OVS - ArticlesOVS - Latest News

എട്ടു നോമ്പല്ല: വാര ഭജനം

മലങ്കരസഭയില്‍ ഏറ്റവും വിവാദമുണ്ടാക്കിയ ആചാരമാണ് എട്ടുനോമ്പ്. ഒരു പക്ഷേ ഇന്ന് ഏറ്റവുമധികം ആളുകള്‍ നോല്‍ക്കുന്ന നോമ്പും ഇതാവാം. സെപ്റ്റംബര്‍ ഒന്നു മുതല്‍ ദൈവമാതാവായ കന്യക മറിയാമിന്‍റെ ജനനപ്പെരുന്നാളായ എട്ടുവരെ (പഴയ കണക്കിന് കന്നി 1 – 8) ആണ് എട്ടുനോമ്പ് ആചരിക്കുന്നത്. ലോകത്തുള്ള മറ്റൊരു ക്രൈസ്തവ പാരമ്പര്യത്തിലും ഉള്ള ഒന്നല്ല എട്ടുനോമ്പ്. എട്ടുനോമ്പിനെപ്പറ്റിയുള്ള പ്രധാന ആക്ഷേപങ്ങള്‍ താഴെ പറയുന്നവയാണ്.

1. ദൈവമാതാവിന്‍റെ ജനനപ്പെരുന്നാള്‍ കാനോനികമായ പെരുന്നാളല്ല.
2. എട്ടു നോമ്പ് കാനോനികമായി കല്പിക്കപ്പെട്ട നോമ്പല്ല.
3. എട്ടു നോമ്പില്‍ വി. കുര്‍ബാന അനുഭവിച്ചശേഷം ഉപവസിക്കുന്നത് നിയമലംഘനമാണ്.

ഈ വിഷയങ്ങളിലേയ്ക്കു പ്രവേശിക്കുന്നതിനു മുമ്പ് അടിസ്ഥാനപരമായി മനസിലാക്കേണ്ട ചില വസ്തുതകളുണ്ട്. ഒന്നാമതായി നസ്രാണികളുടെ ആരാധന രീതി ഏക പാരമ്പര്യത്തിലുള്ളതല്ല. ഇന്ന് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത് അന്ത്യോഖ്യന്‍ പാരമ്പര്യമാണെങ്കിലും, അതില്‍ 1599 വരെ നിലനിന്ന പൗരസ്ത്യ കല്‍ദായ പാരമ്പര്യവും 1599 – 1653 കാലത്തെ റോമന്‍ കത്തോലിക്കാ പാരമ്പര്യവും സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1809-ല്‍ കണ്ടനാട് പടിയോലവഴി പാശ്ചാത്യ സുറിയാനി ആരാധനാക്രമം അംഗീകരിക്കുകയും മറ്റുള്ളവയെ ഔദ്യോഗികമായി നിരാകരിക്കുകയും ചെയ്തെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യംവരെ കിണഞ്ഞു പരിശ്രമിച്ചിട്ടും അവയെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചില്ല. ഇന്നും അവയുടെ സ്വാധീനം പലയിടത്തും നിഴലിക്കുന്നുണ്ട്.

രണ്ടാമതായി നസ്രാണിയുടെ ആത്മീയത സുറിയാനി പാരമ്പര്യത്തില്‍ നിന്നുമാത്രം രൂപപ്പെട്ടതല്ല. കേരളത്തിന്‍റെ തനതായ പവിത്രതാ സങ്കല്പവും അതിന്‍റെ നിര്‍മ്മിതിയെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. അവയില്‍ പലതിനേയും ഗ്രീക്കോ-റോമന്‍ ക്രിസ്തുമത സഭാവിജ്ഞാനീയത്തിന് ഉള്‍ക്കൊള്ളുവാനോ അളക്കുവാനോ സാദ്ധ്യമല്ല.

മലങ്കര 1599 വരെ പിന്തുടര്‍ന്ന പൗരസ്ത്യ കല്‍ദായ പാരമ്പര്യത്തില്‍ കന്നി 8 ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളായി രേഖപ്പെടുത്തിയിട്ടുണ്ട്. (Mar Aprem, Nestorian Lectionary and Julian Calender, Trichur 1982) പിന്നീടു അടിച്ചേല്‍പ്പിച്ച റോമന്‍ കത്തോലിക്കാ പാരമ്പര്യത്തില്‍ കന്നി 8-ന് ദൈവമാതാവിന്‍റെ ജനനപ്പെരുന്നാള്‍ മാത്രമല്ല, ധനു 8-നു ഹന്ന ഉമ്മ മര്‍ത്തമറിയം ഉമ്മാനെ ഗര്‍പ്പനിച്ച പെരുന്നാള്‍ കൂടിയുണ്ട്. (ഡോ. പ്ലാസിഡ് സി.എം.ഐ., നമ്മുടെ റീത്ത്, മാന്നാനം, 1997) 1653-ലെ കൂനന്‍കുരിശു സത്യത്തിനു ശേഷവും നസ്രാണികളുടെ സഭാ പഞ്ചാംഗത്തില്‍ ഇവ നിലനിന്നു. 1599-ല്‍ നിലവില്‍വന്ന റോമന്‍ കത്തോലിക്കാ പാരമ്പര്യത്തില്‍പ്പെട്ട വൃശ്ചികം രണ്ടിനു (നവംബര്‍ 15) സകല പരേതരേയും ഓര്‍ക്കുന്ന ആനീദാ പെരുന്നാള്‍ കുന്നംകുളത്ത് ഇന്നും വിപുലമായി ആചരിക്കുന്നുണ്ട്.

