകരമായേക്കാമെങ്കിലും ഭരണപരമായി കടന്നുകയറുന്നത് വ്യക്തിസ്വാതന്ത്ര്യത്തെയും സാംസ്‌കാരിക തനിമയേയും ഇല്ലായ്മ ചെയ്യാനുള്ള പ്രവണതയായതുകൊണ്ടാണല്ലോ സാമ്രാജ്യങ്ങള്‍ ക്രമേണ ലോകത്തില്‍ നിന്നും അപ്രത്യക്ഷമായത്. എങ്കിലും ലോക ജനത അപ്പാടെ തൂത്തെറിഞ്ഞ സാമ്രാജ്യത്വ പ്രവണത ഇന്നും റോമന്‍ കത്തോലിക്ക സഭ അതിന്‍റെ റീത്ത് പ്രസ്ഥാനങ്ങളില്‍ക്കൂടിയും അന്ത്യോക്യന്‍ ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മലങ്കര സഭയെ അവരുടെ ഒരു റീത്തു പ്രസ്ഥാനമായി കണക്കാക്കുന്നതുവഴിയും നടപ്പാക്കുവാന്‍ ശ്രമിക്കുന്നു. ഈ സാമ്രാജ്യത്വ സഭാ വേദശാസ്ത്രം നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നത് സഭയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ വൈരുദ്ധ്യമാണ് മാര്‍ത്തോമാ ശ്ലീഹായുടെ മക്കളായ മലങ്കര നസ്രാണികളുടെ ഛിന്നഭിന്നമായ ഇന്നത്തെ അവസ്ഥക്കു കാരണം.

1) പേര്‍ഷ്യന്‍ സുറിയാനി സഭയുമായുളള ബന്ധം
മാര്‍ത്തോമ്മാ ശ്ലീഹാ എ.ഡി. 52 -ല്‍ സ്ഥാപിച്ച മലങ്കര സഭയുടെ സജീവ സാന്നിദ്ധ്യത്തെക്കുറിച്ച് 2-ആം നൂറ്റാണ്ടില്‍ ഇന്‍ഡ്യ സന്ദര്‍ശിച്ച പന്‌റീനസും (180 AD) (Pantaenus) ആ സന്ദര്‍ശനം രേഖപ്പെടുത്തിയ 4-ആം നൂറ്റാണ്ടിലെ സഭാ ചരിത്രകാരന്‍ കൈസറിയായിലെ യൗസേിബിയോസും (Eusebeus of Caesaria +A.D 340) മിലാനിലെ അംബ്രോസും (+AD 397) നാസിയാന്‍സിലെ വി. ഗ്രീഗോറിയോസും (+AD 390) ജറോമും (+AD 420) വി.അപ്രേമും (+AD 373) സാക്ഷിക്കുന്നു. സാപ്പോര്‍ ദ്വിതീയന്‍ ചക്രവര്‍ത്തിയുടെ പീഡനത്തെ തുടര്‍ന്ന് പേര്‍ഷ്യയില്‍ നിന്ന് കേരളത്തിലേക്കുളള പേര്‍ഷ്യന്‍ ക്രിസ്ത്യാനികളുടെ കുടിയേറ്റം മുഖാന്തിരം (4-ആം നൂറ്റാണ്ടു മുതല്‍ 9-ആം നൂറ്റാണ്ടു വരെ) തദ്ദേശീയവും സ്വതസിദ്ധവുമായി ക്രിസ്തീയ ആരാധനാക്രമങ്ങളെ അനുവര്‍ത്തിച്ചു വന്ന മലങ്കര നസ്രാണികള്‍ പേര്‍ഷ്യയിലെ സുറിയാനി സഭയുടെ ആരാധന ക്രമങ്ങളെ ആശ്ലേഷിക്കുകയായിരുന്നു. ഇതിന്‍റെ ഫലമായി പേര്‍ഷ്യയിലെ സെലൂക്ക്യ-സ്റ്റേസിഫോണ്‍ ആസ്ഥാനമായുള്ള പൗരസ്ത്യ സഭ (Church of the East) യുമായി മലങ്കര ക്രിസ്ത്യാനികള്‍ ഉറ്റ ബന്ധം പുലര്‍ത്തി വന്നു. അന്നുമുതല്‍ പേര്‍ഷ്യയിലെ പൗരസ്ത്യസഭയുടെ പാത്രിയര്‍ക്കീസ് (Patriarch of the Church of the East) മാര്‍ത്തോമ്മായുടെ മക്കള്‍ക്ക് വൈദികരെ വാഴിച്ചു കൊടുക്കുവാനും വിശുദ്ധ ഗ്രന്ഥങ്ങളും ആരാധനാക്രമങ്ങളും കാനോനാകളുമൊക്കെ നല്കുവാനും തുടങ്ങി. എ.ഡി. 650 -ല്‍ പൗരസ്ത്യ സുറിയാനി സഭയുടെ പാത്രിയര്‍ക്കീസ് ഈശോയാഹബ് മൂന്നാമന്‍ (Ishoyahlo III) ആ സഭയുടെ ഭരണസീമയില്‍ മലങ്കര മാര്‍ത്തോമ്മാ നസ്രാണികളെ ഉള്‍പ്പെടുത്തിത്തുടങ്ങി. എട്ടാംനൂറ്റാണ്ടില്‍ പൗരസ്ത്യ സുറിയാനി സഭയിലെ തിമോത്തി ഒന്നാമന്‍ പാത്രിയര്‍ക്കീസ് പേര്‍ഷ്യന്‍ സഭയുടെ ബാഹ്യഭരണ പ്രദേശമായി മലങ്കരസഭയെ (Ecclesiastical Province of India) കണക്കാക്കി ഭരണം തുടങ്ങി. ഈ ഭരണപ്രദേശത്തിന് മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായി, ഇന്‍ഡ്യയിലെ മുഴുവന്‍ ക്രിസ്ത്യാനികളുടെയും മേല്‍നോട്ടക്കാരനായി, പേര്‍ഷ്യയില്‍ നിന്ന് ഒരു എിസ്‌ക്കോപ്പായെ നിയമിക്കുകയും (Metropolitan-bishop of the seat of St. Thomas and the whole Christian Church of India) ചെയ്തു. മലങ്കരസഭയിലെ വൈദികരില്‍ ഒരാളെ മെത്രാനാക്കി ഭരണം ഭരമേല്‍പ്പിക്കുവാന്‍ ശ്രദ്ധിച്ചില്ല. അധിനിവേശത്തിന്‍റെ ആദ്യ പ്രതിഫലനമായിരുന്നു ഇത്. കൊടുങ്ങല്ലൂരും മൈലാപ്പൂരും അദ്ദേഹത്തിന്‍റെ ആസ്ഥാനങ്ങളായിരുന്നതായും രേഖെപ്പെടുത്തുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ നിയന്ത്രണത്തില്‍ മെത്രാാപ്പോലീത്താമാരും തദ്ദേശീയ ക്രിസ്ത്യാനികളുടെ ഭരണത്തലവനായിരുന്ന അര്‍ക്കദിയാക്കോനും (ജാതിക്കു കര്‍ത്തവ്യന്‍) ഭരണം നടത്തിയിരുന്നു. തിമോത്തി ഒന്നാമന്‍ (780-823) തന്നെ അര്‍ക്കദിയാക്കോനെ ഇന്‍ഡ്യയിലെ വിശ്വാസികളുടെ തലവന്‍ എന്ന് വിളിച്ചിരുന്നു.

