Ancient ParishesOVS - Latest News

മുളന്തുരുത്തി പള്ളിയും മലങ്കരസഭയും

മലങ്കരസഭാ ചരിത്രത്തില്‍ മുളന്തുരുത്തി മാര്‍ത്തൊമ്മന്‍ പള്ളി ഇന്ന് അറിയപ്പെടുന്നത് 1876-ലെ പ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്‍റെ പേരിലും ആ പള്ളിയുടെ പുണ്യപുത്രന്‍ പ. പരുമല തിരുമേനിയുടെ പേരിലുമാണ്. പക്ഷേ അതിനേക്കാള്‍ ഉപരി, മലങ്കരസഭാ ചരിത്രത്തില്‍ സവിശേഷമായ ഒരു സ്ഥാനമുണ്ട് ഒരു സഹസ്രാബ്ദകാലത്തെ പാരമ്പര്യമുള്ള മുളന്തുരുത്തിപള്ളിക്ക്.

പള്ളി ചരിത്രം അനുസരിച്ച് ക്രിസ്തുവര്‍ഷം 1225-ലാണ് മുളന്തുരുത്തി മാര്‍ത്തൊമ്മന്‍ പള്ളി സ്ഥാപിതമാകുന്നത്. പ. മാര്‍ത്തോമ്മശ്ലീഹാ കേരളത്തില്‍ അന്നത്തെ അന്തര്‍ദേശീയ തുറമുഖങ്ങളില്‍ സ്ഥാപിച്ച ക്രൈസ്തവമാര്‍ഗ്ഗം തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ കേരളത്തില്‍ വ്യാപിച്ചത് വ്യാപാരവുമായി ബന്ധപ്പെട്ടാണ്. അത്തരം വ്യാപനമാകട്ടെ കരമാര്‍ഗ്ഗവും ജലമാര്‍ഗ്ഗവുമുള്ള വ്യാപാര പാതകളുമായി ബന്ധപ്പെട്ടു കിടന്നിരുന്നു. ഇതില്‍ കേരളത്തിന്‍റെ മാറിമറിയുന്ന രാഷ്ട്രീയ ഭൂപടവും ഒരു ഘടകമായിരുന്നു. മുളന്തുരുത്തി പള്ളിയുടെ സ്ഥാപനത്തിനു തൊട്ടുമുമ്പുള്ള കാലത്താണ് പെരുമാള്‍ഭരണം അവസാനിച്ച് കേരളം ഛിന്നഭിന്നമാകുന്നത്. അക്കാലത്ത് രൂപംകൊണ്ട നാട്ടുരാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തിന്‍റെ വ്യാപാരാഭിവൃദ്ധി ലക്ഷ്യമാക്കി കേരളസമൂഹത്തില്‍ വൈശ്യധര്‍മ്മം അനുഷ്ടിച്ചിരുന്ന നസ്രാണികളെ പ്രോല്‍സാഹിപ്പിച്ച് പുതിയ അങ്ങാടികളും, സ്വാഭാവികമായി അവയുടെ കേന്ദ്രബിന്ദു ആകുന്ന പള്ളികളും സ്ഥാപിച്ചു കൊടുക്കാന്‍ മത്സരിച്ചിരുന്നു.

കൊച്ചി രാജ്യത്തിന്‍റെ അതിര്‍ത്തി എന്ന ഭൂമിശാസ്ത്രപരമായ സ്ഥാനവും, കോലഞ്ചേരി കടവ് നല്‍കുന്ന ജലഗതാഗത സൗകര്യവും, കുരുമുളക് ഉത്പാദന കേന്ദ്രങ്ങളിലേയ്ക്കു നീളുന്ന അനേക വാണിജ്യ പാതകളും മുളന്തുരുത്തിയെ ഒരു വ്യാപാരകേന്ദ്രമാക്കുന്നതിന് അനുയോജ്യമായിരുന്നു. വാണിജ്യത്തില്‍നിന്നും ഉത്ഭൂതമാകുന്ന നികുതിപ്പണത്തില്‍ കണ്ണുവെക്കുന്ന ഏതൊരു ഭരണാധികാരിയ്ക്കും അന്ന് മുളന്തുരുത്തിയെ അവഗണിക്കാനാവുമായിരുന്നില്ല. അപ്പോഴേയ്ക്കും കേരളത്തില്‍ നിലവില്‍വന്ന നമ്പൂതിരി-കേന്ദ്രീകൃതമായ ജാതിവ്യവസ്ഥയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് നസ്രാണിക്കല്ലാതെ മറ്റൊരു ജാതിക്കും വ്യാപാരം നടത്തുക എന്നത് അസാദ്ധ്യമായിരുന്നു. ചുരുക്കത്തില്‍ സ്വന്തം രാജ്യത്തിന്‍റെ വ്യാപാരവികസനം കാംക്ഷിക്കുന്ന ഒരു നാട്ടുരാജാവിനും നസ്രാണിയെ പ്രോല്‍സാഹിപ്പിക്കുക അല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ മുളന്തുരുത്തി ഒരു നസ്രാണി ആവാസ കേന്ദ്രമാകാനും ഒരു പള്ളി സ്ഥാപിക്കപ്പെടാനും മറ്റു കാരണങ്ങള്‍ തേടേണ്ടതില്ല. സ്ഥാപനകാലം മുതല്‍ ഉദയംപേരൂര്‍ സുന്നഹദോസ് വരെയുള്ള കാലത്തെ മുളന്തുരുത്തിപ്പള്ളിയുടെ ചരിത്രം അജ്ഞാതമാണ്. പക്ഷേ ഇക്കാലത്ത് മുളന്തുരുത്തി അങ്ങാടിയും സ്വാഭാവികമായി പള്ളിയും സാമ്പത്തികമായും സാമൂഹ്യമായും വളരുകയായിരുന്നുവെന്ന് പില്‍ക്കാലചരിത്രം സൂചന നല്‍കുന്നുണ്ട്.

