OVS - ArticlesOVS - Latest News

ദുരിതമനുഭവിക്കുന്നവർക്കായി ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ് തിരുമേനി നൽകുന്ന ക്രിസ്തുമസ് സമ്മാനങ്ങൾ

മാനവ സേവ മാധവ സേവയാനെന്നുള്ള യാഥാർത്ഥ്യ ബോധത്തോടെ, സമൂഹത്തിലെ പാർശ്വവർക്കരിക്കപ്പെട്ടവരേയും, അനാഥരേയും രോഗികളേയും നിരാലംബരേലും മാനസിക സംഘർഷമനുഭവിക്കുന്നവരേയും സഹായിക്കുവാനും സംരക്ഷിക്കുവാനുമുള്ള പരിശ്രമത്തിലാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ പുരാതന ഭദ്രാസങ്ങളിൽ പ്രമുഖവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുമായ കണ്ടനാട് വെസ്റ്റ് ഭദ്രാസനം. ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റി ഇവയെല്ലാം യാഥാർത്യമാക്കി കൊണ്ടിരിക്കുന്നു. ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ ദർശനവും കർമ്മപഥവുമാണ് 1994 ൽ 595/94 നമ്പർ ആയി ഗവൺമെന്റ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത ഈ സൊസ്സെറ്റി. “”അന്യജീവനുതുകി സ്വജീവിതം ധന്യമാക്കുമമലേ”” വിവേകികൾ എന്ന കുമാരനാശാന്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന കാരുണ്യ സ്പർശവുമായി കണ്ടനാട് ഭദ്രാസനത്തിന്റെ ചുമതലയേറ്റ അഭി. തീരുമേനി ഈ കാലയലവിൽ ഇതുവരെയുള്ളഇടയ ശുശ്രൂഷക്കിടയിൽ പല പരിമിതികളും പ്രയാസങ്ങളും കഷ്ടപ്പാടുകളുമെല്ലാമുണ്ടെങ്കിലും ദുരിതമനുഭവിക്കുന്നവരെ കൈവിടാതെ പരിരക്ഷിക്കുവാൻ ഇതുവരെ രൂപീകരിച്ചത്  കാരുണ്യ സ്പർശത്തിന്റെ 12 പദ്ധതികളാണ്.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് (വെസ്റ്റ്) ഭദ്രാസനാധ്യക്ഷനുമായ അഭിവന്ദ്യനായ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകുന്ന ക്രിസ്തുമസ് പുതുവത്സര സമ്മാനങ്ങൾ പോലെ  3 പുതിയ പദ്ധതികള്‍ കൂടി അദേഹം തുടങ്ങുക ആണ് .

1. “പ്രവാഹം” — വൃക്ക രോഗത്താല്‍ അവശതയനുഭവിക്കുന്നവര്‍ വളരെയുണ്ട്. അതു പരിഹരിച്ച് മുന്നോട്ട് പോകുവാന്‍ ഒരു പരിധിവരെ സഹായിക്കുന്നത് ഡയാലിസിസിലൂടെയാണ്. പക്ഷേ, എല്ലാ ആഴ്ചയിലും സ്ഥിരമായി ഡയാലിസിസ് ചെയ്യുവാനുള്ള ചിലവ് നിര്‍ദ്ധനരായ രോഗികള്‍ക്ക് താങ്ങുവാന്‍ പ്രയാസമായതിനാല്‍, ഒരു ഡയാലിസിസിന് 750 രൂപ വീതം പ്രതിവര്‍ഷം 2000 ഡയാലിസിസിനുള്ള തുക ജാതിമത ഭേദമെന്യേ നല്കുന്ന പദ്ധതിയാണിത്.
 
2. “പ്രീതി ക്ലിനിക് & ലാബ്”  നിർദ്ധനരായ രോഗികളുടെ ചികിത്സക്കായി സൗജന്യ മെഡിക്കൽ ക്ലിനിക് & ലാബ് കോലഞ്ചേരി പ്രസാദം സെന്ററിൽ ആരംഭിക്കുന്നു.  പ്രാഥമിക  പരിശോധനയും ചികിൽസയും  മരുന്നും  നിർധന  രോഗികൾക്ക്‌  സൗജന്യമായി  നൽകും.
