കണ്ടനാട് ഭദ്രാസന പള്ളി : കണ്ടനാട് വി .മര്‍ത്തമറിയം ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ ; നാള്‍ വഴിയിലൂടെ
മലങ്കര സഭാചരിത്രവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ദേവാലയം ,പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്‍റെയും അതിര്‍ത്തിക്കു സമീപമാണ് സ്ഥിതി ചെയ്യുന്നത് .നാലാം നൂറ്റാണ്ടിലാണ് ഈ ദേവാലയം സ്ഥാപിതമായത് .കൊടുങ്ങല്ലൂര്‍ ,അങ്കമാലി എന്നീ കേന്ദ്രങ്ങള്‍ക്ക് ശേഷം തെക്കന്‍ പ്രദേശത്ത് നിരണം പള്ളിയും വടക്ക് കണ്ടനാട് പള്ളിയുമായിരിന്നു മലങ്കര സഭയുടെ തലസ്ഥാന ദേവാലയമായി വര്‍ത്തിച്ചിരുന്നത്.പകലോമറ്റം മെത്രാന്മാരില്‍ പലരുടെയും ആസ്ഥാനമായിരിന്നു കണ്ടനാട് മര്‍ത്തമറിയം പള്ളിയില്‍ 1728 ല്‍ മലങ്കര മെത്രാപ്പോലീത്ത നാലാം മാര്‍ത്തോമ്മായും 1764 ല്‍ ശ്രക്രള്ളാ മാര്‍ ബസേലിയോസ് മാഫ്രിയാനയും കബറടങ്ങി.
1876 ല്‍ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മലങ്കര സഭയെ ഏഴു ഭദ്രാസങ്ങളായി വിഭജിച്ചപ്പോള്‍ അതിലൊന്നാണ് കണ്ടനാട് പള്ളി കേന്ദ്രീകരിച്ചുള്ള കണ്ടനാട് ഭദ്രാസനം.( മെത്രാസന ഭരണ നിര്‍വഹണം സുഖമമാകുന്നതിനു 2002 ല്‍ കണ്ടനാട് ഭദ്രാസനം രണ്ടായി വിഭജിക്കപ്പെട്ടു കണ്ടനാട് വെസ്റ്റ് – ഈസ്റ്റ് ഭദ്രാസനങ്ങളായി .വെസ്റ്റ് ഭദ്രാസന അധ്യക്ഷനായി സഭാ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യനായ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്,ഈസ്റ്റ് ഭദ്രാസന അധ്യക്ഷനായി അഭിവന്ദ്യനായ ഡോ.തോമസ് മാര്‍ അത്താനാസ്യോസ് എന്നീ മെത്രാപ്പോലീത്തമാര്‍ ഭദ്രാസന ചുമതല നിര്‍വഹിക്കുന്നു ).അന്ന് വാഴിക്കപ്പെട്ട 6 മെത്രാന്മാരില്‍ ഒരാള്‍ കണ്ടനാട് പള്ളി വികാരിയായിരുന്ന കരോട്ടുവീട്ടില്‍ ശെമുവൂന്‍ ദിവന്ന്യാസ്യോസ് ആയിരിന്നു .കൊച്ചിയുടെ മെത്രാനായി സ്വീകരിക്കാതെ വന്നപ്പോള്‍ അദേഹം താമസിച്ചത് കണ്ടനാട് പള്ളിയിലാണ്
1809 ലും 1843 ലുമായി രണ്ട് സുന്നഹദോസുകള്‍ (കണ്ടനാട് സുന്നഹദോസ് I,II) ദേവാലയത്തില്‍ വച്ച് ചേരുകയുണ്ടായി .മലങ്കര സഭയിലെ കക്ഷിവഴക്ക് ഈ ദേവാലയത്തേയും സാരമായി ബാധിച്ചിട്ടുണ്ട്.ഒക്ടോബര്‍ പെരുന്നാളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ കണ്ടനാട് പള്ളി സമാധാനപരം .കണ്ടനാട് വെസ്റ്റ് ഭദ്രസാനത്തിലാണ് കണ്ടനാട് മര്‍ത്തമറിയം ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ .ഫാ.ഐസക് മട്ടമ്മേല്‍ കോര്‍എപ്പിസ്കോപ്പ വികാരിയായി സേവനം അനുഷ്ടിക്കുന്നു
കണ്ടനാട് വി.മര്‍ത്തമറിയം ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ പള്ളിക്ക് പുറകെ സ്ഥിതിചെയ്യുന്ന പഴയ കണ്ടനാട് ഭദ്രാസന അരമന .കക്ഷിവഴക്കുകള്‍ മൂലം ജീര്‍ണാവസ്ഥയിലുള്ള അരമനാസ്ഥാനം ഉപയോഗത്തക്ക 4 മുറികളില്‍ 2 മുറികള്‍ ഓര്‍ത്തഡോക് സ് സഭക്ക് .ഉപയോഗ ശൂന്യമായ മറ്റു മുറികള്‍ പൂട്ടിയിരിക്കുകയാണ്