1708 മുതലുള്ള ലഭ്യമായ എല്ലാ സഭാ പഞ്ചാംഗങ്ങളിലും ദൈവമാതാവിന്‍റെ ജനനപ്പെരുന്നാള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 1907-ലും 1908-ലും കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ പ്രസിദ്ധീകരിച്ച സഭാ പഞ്ചാംഗങ്ങളിലുള്ള ഈ പെരുന്നാള്‍ ഇന്നും മലങ്കര സഭയുടെ പെരുന്നാള്‍ പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

എട്ടു നോമ്പ് സഭയുടെ കാനോനിക നോമ്പല്ല എന്നത് തികച്ചും ശരിയാണ്. മലങ്കര സഭ പാശ്ചാത്യ സുറിയാനി സഭാ വിജ്ഞാനീയം ഔദ്യോഗികമായി അംഗീകരിച്ച 1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസിനു ശേഷം അതേ വര്‍ഷം സുന്നഹദോസ് വിളിച്ചുകൂട്ടിയ മാര്‍ ഈവാനിയോസ് ഹദിയള്ള അയച്ച പൊതു കല്‍പ്പനയില്‍ … നമുക്ക് ബുധനും, വെള്ളിയും കൂടാതെ അഞ്ച് വിശുദ്ധ നോമ്പുകളാണ് ഉള്ളത്. 40 നോമ്പ്, ശ്ലീഹാനോമ്പ്, ദൈവമാതാവായ മറിയാമിന്‍റെ വാങ്ങിപ്പിന്‍റെ നോമ്പ്, രക്ഷാകരമായ ജനനത്തിന്‍റെ നോമ്പ്, നിനുവ നോമ്പ് (എന്നിവ) നമ്മള്‍ എല്ലാവര്‍ഷവും ആചരിക്കുന്നു. … എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാശ്ചാത്യ സുറിയാനി ആരാധനാക്രമങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ച 1809-ലെ കണ്ടനാട് പടിയോലയുടെ അഞ്ചാം പ്രമാണം … കല്പിയ്ക്കപ്പെട്ട നുയമ്പുകളു അഞ്ചും നൊക്കുകയും … എന്ന രീതിയില്‍ ഇതു ശരി വയ്ക്കുന്നു. പക്ഷേ ഇക്കാലത്തൊക്കയും എട്ടു നോമ്പ് നിലവിലുണ്ടായിരുന്നു.

മലങ്കര ഇടവക പത്രികയുടെ 1896 ഇടവം ലക്കത്തില്‍ … കന്നിമാസത്തില്‍ എട്ടു നോമ്പ് എന്നൊരു നോമ്പും മകര മാസത്തില്‍ ബാത് അല്ലങ്കില്‍ ബാവസ് അല്ലങ്കില്‍ വാത് നോമ്പ് എന്നൊരു നോമ്പും ഈ നാട്ടില്‍ ചില സ്ഥലങ്ങളില്‍ ചിലര്‍ ആചരിച്ചു വരുന്നുണ്ടല്ലോ. അതു എന്തു കാരണത്തിന്മേല്‍ എന്നും, എന്നു മുതല്‍ എന്നും അറിവുള്ളവര്‍ അറിവിച്ചു തന്നാല്‍ കൊള്ളാമെന്നു അപേക്ഷയുണ്ട്. കാനോനായിലുംമറ്റും ഇല്ലന്നു അച്ചന്മാര്‍ പറയുന്നു … എന്ന് ഒരു ലേഖകന്‍ ഒരു അന്വേഷണം നടത്തിയിരുന്നു. പിന്നീടുള്ള ലക്കങ്ങള്‍ പരതിയിട്ടും ഇതിനാരും മറുപടി കൊടുത്തതായി കാണുന്നില്ല. ഇവയില്‍ ബാവസ് നോമ്പിനെപ്പറ്റി ആദ്യം പ്രതിപാദിക്കാം. അപേക്ഷ എന്ന് അര്‍ത്ഥമുള്ള ബാവൂത്താ അഥവാ ബോവൂസാ എന്ന സുറിയാനി വാക്കില്‍നിന്നാണ് ഈ പദം രൂപമെടുത്തിരിക്കുന്നത്. പൗരസ്ത്യ കല്‍ദായ പാരമ്പര്യത്തില്‍ നിന്നാണ് ബോവൂസാ നോമ്പ് മലങ്കരയിലെത്തിയത്.

കല്‍ദായ സഭയുടെ ഇന്ത്യയുടേയും മലയാളത്തിന്‍റെയും മെത്രാപ്പോലീത്താ ആയിരുന്ന മാര്‍ തീമോത്തിയോസ് 1983-ല്‍ ബോവൂസാ നോമ്പിന് വ്യക്തമായ വിശദീകരണം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വിശദീകരണപ്രകാരം … ബാവൂത്താ എന്ന സുറിയാനി പദത്തിന് യാചന എന്നാണ് അര്‍ത്ഥം. പൗരസ്ത്യസഭയില്‍ പ്രധാനമായും മൂന്ന് ബാവൂത്താ ആചരണങ്ങള്‍ ഉണ്ട്. അവയില്‍ നിനവാക്കാരുടെ ബാവൂത്താ എന്നറിയപ്പെടുന്ന മൂന്നു നോയമ്പ് … മാത്രമാണ് ഇപ്പോള്‍ തൃശ്ശൂരും മദ്ധ്യപൗരസ്ത്യ ദേശത്തും മറ്റുമുള്ള പൗരസ്ത്യ സഭകള്‍ ആചരിച്ചു വരുന്നത്. മറ്റ് രണ്ട് ബാവൂത്താകള്‍ മാര്‍ സയ്യായുടെ ബാവൂത്തായും, കന്യകമാരുടെ ബാവൂത്തായുമത്രേ. …(കോറപ്പിസ്ക്കോപ്പാ റാഫേല്‍ വട്ടക്കുഴി, ബാവൂത്താ പ്രാര്‍ത്ഥനകള്‍, തൃശൂര്‍, 1983). പൗരസ്ത്യ കല്‍ദായ പാരമ്പര്യപ്രകാരം മകരം ഒന്ന് മാര്‍ സയ്യായുടെ ഓര്‍മ്മദിനമാണ്. അതിനാല്‍ മകര മാസത്തിലെ ബാവസ് നോമ്പ് മാര്‍ സയ്യായുടെ ബാവൂത്താ ആവാനാണ് സാദ്ധ്യത. നെസ്തോറിയാന്‍ സഭാ പിതാവായ മാര്‍ സയ്യായുടെ പെരുന്നാളും ബോവൂസായും 1896-ല്‍ നിലവിലിരുന്ന പാശ്ചാത്യ സുറിയാനി കാനോനില്‍ കാണുക അസാദ്ധ്യമാണ്. പശ്ചാത്തലമറിയാതെ നസ്രാണികള്‍ പഴയ പാരമ്പര്യപ്രകാരം ജനുവരിയില്‍ ബാവസ് നോമ്പ് ആചരിച്ചു വന്നതാവണം ലേഖകന്‍ സൂചിപ്പിക്കുന്നത്. ഇന്നും ചെങ്ങന്നൂരും പരിസര പ്രദേശത്തും ആചരിക്കുന്ന വസന്ത പെരുന്നാളും പ്രദക്ഷിണവും ഇതിന്‍റെ ബാക്കിപത്രമേല്ലേയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.

