ഗീവർഗീസ് മാർ ദിയസ്കോറസിന്റെ ശ്ലാഘനീയമായ പ്രവർത്തനം സഭയ്ക്കും സമൂഹത്തിനും മാതൃക : പരിശുദ്ധ കാതോലിക്ക ബാവ
റാന്നി → ഗീവർഗീസ് മാർ ദിയസ്കോറസിന്റെ ശ്ലാഘനീയമായ പ്രവർത്തനം സഭയ്ക്കും സമൂഹത്തിനും മാതൃകയാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ ദിയസ്കോറസിന്റെ 17-മത് ഓര്‍മ്മ പെരുന്നാളിനോട് അനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധിഘട്ടങ്ങളിൽ സഭയ്ക്കൊപ്പം മാർഗദർശിയായി മാർ ദിയസ്കോറസ് നിന്നു. സഭയുടെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാകില്ല. കാലമെത്ര പിന്നിട്ടാലും അദ്ദേഹത്തിന്റെ സംഭാവനകൾ സഭയും സമൂഹവും സ്മരിക്കുമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
പെരുന്നാളിന്റെ ഭാഗമായി അങ്ങാടി ഹോളി ട്രിനിറ്റി ആശ്രമത്തിൽ നടന്ന കുർബാനയ്ക്കു പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറി യോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. യൂഹാനോൻ മാർ തേവോദോറസ്, ഡോ. ജോഷ്വ മാർ നിക്കോദീമോസ്, ആശ്രമം സുപ്പീരിയർ ഔഗേൻ റമ്പാൻ, കെ.ടി. മാത്യൂസ് റമ്പാൻ, സഖറിയ റമ്പാൻ, അലക്സാണ്ടർ വൈദ്യൻ കോറെപ്പി സ്കോപ്പ എന്നിവർ സഹകാർമികത്വം വഹിച്ചു. മാർ ദിയസ്കോറസ് സ്മാരക വിദ്യാഭ്യാസ അവാർഡ്, ചികിൽസ സഹായം എന്നിവ വിതരണം ചെയ്തു. കബറിങ്കൽ ധൂപപ്രാർഥന, നേർച്ചവിളമ്പ് എന്നിവയോടെ സമാപിച്ചു.