2) റോമന്‍ കത്തോലിക്ക അധിനിവേശം
പതിനാലാം നൂറ്റാണ്ടില്‍ പൗരസ്ത്യ സുറിയാനി സഭ ഇസ്ലാംമതത്തിന്‍റെ പീഢനത്തില്‍ അമര്‍ന്ന് പൗരോഹിത്യ ശ്രേണിയുടെ ദൗര്‍ബല്യം നേരിട്ടു. മലങ്കര സഭയുമായി അതിന്‍റെ ബന്ധം നഷ്ടപ്പെട്ടു. മലങ്കര നസ്രാണികളുടെ ഭരണത്തലവന്‍ അര്‍ക്കദിയാക്കോന്‍ മാത്രമായി. സുഗന്ധദ്രവ്യങ്ങളുടെ കച്ചവടക്കാരായി 1498 -ല്‍ ഇന്‍ഡ്യയില്‍ വന്ന പോര്‍ട്ടുഗീസുകാര്‍ ഇന്‍ഡ്യയില്‍ അര്‍ക്കദിയാക്കോന്‍റെ നേതൃത്വത്തില്‍ സജീവമായി നിലനില്‍ക്കുന്ന മാര്‍ത്തോമ്മാ നസ്രാണികളെക്കണ്ടപ്പോള്‍ റോമന്‍ കത്തോലിക്കാ സഭയുടെ ഒരു കോളനിയാക്കി മലങ്കര സഭയെ മാറ്റുവാനുള്ള ശ്രമത്തില്‍ കച്ചവടക്കണ്ണു അതിലേക്കും തിരിഞ്ഞു. പോര്‍ട്ടുഗീസു രാജാക്കാര്‍ക്കു അവരുടെ നാവിക വാണിഭ പ്രദേശങ്ങളില്‍ റോമന്‍ കത്തോലിക്കാ സഭയുടെ വികസനവും ഭരണവും നിയന്ത്രണവും നല്കിക്കൊണ്ട് റോമന്‍ കത്തോലിക്കാ പോപ്പ് ലിയോ പത്താമന്‍ AD 1514 -ല്‍ സ്ഥിരീകരിച്ച പഡ്രോവാഡോ (Padroado -പോര്‍ട്ടുഗീസ് രക്ഷാകര്‍ത്തൃത്വം) കരാര്‍ വ്യവസ്ഥപ്രകാരം മലങ്കര നസ്രാണികളുടെ നിയന്ത്രണവും അവരുടെ തിരുസഭാ ഉത്തരവാദിത്തമായി ഏറ്റെടുത്തു. ആയതിനാല്‍ സമയം നഷ്ടമാക്കാതെ അവര്‍ ഗോവ കേന്ദ്രമാക്കി ഭദ്രാസനം സ്ഥാപിക്കുകയും മലങ്കര നസ്രാണികളുടെ സുറിയാനി ആരാധനാ പാരമ്പര്യം നിരോധിച്ച് ലത്തീന്‍ പാരമ്പര്യം അടിച്ചേല്‍പ്പിക്കുകയും ചെയ്തു. 1599 -ല്‍ ഗോവന്‍ ആര്‍ച്ച് ബിഷ്പ്പ് മെനസ്സിസ്സിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ ഉദയംപേരൂര്‍ സുന്നഹദോസ് ഇത് പ്രാവര്‍ത്തികമാക്കി. 1599 മുതല്‍ 1653 വരെ 54 വര്‍ഷം മലങ്കര നസ്രാണികള്‍ റോമന്‍ കത്തോലിക്ക സഭയുടെ ലത്തീന്‍ പാരമ്പര്യത്തില്‍ ഭരിക്കപ്പെട്ടു. അധിനിവേശത്തിന്‍റെ രണ്ടാം പ്രതിഫലനം.

3) മലങ്കര നസ്രാണികളുടെ ആദ്യ പിളര്‍പ്പ്
പോര്‍ട്ടുഗീസ് സഭാഭരണത്തില്‍ അസംതൃപ്തരായ മലങ്കര നസ്രാണികള്‍ തോമ്മാ അര്‍ക്കദിയാക്കോന്‍റെ നേതൃത്വത്തില്‍ 1653 ജനുവരി 3-ആം തീയതി കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ കൂടി റോമാ സഭയ്ക്കും അതിന്‍റെ അനുവര്‍ത്തികളായ പോര്‍ട്ടുഗീസ് മെത്രാന്മാര്‍ക്കും ഈശോസഭാ മിഷനറിമാര്‍ക്കുമെതിരായി കൂനന്‍ കുരിശു സത്യമെന്ന പ്രതിജ്ഞ എടുത്തു. പോര്‍ട്ടുഗീസുകാരുടെ വരവുവരെ റോമന്‍ കത്തോലിക്കാ സഭയെക്കുറിച്ചു മലങ്കര നസ്രാണികള്‍ കേട്ടിരുന്നതേയില്ല. എന്നാല്‍ മലങ്കരയില്‍ ഒരു മെത്രാന്‍ ഇല്ലാതിരുന്നതിനാലും മറ്റുമാര്‍ഗ്ഗങ്ങളെല്ലാം അടഞ്ഞ സാഹചര്യത്തിലും ആലങ്ങാട്ടു പള്ളിയില്‍ വച്ച് ആര്‍ക്കദിയാക്കോന്‍ തോമ്മായെ 12 വൈദികര്‍ കൈവയ്പ്പ് നടത്തി മെത്രാനായി വാഴിച്ചു. ആദ്യത്തെ സ്വദേശി മെത്രാന്‍ മാര്‍ത്തോമ്മ ഒന്നാമന്‍ എന്ന് അറിയപ്പെട്ടു. പോര്‍ട്ടുഗീസ് മിഷനറിമാരുടെ അനുരജ്ഞന ശ്രമം പരാജയട്ടെ സാഹചര്യത്തില്‍ റോമന്‍ പോപ്പ് അലക്‌സാണ്ടര്‍ ഏഴാമന്‍ അയച്ച കര്‍മ്മലീത്ത സിറിയന്‍ ബിഷപ്പ് ജോസഫ് സെബസ്ത്യാനി മലങ്കര നസ്രാണികളില്‍ കുറെപ്പെരേ സ്വാധീനിച്ച് അവരുടെ മെത്രാനായി റോമാ സഭയോടുള്ള വിധേയത്വത്തില്‍ പള്ളിവീട്ടില്‍ ചാണ്ടി കത്തനാരെ ‘Metroplitan and the Gate of all India’ എന്ന പേരില്‍ വാഴിച്ചു. ഇങ്ങനെ മലങ്കര നസ്രാണികളില്‍ ആദ്യ പിളര്‍പ്പുണ്ടായി. ലത്തീന്‍ പാരമ്പര്യത്തില്‍ പിടിച്ചു നിന്ന് പഴയ ലത്തീന്‍കൂറുകാര്‍ മലബാര്‍ കത്തോലിക്കാ റീത്ത് എന്ന പേരില്‍ മറ്റൊരു സഭാവിഭാഗമായി പ്രവര്‍ത്തനം തുടങ്ങി. ഇവര്‍ പിന്നീട് ലത്തീന്‍ പാരമ്പര്യവും ഉപേക്ഷിച്ച് പൗരസ്ത്യ സുറിയാനി മലബാര്‍ കത്തോലിക്കാ റീത്തായിത്തീര്‍ന്നു.

4) അന്ത്യോക്യ സുറിയാനി സഭാ ബന്ധം
എ.ഡി. 1663 -ല്‍ പോര്‍ട്ടുഗീസുകാരുടെ കച്ചവടം ഡച്ചുകാരു തകര്‍ത്തു. 1665-ല്‍ ഡച്ചുകാരുടെ സഹായത്തോടെ അവരുടെ കപ്പലില്‍ മലങ്കര നസ്രാണികളുടെ ആവശ്യപ്രകാരം അന്ത്യോക്യാ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പാത്രിയാര്‍ക്കീസിനാല്‍ അയയ്ക്കപ്പെട്ട യേരുശലേമിലെ ഗ്രിഗോറിയോസ് അബ്ദുള്‍ ജലീല്‍ മെത്രാന്‍ എത്തിയതോടെ മലങ്കരസഭ അന്ത്യോക്യന്‍ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുമായി ഇദംപ്രഥമമായി ബന്ധപ്പെട്ടു. അദ്ദേഹം മാര്‍ത്തോമ്മാ ഒന്നാമന്‍റെ വാഴ്ച സ്ഥിരീകരിച്ചു. അദ്ദേഹം 1681-ല്‍ കാലം ചെയ്ത് വടക്കന്‍ പറവൂര്‍ സെന്റ് തോമസ് പള്ളിയില്‍ കബറടക്കപ്പെട്ടു. 1670 മുതല്‍ 1686 വരെ മലങ്കര നസ്രാണികളെ ഭരിച്ച മാര്‍ത്തോമ്മാ രണ്ടാമന്‍റെ കാലത്ത് 1685 -ല്‍ യല്‍ദോ മാര്‍ ബസേലിയോസ് മഫ്രിയാനയാല്‍ വാഴിക്കപ്പെട്ട   മാര്‍ ഈവാനിയോസ് ഹിദയത്തുള്ള മാര്‍ത്തോമ്മാ മൂന്നാമന്‍റെയും (1686-1688) മാര്‍ത്തോമ്മാ നാലാമന്‍റെയും (1688-1728) വാഴ്ചയില്‍ പ്രധാനകാര്‍മ്മികത്വം വഹിച്ചു. മാര്‍ത്തോമ്മാ അഞ്ചാമന്‍റെ കാലത്ത് (1728-1765) 1748-ല്‍ അന്ത്യോക്യയില്‍ നിന്ന് ഒരു സുറിയാനി മെത്രാന്‍ മാര്‍ ഈവാനിയോസ്, മുളന്തുരുത്തിയില്‍ വന്നു താമസിച്ച് ശെമ്മാശന്മാരെ സുറിയാനി പഠിപ്പിച്ചു. അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍ തെറ്റാണെന്നു മനസ്സിലാക്കിയ മലങ്കരസഭ അദ്ദേഹത്തെ കേരളത്തില്‍ നിന്നു 1751-ല്‍ പുറത്താക്കി. അദ്ദേഹം അന്ത്യോക്യക്കു പോകുന്ന വഴി തന്‍റെ ശിഷ്യരായിരുന്ന കാട്ടുമാങ്ങാട്ടു അബ്രഹാം, ഗീവര്‍ഗ്ഗീസ് എന്നീ ശെമ്മാശാര്‍ക്കു വൈദിക പട്ടം കൊടുത്തു. അവര്‍ പിന്നീട് മലബാര്‍ സ്വാതന്ത്ര സുറിയാനി സഭയുടെ സ്ഥാപകരായി.