1809-ലെ കണ്ടനാട് പടിയോലയില്‍ സാമൂഹികാചാരങ്ങളെ പരാമര്‍ശിക്കുമ്പോള്‍ … ബാവൂസ വഴക്കായും ഒണപുടകയും കൊടുക്കാതെയും … എന്നൊരു പ്രയോഗമുണ്ട്. ഇതിലെ … ബാവൂസ വ(പ)ഴക്കായും ഇതുവരെ വ്യാഖ്യാനാതീതമായി നിലകൊള്ളുകയാണ്. അതും ബാവുത്തായും തമ്മില്‍ എന്തങ്കിലും ബന്ധമുണ്ടോയെന്നും പരിശോധനാ വിധേയമാക്കേണ്ടതാണ്.

പൗരസ്ത്യ കല്‍ദായ പാരമ്പര്യത്തില്‍ ഉള്ളതല്ലെങ്കിലും എട്ടു നോമ്പിന് നസ്രാണികളുടെ റോമന്‍ കത്തോലിക്കാ കാലത്തേക്കാളും പഴക്കമുണ്ട്. ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകള്‍ പ്രകാരം കന്നി എട്ട് പെരുന്നാളിന് താലേന്നു മാത്രമാണ് കടപ്പെട്ട നോമ്പ് ഉള്ളത്. പെരുന്നാളുകളേയും നോമ്പുകളേയും പറ്റി വിശദമായി പ്രതിപാദിക്കുന്ന ഏഴാം മൗത്വാ, ഏഴാം കൂടിവിജാരം ഒന്‍പതാം കാനോനായില്‍ ... എന്നാലും കല്പന ആയിട്ടുള്ള നൊംപ അല്ല. ഇവണ്ണംതന്നെ കന്നി ഞായറ്റില്‍ എട്ടുനൊയംപ എന്നു ചൊല്ലുന്ന നൊയംപും. ... (സ്കറിയ സഖറിയ, ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകള്‍, ഇടമറ്റം, 1994) എന്നു രേഖപ്പെടുത്തുമ്പോള്‍ അന്നു എട്ടുനോമ്പ് നിലവിലുണ്ടായിരുന്നു എന്നും, അത് റോമന്‍ കത്തോലിക്കാ പാരമ്പര്യത്തില്‍ പെട്ടതല്ലന്നും വ്യക്തമാകുന്നു.

എട്ടു നോമ്പിന്‍റെ ഉല്‍ഭവത്തെക്കുറിച്ച് പരിശോധിക്കുന്നതിനുമുമ്പ് അത് ആചരിച്ചിരുന്നത് എപ്രകാരമായിരുന്നു എന്നു പരിശോധിക്കാം. പാലക്കുന്നത്ത് അബ്രഹാം മല്‍പ്പാന്‍ മുതല്‍പേര്‍ തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്‍റ് കേണല്‍ ഫ്രേസര്‍ക്ക് 1836 ചിങ്ങം 21-നു നല്‍കിയ ഹര്‍ജിയില്‍ എട്ടുനോമ്പിനെപ്പറ്റി പതിനേഴാമത് അപമര്യാദയായി വിവരിച്ചിട്ടുണ്ട്. അത് ... നോമ്പു, തേറ്റത്തിന് ഒരു വഴിയായിട്ടും, ശരീര അമര്‍ച്ചക്കായിട്ടും നിശ്ചയിച്ചിരിക്കുമ്പോള്‍, അതില്‍ ഉള്‍പ്പെടാതെയും, പള്ളി കല്പിച്ചിട്ടില്ലാതെയും, സാധ്യം പ്രമാണിച്ച് എട്ടുനോമ്പെന്നു പേരും പറഞ്ഞു, ബ്രാഹ്മണാചാരത്തിന്‍പ്രകാരം, ചില പളളികളില്‍ ഏതാനും ആളുകള്‍ ശേഖരിക്കപ്പെട്ടു, കഴിയുന്നടത്തോളമുള്ള പലഹാരങ്ങള്‍ ഉണ്ടാക്കി, കൊന്ത ആയിട്ടു നോമ്പു കഴിക്കയും, അതിനെ പ്രമാണിച്ചു പല കപടഭക്തികള്‍ പറഞ്ഞു നടത്തിവരുന്നത്. ... എന്നാണ്.