മലങ്കര നസ്രാണികളെ റോമന്‍ കത്തോലിക്കാ അടിമത്വത്തിലാക്കിയ 1599-ലെ കുപ്രസിദ്ധമായ ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ സൂത്രധാരകനായ ഗോവയിലെ പോര്‍ട്ടുഗീസ് ഗവര്‍ണറും റോമന്‍ കത്തോലിക്കാ ആര്‍ച്ചുബിഷപ്പുമായ അലക്‌സീസ് ഡി മെനേസിസിന്‍റെ ചരിത്രകാരനായ അന്റോണിയോ ഗുവയോ തന്‍റെ ജോര്‍ണാഡാ എന്ന ഗ്രന്ഥത്തില്‍ മെനേസിന്‍റെ ആഗമനകാലത്തെ മുളന്തുരുത്തിപ്പള്ളിയേപ്പറ്റി വിവിധ പരാമര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. തങ്ങളുടെ പൂര്‍വിക ക്രൈസ്തവികതയായ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം പരിരക്ഷിക്കാന്‍ നസ്രാണികള്‍ ഏതറ്റംവരയും പോകുമെന്നു പരാമര്‍ശിക്കുന്ന ഗുവയാ, റോമന്‍ കത്തോലിക്കാ ക്രമം അനുസരിച്ച് കുര്‍ബാന ചൊല്ലിയ ഒരു പട്ടക്കാരനെ മുളന്തുരുത്തിക്കാര്‍ വധിക്കാന്‍ ശ്രമിച്ചന്നും മന്നറിവു കിട്ടിയതിനാല്‍ മാത്രം അദ്ദേഹം രക്ഷപെട്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. (Pius Malekandathel, Jornada, Kochi, LRC Publications, 2003, p 57)

പക്ഷേ മെനേസീസിന്‍റെ തങ്കക്കാശുവെച്ച കൊഴുക്കട്ട മുളന്തുരുത്തിയില്‍ ആരെയൊക്കയോ സ്വാധിനിച്ചെന്നാണ് ഗുവയായുടെ പില്‍ക്കാല വിവരണം സൂചിപ്പിക്കുന്നത്. ജോര്‍ണാഡോയിലെ വിവരണപ്രകാരം മെനേസിസിന്‍റെ മലങ്കര ജൈത്രയാത്രക്കാലത്ത് നസ്രാണികളുടെ പ്രമുഖ കേന്ദ്രമായ മുളന്തുരുത്തിയില്‍ അദ്ദേഹത്തിനു ആഘോഷമായ സ്വീകരണം ലഭിച്ചത്രെ! മുളന്തുരുത്തിയില്‍ മെനേസിസ് മെത്രാനടുത്ത എല്ലാ വൈദീക കര്‍മ്മങ്ങളും നടത്തുകയും റോമന്‍ കത്തോലിക്കാ സഭയോടുള്ള വിധേയത്വത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി പ്രസംഗിക്കുകയും കുറേപ്പേര്‍ക്ക് ആദ്യത്തെ ഒപ്പ്രുശ്മാ (Confirmation) നല്‍കുകയും ചെയ്തു. പക്ഷേ ആരോ നല്‍കിയ ഈ സ്വീകരണത്തിനു മുളന്തുരുത്തിയിലെ നസ്രാണികള്‍ പിന്നീട് വലിയ വില നല്‍കേണ്ടിവന്നു. ഈ സംഭവവികാസങ്ങളേക്കുറിച്ചു പരാതി ലഭിച്ച മലങ്കര നസ്രാണികളുടെ ജാതിക്കു തലവനായ അര്‍ക്കദിയോക്കന്‍ തുടര്‍ന്നു മുളന്തുരുത്തി സന്ദര്‍ശിക്കുകയും വിവരം കൊച്ചി രാജാവിനെ അറിയിക്കുകയും ചെയ്തു. കൊച്ചി രാജാവിനു തന്‍റെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഈ നടപടി തികച്ചും പ്രതിഷേധാര്‍ഹമായിരുന്നു. അതോടെ കൊച്ചി രാജാവിന്‍റെ പ്രജകളെ പോര്‍ട്ടുഗീസ് രാജാവിന്‍റെ പ്രജകളാക്കിയതിനു മുളന്തുരുത്തിയിലെ നസ്രാണികള്‍ക്ക് ഭീമമായ ഒരു പുതിയ നികുതി കൊച്ചി രാജാവ് ഏര്‍പ്പെടുത്തി. ജോര്‍ണാഡോയുടെ രചനാ കാലത്ത് ഈ നികുതി പിന്‍വലിച്ചില്ലായെന്നും ഗുവയാ രാഖപ്പെടുത്തുന്നു. (Jornada, pp 156 – 7) മാത്രമല്ല, ആര്‍ച്ച് ബിഷപ്പിനെ സ്വീകരിച്ചവരില്‍ പ്രമുഖരെ കൊച്ചി രാജാവ് തടവിലാക്കുകയും ചെയ്തിരുന്നു.