ഡച്ച് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയോട് മാര്‍ത്തോമ്മ അഞ്ചാമന്‍ ഒരു മെത്രാനെ ആവശ്യപ്പെട്ടതിനു പകരം അന്ത്യോക്യ പാത്രിയര്‍ക്കീസ് മാര്‍ ഇഗ്നാത്തിയോസ് ഗീവര്‍ഗ്ഗീസ് തൃതീയന്‍ 1751-ല്‍ മാര്‍ ബസേലിയോസ് ശക്രള്ള, മാര്‍ ഗ്രീഗോറിയോസ്, റമ്പാന്‍ യൂഹാനോന്‍, ഗീവര്‍ഗ്ഗീസ് കോര്‍എിസ്‌കോ കൂടാതെ അഞ്ചു വൈദികര്‍ എന്നിവരെ അയച്ചു. ഇവര്‍ പാശ്ചാത്യ സുറിയാനി ഓര്‍ത്തഡോക്‌സ് പാരമ്പര്യത്തിലുളള ആരാധനാക്രമം കൊണ്ടുവന്നു. 1751 -ല്‍ എത്തിയ ഈ ഒമ്പതുപേര്‍ക്ക് യാത്രക്കൂലിയായി 12,000 രൂപ കൊടുക്കുവാനില്ലാതെ മാര്‍ത്തോമ്മാ അഞ്ചാമന്‍ നിരണം പള്ളിക്കാര്‍ ആ പണം പിരിച്ചെടുത്തു കൊടുക്കുന്നതുവരെ മൂന്നുമാസം ജയില്‍വാസം അനുഭവിച്ചു. ജയിലില്‍ നിന്നിറങ്ങിയ മാര്‍ത്തോമ്മ ഇവരെ കാണുവാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല മാര്‍ ദീവന്നാസ്യോസ് എന്ന സ്ഥാനനാമം സ്വീകരിച്ച് പുതുതായി കൈവയ്പു നേടണമെന്ന അവരുടെ ആവശ്യവും നിരസിച്ചു. അധിനിവേശശ്രമം നിരസിച്ച മാര്‍ത്തോമ്മ അവര്‍ മലങ്കര സഭയില്‍ പട്ടക്കാരെ വാഴിക്കയില്ലെന്നു 1754-ല്‍ അവരില്‍ നിന്ന് ഉറപ്പും വാങ്ങി. ഇതിനെല്ലാം ഉപരിയായി 1761 -ല്‍ അദ്ദേഹം വിദേശമെത്രാന്മാരെ പങ്കെടുപ്പിക്കാതെ തന്‍റെ പിന്‍ഗാമിയായി മാര്‍ത്തോമ്മ ആറാമനെ വാഴിക്കുകയും ചെയ്തു.

ഇപ്രകാരം 1761-ല്‍ മലങ്കര സഭയിന്മേലുള്ള അന്ത്യോക്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അനധികൃത കൈകടത്തലിനെ മലങ്കരസഭ എതിര്‍ത്തു തോല്‍പ്പിച്ചു. 1765 -ല്‍ കാലം ചെയ്ത മാര്‍ത്തോമ്മാ അഞ്ചാമന്‍റെ കബറടക്കം മാര്‍ത്തോമ്മാ ആറാമന്‍ തന്നെ നിര്‍വ്വഹിച്ചു.

5) മാര്‍ത്തോമ്മാ ആറാമന്‍റെ സമാധാനശ്രമങ്ങള്‍
1765-ല്‍ സ്ഥാനമേറ്റ മാര്‍ത്തോമ്മാ ആറാമന്‍ അന്ത്യോക്യ പാത്രിയര്‍ക്കീസുമായി സദുദ്ദേശ്യത്തോടെ രമ്യതയ്ക്കുവേണ്ടി ദീവന്നാസ്യോസ് എന്ന സ്ഥാനനാമം സ്വീകരിച്ചു പുതുതായി മെത്രാന്‍ പട്ടം അന്ത്യോക്യ മെത്രാന്‍ മാര്‍ ഗ്രീഗോറിയോസില്‍ നിന്നും സ്വീകരിച്ചു. പക്ഷെ മാര്‍ ഗ്രീഗോറിയോസ് കാട്ടുമാങ്ങാട്ടു കൂറിലോസിനെ മെത്രാനായി വാഴിച്ചപ്പോള്‍ തിരിച്ചടിയേറ്റു. ഡച്ചുകാരു മുഖാന്തിരം കൂറിലോസിനെ കോളനി അതിര്‍ത്തിക്കു വെളിയിലാക്കി. തൊഴിയൂരിലെത്തിയ അദ്ദേഹം മലബാര്‍ സ്വതന്ത്രസുറിയാനി സഭ ഉണ്ടാക്കി. 1751 -ല്‍ അന്ത്യോക്യന്‍ മെത്രാന്‍ മാര്‍ ഈവാനിയോസ് ചെയ്ത അധിനിവേശതന്ത്രത്തിന് അതേ സ്ഥാനത്തു നിന്നുള്ള ഗ്രീഗോറിയോസ് 1771 -ല്‍ മകുടം ചാര്‍ത്തി. മലങ്കര നസ്രാണികളില്‍ രണ്ടാം പിളര്‍പ്പ് ഉണ്ടായി. ആയതിനാല്‍ മാര്‍ത്തോമ്മ ആറാമന്‍ തന്‍റെ പിന്‍ഗാമിയെ മാര്‍ത്തോമ്മ ഏഴാമന്‍ എന്ന പേരില്‍ത്തന്നെ 1796 -ല്‍ വാഴിച്ചു.