 
3. “പ്രശാന്തം” കാൻസർ രോഗികൾക്കായുള്ള “പ്രശാന്തം പാലിയേറ്റീവ് കെയർ സെന്ററിന്റെ” ശിലാസ്ഥാപനം പെരുവയിൽ നിർവഹിക്കുന്നു. കാൻസർ  മൂലം  വലയുന്നവർക്കൊരു ആശ്വാസഭ വനമാണ്  പ്രശാന്തം.  100  രോഗികളെ  ആജീവനാന്തം  സംരക്ഷിക്കുന്നതിനുള്ള ക്രമീകരണമാണ്  ഈ  സ്ഥാപനത്തിൽ  വിഭാവനം  ചെയ്തിരിക്കുന്നത്.
 
ഇവ കൂടാതെ 10 നിർദ്ധനരായ യുവതികളുടെ വിവാഹ സഹായമായി ആളൊന്നിന് 2 ലക്ഷം രൂപ വിധം ജൂബിലി ആഘോഷങ്ങളുടെ സമ്മേളന വേദിയായ പ്രസാദം സെന്ററിൽ വച്ച ഡിസംബർ 18 ഞായറാഴ്ച 3 പി. എം നു വിതരണം ചെയ്യുന്നു.
 
അഭിവന്ദ്യ തിരുമേനിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മറ്റു ജീവകാരുണ്യ പ്രസ്ഥാനങ്ങൾ.
1. പ്രതീക്ഷഭവന്‍ കണ്ടനാട് ഭദ്രാസനത്തെ ഒന്നര ദശാബ്ദക്കാലം നയിച്ച ഭാഗ്യസ്മരണാര്‍ഹനായ ജോസഫ് മാര്‍ പക്കോമിയോസ് തിരുമേനിയുടെ സ്മരണാര്‍ത്ഥം കൂത്താട്ടുകുളത്തിനടുത്തു പാലക്കുഴയില്‍ എം. സി. റോഡിനരികിലായി സ്ഥാപിതമായിരിക്കുന്ന പ്രതീക്ഷാ ഭവന്‍, മാര്‍ പക്കോമിയോസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രഥമ സംരംഭമാണ്. 1993 – ല്‍ നിര്‍മ്മാണമാരംഭിച്ച് 1996 ല്‍ പ്രവര്‍ത്തനസജ്ജമായ ഇവിടെ ബുദ്ധിമാന്ദ്യമുള്ളവരും വികലാംഗരുമായ 36 സ്ത്രീകള്‍ കിഴക്കമ്പലം ബേത്‌ലഹേം ദയറായിലെ സിസ്റ്റേഴ്‌സിന്റെ മേല്‍നോട്ടത്തിലും പരിചരണത്തിലുമായി കഴിയുന്നു. യാമപ്രാര്‍ത്ഥനകളും വേദപുസ്തക പഠനവും കൗദാശികജീവിതവും നയിക്കുന്ന ഇവരുടെ മാനസിക വളര്‍ച്ചക്കായി വിവിധങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നു. അവയില്‍ മെഴുകുതിരി, കരകൗശല വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തോടൊപ്പം അടുക്കളത്തോട്ടവും മനോഹരമായ പൂന്തോട്ടവും, പരിപാലിക്കുന്നതിലും മോടിപിടിപ്പിക്കുന്നതിലും ഇവര്‍ ശ്രദ്ധാലുക്കളാണ്. ഡോ. റോയി ചെറിയാന്റെ സേവനം ഇവിടുത്തെ അന്തേവാസികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം, സാമൂഹ്യക്ഷേമ വകുപ്പില്‍ നിന്നും പോലീസ് വകുപ്പില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നുമുണ്ട്. ഇവയെല്ലാം പ്രതീക്ഷാഭവന്റെ നടത്തിപ്പിന് വളരെ സഹായകരമാകുന്നു. സിസ്റ്റര്‍ രൂത്തിന്റേയും സിസ്റ്റര്‍ ദീനയുടേയും നേതൃത്വത്തിലുളള സ്റ്റാഫംഗങ്ങള്‍ ഇവരുടെ സംരക്ഷണത്തിനായി വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.
