OVS - ArticlesOVS - Latest News

പുതുപ്പള്ളി പെരുനാളിന്‍റെ സവിശേഷതകള്‍

പുതുപ്പള്ളി പെരുനാള്‍ എന്നാല്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുനാള്‍ എന്നാണു ജനം അര്‍ത്ഥമാക്കുന്നത്. മറ്റു പെരുനാളുകള്‍ ഇവിടെ നടത്താറുണ്ടെങ്കിലും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുനാളിനാണ് പരമപ്രാധാന്യം. കേവലം ഒരു ക്രൈസ്തവ ആഘോഷം എന്നതിലുപരി നാനാജാതിമതസ്ഥര്‍ ഒത്തുകൂടുന്ന ഒരു മഹോല്‍സവമാണ്. മതപരമായ ഒരു ആഘോഷത്തിനപ്പുറം ഇതൊരു ദേശീയ ഉല്‍സവമാണ്.

മലങ്കരയിലെ മറ്റു ദേവാലയങ്ങളില്‍ ഇല്ലാത്ത ചില പ്രത്യേകതകള്‍ പുതുപ്പള്ളി പെരുനാളിനുണ്ട്. പരമ്പരാഗതമായി ആചരിച്ചുപോരുന്ന ചില പ്രത്യേക അനുഷ്ഠാനങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു. കൊടിമരമിടീല്‍, വിറകിടീല്‍, അരിയിടീല്‍, വെടിക്കെട്ട്, വെച്ചൂട്ട്, കോഴിനേര്‍ച്ച, റാസാ എന്നിങ്ങനെ പുതുപ്പള്ളി പെരുനാളിന് തനതായ സവിശേഷതകള്‍ പലതുണ്ട്. കൊടിമരങ്ങള്‍പെരുനാളിനു 10 ദിവസം മുമ്പ്, മേടം 15-ാം തീയതി കൊടിമരമിടുന്നു. രണ്ടു കൊടിമരങ്ങള്‍ പുതുപ്പള്ളി പെരുനാളിന്റെ പ്രത്യേകതയാണ്. പുതുപ്പള്ളി – എറികാട് കരക്കാര്‍ ഓരോ കമുക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കൊണ്ടുവന്നു നാട്ടി കൊടിയേറ്റുന്നു. അടുത്ത ദിവസം മുതല്‍ പെരുനാള്‍ വരെ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കതിനാവെടികള്‍ മുഴക്കുകയും കൊടിമരച്ചുവട്ടില്‍ വാദ്യമേളങ്ങള്‍ നടത്തുകയും ചെയ്യുന്നു. വൈദികരുടെ അനുമതിയോടും പ്രാര്‍ത്ഥനയോടുംകൂടിയാണ് കൊടിമരമിടീലുമായി ബന്ധപ്പെട്ട എല്ലാ കര്‍മ്മങ്ങളും. കൊടിമരത്തിന്റെ ഉച്ചിയില്‍ കുരിശ് നാട്ടുന്നതു വൈദികര്‍ ആശീര്‍വദിച്ചാണ്. ആദ്യത്തെ കൊടി കെട്ടുന്നതും വൈദികര്‍ തന്നെ.പെരുനാളിന്റെ തലേദിവസമായ മേടം 23ന് (മേയ് ആറിന്) രാവിലെ മുതല്‍ പള്ളിയിലേക്കു ഭക്തജനപ്രവാഹം ആരംഭിക്കും. ഉച്ചകഴിയുമ്പോള്‍ തീര്‍ഥാടനപ്രവാഹം വര്‍ധിച്ച് പള്ളിയും പരിസരവും ജനസമുദ്രമായി മാറുന്നു. തിരക്ക് ഏറുമെന്ന് അറിയാവുന്നതുകൊണ്ട് തീര്‍ഥാടകര്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ നേരത്തെതന്നെ ക്രമീകരിച്ചിരിക്കും.

വിറകിടീല്‍പെരുനാളിന്റെ തലേദിവസം ഉച്ചകഴിഞ്ഞ് ഇടവകാംഗങ്ങള്‍ സംഘംചേര്‍ന്ന് ആഘോഷത്തോടെ വിറകു കൊണ്ടുവന്ന് സൂക്ഷിക്കുന്നതാണ് വിറകിടീല്‍. മല്‍സരബുദ്ധിയോടെ വിറകു ശേഖരിച്ചു വാദ്യമേളങ്ങളുടെയും വള്ളപ്പാട്ടുകളുടെയും അകമ്പടിയോടെ പള്ളിയിലെത്തുന്ന കാഴ്ച ആവേശകരമാണ്. പെരുനാള്‍ സദ്യയായ വെച്ചൂട്ടിന് അരിയും, നേര്‍ച്ചയായി വിളമ്പുന്ന ഇറച്ചിയും പാകംചെയ്യുന്നതിന് ആവശ്യമായ വിറക് ശേഖരിക്കുകയാണ് ഈ ചടങ്ങിന്റെ ലക്ഷ്യം. ഇടവകയിലെ ജനങ്ങള്‍ കുബേര-കുചേല വ്യത്യാസമില്ലാതെ ഈ ചടങ്ങില്‍ പങ്കെടുക്കുന്നു.