6) അന്ത്യോക്യ പാത്രിയര്‍ക്കീസിന്‍റെ ആത്മിക മേലധികാരം മൂലം മൂന്നും നാലും പിളര്‍പ്പുകള്‍
മാര്‍ത്തോമ്മാ ഏഴാമന്‍ (1808-1809), മാര്‍ത്തോമ്മാ എട്ടാമന്‍ (1809-1816), മാര്‍ത്തോമ്മ ഒമ്പതാമന്‍ (1816-1817), പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് (1815-1816) (മാര്‍ത്തോമ്മാ പത്താമന്‍) പുന്നത്ര മാര്‍ ദീവന്നാസ്യോസ് (1817-1825) എന്നിവരുടെ കാലത്ത് പഴയ സെമിനാരി സ്ഥാപനവും അദ്ധ്യാപനവും സംബന്ധിച്ച് ബ്രിട്ടീഷ് മിഷനറിമാരുമായുള്ള സഭാവിശ്വാസ നവീകരണങ്ങള്‍ക്കെതിരെ ചോപ്പാട്ട് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ (1825-1855) നിലപാടെടുത്തു. മലങ്കര സഭാ പ്രതിനിധികളുടെ മാവേലിക്കര അസ്സോസിയേഷനില്‍ (1836) വച്ച് നവീകരണക്കാരില്‍ നിന്ന് രക്ഷപെടുവാന്‍ വിശ്വാസപരമായ കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കേണ്ടത് അന്ത്യോക്യ പാത്രിയര്‍ക്കീസാണെന്ന് തീരുമാനിച്ചു. അപ്രകാരം മാവേലിക്കര അസ്സോസിയേഷനില്‍ക്കൂടി മലങ്കരസഭ അന്ത്യോക്യ പാത്രിയര്‍ക്കീസിന്‍റെ ആത്മിക മേലധികാരം ഔദ്യോഗികമായി അംഗീകരിച്ചു. അന്നുമുതല്‍ മലങ്കരസഭ “യാക്കോബായ സുറിയാനി സഭ” എന്ന് അറിയപ്പെടുവാനും തുടങ്ങി. [ യാക്കോബായ എന്ന പേര് അന്ത്യോക്യന്‍ ഓര്‍ത്തഡോക്‌സ് സുറിയാനിസഭ തിരസ്‌കരിക്കുന്നു എന്ന് ഇാപ്പോഴത്തെ അന്ത്യോക്യ പാത്രിയര്‍ക്കീസ് അപ്രേം കരീം തന്‍റെ സഭാ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (syrianorthodoxchurch.org)]. ഇതിന്‍റെ പരിണിതഫലമായി മലങ്കര നസ്രാണികളുടെ മൂന്നാം പിളര്‍പ്പുണ്ടായി. കൊച്ചിന്‍ അവാര്‍ഡു മുഖാന്തിരം സഭയുടെ കുറെ സ്വത്തുക്കള്‍ ഭാഗിച്ചു വാങ്ങി സി.എം.എസ്. സഭ കേരളത്തില്‍ ഉടലെടുത്തു. എന്നാല്‍ മലങ്കര മെത്രാപ്പോലീത്ത ചോപ്പാട്ട് മാര്‍ ദീവന്നാസ്യോസിന്‍റെ അറിവോ സമ്മതമോ കൂടാതെ പാലക്കുന്നത്തു മാത്യൂസ് ശെമ്മാശനെ ഇഗ്നാത്തിയോസ് ഏലിയാസ് രണ്ടാമന്‍ (1838-1847) 1843-ല്‍ എപ്പിസ്‌കോപ്പാ ആയി വാഴിച്ചു മലങ്കരയിലേക്കയച്ചു. കൂടാതെ ആ പാത്രിയര്‍ക്കീസ് തന്നെ 1846-ല്‍ യുയാക്കീം മാര്‍ കൂറിലോസ് എന്ന അന്ത്യോക്യയിലെ മെത്രാനെക്കൂടി മലങ്കരയിലേക്കയച്ചു. 1852-ല്‍ സ്ഥാനത്യാഗം ചെയ്ത മലങ്കര മെത്രാപ്പോലീത്ത ചേപ്പാട്ടു മാര്‍ ദീവന്നാസ്യോസിനു ശേഷം പാത്രിയര്‍ക്കീസ് വാഴിച്ചയച്ച രണ്ടു മെത്രന്മാര്‍ തമ്മില്‍ മലങ്കര മെത്രാപ്പോലീത്ത സ്ഥാനത്തിനും തദ്വാരാ വട്ടിപ്പണപ്പലിശയ്ക്കും ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ വാദിച്ചു. നാട്ടുമെത്രാനെ കൊല്ലം പഞ്ചായത്ത് (1852) അംഗീകരിച്ചു. മാത്യൂസ് അത്താനാസ്യോസ് മലങ്കര മെത്രാാപ്പോലീത്ത സ്ഥാനം ഉറപ്പിച്ചു. യൂയാക്കീം മാര്‍ കൂറിലോസ് തള്ളപ്പെട്ടു. ഈ ഉര്‍വ്വശീശാപം മലങ്കരസഭയ്ക്കു ഉപകാരമായ ചരിത്രം റോയല്‍ കോര്‍ട്ട് വിധിയിലൂടെ പിന്നീടു കാണാമെങ്കിലും മാത്യൂസ് അത്താനാസ്യോസിന്‍റെ ഭരണകാലം സമാപിച്ചതോടെ (1877) മലങ്കര സഭയിലെ നാലാം പിളര്‍പ്പിലൂടെ മാര്‍ത്തോമ്മാ സഭ നിലവില്‍ വന്നു.

7) മുളന്തുരുത്തി സുന്നഹദോസിന്‍റെ ഭീഷണികള്‍
1865 ഏപ്രില്‍ 30 ന് തുര്‍ക്കിയിലെ ആമീദില്‍ വച്ച് അന്ത്യോക്യാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് ദ്വിതീയനില്‍ നിന്ന് ദീവന്നാസ്യോസ് എന്ന പേരില്‍ മെത്രാനായി വാഴിക്കെട്ടുവന്ന പുലിക്കോട്ടില്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ ആണ് മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന നവീകരണക്കാരന്‍ പാലക്കുന്നത്ത് മാത്യൂസ് അത്താനാസ്യോസിനോടും അന്ത്യോക്യയില്‍ നിന്നുള്ള യൂയാക്കിം മാര്‍ കൂറിലോസിനോടും ഒരുപോലെ തന്‍റെ മലങ്കര മെത്രാപ്പോലീത്ത സ്ഥാനം ഉറിപ്പിക്കുവാന്‍ യുദ്ധം ചെയ്തത്. 1873 -ല്‍ പരുമലയില്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ വിളിച്ചുകൂട്ടിയ പള്ളി പ്രതിപുരുഷയോഗത്തില്‍ മലങ്കര അസ്സോസിയേഷനും മാനേജിംഗ് കമ്മിറ്റിയ്ക്കും രൂപം കൊടുക്കുകയും സഭാ ഭരണത്തിന് വിശദമായ നിയമാവലി പാസ്സാക്കുകയും ചെയ്തു. ആ യോഗ നിശ്ചയപ്രകാരം മലങ്കര സഭ ക്ഷണിച്ചുവന്ന അന്ത്യോക്യ പാത്രിയര്‍ക്കീസ് പത്രോസ് മൂന്നാമന്‍ അദ്ധ്യക്ഷം വഹിച്ച സുന്നഹദോസില്‍ (1876) മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ പ്രസിഡന്റായി ദീവന്നാസ്യോസ് അഞ്ചാമനും മാനേജിംഗ് കമ്മറ്റിയിലേക്ക് 24 പേരും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മലങ്കര സഭയുടെ ലൗകിക ആത്മികാധികാരങ്ങള്‍ പാത്രിയര്‍ക്കീസിനാണെന്ന രേഖ മലങ്കര മെത്രാപ്പോലീത്ത ഒരു രജിസ്റ്റേര്‍ഡ് ഉടമ്പടിയിലൂടെ സമര്‍പ്പിക്കണമെന്ന പത്രോസ് മൂന്നാമന്‍ പാത്രിയര്‍ക്കീസിന്‍റെ ആവശ്യം പുലിക്കോട്ടില്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ നിരസിച്ചു. അതിന്‍റെ പ്രതികാരമായി പത്രോസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ് മലങ്കരസഭയെ ഏഴു ഭദ്രാസനങ്ങളായി വിഭജിക്കുകയും ആറു മെത്രാന്മാരെ മറ്റാരോടും ആലോചിക്കാതെ വാഴിക്കുകയുമാണ് ചെയ്തത്. പക്ഷെ പാത്രിയര്‍ക്കീസിന്‍റെ ഈ അഹങ്കാര പ്രതികാരം അസ്തമിപ്പിക്കുവാന്‍ മലങ്കര മെത്രാാപ്പോലീത്താ പുതുതായി വാഴിക്കപ്പെട്ട എല്ലാ മെത്രാാരെയും കൂടെ നിര്‍ത്തി. 1877 ജനുവരി 27 മുതല്‍ വെളിയനാട് മാര്‍ സ്‌തേഫാനോസ് സഹദാ പള്ളിയില്‍ വച്ച് പത്രോസ് പാത്രിയര്‍ക്കീസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സുന്നഹദോസില്‍, മെത്രാന്മാരെ തെരഞ്ഞെടുക്കുവാന്‍ മലങ്കര പള്ളിയോഗത്തിന്‍റെ അവകാശം പാത്രിയര്‍ക്കീസ് ബാവ അംഗീകരിക്കാതിരുന്നതിനാല്‍ പ്രതിനിധികള്‍ യോഗം ബഹിഷ്‌ക്കരിച്ചു. 1878 ഫെബ്രുവരി 18-ന് പരുമലയില്‍ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ദീവന്നാസ്യോസിന്‍റെ അദ്ധ്യക്ഷതയില്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ കൂടി പുതിയ മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സഭാ ഭിന്നതയുടെ പ്രതിസന്ധി ഒഴിവാക്കി. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസിന്‍റെ ആഗമനം മൂലം മലങ്കരസഭയില്‍ ഉണ്ടായ കലുഷിതാന്തരീക്ഷം അങ്ങിനെ തരണം ചെയ്യെപ്പെട്ടു.

