വെരി.റവ. ഫിലിപ്പ് തോമസ് കോർ എപ്പിസ്കോപ്പ: ദക്ഷിണേഷ്യൻ മലങ്കര ഓർത്തഡോൿസ് സഭയുടെ അഭിമാനം
മലങ്കര സഭയുടെ ആചാര്യാത്വ പദവിയിലേക്ക് കടന്നു വന്ന ആദ്യ വിദേശ പൗരനും മലേഷ്യയിലെ കോലാലംപൂർ സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രലലിന്റെ കഴിഞ്ഞ മുപ്പത്തി മൂന്നു വർഷത്തെ വികാരിയുമായ വെരി.റവ. ഫിലിപ്പ് തോമസ് കോർ എപ്പിസ്കോപ്പ ദക്ഷിണേഷ്യൻ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എക്കാലത്തെയും അഭിമാനമാണ്. ലാളിത്യജീവിതം കൊണ്ടും മികച്ച വാഗ്മി എന്ന നിലയിലും പ്രവാസി മലയാളികള്‍ക്കിടയിൽ ഏറെ ശ്രദ്ധേയനാണ് അദ്ദേഹം.
1955 ജൂലൈ നാലിനായിരുന്നു ഫിലിപ്പ് തോമസ് അച്ചന്റെ ജനനം. 1977-ലാണ് കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കൽ സെമിനാരിയിൽ അദ്ദേഹം വൈദിക പഠനത്തിനായി ചേരുന്നത്. പഠനകാലത്ത് ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ സെക്രട്ടറിയായി മാറാനും അദ്ദേഹത്തെ ശുശ്രൂഷിക്കാനും കഴിഞ്ഞു. അതു ജീവിതത്തിലെ വലിയൊരു നേട്ടമായി അച്ചൻ കരുതുന്നു. 1984 മേയ് ആറിന് തോമസ് മാർ തിമോത്തിയോസ് മെത്രോപ്പോലീത്തായിൽ (ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമൻ ബാവ) നിന്നും വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന്, ആത്മീയ ബിരുദപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം മലേഷ്യൻ മണ്ണിൽ മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വൈദിക വേലയ്ക്കായി നിയോഗിക്കപ്പെട്ടു. മലേഷ്യയിലെ ക്രൈസ്തവ വിശ്വാസികള്‍ക്കിടയിൽ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അച്ചൻ 1996 ഡിസംബർ ഒന്നിന് മദ്രാസ് ഭദ്രാസന അധിപൻ അഭി സഖറിയാ മാർ ദിവന്നാസിയോസ് തിരുമേനിയിൽ നിന്ന് കോർ എപ്പിസ്‌കോപ്പ സ്ഥാനം നൽകപ്പെട്ടു.
മികച്ച വാഗ്മി, ആത്മീയ ഇടയൻ, മികച്ച ആത്മീയ നേതാവ്, സഭയുടെ നേതൃപാടവം വിദേശമണ്ണിൽ കൈയാളിയ ഭരണതന്ത്രജ്ഞൻ എന്നീ നിലകളിലെല്ലാം ഫിലിപ്പ് അച്ചൻ തന്റേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്ത് പ്രവാസി മുദ്രകൾ പതിഞ്ഞ മലേഷ്യയിലെ മൂന്നു തലമുറകളിലേക്ക് ആത്മീയസൗഖ്യം പകര്‍ന്നു നല്‍കാൻ കഴിഞ്ഞ ഫിലിപ്പ് അച്ചൻ ദൈവീകമായ ആത്മദാനത്തിന്റെ നിദാന്തശ്രേഷ്ഠനായി മാറി. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വളര്‍ച്ചയിൽ ഫിലിപ്പ് അച്ചന് വഹിച്ച പങ്ക് നിസ്തൂലമാണ്.
മലേഷ്യയിലെ ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ (എസ്.സി.എം) ചെയര്‍മാൻ, നാഷണൽ കൗണ്‍സില് ഓഫ് ചര്‍ച്ചസ് മലേഷ്യയുടെ വൈസ് പ്രസിഡന്റ്, ഇന്റര്‍ഫെയ്ത്ത് ആന്‍ഡ് പീസ് കമ്മ്യൂണിറ്റി സെന്ററിന്റെ ഡയറക്ടർ, ഇന്റർ റിലീജിയസ് സര്‍വീസ് (എഫ്ജിഐഎസ്) സൗഹൃദക്കൂട്ടായ്മയുടെ കോ- ചെയര്‍മാൻ, കോലാലമ്പൂർ വൈ.എം.സി.എ യുടെ ഡയറക്ടർ എന്നിങ്ങനെ ഫിലിപ്പ് അച്ചന് സേവനമനുഷ്ഠിക്കുന്ന ഉയര്‍ന്ന തലങ്ങളിലെല്ലാം തന്നെ അദ്ദേഹം കര്‍മ്മനിരതനാണ്. സി.സി.എ-യുടെ അർബൻ റൂറൽ മിഷൻ കമ്മീഷൻ അംഗമെന്ന നിലയിലും ശ്രദ്ധേയൻ. ലാഹോറിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സൂഫി കോണ്‍ഫറന്‍സിലെ പ്രധാന പ്രാസംഗികനായും പങ്കെടുത്തിരുന്നു. അവിവാഹിതനായ ഫിലിപ്പ് അച്ചൽ തന്റെ കര്‍മ്മമണ്ഡലങ്ങളിലെല്ലാം തന്നെ ആത്മീയശുശ്രൂഷയുടെ വിത്തുകൾ പാകുന്നു. അതിനെ ലാളിത്യത്തോടെയും സ്‌നേഹത്തോടെയും വളര്‍ത്തിയെടുക്കുന്നു. ദൈവിക സേവനങ്ങള്‍ക്കായി ജീവിതം മാറ്റിവച്ച ഈ മഹത്- വ്യക്തിയുടെ ഉദ്കൃഷ്ട ജീവിതം മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ലഭിച്ച ഏറ്റവും വലിയ വരദാനമാണെത്തിൽ സംശയമില്ല.
https://ovsonline.in/pravasi-news/90_years_celebration_of_orthodox_chuch_in_malaysia/