1853-ലെ ചട്ടവര്യോലയില്‍ എട്ടുനോമ്പിനെ പരാമര്‍ശിക്കുന്നത് താഴെ പറയുംപ്രകാരമാണ്. … 103-മത. എട്ടുനൊമ്പില്‍ ഏറിയ പുരുഷരും സ്ത്രീകളും പള്ളിയില്‍കൂടി അരഭിയ്ക്കയും, കെട്ടു ചുമടു മുതലായ്ത പള്ളിയകത്ത വയ്ക്കയും, അവിടെവച്ച തിന്നുകയും കുടിയ്ക്കയും, രാത്രിയില്‍ പള്ളിയകത്ത കെടന്ന ഉറങ്ങുകയുംമറ്റും ചൈയുന്നത ഒരു പ്രകാരത്തിലും ന്യായമായിട്ടുള്ളതല്ലാഴ്കകൊണ്ടും, നൊയമ്പു നൊല്ക്കുന്ന ആളുകള്‍ കുറുബാനയ്ക്കും നമസ്ക്കാരത്തിന്നുംമാത്രം പള്ളിയകത്ത പൊകുന്നതല്ലാതെ, പള്ളിയകത്തുവച്ച യാതൊന്നും ഭക്ഷിക്കയുംമറ്റും ചൈയാതെ ഇരിയ്ക്കയും, നുപ്പത്തൊന്നാമത ലക്കത്തില്‍ പറഞ്ഞിരിയ്ക്കുന്ന പ്രകാരം നടക്കയും ചൈയ്യണം. ... 31 -മത്തെ കാനോനായില്‍ … ചില പള്ളികളില്‍ പന്ത്രണ്ടു ജനത്തിന നെര്‍ശ്ശയിട്ടുംമറ്റും പള്ളിയകത്തു ഇരുത്തി നെര്‍ച്ച ഊട്ടി കഴിച്ചുവരുന്നത, ഒരു പ്രകാരവും ന്യായമുള്ളതല്ലാഴികകൊണ്ടു, പള്ളിയകത്തുവച്ച ആയ്തു ചൈയാതെ, പള്ളിക്കു പുറത്ത ഒരു സ്ഥലെത്തവച്ച കഴിച്ചുകൊള്ളുന്നതല്ലാതെ, മറ്റു യാതൊന്നും അവിടെവച്ച ഭക്ഷിച്ചപൊകയും ചെയ്യരുത. … എന്ന വിശദീകരണവും ന്ലകുന്നുണ്ട്. (ഡോ. എം. കുര്യന്‍ തോമസ്, പത്രോസ് പാത്രിയര്‍ക്കീസിന്‍റെ പരിഷ്ക്കാരങ്ങള്‍, കോട്ടയം, 2011)

പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ രണ്ടു പരമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ അന്നത്തെ എട്ടു നോമ്പാചരണത്തെ താഴെ പറയുംവിധം സംഗ്രഹിക്കാം.
1. എട്ടുനോമ്പ് സഭാ നിയമപ്രകാരം ഉള്ളതല്ല.
2. ചില പള്ളികളില്‍ മാത്രമാണ് ഇതു നടക്കുന്നത്.
3. നോമ്പുകാര്‍ പള്ളിയില്‍ താമസിക്കുകയും ഉറങ്ങുകയും ചെയ്യുന്നു.
4. അവര്‍ പലഹാരങ്ങള്‍ ഉണ്ടാക്കുകയും (കൊണ്ടുവരികയും) പള്ളിയില്‍ വെച്ച് ഭക്ഷിക്കുകയും ചെയ്യുന്നു.
5. കാനോനിക നോമ്പുകള്‍ പോലെയുള്ള ഉപവാസം എട്ടുനോമ്പിനില്ല.
6. ആ ദിവസങ്ങളില്‍ വി. കുര്‍ബാനയും നമസ്കാരങ്ങളും ഉണ്ട്.
7. ആവര്‍ത്തിച്ചുള്ള പ്രാര്‍ത്ഥന (കൊന്ത) ആയിട്ടാണ് എട്ടുനോമ്പ് ആചരിച്ചിരുന്നത്.
8. ചില പ്രത്യേക കാര്യസാദ്ധ്യത്തിനായിട്ടാണ് എട്ടുനോമ്പ് ആചരിച്ചിരുന്നത്.
9. ഇത് മൊത്തത്തില്‍ ബ്രാഹ്മണ (പ്രോദേശിക – അക്രൈസ്തവ) ആചാരമാണ്.

ഇരുപതാം നൂറ്റാണ്ടിന്‍ ആദ്യ പാദത്തിലെ എട്ടുനോമ്പ് ആചരണത്തിന്‍റെ വിവരണം പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കായുടെ സഭാ ജിവിത നാള്‍വഴിയില്‍നിന്നും ലഭ്യമാണ്. ... (വള്ളിക്കാട്ട് ദയറായില്‍ കൊല്ലവര്‍ഷം) 1094 ന്ന് 1918 … കന്നി 1 ന് ശനിയാഴ്ച ചൊല്ലി. … 2 ന് ചൊല്ലി. 8 നോമ്പിനായി ചില സ്ത്രീകളും വന്നിരുന്നു. 3, 4, 6, 8 തീയതികളില്‍ ചൊല്ലി. 8 നോമ്പുകാര്‍ക്കായി ഒരു പ്രത്യേക പ്രാര്‍ത്ഥന കഴിച്ച് അനുഗ്രഹിച്ചയച്ചു. അവരുടെ വകയായി ഒരു പാച്ചോറ് നേര്‍ച്ചയും ഉണ്ടായിരുന്നു. … 1097 – 1921 … 8 നോമ്പ് നോല്‍ക്കുന്നതിനായി മുന്‍ കൊല്ലത്തേക്കാളധികം സ്ത്രീകള്‍ പള്ളിയില്‍ വരികയും നോമ്പാരംഭിക്കയും ചെയ്തു. …. 8 – ന് ചൊല്ലി. മാതാവിന്‍റെ ജനനത്തെപ്പറ്റി പ്രസംഗിക്കയും നോമ്പുകാരെ അനുഗ്രഹിക്കയും ചെയ്തു. അവര്‍ നേര്‍ച്ചയിടുകയും ഒരു പാച്ചോര്‍ നേര്‍ച്ച കഴിച്ച് പിരിയുകയും ചെയ്തു. … (വള്ളിക്കാട്ടു ദയറാ (പ്രസാ.), കാതോലിക്കേറ്റിന്‍റെ നിധി, വാകത്താനം, 2005)