ഉദയംപേരൂര്‍ സുന്നഹദോസിനുമുമ്പ് മെനേസീസ് വീണ്ടും മുളന്തുരുത്തി സന്ദര്‍ശിച്ചു. അപ്പോഴേയ്ക്കും മെനേസിസന്‍റെ രാഷ്ട്രീയ തന്ത്രങ്ങള്‍ കുറെയൊക്കെ മുളന്തുരുത്തിയിലും ഫലവത്തായിരുന്നു. പക്ഷേ അര്‍ക്കദിയാക്കോന്‍റെ എതിര്‍പ്പും കൊച്ചി രാജാവിന്‍റെ ശക്തിയുംമൂലം മെനേസിസിന്‍റെ സന്ദര്‍ശന സമയത്ത് മുളന്തുരുത്തിക്കാര്‍ പള്ളി അടച്ചിട്ടു. പുതിയ നികുതിയോടുള്ള ഭീതിമൂലം ആര്‍ച്ചുബിഷപ്പിനെ കാണാനോ യാത്രയാക്കാന്‍ എത്താനോ മുളന്തുരുത്തിക്കാര്‍ തയാറായില്ല എന്നു ഗുവയോ രേഖപ്പെടുത്തുന്നു. കൊച്ചി രാജാവും ഇതര നാട്ടുരാജാക്കന്മാരും നസ്രാണികള്‍ റോമന്‍ കത്തോലിക്കാ സഭയില്‍ ചേരുന്നതിനെ ഭയപ്പെട്ടിരുന്നു എന്നും, അതോടെ തങ്ങളോട് വിധേയത്വമുള്ള 50,000-ത്തോളം ഭടന്മാര്‍ ആര്‍ച്ചുബിഷപ്പിനു വിധേയരായി തങ്ങള്‍ക്കു നഷ്ടപ്പെടുമെന്നും അവര്‍ ഭയന്നിരുന്നത്രെ. ആത്യന്തികമായി നസ്രാണികള്‍ പോര്‍ട്ടുഗീസ് രാജാവിന്‍റെയും വൈസ്രോയിയുടേയും ആര്‍ച്ച്ബിഷപ്പിന്‍റെയും നിയന്ത്രണത്തിലാകുമെന്നും അവര്‍ ഭയപ്പെട്ടു.

തന്‍റെ എതിര്‍പ്പു കൊച്ചി രാജാവ് തുറന്നു പ്രകടിപ്പിച്ചെങ്കിലും പോര്‍ട്ടുഗീസുകാരുമായി കൊച്ചി തുറമുഖംവഴിയുള്ള വ്യാപാരത്തില്‍നിന്നും ലഭിക്കുന്ന ഭീമമായ ചുങ്കം നഷ്ടപ്പെടുമെന്നതില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് കൊച്ചിയിലെ സര്‍വാധികാര്യക്കാര്‍ മുളന്തുരുത്തിയില്‍ തന്നെ സന്ദര്‍ശിക്കാന്‍ മെനേസിസ് നിര്‍ബന്ധിതനാക്കി. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം സര്‍വാധികാര്യക്കാര്‍ മുളന്തുരുത്തിക്കാരോട് ആര്‍ച്ച് ബിഷപ്പിനെ അനുസരിക്കാന്‍ പരസ്യമായി കല്പന പുറപ്പെടുവിച്ചു. അതേ സമയംതന്നെ രഹസ്യമായി തങ്ങളുടെ പൂര്‍വിക പാരമ്പര്യങ്ങളും വിധേയത്വവും പിന്തുടാരാന്‍ മുളന്തുരുത്തിയിലെ നസ്രാണികളെ അദ്ദേഹം ഉപദേശിയ്ക്കുകയും ചെയ്തു. ഇതിനേത്തുടര്‍ന്ന് മെനേസിസിന്‍റെ വിജയഗാഥ ഗുവയാ വിവരിക്കുന്നുണ്ടെങ്കിലും അത്ര സന്തോഷപദമായി അല്ല മെനേസിസ് മുളന്തുരുത്തി വിട്ടതെന്ന് വരികള്‍ക്കിടയില്‍ വായിച്ചാല്‍ മനസിലാകും. മാത്രമല്ല, സമീപവാസികളായ നായര്‍ യോദ്ധാക്കള്‍ സംഘടിച്ച് പള്ളിവിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. (Jornada, pp 199 – 203,205, 207) വിജയശ്രീലാളിതനായ ഉദയംപേരൂര്‍ സുന്നഹദോസിനു ശേഷവും മെനേസീസിനു മുളന്തുരുത്തിക്കാരോടുള്ള കലി അടങ്ങിയില്ല. (Jornada, p 223) ഉദയംപേരൂര്‍ സുന്നഹദോസിനു ശേഷം മെനേസിസ് വീണ്ടും മുളന്തുരുത്തി സന്ദര്‍ശിച്ചു. (Jornada, pp 344 – 5)