2. പ്രശാന്തി ഭവന്‍ വാര്‍ദ്ധക്യ സഹജമായ പ്രയാസത്താലും കഠിന രോഗങ്ങളാലും ക്ലേശിക്കുന്നവര്‍ക്കായുള്ള ആജീവനാന്ത സംരക്ഷണകേന്ദ്രമായ പ്രശാന്തി ഭവന്‍ സ്ഥിതിചെയ്യുന്നത് കോലഞ്ചേരിയ്ക്കടുത്ത് കടയിരുപ്പിലാണ്. മലങ്കര സഭയുടെ ഒന്നാം കാതോലിക്ക പരിശുദ്ധ ബസ്സേലിയോസ് പൗലോസ് പ്രഥമന്‍ ബാവയുടെ സ്മാരകമായി സമര്‍പ്പിച്ചിട്ടുള്ള ഇത് മാര്‍ പക്കോമിയോസ് ചാരിറ്റബിള്‍ സോസൈറ്റിയുടെ ദ്വിതീയ സംരംഭമാണ്. ഇരുപത് അന്തേവാസികളുള്ള ഇവിടെ ഡോ. സി.ടി. എബ്രഹാമിന്റെ സേവനം സ്ഥിരമായി രോഗികള്‍ക്ക് ലഭിക്കുന്നതു കൂടാതെ പരിചയ സമ്പന്നരായ നേഴ്‌സുമാരുടെ സേവനവും ക്രമീകരിച്ചിട്ടുണ്ട്. സിസ്റ്റര്‍ ലീലാമ്മയുടെ നേതൃത്വത്തില്‍ 6 സ്റ്റാഫംഗങ്ങള്‍ ദൈനംദിന ശുശ്രൂഷകള്‍ ഭംഗിയായി നിര്‍വ്വഹിച്ചുവരുന്നു. കൂടാതെ ഈ സ്ഥാപനത്തില്‍ സ്ഥാപിതമായിട്ടുള്ള പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമത്തിലുള്ള ചാപ്പലില്‍ നിത്യേന നമസ്‌കാരവും രോഗികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഞായറാഴ്ചകളില്‍ വി. കുര്‍ബാനയും നടത്തപ്പെടുന്നു. ഈ സ്ഥാപനത്തിന്റേയും ചാപ്പലിന്റേയും ചുമതല ആരംഭകാലം മുതല്‍ നിര്‍വ്വഹിച്ചു വരുന്നത് ബ. ജോണ്‍ തേനുങ്കല്‍ അച്ചനാണ്.
3. പ്രത്യാശ ഭവന്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവരും വികാലാംഗരുമായ നിര്‍ദ്ധനരായ പുരുഷന്മാര്‍ക്കുള്ള സംരക്ഷണ കേന്ദ്രമായ പ്രത്യാശ ഭവന്‍ നാലാം കാതോലിക്ക പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവയുടെ സ്മാരകമായിട്ടാണ് രൂപകല്പ്പന ചെയ്തിട്ടുള്ളത്. 2001 ല്‍ 7 അന്തേവാസികളുമായി ഒരു വാടക കെട്ടിടത്തില്‍ ആരംഭിച്ച ഈ സ്ഥാപനം 2003 മുതല്‍ പാമ്പാക്കുടയ്ക്ക് സമീപം തെക്കന്‍ പിറമാടത്ത് ഇന്ന് കാണുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇപ്പോള്‍ 30 പേരെ സംരക്ഷിക്കുന്ന ഇവിടെ സാമൂഹ്യക്ഷേമ വകുപ്പില്‍ നിന്നും പോലീസ് വകുപ്പില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നതും വളരെ സഹായകരമാണ്. കൂടാതെ സമീപത്തുള്ള മൃഗാശുപത്രികളില്‍ നിന്നും കോഴി, കന്നുകാലികള്‍ തുടങ്ങിയവ വളര്‍ത്തുന്നതിനുള്ള സഹായവും ലഭിക്കുന്നുണ്ട്. അന്തേവാസികള്‍, അവരുടെ മാനസിക വളര്‍ച്ചയ്ക്കായും പ്രായോഗിക പരിശീലനത്തിനായും ഉല്ലാസത്തിനുമായി മെഴുകുതിരി നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നതോടൊപ്പം അടുക്കളത്തോട്ടത്തില്‍ പച്ചക്കറി കൃഷിചെയ്യുന്നതിനും കന്നുകാലികളെ പരിപാലിക്കുന്നതിനും സഹായിക്കുന്നു. ഇവയെല്ലാം ഭംഗിയായി നിര്‍വ്വഹിക്കപ്പെടുന്നത് ശ്രീ എം. എ സക്കറിയായുടെ നേതൃത്വത്തിലുളള 