ഈ വിവരണപ്രകാരം എട്ടുനോമ്പില്‍ എല്ലാ ദിവസവും വി. കുര്‍ബാന ഉണ്ടായിരുന്നു. മാത്രമല്ല, നോമ്പുകാരുടെ വകയായി കന്നി എട്ടു പെരുന്നാളിന് ഒരു പാച്ചോര്‍ നേര്‍ച്ചയും നടത്തിയിരുന്നു. ഇത് പാലക്കുന്നത്ത് അബ്രഹാം മല്‍പ്പാന്‍ മുതല്‍പേരുടെ കഴിയുന്നടത്തോളമുള്ള പലഹാരങ്ങള്‍ ഉണ്ടാക്കി … എന്ന ആരോപണത്തോടു പൊരുത്തപ്പെട്ടുപോകുന്നുണ്ട്. 1923-ലെ എട്ടുനോമ്പിനെപ്പറ്റി … കന്നി മാസം 2, 3 തീയതികളില്‍ ചൊല്ലി. 3 നു യഹോവ ഹൃദയങ്ങളെ തൂക്കി നോക്കുന്നു എന്ന വാക്യം സംബന്ധിച്ചു പ്രസംഗിച്ചു. 6, 8 തീയതികളില്‍ ചൊല്ലി. 8 നോമ്പുകാരായ സ്ത്രീകളും മറ്റും പോയി. പാച്ചോര്‍ നേര്‍ച്ചയുമുണ്ടായിരുന്നു. 10 നു ചൊല്ലി. ചുങ്കക്കാരനെയും പ്രീശനെയും പറ്റി പ്രസംഗിച്ചു. … എന്നും, 1924-ല്‍ ... കന്നി മാസം 1 നു ചൊല്ലി. പുന്നൂസു കത്തനാര്‍ പ്രസംഗിച്ചു. 4, 7, 8 തീയതികളില്‍ ചൊല്ലി 8 നോമ്പുകാര്‍ കുറെപ്പേരുണ്ടായിരുന്നു. അവര്‍ കുമ്പസാരിച്ചും ശു. കുര്‍ബാന അനുഭവിച്ചുംകൊണ്ട് പോകയും ചെയ്തു. ... എന്നും 1925-ല്‍ ... കന്നി മാസം 1-നു ഗീവറുഗീസു കത്തനാര്‍ ചൊല്ലി. 8 നോമ്പുകാരായി പത്തിരുപത് സ്ത്രീകളും വന്നുചേര്‍ന്നു. അന്നുമുതല്‍ ദിവസവും കുര്‍ബാന ഉണ്ടായിരുന്നു. 4, 6, 7 തീയതികളില്‍ കഥാനായകന്‍ ചൊല്ലി. ഗീവറുഗീസു കത്തനാര്‍ പ്രസംഗിച്ചു. നോമ്പുകാര്‍ കുര്‍ബാന അനുഭവിച്ചു. പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരുന്നു. ... എന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വിവരണങ്ങള്‍ നല്‍കുന്ന സൂചനപ്രകാരം കന്നി എട്ടു പെരുന്നാളിനു മാത്രമാണ് നോമ്പുകാര്‍ കുമ്പസാരിച്ച് വി. കുര്‍ബാന അനുഭവിക്കുന്നത്. അതിനാല്‍ അവര്‍ മറ്റു ദിവസങ്ങളില്‍ ഉപവസിച്ചാലും അതിനു നിയമ തടസമില്ല. പ. വാകത്താനത്തു ബാവായുടെ വിവരണങ്ങള്‍ പ്രകാരം സ്ത്രീകളാണ് എട്ടുനോമ്പ് എടുത്തിരുന്നത് എന്നു മനസിലാക്കാം. വ്യക്തമായ പരാമര്‍ശനങ്ങള്‍ ഇല്ലങ്കിലും ഇതു പൂര്‍ണ്ണസമയം – കുറഞ്ഞത് പകല്‍ മുഴുവെനെങ്കിലും – പള്ളിയില്‍ ചിലവഴിക്കുന്ന രീതിയിലായിരുന്നു എന്നതിന് ശക്തമായ സൂചനകള്‍ ഉണ്ട്.

സ്ത്രീകള്‍ പള്ളിയില്‍ താമസിച്ച് നോമ്പ് എടുത്തിരുന്ന പതിവുണ്ടായിരുന്നു എന്ന് 1853-ലെ ചട്ടവര്യോലയിലെ … 74-മത. സ്ത്രീകള്‍ക്കു ഗര്‍ഭം ഉണ്ടാകുന്ന എല്ലാ സമയത്തും ദൈയ്വം രക്ഷിപ്പാന്‍വെണ്ടി പ്രത്യെകം പ്രാര്‍ത്തിക്കുകയും, ധര്‍മ്മങ്ങളും വഴിപാടുകളും കൊടുക്കയും, ശുദ്ധമാന കുറുബാന കൈക്കൊള്‍കയും ചെയ്യുന്നതല്ലാതെ, പള്ളിയില്‍ ഭജനം പാര്‍ത്ത, രാത്രിയില്‍ പള്ളിയ്ക്കകത്ത കിടക്കയും, … അരുത. … എന്ന കാനോനാ സാക്ഷിക്കുന്നുണ്ട്. ഏതാനു ദശാബ്ദങ്ങള്‍ക്കു മുമ്പുവരെ സ്ത്രീകള്‍ മാത്രമായിരുന്നു പ്രായേണ എട്ടുനോമ്പ് എടുത്തിരുന്നത്. സ്ത്രീകളുടെ നോമ്പ് എന്നൊരു പ്രാദേശിക നാമംപോലും എട്ടുനോമ്പിനുണ്ടായിരുന്നു. 1836-ലെ പരാതിയും 1853-ലെ ചട്ടവര്യോലയും എട്ടുനോമ്പ് പള്ളികളില്‍ താമസിച്ച് എടുക്കുന്ന ഒന്നായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.

