അഗതികളെ ദർശിക്കാത്ത വിശ്വാസം വ്യർഥം: മാർ തെയോഫിലോസ്
കോഴിക്കോട്∙ അഗതികളെയും നിരാലംബരെയും കാണാതെ കടന്നുപോകുന്ന വിശ്വാസികളും സമൂഹവും മതസ്ഥാപനങ്ങളും ചെയ്യുന്ന ഈശ്വരസേവ വ്യർഥമാണെന്ന് ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ്. വിശക്കുന്നവന്റെയും പീഡിതന്റെയും ആകുലത നീക്കാൻ ഓരോരുത്തരും തന്നാലാവത് ചെയ്യണമെന്നും ചേവായൂർ പരുമല മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഗൈഡൻസ് സെന്ററിന്റെ രജത ജൂബിലിയാഘോഷവും ‘ഫീഡ് ദ് ഹംഗ്രി’ പദ്ധതിയുടെ 10–ാം വാർഷികവും ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ഗൈഡൻസ് സെന്റർ സെക്രട്ടറി ഫാ. മാത്യൂസ് പുരക്കൻ പ്രസംഗിച്ചു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന സ്നേഹവിരുന്നിലും രോഗീ സന്ദർശനത്തിനും കലക്ടർ എൻ. പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. ഡോ. സഖറിയ മാർ തെയോഫിലോസ് ആധ്യക്ഷ്യം വഹിച്ചു. ഹോസ്പിറ്റൽ ഡപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. കെ. ശിവദാസൻ, ആർഎംഒ ഇൻ–ചാർജ് ഡോ. പി. പി. വൽസല, ഫാ. ഗീവർഗീസ് പി. ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. അനു കോശി, ഡോ. ബീന ഉമ്മൻ എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ കോളജ് പരിസരത്ത് നടന്ന ചടങ്ങിൽ ഡപ്യൂട്ടി മേയർ മീരാ ദർശക് മുഖ്യാതിഥിയായിരുന്നു. ചെസ്റ്റ് ഹോസ്പിറ്റൽ, ബീച്ചാശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സദ്യ നൽകി