തടവറയിൽ നിന്നെത്തും ‘ഫ്രീഡം ഫുഡ്’
മാവേലിക്കര: തടവറയിൽനിന്നും തയ്യാറാക്കുന്ന ഭക്ഷണത്തിനു ‘ഫ്രീഡം ഫുഡ്’ എന്നതിനേക്കാൾ സർഗാത്മകമായ പേര് മറ്റെന്തുണ്ട്. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്നാണ് ആലപ്പുഴക്കാരെ തേടി ഫ്രീഡം ഫുഡ് എത്തുന്നത്. ഉപ്പേരി വിഭവങ്ങളും കേക്കുമാണ് ആദ്യഘട്ടമായി തയ്യാറാക്കുന്നത്. തുടർന്ന് വ്യത്യസ്തയിനനം വിഭവങ്ങൾ നിർമ്മിക്കുന്നതിന് തടവുകാർക്ക് വരുമാനം ഉറപ്പാകുന്നതിനൊപ്പം കുറ്റവാസന കുറക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
വ്യാവസായിക അടിസ്ഥാനത്തിൽ വിവിധ വിഭവങ്ങളുടെ നിർമാണത്തിനും വിലാപനക്കുമായി വിപുലമായ യൂണിറ്റ് തുടങ്ങുമെന്ന് ജയിൽ സൂപ്രണ്ട് പി അനിൽകുമാർ പറഞ്ഞു. കൃഷി വകുപ്പിന്റെയും കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും സഹകരണത്തോടെ ജൈവ പച്ചക്കറി കൃഷിയും ആരംഭിക്കും. രണ്ടു സെല്ലുകളുള്ള ജയിലിൽ 80 മുതൽ 100 വരെ തടവുകാർ ഉണ്ടാകാറുണ്ട്. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ബിരിയാണിയും ചപ്പാത്തിയും ഇഡലിയും ഉൾപ്പെടെയുള്ള വിഭവങ്ങൾ കുറഞ്ഞ വിലക്ക് വിപണിയിൽ എത്തിക്കുന്നുണ്ട്. ജയിൽ വകുപ്പിന് കോടികളുടെ വരുമാനമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്.
ഫ്രീഡം ഫുഡ് ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന മെത്രാപോലിത്ത അലക്സിയോസ് മാർ യൗസേബിയോസ് ഉദ്‌ഘാടനം ചെയ്തു. വിപണനോദ്‌ഘാടനം ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ മന്മഥൻ നിർവഹിച്ചു. ജയിൽ സൂപ്രണ്ട് പി അനിൽകുമാർ അധ്യക്ഷനായി. അസി സൂപ്രണ്ട് ടോമിച്ചൻ, ഫാ ജോൺസ് ഈപ്പൻ, ഫാ ജേക്കബ് ജോൺ, ഫാ പി കെ വർഗീസ്, ജോസാണ് മാമ്മൂട്ടിൽ എന്നിവർ സംസാരിച്ചു.