പള്ളികളില്‍ ഭജനം പാര്‍ക്കുക എന്ന നസ്രാണികളുടെ പതിവിന് പോര്‍ട്ടുഗീസ് അധിനിവേശ കാലത്തേക്കാള്‍ പഴക്കമുണ്ട് എന്നതിന് ഉദംയപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകള്‍ തന്നെ തെളിവാണ്. ഏഴാം മൗത്വ, ആറാം കൂടിവിജാരം, 25-ആം കാനോനായില്‍ … എന്നാല്‍ മലംകരെ ഇടവകയില്‍ ഉള്ള പള്ളികളില്‍ ക്ലേശക്കാറര (= ബുദ്ധിമുട്ടുള്ളവര്‍) തങ്ങളുടെ ദൈവതെകുറിച്ച (= ഭക്തിമൂലം) തങ്ങടെ കെട്ടിയവരും തങ്ങടെ വീട്ടില്‍ ഉള്ളവരും ആയി പള്ളികളില്‍ പൊറുത്തു ഞായം. തങ്ങടെ ക്ലെശം ചൊല്ലി അവുടെ വീടുകളിലേപ്പൊലെ ചിറ്റാഷ്മ (= ശുശ്രൂഷ) എല്ലാം കൂടിയൊല്ലൊ മതിയാവു. ഇതിനെക്കൊണ്ട ശുദ്ധമാന സുന്നഹദൊസ പ്രമാണിക്കുന്നു. ക്ലേശക്കാറര ആരും പള്ളികളില്‍ പൊറുക്കരുത. അന്തിക്ക എന്നാല്‍ പ്രവൃത്തിക്ക രക്ഷയായിട്ടെ പൊറുക്കുമ്പൊളെ ആവു. ക്ലേശക്കാറര തങ്ങളുടെ ദൈവതെക്ക തക്കവണ്ണം പള്ളിക്കെന്ന (= പള്ളിയില്‍ വന്ന്) തംപുരാനൊട അപേക്ഷിച്ചുംകൊണ്ട തങ്ങടെ സ്ഥലത്ത പൊയി പൊറുത്തുകൊള്ളണം. പല ദിവസം എത്തിക്കണം എംകില്‍ പള്ളിക്ക അരികെ ഒള്ള വീടുകളില്‍ താന്‍ പള്ളിയിടെ മൊണ്ടകത്തില്‍ (= മുഖമണ്ഡപം, നടശാല) താന്‍ പൊറുത്തുകൊള്ളണം. … എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

പൗരസ്ത്യ കല്‍ദായ സഭയുടെ ബാവൂത്താകള്‍ പ്രാഭാതം മുതല്‍ സൂര്യന്‍ അസ്തമിച്ചു കഴിയുംവരെയുള്ളവയായിരുന്നു. യാത്രാ സൗകര്യം പരിമിതമായിരുന്ന കാലത്ത് ബാവൂത്തായില്‍ പങ്കെടുക്കുവാന്‍ കുടികളില്‍നിന്നും വന്നവര്‍ അതിനു ശേഷം പള്ളിയിലോ പള്ളിപ്പരിസരത്തോ രാപര്‍ത്തിരിക്കാന്‍ സാദ്ധ്യത ഏറെയാണ്.

ഉദംയപേരൂര്‍ സുന്നഹദോസ് പള്ളികളില്‍ ഭജനം പാര്‍ക്കുക എന്നതിനെ നിരുല്‍സാഹപ്പെടുത്തുന്നു എങ്കിലും നിരോധിക്കുന്നില്ല. പക്ഷേ പള്ളിക്കുള്ളില്‍ രാപാര്‍ക്കുന്നതിനെ നിരോധിക്കുന്നുമുണ്ട്. 1853-ലെ ചട്ടവര്യോലയും നിരോധിക്കുന്നത് അതിനെയാണ്. ഇന്ന് ഏറ്റവും വിപുലമായി എട്ടുനോമ്പ് ആചരിക്കുന്ന മണര്‍കാട് പള്ളിയില്‍ മൂന്നു ദശാബ്ദം മുമ്പുവരെ സമീപസ്ഥര്‍ ഒഴികെ നോമ്പുകാര്‍ മുഴുവന്‍ പള്ളിക്കിരുവശവുമുള്ള നെടുമ്പുരകളില്‍ നോമ്പുകാലം മുഴുവന്‍ താമസിക്കുകയായിരുന്നു. അതിന് ഒരു ദശാബ്ദവുംകൂടി മുമ്പ് അവിടെ അവര്‍ ഭക്ഷണവും പാകം ചെയ്തിരുന്നു.

ഏതാനും ദശകങ്ങള്‍ക്കു മുമ്പുവരെ മിക്ക പള്ളികള്‍ക്കും മുഖമണ്ഡപമോ മറ്റ് അനുബന്ധ സൗകര്യങ്ങളോ ഇല്ലായിരുന്നു എന്ന വസ്തുത പരിഗണിച്ചാല്‍ ആളുകള്‍ പള്ളിക്കുള്ളില്‍ കിടന്നുറങ്ങിയിരുന്നതില്‍ അസ്വഭാവികമായി ഒന്നുമില്ല. ഒരുപക്ഷേ ആര്‍ത്താറ്റ് കുന്നംകുളം പള്ളിയില്‍ മാത്രമായിരിക്കാം നോമ്പുകാര്‍ക്കു താമസിക്കാന്‍ പ്രത്യേകം കെട്ടിടങ്ങള്‍ പണ്ടുമുതലേ ഉണ്ടായിരുന്നത്.