1877 -ല്‍ ആരംഭിച്ച സെമിനാരിക്കേസിന്‍റെ 1889-ല്‍ ഉണ്ടായ റോയല്‍ കോര്‍ട്ടുവിധിയോടെ അന്ത്യോക്യ പാത്രീയര്‍ക്കീസ് മലങ്കര സഭയുടെ മേല്‍ ലൗകീകാധികാരങ്ങള്‍ ആവശ്യപ്പെട്ടത് എന്നേക്കുമായി നിഷേധിക്കപ്പെട്ടു.

8) വട്ടശ്ശേരില്‍ തിരുമേനിക്ക് പാത്രിയര്‍ക്കീസിന്‍റെ മുടക്ക്
1908 മെയ് 31-ആം തീയതി യേരുശലേമില്‍ വച്ച് വട്ടശ്ശേരില്‍ തിരുമേനിയെ മെത്രാപ്പോലീത്ത ആയി അബ്ദുള്ള രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ വാഴിച്ചു. അന്നത്തെ മലങ്കര മെത്രാാപ്പോലീത്ത പുലിക്കോട്ടില്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ 1908 നവംബര്‍ 26-ആം തീയതി പഴയ സെമിനാരിയില്‍ കൂടിയ മലങ്കര അസ്സോസിയേഷന്‍ വട്ടശ്ശേരില്‍ തിരുമേനിയെ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു. 1909 ജുലൈ 12-ആം തീയതി കാലം ചെയ്ത പുലിക്കോട്ടില്‍ തിരുമേനിയുടെ പിന്‍ഗാമിയായി വട്ടശ്ശേരില്‍ തിരുമേനി മലങ്കര മെത്രാപ്പോലീത്ത ആയി സ്ഥാനമേറ്റു. 1910-ല്‍ മലങ്കര സഭയുടെ സ്വത്തുക്കളുടെ മേലുള്ള അധികാരം എഴുതിക്കൊടുക്കുവാന്‍ മലങ്കര മെത്രാപ്പോലീത്ത വട്ടശ്ശേരില്‍ തിരുമേനിയോട് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ആവശ്യപ്പെട്ടു. അത് നിരസിച്ച മലങ്കര മെത്രാപ്പോലീത്തായെ 1911 -ല്‍ പാത്രിയര്‍ക്കീസ് മുടക്കി. ക്‌നാനായ ഭദ്രാസനം വേര്‍പിരിച്ചു രൂപപ്പെടുത്തി. മെത്രാന്‍ കക്ഷിയും ബാവാ കക്ഷിയും ഉടലെടുത്തു. മലങ്കരസഭയുടെ സമാധാനം നഷ്ടെപ്പെടുത്തി. അതേത്തുടര്‍ന്ന് എം.ഡി. സെമിനാരി ചാപ്പലില്‍ കൂടിയ സഭാ മാനേജിംഗ് കമ്മിറ്റി മുടക്കിനെ നിരസിച്ചു മലങ്കര മെത്രാപ്പോലീത്തായ്‌ക്കൊപ്പം നിന്നു. 1911 ആഗസ്റ്റ് 17-ആം തീയതി അബ്ദുല്‍ മശിഹാ പാത്രിയര്‍ക്കീസ് (സീനിയര്‍) അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ മുടക്കു അസാധുവാണെന്നും അത് മലങ്കരസഭ മറന്നേക്കുവാനും മലങ്കര മെത്രാപ്പോലീത്ത വട്ടശ്ശേരില്‍ തിരുമേനിയെ രേഖാമൂലം അറിയിച്ചു. അങ്ങനെ അന്ത്യോക്യയിലെ പാത്രിയര്‍ക്കീസന്‍മാരുടെ കലഹം മലങ്കര സഭയിലേക്കും വ്യാപിച്ചു.

9) റോമന്‍ കത്തോലിക്കാ സഭയുടെ രണ്ടാം അധിനിവേശം
പരിചയസമ്പന്നനും മടിശ്ശീല നിറഞ്ഞിരുന്നവനുമായ പാശ്ചാത്യ വീശുവലക്കാരന്‍ അടങ്ങിയിരുന്നില്ല. വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മല്‍പ്പാന്‍റെ വിശ്വസ്ത സഹചാരിയായിരുന്ന ഫാ. പി ടി.ഗീവര്‍ഗ്ഗീസ് മലങ്കര സഭയിലെ ആദ്യത്തെ എം.എ അച്ചന്‍ ആയിരുന്നു. വട്ടശ്ശേരില്‍ മല്‍പ്പാന്‍റെ നിര്‍ബ്ബന്ധത്താല്‍ മലങ്കര മെത്രാപ്പോലീത്താ ദീവന്നാസ്യോസ് അഞ്ചാമന്‍ കെ സി മാമ്മന്‍ മാപ്പിളയെ മാറ്റി എം.ഡി സ്‌കൂളിന്‍റെ പ്രിന്‍സിപ്പലായി ഫാ. പി.ടി.ഗീവര്‍ഗ്ഗീസിനെ നിയമിച്ചു. തുടര്‍ന്ന് വട്ടശ്ശേരില്‍ തിരുമേനിയുടെ ശിപാര്‍ശപ്രകാരം 1912-ല്‍ ഫാ. പി ടി. ഗീവര്‍ഗ്ഗീസ് സെറാംപൂര്‍ യൂണിവേഴ്‌സിറ്റി പ്രഫസറായി നിയമിക്കപ്പെട്ടു. സെറാംപൂരില്‍ പഠിപ്പിച്ചിരുന്ന കാലത്ത് പരിചയപ്പെട്ട അഡ്വ. ഇ.ജെ ജോണ്‍ ഇലഞ്ഞിക്കല്‍ ദാനമായി നല്‍കിയ 100 ഏക്കര്‍ സ്ഥലത്ത് ഒരു സന്യാസ സ്ഥാപനം തുടങ്ങുന്നതിന് വേണ്ടി അദ്ദേഹം 1918-ല്‍ കൂട്ടുകാരന്‍ ഫാ. അലക്‌സിയോസിനോടോപ്പം റാന്നിയില്‍ എത്തി 1919-ല്‍ ബഥനി ആശ്രമം സ്ഥാപിച്ചു. മാമ്മന്‍ മാപ്പിളയുടെ ശ്രമഫലമായി ഗവണ്‍മെന്റില്‍ നിന്ന് 300 ഏക്കര്‍ സ്ഥലം കൂടി ലഭിച്ചു. ഫാ. അലക്‌സിയോസ് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലഭിച്ച സംഭാവനകളും മുതല്‍ക്കൂട്ടായി. 1925-ല്‍ നിരണം അസോസ്യോഷന്‍ ഫാ. പി ടി ഗീവര്‍ഗ്ഗീസിനെ മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1925-ല്‍ത്തന്നെ ബസേലിയോസ് ഗീവര്‍ഗ്ഗീസ് പ്രഥമന്‍ കാതോലിക്കാബാവാ അദ്ദേഹത്തെ ഈവാനിയോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പാ ആയി വാഴിച്ചു. കേരളത്തിലെ മലബാര്‍ റീത്തുകാരുടെയും ലത്തീന്‍ റീത്തുകാരുടെയും ശക്തമായ പ്രേരണക്കും തന്ത്രങ്ങള്‍ക്കും വഴങ്ങി 1926 മുതല്‍ റോമന്‍ കത്തോലിക്കാ സഭയില്‍ ചേരണമെന്ന മാര്‍ ഈവാനിയോസിന്‍റെ അഭിപ്രായം കല്ലാശ്ശേരില്‍ തിരുമേനി, വട്ടശ്ശേരില്‍ തിരുമേനി, ഫാ. മാത്യൂസ് പാറേട്ട് എന്നിവര്‍ കൂട്ടായി നിരസിച്ചു. കൂനന്‍ കുരിശു സത്യത്തിനെതിരെ ഇനിയും തിരിയുകയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് മാര്‍ ഈവാനിയോസ് അന്തോക്യന്‍ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയില്‍ നിന്നും കത്തോലിക്കാ സഭയില്‍ ചേര്‍ന്ന ഇഗ്നാത്തിയോസ് അപ്രേം II റഹമാനി പാത്രിയര്‍ക്കീസിന്‍റെ (1898- 1929) പ്രേരണയോടും അദ്ദേഹത്തില്‍ നിന്ന് ലഭിച്ച പുസ്തകങ്ങളുടെ സഹായത്തോടും കൂടി ശ്രമം തുടര്‍ന്നു. ഈ സാഹചര്യത്തില്‍ 3-ആം കാതോലിക്കാ സ്ഥാനത്തേക്ക് യോഗ്യനെന്ന് വട്ടശ്ശേരില്‍ തിരുമേനി നേരത്തേ കരുതിയിരുന്ന മാര്‍ ഈവാനിയോസിന് പകരം കല്ലാശ്ശേരില്‍ തിരുമേനി ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവാ എന്ന പേരില്‍ മൂന്നാം കാതോലിക്കയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. തുടര്‍ന്ന് കല്ലാശ്ശേരില്‍ ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവാ 1929-ല്‍ ഇദ്ദേഹത്തെ മെത്രാപ്പോലീത്താ ആയി ഉയര്‍ത്തി. അതോടൊപ്പം ബഥനിയിലെ ഫാ. യാക്കോബിനെ തെയോഫിലോസ് എന്ന പേരിലും ബഥനി ആശ്രമത്തിനുവേണ്ടി ബിഷപ്പായി വാഴിച്ചു. എന്നാല്‍ 1930 സെപ്റ്റമ്പര്‍ 20-ആം തീയ്യതി ഇരുവരും മാതൃസഭയെ ത്യജിച്ച് റോമന്‍ വലയില്‍ വീണ് ബഥനിയുടെ സ്വത്തുക്കളുടെ സിംഹഭാഗവും എടുത്തുകൊണ്ട് റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. മലങ്കര റീത്ത് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. മലങ്കരയിലെ 5 -ആം പിളര്‍പ്പ് അങ്ങനെയുണ്ടായി.