എന്നാല്‍ യൂറോപ്യര്‍ക്കെതിരെ ഇന്ത്യയിലെ പ്രഥമ സ്വാതന്ത്ര്യ സമരമായ 1653-ലെ ഐതിഹാസികമായ കൂനന്‍കുരിശു സത്യത്തിലോ തുടര്‍കാലത്തൊ മുളന്തുരുത്തിയെ സ്വാധീനിക്കാന്‍ റോമന്‍ കത്തോലിക്കര്‍ക്കായില്ല. 1663-ല്‍ പറമ്പില്‍ ചാണ്ടിയുടെ ചതിമൂലം രൂപംകൊണ്ട സുറിയാനി – കത്തോലിക്കാ വിഭാഗത്തിനു മുളന്തുരുത്തിപ്പള്ളി കൈവശപ്പെടുത്താനോ ഭാഗികമാങ്കെിലും സ്വാധീനിക്കാനോ സാധിച്ചില്ല എന്നതു തന്നെ അതിനു തെളിവ്. അവര്‍ മാര്‍തോമ്മാ ഒന്നാമന്‍ എന്നപേരില്‍ എപ്പിസ്‌കോപ്പാ സ്ഥാനത്തേയ്ക്കു ഉയര്‍ത്തപ്പെട്ട തങ്ങളുടെ ജാതിക്കുതലവന്‍റെ പിന്നില്‍ ഉറച്ചുനിന്നു. ഒരു പടികൂടെ കടന്ന് അദ്ദേഹത്തിന്‍റെയും അദ്ദേഹത്തിന്‍റെ വലംകൈ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരുടേയും ജീവന്‍ രക്ഷിക്കാന്‍ പ്രാണത്യാഗത്തിനുപോലും മുളന്തുരുത്തിയിലെ നസ്രാണികള്‍ തയാറായി.

സംഭവം ഇങ്ങനെയാണ്. കൂനന്‍കുരിശു സത്യം അടിച്ചമര്‍ത്താന്‍ റോമില്‍നിന്നും നിയോഗിതനായ ബിഷപ്പ് ജോസഫ് സെബസ്ത്യാനി അതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗമായി കണ്ടത് വിപ്ലവ നായകന്മാരായ മാര്‍തോമ്മാ ഒന്നാമനേയും ഇട്ടിത്തൊമ്മന്‍ കത്തനാരെയും പിടികൂടി ഗോവയ്ക്ക് അയയ്ക്കുക എന്നതായിരുന്നു. അവര്‍ ഇരുവരും ഇന്‍ക്വസിഷന്‍ കോടതിവഴി തീയില്‍ പൊരിയുന്നതോടെ വിപ്ലവം ശമിക്കും എന്നായിരുന്നു സെബസ്ത്യാനിയുടെ കണക്കുകൂട്ടല്‍. തുടര്‍ന്ന് കൊച്ചി രാജകുടുംബത്തിലെ ഗോദവര്‍മ്മന്‍റെ പൂര്‍ണ്ണ സഹകരണത്തോടെ ഇരുവരെയും പിടികൂടുവാന്‍ ശ്രമമാരംഭിച്ചു. മാര്‍തോമ്മാ ഒന്നാമനേും ഇട്ടിത്തൊമ്മന്‍ കത്തനാരും പ്രാണനുവേണ്ടിയുള്ള പാലായനവും ആരംഭിച്ചു. അങ്ങിനെ ഒരിക്കല്‍ ഇരുവരും മുളന്തുരുത്തി പള്ളിയിലെത്തി. ഇതറിഞ്ഞ സെബസ്ത്യാനി പ്രഭൃതികള്‍ കൊച്ചി പടയുടെ സഹായത്തോടെ പള്ളി വളഞ്ഞു. ഇരുവരെയും ഇറക്കിവിടാന്‍ ആവശ്യപ്പെട്ടെങ്കിലും മുളന്തുരുത്തിക്കാര്‍ അതിനു വിസമ്മതിച്ചു. തുടര്‍ന്നു നടന്ന സംഭവങ്ങള്‍ മഹാചരിത്രകാരനായ ഇസഡ്. എം. പാറേട്ട് (മലങ്കര നസ്രാണികള്‍ വാല്യം രണ്ട്) വിവരിക്കുന്നത് ഇപ്രകാരമാണ്.

”…മുളന്തുരുത്തി പള്ളിയില്‍ താമസിച്ചിരുന്ന മാര്‍ തോമ്മായെ പിടിച്ചെടുക്കാന്‍ ഗോദവര്‍മ്മരാജകുമാരന്‍റെയും നായര്‍പടയുടെയും സഹായത്തോടു കൂട പറങ്കികള്‍ ഒരു ശ്രമം നടത്തി. മെത്രാന്‍ താമസിച്ചിരുന്ന കെട്ടിടം പട്ടാളക്കാര്‍ വളഞ്ഞു. പക്ഷേ, മാര്‍ തോമ്മായും അദ്ദേഹത്തിന്‍റെ പ്രധാന ഉപദേഷ്ടാവായിരുന്ന ഇട്ടിതൊമ്മന്‍ കത്തനാരും രക്ഷപ്പെട്ടു. പള്ളിയില്‍ കര്‍മ്മത്തില്‍ സംബന്ധിക്കുന്നതിനു ചെന്ന, താടിമീശയുള്ള രണ്ടു നസ്രാണികള്‍ അവരുടെ മുണ്ടും കുറിയമുണ്ടും മെത്രാനും കത്തനാര്‍ക്കും കൊടുത്ത് അവരെ രക്ഷപ്പെടുത്തിയശേഷം കുപ്പായം ധരിച്ച് മെത്രാനും കത്തനാരുമായി പള്ളിമേടയില്‍ ഇരുപ്പറപ്പച്ചു. ഗോദവര്‍മ്മയുടെ നായര്‍പട്ടാളക്കാരും പറങ്കികളും ആ സമുദായാഭിമാനികളെ കഠിനമായി ദേഹോപദ്രവം ചെയ്തു എങ്കിലും, മെത്രാന്‍ രക്ഷപാപിച്ചതില്‍ അവര്‍ സന്തോഷിച്ചു.

മാര്‍ തോമ്മാ മെത്രാന്‍ രക്ഷപ്പെട്ടു എങ്കിലും അദ്ദേഹത്തിന്‍റെ അംശവടിയും അംശവസ്ത്രങ്ങളും പല്ലക്കും മറ്റും മുളന്തുരുത്തില്‍ ഉണ്ടെന്നറിഞ്ഞ് അവ എല്ലാം ഉടന്‍തന്നെ കൈവശപ്പെടുത്തി ഉദയമ്പേരൂര്‍ എത്തിക്കണമെന്ന് സെബസ്ത്യാനി ആവശ്യപ്പെട്ടു. പറങ്കികളും, നായര്‍ പട്ടാളത്തോടുകൂടെ ഗോദവര്‍മ്മയും ചെന്നപ്പോള്‍” വിശുദ്ധവസ്ത്രങ്ങളും മറ്റും വേണമെങ്കില്‍ ബിഷപ്പ് സെബസ്ത്യാനി തന്നെ വന്ന് എടുത്തുകൊണ്ടുപോകാന്‍, കൊച്ചി രാജകുടുംബത്തിലെ ഒരു തമ്പുരാന്‍ വന്നതുകൊണ്ട് ഞങ്ങള്‍ സമ്മതിക്കാം” എന്ന് മുളന്തുരുത്തി നസ്രാണികള്‍ അറിയിച്ചു.

പറങ്കിപ്പടയും നായര്‍പ്പടയും അകമ്പടി സേവിക്കാന്‍ ഏര്‍പ്പാടുചെയ്ത്, സെബസ്ത്യാനി മുളന്തുരുത്തില്‍ ചെന്ന് മാര്‍ തോമ്മായുടെ വക സാധനങ്ങള്‍ എടുപ്പിച്ചുകൊണ്ട് ഉദയമ്പേരൂര്‍ എത്തി. സ്വര്‍ണ്ണവും വെള്ളിയും ഉരുപ്പടികള്‍ കൈ അടക്കുകയും, പല്ലക്ക്, അംശവസ്ത്രങ്ങള്‍, വിശുദ്ധതൈലം, ഗ്രന്ഥങ്ങള്‍ ഇവ എല്ലാം ആഴിയില്‍ ദഹിപ്പിക്കുകയും ചെയ്തു. ശത്രുവിനെ ആ വിധം ദഹിപ്പിക്കാന്‍ കഴിയാഞ്ഞതില്‍ ദുഃഖം ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന്‍റെ പല്ലക്കും കുപ്പായങ്ങളും ദഹിച്ചു ചാമ്പലാകുന്നതു കണ്ട് സെബസ്ത്യാനി ആനന്ദിച്ചു. അതു കണ്ടവര്‍ പറഞ്ഞു അത്രേ ”മെത്രാനിരുന്ന തണ്ടോടിത്രയെങ്കില്‍ മെത്രാനോട് എത്ര’‘ എന്ന്!…”

ജസ്യൂട്ട് ചരിത്രകാരനായ ഫെറോളി ഈ സംഭവം ”… അനന്തരം (മാര്‍തോമ്മാ രക്ഷപെട്ടശഷം) മുളന്തുരുത്തി പള്ളി പൂട്ടണം എന്ന് അര്‍ക്കദിയാക്കോന്‍റെ സാമാനങ്ങള്‍ ബന്തോവസ്സില്‍ വയ്ക്കണമെന്നും കൊമ്മിസറി മെത്രാന്‍ സെബാസ്താനി അറിയിച്ചു ….. മുടിയും വഴിയും ഒഴികെ അര്‍ക്കദിയാക്കോന്‍റെ മറ്റെല്ലാ സാധനങ്ങളും കണ്ടു കിട്ടി. വിലപിടിച്ച സാമാനങ്ങളൊക്കെയും ഗോദവര്‍മ്മനും…… എടുത്തു…” എന്നു ശരിവയ്ക്കുന്നുണ്ട്.

1665-ല്‍ യേറുശലേമിലെ സുറിയാനി പാത്രിയര്‍ക്കീസ് മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ ജലീദ് കേരളത്തിലെത്തിയതോടെ മലങ്കരയുടെ അന്ത്യോഖ്യാ ബന്ധം ആരംഭിച്ചു. ഇതിനെത്തുടര്‍ന്ന് 1678-ല്‍ മാര്‍ അന്ത്രയോസ് എന്നൊരു സുറിയാനി മെത്രാന്‍ കേരളത്തിലെത്തി. 1692 ഫെബ്രുവരി 26-നു കാലം ചെയ്ത് കല്ലട പള്ളിയില്‍ കബറടങ്ങിയ ഇദ്ദേഹം തന്‍റെ കേരളവാസത്തിന്‍റെ ആദ്യകാലം ചിലവഴിച്ചത് മുളന്തുരുത്തി പള്ളിയിലാണ്.