5 സ്റ്റാഫംഗങ്ങളുടെ പരിശ്രമത്താലാണ്. പ്രാര്‍ത്ഥനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കുമായി മനോഹരമായ ഒരു ചാപ്പല്‍ ഈ സഥാപനത്തിലുണ്ട്. റവ. ഫാ. ഗീവര്‍ഗീസ് ജോണ്‍സനും 6 പ്രീ-സെമിനാരി വിദ്യാര്‍ത്ഥികളും ഇതിനോട് ചേര്‍ന്നുള്ള മാര്‍ ഔഗേന്‍ ആശ്രമത്തില്‍ താമസിച്ച് അന്തേവാസികളുടെ ആത്മീകവും ഭൗതീകവുമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് നേതൃത്വം നല്കുന്നുമുണ്ട്
4. പ്രദാനം – ചികിൽസാ സഹായ പദ്ധതി കണ്ടനാട് ഭദ്രാസനം രൂപീകൃതമായതിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാർഷിക സ്മാരകമായി ആരംഭിച്ച പ്രദാനം ചികിൽസാ സഹായ പദ്ധതിയിലൂടെ നിർദ്ധനരായ രോഗികൾക്ക് സൗജന്യ ചികിൽസാ സഹായം നല്കിവരുന്നതോടൊപ്പം അനവധി രോഗികൾക്ക് ഭദ്രാസന ഭരണ കേന്ദ്രമായ കോലഞ്ചേരിയിലുള്ള പ്രസാദം സെന്ററിൽ പ്രവർത്തിക്കുന്ന പ്രയോജന മെഡിക്കൽ സെന്ററിൽ നിന്ന് സൗജന്യമായി മരുന്നുകളും എല്ലാമാസവും സ്ഥിരമായി നല്കിവരുന്നു. ചികിൽസാ സഹായങ്ങൾ പ്രധാനമായും പ്രദാനം ഓഫീസിന്റെ സമീപത്തുള്ള കോലഞ്ചേരി മെഡിക്കൽ കോളേജിലെ രോഗികൾക്കാണ് ലഭ്യമാകുന്നതെങ്കിലും പിറവം ജെ. എം. പി മെഡിക്കൽ സെന്റർ, എറണാകളം മെഡിക്കൽ ട്രസ്റ്റ്, ഇടപ്പിള്ളി അമൃത, സി. എം. സി വെല്ലൂർ, തൊടുപുഴ ചാഴികാടൻ തുടങ്ങി മറ്റു പല ആശുപത്രികളിലും ചികിൽസയിൽ കഴിയുന്ന നിർദ്ധനരായ രോഗികൾക്ക് ആവശ്യമായ സഹായം നൽകിയിട്ടുണ്ട്. റവ. ഫാ. സി. എം. കുര്യാക്കോസാണിതിന്റെ ചുമതല തുടക്കം മുതൽ നിർവ്വഹിച്ചു വരുന്നത്.
5. പ്രമോദം – അന്നദാന പദ്ധതി ”വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക”യെന്നത് കാരുണ്യ പ്രവർത്തികളിൽ പ്രഥമ സ്ഥാനത്തുള്ളതാണെന്നതിനേക്കാളുപരി യേശുക്രിസ്തുവിന്റെ കല്പനയുമാണ്. അതിന്റെ പ്രായോഗീകരണമാണ് പ്രമോദം. പതിനൊന്നാമത്തെയാൻഡിലേക്ക് പ്രവേശിച്ച ഈ പദ്ധതിയിലൂടെ സർക്കാർ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്ന രോഗികൾക്ക് ദിനമ്പ്രതി മുടങ്ങാതെ ഭക്ഷണം നല്കിവരുന്നു. വടവുകോട്, കടയിരുപ്പ്, വാളകം, വാരപ്പെട്ടി, മൂവാറ്റുപുഴ, തൊടുപുഴ, പണ്ടപ്പള്ളി, പാലക്കുഴ, കൂത്താട്ടുകുളം, കിഴകൊമ്പ്, മണ്ണത്തൂർ, മുളക്കുളം വടക്കേക്കര, പിറവം, രാമമംഗലം, മുളന്തുരുത്തി എന്നിങ്ങനെ 15 ഗവണ്മെന്റ് ആശുപത്രികളിലായി ദിവസവും ആയിരത്തി ഇരുന്നൂറോളം പേർക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. മീമ്പാറ മാർ പക്കോമിയോസ് മൗണ്ട് അരമനയിൽ ബഹു. ഒ. പി. വർഗീസ് അച്ചന്റെ മേൽനോട്ടത്തിലും ചുമതലയിലും ഭക്ഷണം പാകം ചെയ്ത രണ്ട് വാഹനങ്ങളിലായി എല്ലാ ആശുപത്രികളിലും കൃത്യ സമയത്ത് എത്തിച്ച് തൃപ്തികരമാംവിധം വിളമ്പി കൊടുക്കുന്നു. കൂടാതെ, എല്ലാ വർഷവും തിരുവോണനാളിൽ പ്രസ്തുത ആശുപത്രികളിൽ ഓണസദ്യ നല്കുകയും അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി ആശുപത്രികളിൽ എത്തിച്ചേർന്ന് ഓണസദ്യ വിളമ്പുന്നതിന് നേതൃത്വം നല്കി വരുന്നുമുണ്ട്. ഇവയെല്ലാം ഭംഗിയായി നടത്തുന്നതിന് സഹായകരമാകുന്നത് ശ്രീമാന്മാരായ പി. വി. ജോബി, ശശി, മത്തായി, സുമിത്ത്, പ്രിൻസ്, ശ്രീമതി അച്ചാമ്മ എന്നിവരുടെ സഹകരണത്താലാണ്.
6. പ്രപാലനം അസംഘടിത മേഖലയിലും കാർഷിക മേഖലയിലും പണിയെടുത്തിരുന്ന നിർദ്ധനരും അറുപതു വയസ്സിനുമേൽ പ്രായമുള്ളവരും നിരാലംബരുമായ തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതിയാണിത്. 2010 ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ജാതിമത ഭേദമെന്യേ നൂറ്റിപ്പത്തോളം പേർക്ക് മാസം തോറും മുടങ്ങാതെ ഇരുനൂറ്റമ്പത് രൂപവീതം നൽകിവരുന്നു.
7. പ്രഭാതം കംപ്യൂട്ടര്‍ സെന്റര്‍ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് സൗജന്യമായി തൊഴിലധിഷ്ടിത വിദ്യാഭ്യാസം നല്‍കി അവരെ മാന്യമായി ജോലി ചെയ്ത് ജീവിക്കുവാന്‍ പ്രാപ്തരാക്കുവാനുള്ള പരിപാടിയുടെ ഭാഗമാണിത്. ഒരു തരത്തിലുമുള്ള സംഭാവനയോ, ഫീസോ ഏതെങ്കിലും തരത്തിലുള്ള സംവരണമോ ഇല്ലാതെ ജാതിമത ഭേദമെന്യേ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. 2011 ല്‍ ആരംഭിച്ച ഈ സ്ഥാപനത്തില്‍ ഇതുവരെയായി നൂറ്റിയെഴുപതു പേരോളം പരിശീലനം നേടിയിട്ടുണ്ട്. പിറവം സെന്റ് ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററിനോടനുബന്ധിച്ചുള്ള ബേസ് ഉഹദോനോ മന്ദിരത്തിലാണിത് പ്രവര്‍ത്തിക്കുന്നത്. ഫാ. ജോസ് തോമസ് ഡയറക്ടറായും, ശ്രീമാന്മാരായ പി. തോമസ്, ജോസി ഐസക് എന്നിവര്‍ ജോയിന്റ് ഡയറക്ടര്‍മാരായും ശ്രീ. എം. കര്യാക്കോസ് മാനേജരായും സേവനമനുഷ്ടിക്കുന്നു.
8. പ്രബോധനം റഫറന്‍സ് ലൈബ്രറി വൈജ്ഞാനിക മണ്ഡലം അതിവിസ്തൃതമാണിന്ന്. അതോടൊപ്പം അറിവും പരിജ്ഞാനവും ഇല്ലാത്തവര്‍ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. വിദ്യാഭ്യാസവും വിജ്ഞാനവും നേടുന്നതിനുള്ള ഭീമമായ ചിലവ് സാധാരണക്കാര്‍ക്ക് വഹിക്കുവാന്‍ കഴിയുന്നതിനപ്പുറമാണ്. ഇവയെല്ലാം കണക്കിലെടുത്ത് ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങള്‍ സൗജന്യമായിരുന്ന് വായിക്കുവാനും, പഠിക്കുവാനും അറിവുനേടുവാനും ഉള്ള ഒരു റഫറന്‍സ് ഗ്രന്ഥശാലയാണിത്. ഈ മേഖലയില്‍ ഇന്റര്‍നെറ്റിന്റേയും പ്രയോജനം ലഭ്യമാകത്തക്കവിധത്തിലുളള ക്രമീകരണങ്ങള്‍ ഭദ്രാസന സെക്രട്ടറി റവ. ഫാ. സി. എം. കുര്യാക്കോസിന്റെ ചുമതലയില്‍ ചെയ്തുവരികയാണ്.