10) 1958 -ലെ മലങ്കരസഭാ സമാധാനവും 1959 -ലെ അതിന്‍റെ ലംഘനവും
അബ്ദുള്‍ മശിഹാ പാത്രിയര്‍ക്കീസ് 15-9-1912-ല്‍ മലങ്കരസഭയുടെ സ്വതന്ത്ര കാതോലിക്കാസ്ഥാപനം നിര്‍വ്വഹിച്ചു. അദ്ദേഹം 17-9-1912-ല്‍ പുറപ്പെടുവിച്ച കല്പനയില്‍ കാതോലിക്ക മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്നതാണെന്നും മെത്രാപ്പോലീത്താമാരെ വാഴിക്കുവാനും മൂറോന്‍ കൂദാശ ചെയ്യുന്നതിനും തുടങ്ങി സഭയ്ക്കാവശ്യമുള്ള എല്ലാ ആത്മിയാവശ്യങ്ങളും നിര്‍വ്വഹിക്കുവാനുള്ള അധികാരം ഇനിമേല്‍ മലങ്കര സഭയുടെ കാതോലിക്കക്കായിരിക്കുമെന്നും പ്രഖ്യാപിച്ചു. 19-2-1913 -ല്‍ അദ്ദേഹംതന്നെ പുറപ്പെടുവിച്ച കല്പനയില്‍ കാതോലിക്കാ കാലം ചെയ്യുമ്പോള്‍ പുതിയ കാതോലിക്കായെ വാഴിക്കാനുള്ള അധികാരവും അവകാശവും മലങ്കര സഭയിലെ മെത്രാപ്പോലീത്താമാരില്‍ നിക്ഷിപ്തമാണെന്നും രേഖപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്ത്യോക്യ പാത്രിയര്‍ക്കീസിന്‍റെ ആത്മിക അധികാരം മലങ്കരസഭയില്‍ ശൂന്യബിന്ദുവിലാണെന്ന് 1958 -ലെ സുപ്രീംകോടതി വിധി വ്യക്തമാക്കി. മാത്രമല്ല 1912 -ലെ കാതോലിക്കാ സ്ഥാപനവും 1934 -ലെ ഭരണഘടനയും സാധുവായിരിക്കുന്നുവെന്നും കോടതി കണ്ടെത്തി. (12-9-1958)

1933 മുതല്‍ 1946 വരെ മഞ്ഞിനിക്കരയില്‍ താമസിച്ച അബ്ദുല്‍ അഹാദ് റമ്പാന്‍ 1946-ല്‍ അന്ത്യോക്യയില്‍ മെത്രാനായും 1957-ല്‍ യാക്കോബ് തൃതീയന്‍ എന്ന പേരില്‍ അന്ത്യോക്യ പാത്രിയര്‍ക്കീസായും സ്ഥാനമേറ്റു. സുപ്രീം കോടതി വിധി അറിഞ്ഞ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് 30-11-1958 -ല്‍ മലങ്കര സഭയില്‍ സമാധാനം സ്ഥാപിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്ക ബാവായ്ക്ക് സന്ദേശമയച്ചു. 1-12-1958 -ല്‍ ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അതിനുളള സമ്മതം യാക്കൂബ് തൃതീയന്‍ ബാവായെ അറിയിച്ചു. 9-12-1958 -ല്‍ പാത്രിയര്‍ക്കീസ് ബാവാ ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവായെ മലങ്കരസഭാ സമാധാനത്തിനുവേണ്ടി കാതോലിക്ക ആയി അംഗീകരിച്ചു. 16-12-58 -ല്‍ ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവ യാക്കോബ് തൃതീയന്‍ ബാവായെ മലങ്കര സഭാ ഭരണഘടനയ്ക്കു വിധേയമായി അന്ത്യോക്യ പാത്രിയര്‍ക്കീസായും അംഗീകരിച്ചു. മൂന്നു മാസങ്ങള്‍ക്കുശേഷം 8-4-1959 -ല്‍ യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ നാല് ആരോപണങ്ങള്‍ ഉന്നയിച്ച് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവായ്ക്കു കല്പന അയച്ചു. (1) ഭരണഘടന വ്യവസ്ഥകളേക്കുറിച്ച് അറിയില്ല. (2) വിശുദ്ധ എന്ന പദവി കാതോലിക്കായ്ക്ക് ഇല്ല. (3) തോമ്മാശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായ എന്ന സ്ഥാനനാമം കാതോലിക്ക ഉപയോഗിയ്ക്കുവാന്‍ പാടില്ല (4) പാത്രിയര്‍ക്കീസിന്‍റെ അനുമതികൂടാതെ പാത്രിയര്‍ക്കീസ് ഭാഗത്തുണ്ടായിരുന്ന ഭദ്രാസനങ്ങളുടെ ഭരണം ഏറ്റെടുത്തത് തെറ്റാണ്.

8-6-59 -ല്‍ കാതോലിക്ക ബാവ ഹുദായ കാനോന്‍, അ്‌ദേദുമശിഹാ പാത്രിയര്‍ക്കീസിന്‍റെ കല്പനകള്‍, 1958 -ലെ സുപ്രീംകോടതി വിധി, 1934-ലെ ഭരണഘടന ഇവ ഉദ്ധരിച്ചു ആരോപണങ്ങള്‍ നിഷേധിച്ചു മറുപടി നല്കി. 16-7-60 -ല്‍ പാത്രിയര്‍ക്കീസ് ബാവാ വീണ്ടും നിഷേധകല്പന അയച്ചു. മൂന്നാം കാതോലിക്കായെ യാതൊരു സ്ഥാനാരോഹണവും കൂടാതെ നിരുപാധികം സ്വീകരിച്ചപ്പോള്‍ ഒന്നും രണ്ടും കാതോലിക്കാമാരുടെ സ്ഥാനവും കല്പനകളും മലങ്കരസഭ അദ്ദേഹത്തിനു നല്‍കിയ സ്ഥാനാരോഹണവും അംഗീകരിച്ചില്ലേ എന്ന ചോദ്യത്തിനു മറുപടി ഇല്ല. എന്തിന് സമാധാനം നശിപ്പിക്കുന്നുവെന്ന് ആര്‍ക്കും മനസ്സിലായില്ല.

1958 ഡിസംബര്‍ 26-ആം തീയതി കൂടിയ പുത്തന്‍കാവു അസ്സോസിയേഷനില്‍ വച്ച് “ആ ചന്ദ്രതാരം” കാതോലിക്കായുടെ കൂടെ നില്‍ക്കുമെന്നു പ്രഖ്യാപിച്ച പൗലൂസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത 1961 -ല്‍ അന്ത്യോക്യന്‍ മൂവ്‌മെന്റ് ഉണ്ടാക്കിയത് എന്തിനെന്ന് ആര്‍ക്കും മനസ്സിലായില്ല. വീണ്ടും അശാന്തി!