1684-ല്‍ കേരളത്തിലെത്തി പതിമൂന്നാം ദിവസം കാലംചെയ്ത് കോതമംഗലത്ത് കബറടങ്ങിയ പ. ബസേലിയോസ് യല്‍ദോ മഫ്രിയാനായുടെ സഹയാത്രകനായിരുന്നു മാര്‍ ഈവാനിയോസ് ഹദിയള്ള എപ്പിസ്‌ക്കോപ്പാ. ഇതഃപര്യന്തം കേരളത്തില്‍ കാല്‍കുത്തിയ അന്ത്യോഖ്യന്‍ മേല്പട്ടക്കാരില്‍ പണ്ഡിതന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ഏകവ്യക്തിയാണ് സൗമ്യനായ മാര്‍ ഈവാനിയോസ് ഹദിയള്ള. മാര്‍ത്തോമ്മാ ദ്വിതീയന്‍റെ ആകസ്മിക നിര്യാണത്തിനുശേഷം 1686-ല്‍ അദ്ദേഹം ചെങ്ങന്നൂര്‍ ഒരു മലങ്കരപള്ളിയോഗം വിളിച്ചുകൂട്ടുകയും നെസ്‌തോറിയന്‍, റോമന്‍ കത്തോലിക്കാ ബാന്ധവത്തിലൂടെ പങ്കിലമാക്കപ്പെട്ട നസ്രാണികളുടെ അപ്പോസ്ഥോലിക വിശ്വാസം പുനഃസ്ഥാപിക്കുകയും ചെയ്തു.

അലക്‌സാണ്ഡ്രിയന്‍ വേദശാസ്ത്രവും അഞ്ച് അടിസ്ഥാന വിശ്വാസ സത്യങ്ങളും മലങ്കര നസ്രാണികള്‍ ചെങ്ങന്നൂര്‍ സുന്നഹദോസില്‍ സ്ഥിരപ്പെടുത്തി. ഇന്നും മലങ്കരസഭയുടെ ഓര്‍ത്തഡോക്‌സി അടിസ്ഥാനപ്പെട്ടിരിക്കുന്നത് ചെങ്ങന്നൂര്‍ സുന്നഹദോസ് നിശ്ചയങ്ങളിലാണ്. മാര്‍ ഈവാനിയോസ് ഹദിയള്ള തന്‍റെ അവസാനകാലം ചിലവഴിച്ചതും 1693 ആഗസ്റ്റ് 13 -നു കാലം ചെയ്ത് കബറടങ്ങിയതും മുളന്തുരുത്തി പള്ളിയിലാണ്. തെക്കെ കബറുങ്കല്‍ ബാവാ എന്ന് മുളന്തുരുത്തിയില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തെപ്പറ്റി 1734-ല്‍ മുളന്തുരുത്തിയില്‍ വച്ച് എഴുതപ്പെട്ട ഒരു സുറിയാനി ഗ്രന്ഥത്തിലെ … കൊല്ല (വര്‍ഷം) 740-ല്‍ മാര്‍ അബ്രഹാം മെത്രാപ്പോലീത്താ വന്നു. പാഷാണ്ഡരായ പറുങ്കികള്‍ അദ്ദേഹം മരിച്ചശേഷം സുറിയാനിക്കാരുടെ നടപ്പുമാറ്റി. നോമ്പുകളും കുര്‍ബ്ബാനയും തിരുനാളുകളും. ഇവയുടെ ശേഷം കൊല്ലവര്‍ഷം 861-ല്‍ മാര്‍ ഈവാനിയോസ് അപ്പസ്‌കോപ്പാ മെത്രാപ്പോലീത്തായുടെ നാളുകളില്‍, സത്യവിശ്വാസികളായ സുറിയാനിക്കാരുടെ നടപ്പു വീണ്ടും മുമ്പിലത്തേതുപോലെ തുടങ്ങി. കുര്‍ബ്ബാനയും നോമ്പും തിരുനാളുകളും… ഈ മാര്‍ ഈവാനിയോസ് മുളന്തുരുത്തിയില്‍ കബറടങ്ങി. ഈ മാര്‍ ഈവാനിയോസ് രണ്ടാമത്തെ പ. മാര്‍ത്തോമ്മാ ശ്ലീഹായാണ്… എന്ന പരാമര്‍ശനം അക്ഷരംപ്രതി ശരിയാണ്.

അരനൂറ്റാണ്ടിനു ശേഷം 1748-ലാണ് അടുത്ത അന്ത്യോഖ്യന്‍ മെത്രാന്‍ ഈവാനിയോസ് അരക്ചാഞ്ചി എപ്പിസ്ക്കോപ്പാ കേരളത്തിലെത്തുന്നത്. ഇദ്ദേഹം മുളന്തുരുത്തിപ്പള്ളിയില്‍ താമസമാക്കുകയും വൈദീക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്‍റെ ശിഷ്യനായിരുന്നു തൊഴിയൂര്‍ സഭാ (പിന്നീട് മലബാര്‍ സ്വതന്ത്ര സുറിയാനി സഭ) സ്ഥാപകനായ കാട്ടുമങ്ങാട്ട് എബ്രഹാം മാര്‍ കൂറിലോസ്. റോമന്‍ കത്തോലിക്കാ രേഖകളില്‍ വിഗ്രഹഭംജ്ഞകനായ ഈവാനിയോസ് എന്നറിയപ്പെടുന്ന 1750-ല്‍ സര്‍ക്കാര്‍ ഇടപെട്ട് നാടുകടത്തി. 1750-ല്‍ ബസേലിയോസ് ശക്രള്ളാ മഫ്രിയാനയോടൊപ്പം കേരളത്തിലെത്തിയ മാര്‍ ഗ്രീഗോറിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്താ തന്‍റെ അന്ത്യകാലം ചിലവഴിച്ചതും മരിച്ച് കബറടക്കപ്പെട്ടതും മുളന്തുരുത്തി പള്ളിയിലാണ്. മാര്‍ ഗ്രീഗോറിയോസാണ് മുളന്തുരുത്തി ഇടവകക്കാരനായ കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ മാര്‍ കൂറിലോസ് എന്ന പേരില്‍ ഏകപക്ഷീയമായി വാഴിച്ചത്. തിരുവിതാംകൂറില്‍നിന്നും കൊച്ചിയില്‍നിന്നും നാടുകടത്തപ്പെട്ട മാര്‍ കൂറിലോസ് ബ്രിട്ടീഷ് മലബാറിലെ തൊഴിയൂരില്‍ പിന്നീട് ഒരു പള്ളി സ്ഥാപിച്ച് താമസമാക്കി.