വിറകിടീല്‍ കഴിഞ്ഞാല്‍ പള്ളിമുറികളില്‍ സൂക്ഷിച്ചിട്ടുള്ള വാര്‍പ്പുകളും ചെമ്പുകളും പുറത്തിറക്കി കഴുകി വെടിപ്പാക്കുന്നു. ആദ്യം പന്തിരുനാഴി എന്നറിയപ്പെടുന്ന 12 പറ അരി വയ്ക്കാവുന്ന വലിയ ഒരു വാര്‍പ്പാണ് ആര്‍പ്പുവിളിയോടും വാദ്യമേളങ്ങളോടും കൂടി ആദ്യം പുറത്തെടുക്കുന്നത്. ‘പന്തിരുനാഴി’ എടുത്തു കുരിശിന്‍തൊട്ടിക്കു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. ഇതും ഒരു പ്രത്യേക ചടങ്ങായിട്ടാണ് ഇവിടെ അനുഷ്ഠിക്കുന്നത്. ‘പന്തിരുനാഴി’യാണ് കഴുകി വൃത്തിയാക്കി ആദ്യം അടുപ്പില്‍ കയറ്റുന്നത്. പിന്നീട് പള്ളിയിലെ കെടാവിളക്കില്‍നിന്നു പ്രധാന പുരോഹിതന്‍ കോലുവിളക്കിലേക്കു പകര്‍ന്നുകൊടുക്കുന്ന തിരിനാളം ഭക്ത്യാദരപൂര്‍വം അടുപ്പില്‍ ജ്വലിപ്പിക്കുകയാണു പതിവ്.പെരുനാളിന്റെ തലേദിവസം സന്ധ്യാനമസ്കാരത്തിനുശേഷം നടത്തുന്ന പ്രദക്ഷിണം നയനാനന്ദകരമായ അനുഭവമാണ്. പ്രദക്ഷിണം പള്ളിയില്‍നിന്നും ആരംഭിക്കുമ്പോള്‍, നേരത്തെതന്നെ കൊച്ചാലുംമൂട് ഓര്‍ത്തഡോക്സ് സെന്ററില്‍നിന്നു പുറപ്പെട്ട റാസ ഇതോടൊപ്പം വന്നു ലയിച്ചിരിക്കും. നിലയ്ക്കല്‍ പള്ളിവഴി പുതുപ്പള്ളി കവല ചുറ്റിയുള്ള ഈ പ്രദക്ഷിണം കഴിഞ്ഞാല്‍ കരിമരുന്നു കലാപ്രകടനം ഉണ്ടായിരിക്കും. പതിനായിരങ്ങളെ ആകര്‍ഷിക്കുന്നതാണ് പുതുപ്പള്ളി വെടിക്കെട്ട്.