11) 1964 -ലെ കാതോലിക്ക സ്ഥാനാരോഹണവും തുടര്‍ന്ന് സമാധാന ഭജ്ഞനവും
മലങ്കര സഭാ സുന്നഹദോസിന്‍റെ ക്ഷണപ്രകാരം വീണ്ടും യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ തന്നെ 22-5-1964 -ല്‍ നാലാം കാതോലിക്കായായി ഔഗേന്‍ ബാവായുടെ സ്ഥാനാരോഹണത്തിനു പ്രധാന കാര്‍മ്മികത്വം വഹിച്ചു. കാതോലിക്കയുടെയും പാത്രിയര്‍ക്കീസിന്‍റെയും ഭരണപ്രദേശങ്ങള്‍ വേര്‍തിരിച്ചു രേഖപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ മലങ്കരസഭാംഗങ്ങളുടെ പള്ളികളിലേക്ക് കാതോലിക്ക വൈദികരെ നിയമിക്കുന്ന നടപടി തുടരുവാന്‍ ഉഭയസമ്മതം ചെയ്തു.

1970 വരെ 6 വര്‍ഷക്കാലം മലങ്കര സഭയില്‍ അസ്വസ്ഥതകളോടെ ഒരുവിധം സമാധാനം നിലനിന്നു. എന്നാല്‍ 1970 -ല്‍ 203 -ആം നമ്പര്‍ കല്പനയിലൂടെ മാര്‍ത്തോമ്മാ ശ്ലീഹായ്ക്കു പട്ടത്വവും സിംഹാസനവുമില്ല എന്ന വേദവിപരീതവുമായി യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് തന്നെ വീണ്ടും മലങ്കരസഭയുടെ സമാധാനാന്തരീക്ഷം തകര്‍ത്തു. നാളിതുവരെ പിന്നീട് ആ സ്ഥാനത്ത് വന്ന രണ്ട് പാത്രിയര്‍ക്കീന്മാരും അതു തിരുത്തിയതായി അറിവില്ല. വി. തോമ്മാശ്ലീഹായുടെ പേര് 4-ആം തുബ്‌ദേനില്‍ ചേര്‍ക്കണമെന്ന സാക്കാപ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കല്പനയുണ്ടെന്നു കേള്‍ക്കുന്നു. സിംഹാസനമില്ലാത്ത പൗലൂസ് ശ്ലീഹായുടെയും കന്യക മറിയാമിന്റെയും യൂഹാനോന്‍ മാംദാനായുടെയും സ്‌തേഫാനോസ് സഹദായുടെയും കൂട്ടത്തില്‍ തോമാശ്ലീഹയെയും ഉള്‍പ്പെടുത്തുന്നത് 203/70 കല്‍പ്പനയ്ക്ക് തിരുത്തലാവുകയില്ല.

12) ഡെലിഗേറ്റു നിയമനവും സമാധാന ഭജ്ഞനവും
അന്ത്യോക്യയില്‍ നിന്നും പാത്രിയര്‍ക്കീസ് ഒരു ഡെലിഗേറ്റിനെ അയയ്ക്കുന്നുവെന്നറിഞ്ഞ് പ. പാത്രിയര്‍ക്കീസ് ബാവായോട് അങ്ങിനെ ഒരു മെത്രാനെ ഡെലിഗേറ്റായി അയയ്ക്കരുതെന്ന് അപേക്ഷിച്ചുകൊണ്ടും അത് മലങ്കരസഭയില്‍ വീണ്ടും കലഹത്തിനു കാരണമാകുമെന്ന് മുന്നറിയിപ്പുനല്‍കിക്കൊണ്ടും ഔഗേന്‍ കാതോലിക്കബാവായും പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ നിന്നു വന്ന മെത്രാച്ചാരുള്‍ടെ 9 മെത്രാപ്പോലീത്താരും കൂടി 16-2-72 ല്‍ കല്പന അയച്ചു. ഇതിനെ നിരാകരിച്ചുകൊണ്ട് 1972-ല്‍ പാത്രിയര്‍ക്കീസ് അയച്ച അപ്രേം ആബൂദി മെത്രാച്ചന്‍ ഡെലിഗേറ്റായി എത്തി മഞ്ഞിനിക്കരയില്‍ താമസിച്ച് ശെമ്മാശന്മാര്‍ക്കും അച്ചന്മാര്‍ക്കും പട്ടം കൊടുത്തു വീണ്ടും കലഹത്തിന്‍റെ വിത്തുവിതച്ചു. 7-8-1973 -ല്‍ കാതോലിക്കാബാവാ വീണ്ടും ഇതിനെതിരായി പരാതിപ്പെട്ടു. അതിന്‍റെ പ്രതികാരമെന്നോണം 1-9-1973 -ല്‍ പാത്രിയര്‍ക്കീസ് കടവില്‍ പൗലോസ് റമ്പാനെ മെത്രാനായി വാഴിച്ച് മലങ്കരയിലേക്കയച്ചു. തുടര്‍ന്ന് 1974 -ല്‍ മലങ്കര സഭയിലെ വൈദികനായിരുന്ന ചെറുവള്ളില്‍ സി.എം. തോമസ് കത്തനാരെയും പെരുമ്പള്ളില്‍ ഗീവര്‍ഗ്ഗീസ് കത്തനാരെയും മെത്രാരായി വാഴിച്ച് മലങ്കരയിലേക്കയച്ചു. 1964 -ലെ സമാധന ഉടമ്പടികള്‍ കാറ്റില്‍ പറത്തിയ നടപടികളായിരുന്നു ഇവ. ഭരണാതിര്‍ത്തി നിര്‍ണ്ണയിച്ച ആള്‍ തന്നെ ഭരണാതിര്‍ത്തി ലംഘിച്ച പരമ്പര തുടര്‍ന്നു.

13) മലങ്കരസഭയില്‍ ബദല്‍ കാതോലിക്കാ സ്ഥാപനം
30-1-1974 -ല്‍ കാതോലിക്കായ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ഷോക്കോസ് നോട്ടീസ് അയച്ചുകൊണ്ട് വീണ്ടും മലങ്കരസഭയുമായി തുറന്ന യുദ്ധത്തിനു ആരംഭം കുറിച്ചു. 9-3-1974 -ല്‍ ഔഗേന്‍ കാതോലിക്കബാവാ, മലങ്കരസഭയുടെ ഭരണാതിര്‍ത്തിയില്‍ പാത്രിയര്‍ക്കീസിനില്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കുന്നത് 1964 -ലെ ഉഭയസമ്മത ഉടമ്പടി ലംഘനവും മലങ്കര സഭാ ഭരണഘടന ലംഘനവും മലങ്കര സഭാംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന 1958 -ലെ കോടതി വിധി ലംഘനവുമാണെന്ന്, അന്ത്യോക്യ പാത്രിയര്‍ക്കീസിനെ തെര്യെപ്പെടുത്തി. അതിനുള്ള പ്രതികാര മറുപടിയായി 10-1-75 -ല്‍ പാത്രിയര്‍ക്കീസ് ഔഗേന്‍ കാതോലിക്കായെ സസ്‌പെന്റ് ചെയ്തു. 22-5-75 -ല്‍ മലങ്കര എപ്പിസ്‌കോല്‍ സുന്നഹദോസുകൂടി മലങ്കരസഭയുടെ സ്വതന്ത്രസ്ഥാനത്തെയും കാതോലിക്കായെ സസ്‌പെന്റ് ചെയ്യുവാന്‍ പാത്രിയര്‍ക്കീസിന്‍റെ അധികാരമില്ലായ്മയെയും തെര്യെപ്പെടുത്തി കല്പന അയച്ചു. അതിനു പ്രതികാരമായി 16-6-75 -ല്‍ പാത്രിയര്‍ക്കീസ് “സുന്നഹദോസ്” കൂടി കാതോലിക്കായെ മുടക്കി. ബദല്‍ കാതോലിക്ക ആയി മുമ്പ് അന്ത്യോക്യ മൂവ്‌മെന്റുമായി പോയ കണ്ടനാടിന്‍റെ മെത്രാപ്പോലീത്ത പൗലോസ് പീലക്‌സിനോസിനെ വാഴിച്ച് മലങ്കരയിലേക്കയച്ചു. അധിനിവേശത്തിന്‍റെ വൈകൃത പുനരാവിഷ്‌കരണം!

14) രണ്ടാം സമുദായക്കേസ് വിധിയും അനന്തര സമാധാന ലംഘനങ്ങളും
പാത്രിയര്‍ക്കീസ് അനധികൃതമായി വാഴിച്ച മെത്രാന്മാരും കാതോലിക്കായും വൈദികരും മലങ്കര സഭയുടെ 1064 പള്ളികളില്‍ പ്രവേശിക്കരുതെന്നു കാതോലിക്കവിഭാഗം 1979 -ല്‍ അന്യായം കോടതിയില്‍ ബോധിപ്പിച്ചു. ഇതിന്‍റെ വിധിത്തീര്‍പ്പ് 1995 ജൂണ്‍ 20-ആം തീയതി സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായി.