മലങ്കരസഭാദ്ധ്യക്ഷന്മാരായ മാര്‍ത്തോമ്മാ അഞ്ചാമനേയോ പിന്‍ഗാമിയായ വലിയ മാര്‍ ദീവന്നാസ്യോസ് എന്ന മാര്‍ത്തോമ്മാ ആറാമനേയോ സ്ഥാനഭ്രഷ്ടരാക്കുകയോ കീഴ്‌പ്പെടുത്തുകയോ ചെയ്ത് മലങ്കരസഭാ ഭരണം കരഗതമാക്കമെന്ന വ്യാമോഹം അസാദ്ധ്യമായ സാഹചര്യത്തില്‍ ബദല്‍ ഭരണസംവിധാനം രൂപപ്പെടുത്തി സഭയില്‍ ഭിന്നത ഉണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് മാര്‍ ഗ്രീഗോറിയോസ് യൂഹാനോന്‍ കാട്ടുമങ്ങാട്ട് റമ്പാനെ മെത്രാനാക്കിയത്. പക്ഷേ തന്ത്രം പരാജയപ്പെട്ടു. കാട്ടുമങ്ങാട്ട് മാര്‍ കൂറിലോസ് രാജ്യഭ്രഷ്ടനായി. എങ്കിലും പിന്നീട് ആ തായ്‌വഴി നസ്രാണികള്‍ക്ക് ഉപകാരപ്രദമായി എന്നതാണ് യാഥാര്‍ഥ്യം. പത്തൊമ്പതാം നൂറ്റാണ്ടില്‍ മലങ്കരയില്‍ പട്ടത്വ പ്രതിസന്ധി ഉണ്ടായപ്പോള്‍ മാര്‍ എബ്രഹാം കൂറിലോസിന്‍റെ നാലാമത്തെ പിന്‍ഗാമി കിടങ്ങന്‍ മാര്‍ പീലക്‌സീനോസ് രണ്ടു പ്രാവശ്യം മലങ്കര മെത്രാന്‍സ്ഥാനം വഹിക്കുകയും മൂന്നു മലങ്കര മെത്രാന്മാരെ വാഴിക്കുകയും ചെയ്തു സഭയുടെ രക്ഷകനായി. 1846-ല്‍ മലങ്കരയിലെത്തുകയും മലങ്കര മെത്രാന്‍ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു പരാജയപ്പെടുകയും ചെയ്ത അന്ത്യോഖ്യന്‍ മെത്രാനാണ് മാര്‍ യൂയാക്കിം കറിലോസ് 1875-ല്‍ അദ്ദേഹം മരിക്കുന്നതുവരെയുള്ള കാലത്തില്‍ സിംഹഭാഗവും ചിലവഴിച്ചത് മുളന്തുരുത്തി പള്ളിയിലാണ്. വലിയോരു ശിഷ്യസമ്പത്തിനുടമയായിരുന്ന മാര്‍ കൂറിലോസിന്‍റെ ശിഷ്യരില്‍ പ്രമുഖനാണ് പ. പരുമല തിരുമേനി.

മുളന്തുരുത്തി പള്ളിയുടെ എക്കാലത്തെയും ഉത്തമ സന്താനമാണ് പ. പരുമല തിരുമേനി എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. മുളന്തുരുത്തി പള്ളിയിലെ ഇടവക പട്ടക്കാരനായി വൈദീകവൃത്തി ആരംഭിച്ച പ. പരുമല തിരുമേനി പിന്നീട് നിരണം, കൊല്ലം, തുമ്പമണ്‍ ഇടവകകളുടെ മെത്രാപ്പോലീത്തായും അതിനേക്കാള്‍ ഉപരി, അസിസ്റ്റന്റ് മലങ്കര മെത്രാപ്പോലീത്തായുമായി. ഈ ഭരണപരമായ സ്ഥാനങ്ങളെ ഒക്കെ നിഷ്പ്രഭമാക്കി ഇന്ത്യന്‍ വംശജരില്‍ നിന്നും ക്രൈസ്ത പരിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട പ. പരുമല തിരുമേനി ഇന്നു ജനലക്ഷങ്ങളുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനാണ് എന്ന വസ്തുതയാണ് മുളന്തുരുത്തിക്കാരെ അഭിമാന പുളകിതരാക്കേണ്ടത്.