പ്രത്യേക ആവശ്യങ്ങള്‍ക്കായി നോമ്പെടുക്കുന്നത് സഭ പ്രോല്‍സാഹിപ്പിക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് പട്ടം കൊടുക്കുന്നവരും ഏല്‍ക്കുന്നവരും ഇപ്പോഴും പ്രത്യേക വൃതം എടുക്കുന്നുണ്ട്. നസ്രാണി സ്ത്രീകള്‍ തനതായ ഒരു നോമ്പ് എടുക്കുമ്പോള്‍ അത് ദൈവമാതാവിന്‍റെ പെരുന്നാളിനോടനുബന്ധിച്ചു വരുന്നത് സ്വാഭാവികം. പക്ഷേ എന്തുകൊണ്ട് എട്ടു നോമ്പ് എന്നത് ഇനിയും പരിഗണിക്കാം. അവിടെയാണ് നസ്രാണിയുടെ തനത് പവിത്രതാ സങ്കല്പത്തിന്‍റെ പ്രസക്തി.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭജനം പാര്‍ക്കുക എന്നൊരു വൃതമുണ്ട്. ക്ഷേത്രക്കുളത്തിലോ സമീപത്തുള്ള നദിയിലോ മുങ്ങിക്കുളിച്ച്, പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള എല്ലാ പൂജകള്‍ക്കും ദര്‍ശനം നടത്തി, ബാക്കി സമയം നാമം ജപിച്ചും പ്രദക്ഷിണം വെച്ചും ചെലവഴിച്ച്, ക്ഷേത്രത്തില്‍നിന്നും കിട്ടുന്ന നിവേദ്യമോ ഭക്ഷണമോ മാത്രം കഴിച്ച്, രാത്രി ക്ഷേത്രപരിസരത്തുതന്നെ കിടന്നുറങ്ങിയാണ് ഭജനം പാര്‍ക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ക്ഷേത്രസങ്കേതം വിട്ടുപോയാല്‍ വൃതഃഭംഗം വന്നതായി കണക്കാക്കിയിരുന്നു. പ്രശസ്തരായ അനേകം വ്യക്തികളുടെ ഭജനത്തിന്‍റെ വിവരണം കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ കാണാനുണ്ട്.

1836-ലെ പരാതിയിലേയും 1853-ലെ ചട്ടവര്യോലയിലേയും പരമര്‍ശനങ്ങള്‍ പരിശോധിച്ചാല്‍ ഇതും നസ്രാണിയുടെ ഭജനം പാര്‍ക്കലും തമ്മില്‍ കാര്യമായ യാതൊരു വിത്യസവുമില്ലന്നുകാണാം. നിവേദ്യച്ചോറോ വെച്ചൂട്ടോ നിലവിലില്ലാത്ത പള്ളികളില്‍ ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുകയോ, പലഹാരങ്ങള്‍ കൊണ്ടുവരികയോ ചെയ്യുന്നത് സ്വഭാവികം. ക്ഷേത്രങ്ങളിലേപ്പോലെ കിടന്നുറങ്ങാന്‍ അനുബന്ധ നിര്‍മ്മിതികളില്ലാത്ത പള്ളികള്‍ക്കുള്ളില്‍ത്തന്നെ കിടന്നുറങ്ങിയതിലും അസ്വഭാവികതയില്ല. നിത്യേനെ വി. കുര്‍ബാനയും, കൊന്ത ആയിട്ടു നോമ്പു കഴിക്കയും ചെയ്യുന്നത് തനി ഭജനം പാര്‍ക്കല്‍ തന്നെയാണ്.

ക്ഷേത്രങ്ങളിലെ ഭജനം പാര്‍ക്കല്‍ മൂന്നു ദിവസമോ, വാരമോ (ഏഴു ദിവസം), പക്ഷമോ (14 ദിവസം), മാസമോ (30 ദിവസം) മണ്ഡലമോ (41 ദിവസം) അതില്‍ കൂടുതലോ ആകാം. ഒരു വാരം എന്നാല്‍ ഒരു പ്രഭാതത്തില്‍ ആരംഭിച്ച് എട്ടാം ദിവസം പ്രഭാതത്തിലാണ് പൂര്‍ത്തീകരിക്കുക. മൂന്നു നോമ്പ്, ശ്ലീഹാ നോമ്പ് എന്നിവപോലെ ദിവസം പൂര്‍ത്തീകരിക്കാന്‍ അത് ആവശ്യമാണ്.

ക്ഷേത്രങ്ങളില്‍ കേവലം ഒരു ദിവസം വേണമെങ്കിലും ഭജനം പാര്‍ക്കാം. സമീപ കാലത്തെ ഒരു ഏകദിന ഭജനത്തെപ്പറ്റി 2013 സെപ്റ്റംബര്‍ 19-ന് മലയാള മനോരമയില്‍ വന്ന വാര്‍ത്ത അതിനേക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നല്‍കുന്നുണ്ട്. … (ഭജനക്കാര്‍) ചൊവ്വാഴ്ച രാത്രിയില്‍ ഗുരുവായൂരില്‍ എത്തി. … ഇന്നലെ പുലര്‍ച്ചെ മുന്നിന് നിര്‍മ്മാല്യ ദര്‍ശനം മുതലുള്ള എല്ലാ പൂജകളും തൊഴുതു. രാത്രി അത്താഴപൂജയും വിളക്കെഴുന്നള്ളിപ്പും കഴിഞ്ഞ് തൃപ്പുക തൊഴുതശേഷമാണ് (ഭജനക്കാര്‍) മടങ്ങിയത്.
ഈ മാനദണ്ഡത്തില്‍ പരിഗണിച്ചാല്‍ നസ്രാണിക്ക് ഒരു വാര ഭജനത്തിന് എറ്റവും അനുയോജ്യം കന്നി 1 – 8 ആണന്നു കാണാം. 1-ആം തീയതി എന്ന നിയതമായ ദിനത്തില്‍ ആരംഭിച്ചാല്‍ ഏഴു ദിനങ്ങള്‍ പൂര്‍ത്തിയാക്കി 8-ആം തീയതി അവസാനിപ്പിക്കാം. അന്ന് ദൈവമാതാവിന്‍റെ ഒരു പെരുന്നാളുമാണ്. അക്കാലത്ത് മറ്റ് നോമ്പുകള്‍ വരുന്നുമില്ല. നസ്രാണി പാരമ്പര്യത്തില്‍ കന്നിമാസത്തില്‍ വിവാഹങ്ങളുമില്ല. എല്ലാംകൊണ്ടും അനുകൂലമായ കാലഘട്ടം.