ലക്ഷദീപം വെടിക്കെട്ടിനോടൊപ്പമോ അതിലധികമോ ആകര്‍ഷകമാണ് പെരുനാളിന്റെ ഭാഗമായ ദീപക്കാഴ്ച അഥവാ ലക്ഷദീപം. പുതുപ്പള്ളിപ്പെരുനാളിന്റെ കേരളത്തനിമ എന്നു വിശേഷിപ്പിക്കാവുന്ന ദീപക്കാഴ്ച ഉല്‍സവങ്ങളോടനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങളെ അനുസ്മരിപ്പിക്കുന്നു. പള്ളിയുടെ മുമ്പിലുള്ള വിശാലമായ പാടങ്ങളില്‍ മുഴുവന്‍ കാലുകള്‍ നാട്ടി അവയുടെ അറ്റത്ത് വാഴപ്പിണ്ടി വട്ടത്തില്‍ മുറിച്ച് കുത്തിനിര്‍ത്തും. അവയില്‍ ചിരട്ട നിരത്തി എണ്ണയില്‍ നനച്ച കിഴി കത്തിച്ചാണ് ദീപക്കാഴ്ച നടത്തുന്നത്. പള്ളിയുടെ മുഖവാരവും കുരിശിന്‍തൊട്ടിയും മതിലുകളും വിവിധ നിറത്തിലുള്ള വൈദ്യുത ദീപങ്ങള്‍കൊണ്ട് അലങ്കരിക്കുന്നുണ്ടെങ്കിലും ദീപക്കാഴ്ച ഇന്നും തുടരുന്നു. പാടത്തുള്ള ദീപക്കാഴ്ചയും അവയുടെ ജലത്തില്‍ പതിക്കുന്ന പ്രതിച്ഛായകളും വൈദ്യുതവിളക്കുകളുടെ അലങ്കാരവും എല്ലാംകൂടി ‘ലക്ഷദീപം’ എന്ന പേര് അന്വര്‍ത്ഥമാക്കുന്നുണ്ട്.വെച്ചൂട്ട്പുതുപ്പള്ളിയിലെ വെച്ചൂട്ട് വളരെ പ്രസിദ്ധമാണ്. വെച്ചൂട്ടിനുള്ള അരി രാത്രി ഒരുമണിക്കാണ് ഇടുന്നത്. നേരം പുലരുമ്പോഴേക്കും എല്ലാം പാകമായിരിക്കും. അരിയിടീല്‍ കഴിഞ്ഞാല്‍ രണ്ടു കുര്‍ബാന ഉണ്ടാവും. ആദ്യത്തേത് നേരം വെളുക്കുന്നതിനുമുമ്പു കഴിയും. രണ്ടാമത്തെ കുര്‍ബാന കഴിഞ്ഞ് ഉച്ചയ്ക്കുമുമ്പുതന്നെ വെച്ചൂട്ട് ആരംഭിക്കും. പുതുപ്പള്ളിയുടെ സാംസ്കാരിക തനിമയും പാരമ്പര്യവും പ്രകടമാകുന്ന ഈ ചടങ്ങ് മഹാക്ഷേത്രങ്ങളില്‍ നടന്നുവരുന്ന പ്രസാദമൂട്ടിനു തുല്യമാണെന്നു പറയാം. പള്ളിയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്കെല്ലാം ഭക്ഷണം നല്‍കുകയാണ് ഈ വിശിഷ്ടകര്‍മ്മംകൊണ്ട് ഉദ്ദേശിക്കുന്നത്. വെച്ചൂട്ടിനുള്ള കറികള്‍ മുന്നൊരുക്കമായി ഇടവകജനങ്ങള്‍ നേരത്തെതന്നെ കരുതിയിട്ടുണ്ടാവും. പള്ളിപ്പറമ്പില്‍ പതിനായിരങ്ങള്‍ ഇരുന്നു ചോറുണ്ണുന്ന കാഴ്ച അതീവഹൃദ്യമായ ഒരനുഭവമാണ്.വെച്ചൂട്ടിനു വിളമ്പുന്ന ചോറ് വിശ്വാസികള്‍ ഭവനങ്ങളില്‍ കൊണ്ടുപോയി ഉണക്കി സൂക്ഷിച്ച് ഒരു ദിവ്യഔഷധമായി ഉപയോഗിക്കാറുണ്ട്.കുട്ടികള്‍ക്ക് ആദ്യമായി ചോറുകൊടുക്കുവാന്‍ അനേകം മാതാപിതാക്കള്‍ വെച്ചൂട്ടില്‍ സംബന്ധിക്കാറുണ്ട്. വൈദികര്‍ കുഞ്ഞുങ്ങള്‍ക്കു ചോറു വാരിക്കൊടുത്താണ് ഈ കര്‍മ്മം നിര്‍വഹിക്കുന്നത്.

കോഴിനേര്‍ച്ചപുതുപ്പള്ളി പള്ളിയില്‍ നിലവിലുണ്ടായിരുന്ന കൊഴിവെട്ട് വളരെ പ്രസിദ്ധമാണ്. ഇതുമായി ബന്ധപ്പെട്ടു പഴയ തലമുറയ്ക്ക് അനേകം കഥകള്‍ പറയാനുണ്ടാവും. പെരുനാളിനു പള്ളിയില്‍ നേര്‍ച്ചയായി ലഭിക്കുന്ന കോഴികളെ പാകംചെയ്തു നേര്‍ച്ചയായി വിളമ്പുന്ന പതിവ് പണ്ടുകാലം മുതല്‍ ഉണ്ട്. ഇപ്പോള്‍ കാലാനുസൃതമായ ചില വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. വിശ്വാസികള്‍ വീടുകളില്‍ കോഴിയെ അടവയ്ക്കുമ്പോള്‍ ഒരു മുട്ടയില്‍ കുരിശടയാളം ഇടുകയും തലപ്പൂവനെ പള്ളിക്കു കൊടുക്കുകയും പതിവാണ്. അങ്ങനെ വരുന്ന നേര്‍ച്ചക്കോഴികളെയാണ് പാകംചെയ്യുന്നത്. മാംസഭക്ഷണം വര്‍ജിച്ചിട്ടില്ലാത്ത നസ്രാണികള്‍ അവരുടെ പള്ളിയില്‍ വരുന്ന നേര്‍ച്ചക്കോഴികളെ പാകംചെയ്തു തീര്‍ഥാടകര്‍ക്കു നേര്‍ച്ചയായി കൊടുക്കുന്നുവെന്നു മാത്രം. അല്ലാതെ ഇതൊരു ബലിയല്ല.

