സമാന്തര ഭരണം നിലനിര്‍ത്താനുള്ള ആഹ്വാനം സ്വീകാര്യമല്ല
സമാധാനത്തിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ട് മലങ്കരയിലെ പള്ളികളില്‍ സമാന്തര ഭരണം നിലനിര്‍ത്താനുള്ള ആഹ്വാനം സ്വീകാര്യമല്ല എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. മലങ്കരസഭയില്‍ സമാധാനം സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ പാത്രിയര്‍ക്കീസ് വിഭാഗം ആദ്യം കോടതിവിധി അംഗീകരിക്കുകയാണ് വേണ്ടത്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസില്‍ അത്തരത്തിലൊരു തീരുമാനം ഉണ്ടാകാഞ്ഞത് ഖേദകരമാണ്. പാത്രിയര്‍ക്കീസ് വിഭാഗം തന്നെ ആരംഭിച്ച കോലഞ്ചേരി പള്ളിക്കേസാണ് മറ്റു കോടതിവിധികള്‍ക്കെല്ലാം അടിസ്ഥാനമായിത്തീര്‍ന്നത്. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ അസ്ഥിത്വം തന്നെ അസ്തമിക്കുവാന്‍ ഇത് കാരണമായി. സ്വയം ആരംഭിച്ച വ്യവഹാരത്തിന്റെ അന്തിമവിധിവരുമ്പോള്‍ അത് അനുസരിക്കാന്‍ കൂട്ടാക്കാത്തത് സത്യസന്ധതയുള്ള പൗരന്മാര്‍ക്ക് ചേര്‍ന്നതല്ല.
പള്ളിയിലും സെമിത്തേരിയിലും സമാന്തരഭരണം അനുവദനീയമല്ല എന്നതാണ് കോടതിവിധിയുടെ അന്ത:സത്ത. പരസ്പരം കുര്‍ബാന ഐക്യമുള്ള സഹോദരീ സഭകളായി നിലനില്‍ക്കുന്നതിന് വിരോധമില്ല, എന്നാല്‍ പള്ളികളും സെമിത്തേരിയും യോജിച്ച് ഉപയോഗിക്കുക എന്ന തത്ത്വം സ്വീകരിക്കാനാവില്ല. അങ്ങിനെയെങ്കില്‍ കേസുകള്‍ ആരംഭിക്കേണ്ടിയിരുന്നില്ല. സമാന്തര ഭരണത്തില്‍ നിന്നും ഉണ്ടായ തിക്താനുഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുവാന്‍ ഓര്‍ത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നില്ല.
പൊള്ളയായ ആഹ്വാനങ്ങള്‍ നടത്തി സുപ്രീംകോടി വിധി മറികടക്കുവാനാണ് പാത്രിയര്‍ക്കീസ് വിഭാഗം ശ്രമിക്കുന്നത്. ഒരുവശത്ത് സമാധാനത്തിന് ആഹ്വാനം ചെയ്യുമ്പോള്‍തന്നെ മറുവശത്ത് പള്ളികള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ അവ പൊളിച്ചുകളയുവാന്‍ മേല്‍പ്പട്ടക്കാര്‍ തന്നെ തീവ്രവാദ ആഹ്വാനം ചെയ്യുകയാണ്. അക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ സ്വന്ത വിഭാഗത്തോടുതന്നെ ആഹ്വാനം ചെയ്യാതെ സമാധാനം പ്രസംഗിച്ചതുകൊണ്ട് പ്രയോജനം ഉണ്ടാവുകയില്ല. ദീര്‍ഘനാളത്തെ വ്യവഹാരത്തില്‍ കോടതികള്‍ വീണ്ടും വീണ്ടും പരിഗണിച്ച് തീര്‍പ്പാക്കിയ കാര്യങ്ങള്‍ ഇനിയും ചര്‍ച്ചചെയ്യണമെന്ന വാശി പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയേയുള്ളു. രാജ്യത്തെ പരമോന്നത മദ്ധ്യസ്ഥനായ സുപ്രീംകോടതി പറഞ്ഞിട്ട് അനുസരിക്കാത്തവര്‍ മറ്റ് ഏത് മദ്ധ്യസ്ഥന്റെ തീരുമാനമാണ് അംഗീകരിക്കുവാന്‍ തയ്യാറാവുക എന്നു മനസിലാകുന്നില്ലായെന്ന് മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത കൂട്ടിചേര്‍ത്തു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/latest-news/malankara-church-and-antiochian-church/