പ്രധാന നിശ്ചയങ്ങള്‍
1). 1912 -ലെ കാതോലിക്കാ സ്ഥാപനം സാധുതയുള്ളത്.
2). അന്ത്യോക്യ പാത്രിയര്‍ക്കീസിനു മലങ്കരസഭയിന്മെലുള്ള ആത്മികാധികാരം ശൂന്യം.
3). പാത്രിയര്‍ക്കീസ് കാതോലിക്കായെ മുടക്കിയത് സാധുതയില്ലാത്തത്
4). 1934 -ലെ ഭരണഘടന സാധുതയുള്ളത്.
5). 1934 -ലെ ഭരണഘടനയനുസരിച്ച് മലങ്കരസഭയിലെ എല്ലാ പള്ളികളും ഭരിക്കെപ്പെടണം.
6). മലങ്കരസഭയുടെ കാതോലിക്ക “വിശുദ്ധ”, “തോമ്മാശ്ലീഹായുടെ സിംഹാസനം” എന്നീ വിശേഷണങ്ങളെല്ലാം ഉപയോഗിക്കാന്‍ അര്‍ഹന്‍.

1995 മുതല്‍ 1997 വരെ കാതോലിക്കാ വിഭാഗത്തില്‍ നിന്ന് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെയും പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ നിന്ന് തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെയും നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കായി 8 മീറ്റിംഗുകള്‍ നടന്നു. സമാധാനം ഉണ്ടായില്ല. 1997 -ല്‍ പാത്രിയര്‍ക്കീസു വിഭാഗത്തില്‍ നിന്നിരുന്ന 4 മെത്രാാര്‍ മലങ്കരസഭയുടെ 1934 -ലെ ഭരണഘടന സ്വീകരിച്ച് മാത്യുസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് വിധേയത്വം സമര്‍പ്പിച്ചു. 1997-ല്‍ പാത്രിയര്‍ക്കീസ് വിഭാഗം കേരള ഹൈക്കോടതിയില്‍ വിധി നടത്തിപ്പിനു അപേക്ഷ നല്കി. 1998-ല്‍ വീണ്ടും അന്ത്യോക്യന്‍ മൂവ്‌മെന്റ് പ്രത്യക്ഷപ്പെട്ടു. 28-11-2001 -ല്‍ സൂപ്രീം കോടതിയില്‍ നിന്നും മലങ്കരമെത്രാപ്പോലീത്തായെയും പുതിയ മാനേജിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുക്കുവാന്‍ റിട്ട. ജസ്റ്റിസ് മളിമഠിന്‍റെ നേതൃത്വത്തില്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ കൂടുവാന്‍ ഇരുകക്ഷികളുടെയും ഉഭയ സമ്മതപ്രകാരം (കോടതിയില്‍ ഇരുകൂട്ടരും പണമടച്ച് സമ്മതിച്ചതനുസരിച്ച്) തീരുമാനമായി. 20.03.2002 -ല്‍ ജസ്റ്റിസ് മളിമഠിന്‍റെ മേല്‍നോട്ടത്തില്‍ പരുമലയില്‍ അസ്സോസിയേഷന്‍ കൂടി പുതിയ മാനേജിംഗ് കമ്മറ്റിയെയും മലങ്കര മെത്രാപ്പോലീത്തായെയും തെരഞ്ഞെടുത്തു.

അതേദിവസം തന്നെ പാത്രിയര്‍ക്കീസ് വിഭാഗം പരുമല അസ്സോസിയേഷന്‍ ബഹിഷ്‌കരിച്ച് പുത്തന്‍കുരിശില്‍ തോമ്മാ മാര്‍ ദീവന്നാസ്യോസിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം കൂടി ബദല്‍ സഭയായി “മലങ്കര യാക്കോായ സുറിയാനി ക്രിസ്ത്യാനി സഭ“യ്ക്കു രൂപം കൊടുക്കുകയും ഒരു ഭരണഘടന ഉണ്ടാക്കുകയും ചെയ്തു. 20-3-2002-ല്‍ പരുമലയില്‍ കൂടിയ അസ്സോസിയേഷനും തെരഞ്ഞെടുപ്പുകളും സുപ്രീം കോടതി 12-7-2002 -ല്‍ അംഗീകരിച്ചു ഉറപ്പിച്ചു. 15-7-2002 -ല്‍ പാത്രിയര്‍ക്കീസ് വിഭാഗം 2002 ഭരണഘടന 5-7-2002 ന്‍റെ മുന്‍കാല പ്രാബല്യത്തോടെ ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്തു.

തുടര്‍ന്ന് 2002-ല്‍ തന്നെ അന്ത്യോക്യ പാത്രിയര്‍ക്കീസ് യാക്കോബായ വിഭാഗത്തിന്‍റെ കാതോലിക്കയായി തോമസ് മാര്‍ ദീവന്നാസ്യോസിനെ വാഴിച്ചയച്ചു. തുടര്‍ന്ന് 2004, 2008 എന്നീ വര്‍ഷങ്ങളില്‍ സാക്കാപ്രഥമന്‍ പാത്രിയര്‍ക്കീസും 2015 -ല്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമി ഇാപ്പോഴത്തെ പാത്രിയര്‍ക്കീസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസും മലങ്കര സഭയുടെ അറിവോ സമ്മതമോ ക്ഷണമോ ഇല്ലാതെ മലങ്കരസഭയുടെ പള്ളികളില്‍ അനധികൃതമായി പ്രവേശിക്കുകയും പട്ടം കൊടുക്കല്‍, മൂറോന്‍ കൂദാശ, വി. കുര്‍ബ്ബാന തുടങ്ങിയവ നിര്‍വ്വഹിച്ച് 1995 -ലെ സുപ്രീംകോടതിയുടെ വിധി ലംഘിക്കുകയും ചെയ്തു.

ഉപസംഹാരം
2017 ജൂലൈ 3-ആം തീയതി ഉണ്ടായ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കരസഭയില്‍ സമാധാനമുണ്ടാവേണ്ടത് ശാശ്വത സമാധാനമായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഏതു വ്യവസ്ഥകളുണ്ടായാലും അന്ത്യോക്യ പാത്രിയര്‍ക്കീസ് അവ ലംഘിക്കുകയില്ലെന്ന് മലങ്കരസഭയ്ക്ക് ഉറപ്പു നല്കുവാന്‍ ആര്‍ക്കു കഴിയും? 1995 -ലെ സുപ്രീംകോടതി വിധി അനുസരിച്ച് ക്‌നാനായ ഭദ്രാസനം, സിംഹാസനള്ളികള്‍, പൗരസ്ത്യ സുവിശേഷ സമാജം ഇവയെല്ലാം പാത്രിയര്‍ക്കീസിന്‍റെ ഭരണകേന്ദ്രങ്ങളായി നില്‍ക്കുന്നിടത്തോളം മലങ്കരസഭയില്‍ സമാധാന ഭജ്ഞനം തുടര്‍ന്നും ഉണ്ടാവില്ലെന്ന് എന്താണ് ഉറപ്പ്? മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിക്കപ്പെട്ട് 17-ആം നൂറ്റാണ്ടു വരെ അന്ത്യോക്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന മലങ്കരസഭയുടെ മേല്‍ അധീശത്വം ആവശ്യപ്പെടുന്നത് ഏത് ന്യായം? ഏത് ക്രിസ്തീയ സഭാ ശാസ്ത്രം? മലങ്കരസഭയുടെ പള്ളികള്‍ എല്ലാം 1934-ലെ സഭാഭരണഘടന അനുസരിച്ച് ഭരിക്കെടുവാനുള്ള സര്‍വ്വസ്വതന്ത്രമായ അവകാശത്തിന്മേല്‍ കൈകടത്തുന്ന സമാധാന വ്യവസ്ഥകള്‍ക്ക് നിലനില്‍പ്പുണ്ടാവുമോ?. ഇനിയും പാത്രിയര്‍ക്കീസിന്‍റെയും പാത്രിയര്‍ക്കീസനുകൂലികളുടേയും സമാധാന ഭജ്ഞനത്തിനുവേണ്ടി മലങ്കരസഭ വീണ്ടും കോടതി കയറി ഇറങ്ങുവാന്‍ സാധ്യത നിലനിര്‍ത്തിക്കൊണ്ടുള്ള താല്‍ക്കാലികസമാധാനം മലങ്കര സഭയ്ക്ക് ആവശ്യമുണ്ടോ?

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 

മലങ്കരസഭയുടെ സ്വാതന്ത്ര്യവും തനിമയും

error: Thank you for visiting : www.ovsonline.in