9. പ്രാപ്തി നിത്യവൃത്തിക്കായി കഷ്ടപ്പെടുന്ന സാധാരണക്കാരായ മനുഷ്യര്‍ക്ക് പലപ്പോഴും തങ്ങളുടെ പ്രാപ്തിക്കപ്പുറമായ കാര്യങ്ങളെ നേരിടേണ്ടാതായി വരാറുണ്ട്. അങ്ങിനെയുള്ളവരെ പ്രാപ്തരാക്കുവാന്‍ 2014 ല്‍ ആരംഭിച്ച പദ്ധതിയാണ് പ്രാപ്തി. ഭവന നിര്‍മ്മാണം, വിദ്യാഭ്യാസം, വിവാഹം എന്നിവ നിര്‍വ്വഹിക്കുവാനായി പ്രതിവര്‍ഷം 15 ലക്ഷം രൂപയോളം ജാതി മത ഭേദമെന്യേ പലര്‍ക്കായി ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നു.
10. പ്രസന്നം മാനസികാരോഗ്യ കേന്ദ്രം മാനസിക രോഗികളായതിനാല്‍ സമൂഹത്തില്‍ യാതൊരു സ്ഥാനവുമില്ലാതെ ജീവിക്കുവാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരുടെ സ്ഥിതി വളരെ ദയനീയമാണ്. ആരും സംരക്ഷിക്കുവാനില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആലംബഹീനരും നിര്‍ദ്ധനരുമായ ഇവരെ പുനരധിവസിപ്പിച്ച് ആജീവനാന്തം സംരക്ഷണം നല്‍കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഈ സ്ഥാപനം കണ്ടനാട് ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ജോസഫ് മാര്‍ പക്കോമിയോസ് തിരുമേനിയുടെ ചരമ രജത ജൂബിലി സമാരകമായി സമര്‍പ്പിക്കപ്പെട്ടു. കാരിക്കോട്ടില്‍, വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിക്കു സമീപം ഉള്ള പ്രസന്നം സെന്ററില്‍ 50 പേര്‍ക്ക് സംരക്ഷണം നല്‍കുവാന്‍ സാധിക്കും.
11. “പ്രയോജന മെഡിക്കൽസ്” കോലഞ്ചേരി. നിർദ്ധന രോഗികൾക്ക് സൗജന്യമായി പ്രദിദിനം 5000 രൂപ വരെയുള്ള  ഇൻഗ്ലീഷ് മരുന്നുകൾ വിതരണം ചെയ്യുന്നതു കൂടാതെ മറ്റുള്ളവർക്ക് മെഡിക്കല്‍ സ്റ്റോര്‍ വഴി കുറഞ്ഞ നിരക്കിൽ  മരുന്നുകൾ നൽകുന്നു.
12. പ്രതിഭ ഭവന്‍ “പ്രതിഭ കറി പൗഡറുകൾ” അഗ്മാർക് ഗുണ നിലവാരമുള്ള, മായം കലരാത്ത ശുദ്ധമായ കറി പൗഡറുകളും മസാലകളും നിർമ്മിച്ച് വിതരണം ചെയ്യുന്നു.അഭ്യസ്‌തരും തൊഴിൽ രഹിതരുമായ യുവതീയുവാക്കളെ എല്ലാം സമൂഹത്തിന്റെ മുൻനിരയിൽ കൊണ്ട് വരാനും അവർക്കു സ്വയം ടോഴിൽ ചെയ്ത് ജീവിക്കുവാനുമുള്ള പരിശീലന പദ്ധതികളും ഇതിലൂടെ നൽകുന്നു.നെല്ലാട് ആണ് ഇത് പ്രവര്‍ത്തിക്കുന്നത് .
error: Thank you for visiting : www.ovsonline.in