പ്രദക്ഷിണം പെരുനാള്‍ ദിവസം മൂന്നുമണിയോടുകൂടി പുതുപ്പള്ളി അങ്ങാടിചുറ്റി പ്രദക്ഷിണം നടത്താറുണ്ട്. പുതുപ്പള്ളിയിലെ പ്രദക്ഷിണം പ്രസിദ്ധവും ഭക്തിനിര്‍ഭരവുമാണ്. നൂറുകണക്കിനു പൊന്‍വെള്ളി കുരിശുകളും മുത്തുക്കുടകളും വാദ്യമേളങ്ങളും പ്രദക്ഷിണത്തിനു കൊഴുപ്പേകുന്നു. പ്രസിദ്ധമായ ‘പൊന്നിന്‍കുരിശ്’ ഈ പ്രദക്ഷിണത്തില്‍ ഉണ്ടായിരിക്കും. പ്രദക്ഷിണത്തിനു മുത്തുക്കുട, കുരിശ് തുടങ്ങിയവ നേര്‍ച്ചയായിട്ടാണ് ആളുകള്‍ എടുക്കുന്നത്.

പദക്ഷിണം കഴിഞ്ഞാല്‍ കോഴിഇറച്ചിയും അപ്പവും വിളമ്പും. കോഴിഇറച്ചിയോടൊപ്പം വിളമ്പുന്ന അപ്പം ഇടവകകളിലെ കുടുംബങ്ങളില്‍നിന്നും തീര്‍ഥാടകരില്‍നിന്നും ലഭിക്കുന്നതാണ്. നേര്‍ച്ചവിളമ്പു കഴിഞ്ഞാല്‍ പെരുനാളിന്റെ ആരവങ്ങള്‍ക്കു സമാപനമാകും. എങ്കിലും പെരുനാളിന്റെ ഉല്‍സവപ്രതീതി ഒരു മാസത്തോളം നീണ്ടുനില്‍ക്കും. അങ്ങാടിയില്‍ വ്യാപാരമേളയുമുണ്ടാവും. പ്രധാന നേര്‍ച്ചകള്‍ സര്‍പ്പദോഷം, ത്വക് രോഗം, മാനസികരോഗം തുടങ്ങിയവയുടെ നിവാരണത്തിനും സന്താനസൌഭാഗ്യത്തിനുംവേണ്ടി വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ സന്നിധിയില്‍ അനുദിനം അനേകര്‍ അഭയം പ്രാപിക്കാറുണ്ട്. രോഗശാന്തിക്കുവേണ്ടി കുരുമുളക്, എള്ള്, കടുക്, അരി, നെല്ല്, കരപ്പനപ്പം, നെയ്യപ്പം, വറുത്ത അരി എന്നിവയാണ് സാധാരണ അര്‍പ്പിക്കാറുള്ളത്. സര്‍പ്പദോഷത്തില്‍നിന്നു മോചനം നേടാന്‍ പാമ്പും പുറ്റും ഭക്തന്മാര്‍ സമര്‍പ്പിച്ചുവരുന്നു. വെള്ളിയിലും സ്വര്‍ണത്തിലും ആള്‍രൂപങ്ങളും പക്ഷിമൃഗാദികളുടെ രൂപങ്ങളും വീട് രൂപങ്ങളും അവയവങ്ങളുടെ രൂപങ്ങളും ഇവിടെ ലഭിക്കാറുണ്ട്. കോഴികള്‍, കാര്‍ഷികോല്‍പന്നങ്ങളുടെ ആദ്യഫലങ്ങള്‍, മുത്തുക്കുടകള്‍, മെഴുകുതിരി, എണ്ണ, കുന്തിരിക്കം തുടങ്ങിയവയും നേര്‍ച്ചയായി എത്താറുണ്ട്. കുരിശുംതൊട്ടിക്കു ചുറ്റും വിളക്കു കത്തിക്കുക, മുട്ടിന്മേല്‍ നീന്തുക, ശയനപ്രദക്ഷിണം നടത്തുക തുടങ്ങിയവയാണ് മറ്റ് അനുഷ്ഠാനങ്ങള്‍.

ഫാ. എം. സി. ജോര്‍ജ് മീഞ്ചിറ

error: Thank you for visiting : www.ovsonline.in