എട്ടു നോമ്പിന് ഒരു ആത്മീയ ചട്ടക്കൂട് ഉണ്ടാക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 1948-ല്‍ മീഖായേല്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ശ്രേഷ്ഠാനുമതിയോടെ കണിയാമ്പറമ്പില്‍ കുര്യന്‍ കോര്‍എപ്പിസ്ക്കോപ്പാ വി. ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥനകള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. പിറ്റേവര്‍ഷം മീഖായേല്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെതന്നെ ശ്രേഷ്ഠാനുമതിയോടെ ഓരോ ദിവസത്തിനും പ്രത്യേകം വേദവായനയും ധ്യാന വിഷയങ്ങളും സ്വയ പരിശോധനകളും ചേര്‍ത്ത് കടവില്‍ പൗലൂസ് റമ്പാന്‍ എട്ടുനോമ്പിലെ മാതാ ധ്യാനങ്ങള്‍ എന്ന കൃതിയും പ്രസിദ്ധീകരിച്ചു. പിന്നീട് ഇതേ രീതിയില്‍ കണിയാമ്പറമ്പില്‍ കുര്യന്‍ കോര്‍എപ്പിസ്ക്കോപ്പാ എട്ടുനോമ്പ് ധ്യാനമാലിക എന്നൊരു കൃതി തയാറാക്കി. പ. ഔഗേന്‍ പ്രഥമന്‍ കാതോലിക്കായുടെ ശ്രേഷ്ഠാനുമതിയോടെ 1967-ല്‍ മണര്‍കാട് പള്ളിയിലെ മര്‍ത്തമറിയം സേവാസംഘം അത് പ്രസിദ്ധീകരിച്ചു. ഈ പുസ്തകങ്ങള്‍ ഇന്ന് എട്ടുനോമ്പ് എടുക്കുന്നവരില്‍ എത്രപേര്‍ ഉപയോഗിക്കുന്നുണ്ട് എന്നത് സംശയാസ്പദമാണ്. കാനോനിക യാമ പ്രാര്‍ത്ഥനകള്‍ ഒഴിച്ചുള്ള സമയത്ത് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കാന്‍ ഇതിലെ ചിട്ടകള്‍ സഹായകമാകണമെന്ന ഉദ്ദേശത്തടെയാണ് ഇവ രചിക്കപ്പെട്ടത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ദൈവ മാതാവിനും നോയമ്പുകള്‍ക്കും എതിരെ പ്രചരണം നടത്തിയ പാശ്ചാത്യ പ്രൊട്ടസ്റ്റന്‍റുകളും, തങ്ങളുടേതല്ലാത്തതെല്ലാം വേദവിപരീതം എന്നു വിശ്വസിച്ച പാശ്ചാത്യ സുറിയനിക്കാരുമാണ് എട്ടുനോമ്പിനേക്കുറിച്ച് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്. പാശ്ചത്യ സുറിയാനി സഭാ വിജ്ഞാനീയം ഉപയോഗിച്ച് എട്ടുനോമ്പിനെ പരിഷ്ക്കരിക്കാനും, ദയറാക്കരുടെ ഉപവാസ നിയമങ്ങള്‍ നസ്രാണിളുടെമേല്‍ അടിച്ചേല്‍പ്പിക്കുവാനും നടത്തിയ ശ്രമങ്ങളാണ് ഇരുപതാം നൂറ്റാണ്ടില്‍ എട്ടുനോമ്പു വിരുദ്ധത കലുഷമാക്കിയത്. പിടിയിലൊതുങ്ങാത്തവിധം എട്ടുനോമ്പു ചട്ടക്കൂടുകളില്ലാതെ വളര്‍ന്നു എന്നതാണ് അതിന്‍റെ ദുരന്ത ഫലം.

മറിച്ച്, എട്ടുനോമ്പ് നസ്രാണിയുടെ തനത് പവിത്രതാ സങ്കല്പം രൂപംകൊടുത്ത ഒരു ദൈവസാധന – ഭജനമിരിക്കല്‍ – ആണെന്നും, അവര്‍ക്കതിന് അവകാശമുണ്ടെന്നുമുള്ള യാഥാര്‍ത്ഥ്യം അംഗീകരിച്ച് അതിന് വ്യക്തമായ ഒരു ചട്ടക്കൂട് ഉണ്ടാക്കിയിരുന്നങ്കില്‍ ഇന്നത്തെ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കമായിരുന്നു. വി. കുര്‍ബാന കഴിഞ്ഞ് ഉപവാസം എന്ന പ്രശ്നം ഒരു ലഘുഭക്ഷണം കൊടുത്തു പരിഹരിക്കാവുന്നതാണ്. പള്ളിയിലിരുന്ന് സന്ധ്യവരെയെങ്കിലും ഒറ്റയ്ക്കോ സമൂഹമായോ ആരാധിയ്ക്കുവാന്‍ ആവശ്യമായ ക്രമങ്ങളും സൗകര്യങ്ങളും ഉണ്ടാക്കുകയും, ആര്‍ത്താറ്റ് ഉള്ളതുപോലെ കുറച്ചു സ്ഥലങ്ങളിലെങ്കിലും ഈ ദിവസങ്ങളില്‍ ഭജനം പാര്‍ക്കാന്‍ സൗകര്യമുണ്ടാക്കുകയുമാണ് വേണ്ടത്. ധ്യാനം കൂടുവാനും കൂട്ടുവാനും തെക്കും വടക്കും നടക്കുന്നതിലും നല്ലത് അതാണ്.

ഡോ. എം. കുര്യന്‍ തോമസ്

സത്യവിശ്വാസത്തെ ത്യജിക്കരുത്

 

error: Thank you for visiting : www.ovsonline.in