ടൂറിസ്റ്റ് വിസയുണ്ടെങ്കില്‍ ആര്‍ക്കും വരാം ; പള്ളികളില്‍ ഇടപെടുന്നത് നിയമ വിരുദ്ധം
അന്ത്യോഖ്യായുടെ പാത്രിയർക്കീസ് മാര്‍ അപ്രേം കരീം രണ്ടാമ്മന്‍റെ ഭാരത സന്ദര്‍ശനം സംബന്ധിച്ചു മലങ്കര ഓർത്തഡോക്സ് സഭക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സഭ മാധ്യമ വിഭാഗം. 1934 ഭരണഘടന അനുശാസിക്കുന്ന പ്രകാരം പരി.പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ വി.മാർത്തോമ ശ്ളീഹയുടെ പരി.സിംഹാസനത്തിന്റെ അധിപൻ അംഗീകരിച്ചു കാനോനികമായി വാഴിക്കപ്പെട്ട ഒരു അന്ത്യോഖ്യാ പാത്രിയർക്കീസിന് മാത്രമേ പരി. പൗരസ്ത്യ കാതോലിക്ക ക്ഷണിക്കുന്ന പക്ഷം മലങ്കരയിൽ വരുന്നതിന് അവകാശം ഉള്ളു. അന്ത്യോഖ്യായുടെ അപ്രേം കരീം പാത്രിയർക്കീസ് ബാവായ്ക്ക് അദ്ദേഹത്തിന്റെ അനുയായികളെന്നു വിശേഷിപ്പിക്കുന്ന ഒരു വിഭാഗത്തെ അവരുടെ അക്രമ മാർഗ്ഗത്തിൽ നിന്ന് പിന്തിരിപ്പിച്ചു അനുനയിപ്പിക്കാനും, അനുസരിപ്പിക്കാനും കഴിയുമെങ്കിൽ അത് മലങ്കര സഭയുടെ സമാധാനത്തിന് ഗുണകരമാകുമെന്ന് കരുതിയാണ് പരി.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഇന്ത്യക്ക് പുറത്തു വെച്ചു അദ്ദേഹത്തെ കാണുന്നതിനും അദ്ദേഹം അയച്ച കത്തുകൾക്ക് മറുപിടി കൊടുക്കുന്നതിനും സന്മനസ്സ് കാണിച്ചത്.
അത്തരത്തിൽ ഒരു ചിന്ത അദ്ദേഹത്തിനും ഉണ്ടാകും എന്ന് മലങ്കര സഭ ആഗ്രഹിച്ചു. എന്നാൽ നിർഭാഗ്യവശാൽ അത് ഒന്നും ഫലം കണ്ടില്ല എന്ന് മാത്രം അല്ല പാത്രിയർക്കീസ് ബാവ മലങ്കര സഭയുടെ കാര്യത്തിൽ ആ വിഭാഗത്തിന്റെ ആത്മീയ പിതാവ് എന്ന നിലയിൽ സഭ സമാധാനതിനായി ഉത്സാഹിക്കുന്നതും കണ്ടില്ല എന്നതും വളരെ ശ്രദ്ധേയമാണ്. വ്യക്തിപരമായി സഭയുടെ രണ്ട് മെത്രാപ്പോലീത്തമാർ അദേഹത്തെ കാണുന്നതിന് വിദേശത്ത് പോയപ്പോള്‍ പരി. കാതോലിക്കാ ബാവ അതിനെ കേട്ടിരുന്നതും സഭയുടെ സമാധാനമെന്ന ഒരു ലക്ഷ്യം മാത്രം മുൻ നിർത്തിയാണ്. ടൂറിസ്റ്റ് വിസ എടുത്താൽ ആർക്കും ഇന്ത്യയിൽ വരാം. എന്നാൽ പരി.പൗരസ്ത്യ കതോലിക്കയുടെയും, മലങ്കര മെത്രാപ്പോലീത്തയുടെയും ഔദ്യോഗിക ഷണം ഇല്ലാതെ മലങ്കര സഭയുടെ ദേവാലയങ്ങളിൽ പ്രവേശിക്കുന്നതിനോ കർമ്മങ്ങൾ നടത്തുന്നതിനോ ആർക്കും അവകാശം ഇല്ല.
ഇത്തരംക്കാര്യങ്ങള്‍ക്ക് അതിന്റെതായ നടപടി ക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ബഹു. സുപ്രീം കോടതി ഒരു പരിപൂർണ്ണ വിധി പ്രഖ്യാപിച്ചു കഴിഞ്ഞതിനാൽ ഈ കാര്യത്തിൽ ഇനി ആരുടെയും മധ്യസ്ഥ ശ്രമങ്ങളും വി.സഭക്ക് ആവശ്യം ഇല്ല. വിധി നടപ്പാക്കുക എന്നത് മാത്രം ആണ് സഭക്ക് മുമ്പിൽ ഉള്ള മാർഗ്ഗവും ലക്ഷ്യവും. അന്ത്യോഖ്യാ പാത്രിയർക്കീസുമായി ചർച്ച എന്ന വിധത്തിൽ കാണുന്ന വാർത്തകൾ മാധ്യമ സൃഷ്ടികൾ മാത്രമാണ്. അത്തരം വാർത്തയുമായി സഭക്ക് യാതൊരു ബന്ധവും ഇല്ല. നിയമ വിരുദ്ധമായി ഉള്ളതിനും, അസത്യ പ്രചാരങ്ങൾക്കും സഭ കൂട്ട് നിൽക്കില്ല. ഇത്തരം കള്ള പ്രചരണങ്ങളിൽ സഭ സ്നേഹികളും വിശ്വാസികളും ജാഗ്രത ഉള്ളവർ ആയിരിക്കണമെന്നും സഭാ മാധ്യമ വിഭാഗം അധ്യക്ഷന്‍ അഭി.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം യാക്കോബായ വിഭാഗത്തില്‍ രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് സമവായം കാണാന്‍ കരുനീക്കങ്ങളുമായി ഭാരതത്തില്‍ എത്തുന്നതെന്ന് സൂചന. കഴിഞ്ഞ ദിവസം പുത്തന്‍കുരിശില്‍ വിളിച്ചു ചേര്‍ത്ത മെത്രാപ്പോലീത്തമാരുടെ യോഗം അവിടെയുള്ള ഒരു വിഭാഗം വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിരിച്ചു വിടുകയും നാടകീയ രംഗങ്ങള്‍ അരങ്ങേറുകയും ചെയ്തിരിന്നു.