പില്‍ക്കാലത്ത് പൊതുസ്ഥാപനമായി സഭയ്ക്ക് മുളന്തുരുത്തി പള്ളിക്കാര്‍ വിട്ടുകൊടുത്ത തങ്ങളുടെ കുരിശുപള്ളിയായ വെട്ടക്കല്‍ ദയറായില്‍ കരുപ്പിടിപ്പിച്ച തപഃഛര്യയാണ് ചാത്തുരുത്തില്‍ കോറി ഗീവറുഗീസ് കത്തനാരെ പിന്നീട് പരിശുദ്ധ പരുമല തിരുമേനിയാക്കിയത്. ആ അവസ്ഥാന്തരത്തിനു ഹേതുവായത് ചാത്തുരുത്തില്‍ കത്തനാരിലെ ദൈവാഭിമുഖ്യം തിരിച്ചറിഞ്ഞു അദ്ദേഹത്തെ റമ്പാന്‍ സ്ഥാനത്തേക്കുയര്‍ത്തിയ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമനാണ്. 1872 ഏപ്രില്‍ 7 ഞായറാഴ്ച നടന്ന ആ സംഭവത്തെപ്പറ്റി സമകാലികനും സമീപസ്ഥമായ കണ്ടനാട് ഇടവകാംഗവുമായ കാരോട്ട്‌വീട്ടില്‍ മാര്‍ ശെമവോന്‍ ദീവന്നാസ്യോസിന്‍റെ വിവരണവും, ഈ സ്ഥാനദാനത്തെപ്പറ്റിയുള്ള മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍റെ കല്പനയും ശ്രദ്ധേയമാണ്.

‘മിശീഹാകാലം 1872 മീനമാസം 26-ാം തീയതിക്ക കൊല്ലവരുഷം 1047 മാണ്ട മീനമാസം 27-നു ഞായറാഴ്ച മുളന്തുരുത്തി പള്ളിയില്‍ വച്ച പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസു മെത്രാപ്പൗലീത്താ – കണ്ടനാട്ടു പള്ളിപുറത്തുകാരന്‍ കല്ലറക്കല്‍ എന്നും മുളംന്തുരുത്തില്‍ കരവുള്ളില്‍ എന്നും പള്ളതട്ടെല്‍ എന്നും തറവാട്ടുപെരും സാധാരണ ആയി ചാത്തുരുത്തില്‍ എന്നു വിളിച്ചുവരുന്ന – കൊറി – ഗീവറുഗ്ഗീസു കത്തനാര്‍ക്കു റമ്പത്വം കൊടുത്തു. ഈ സ്ഥാനം കൊടുത്തത അദ്ദെഹത്തിന്‍റെ പൂര്‍ണ്ണമനസ്സാലുള്ള ആഗ്രഹത്തിന്‍ പെരില്‍ മെത്രപൌ-ചെയ്തതാകുന്നു. ഇക്കാര്യത്തെക്കുറിച്ച കണ്ടനാട- കരിങ്ങാശ്രെ- നടമെല്‍- പറവൂര- കുറിഞ്ഞി മുതലായ സമീപെ ഉള്ള എട്ടുപത്തു പള്ളികള്‍ക്കു എഴുതി അയച്ചു.

മാര്‍ ദീവന്നാസ്യോസിന്‍റെ ലക്ഷ്യം പിഴച്ചില്ല. ഇതുമൂലം മുളന്തുരുത്തി പള്ളിക്ക് ഒരു ഇടവക പട്ടക്കാരനെ നഷ്ടപ്പെട്ടു. പക്ഷേ മലങ്കരയ്ക്ക് ഒരു മഹാപരിശുദ്ധനെ കിട്ടി.

മുളന്തുരുത്തിപ്പള്ളി വീണ്ടും മലങ്കരസഭയുടെ ശ്രദ്ധാകേന്ദ്രമാകുന്നത് 1875 മെയ് 22 മുതല്‍ 1877 മെയ് 21 വരെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. പത്രോസ് ത്രിതീയന്‍ നടത്തിയ സന്ദര്‍ശനത്തോടെയാണ്. അദ്ദേഹത്തിന്‍റെ അദ്ധ്യക്ഷതയില്‍ 1876 ജൂണ്‍ 28 മുതല്‍ 30 വരെ മുളന്തുരുത്തിയില്‍ വെച്ച് ഒരു മലങ്കര പള്ളിയോഗം നടന്നു. മുളന്തുരുത്തി സുന്നഹദോസ് എന്നറിയപ്പെടുന്ന ഈ യോഗമാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയും രൂപീകരിച്ചത്. അതേവര്‍ഷം ഓഗസ്റ്റ് 27-നു വാങ്ങിപ്പു പെരുന്നാള്‍ ദിവസം പ. പത്രോസ് ത്രിതീയന്‍ മുളന്തുരുത്തിയില്‍വെച്ച് വി. മൂറോന്‍ കൂദാശ നടത്തി. മലങ്കരയില്‍ ഇദംപ്രദമമായി നടന്ന വി. മൂറോന്‍ കൂദാശയാണിത്. പിന്നീട് 1911 ഓഗസ്റ്റ് 19-ന് അന്ത്യോഖ്യയുടെ ഇഗ്നാത്തിയോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസും വി. മൂറോന്‍ കൂദാശ നടത്തിയതും മുളന്തുരുത്തി പള്ളിയില്‍ വെച്ചാണ്.

മുളന്തുരുത്തി പള്ളിയുടെ വര്‍ത്തമാനകാല നിലയും കാതോലിക്കേറ്റ് സെന്ററിന്‍റെ സ്ഥാപനവും വളര്‍ച്ചയും ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഒന്നുമാത്രം പറയാം. മലങ്കര നസ്രാണികളുടെ ജാതിക്കുതലവനെ സ്വജീവന്‍ മറുവിലയായിക്കൊടുത്ത് സംരക്ഷിച്ച മുളന്തുരുത്തിയിലെ വീരനസ്രാണികളുടെ പിന്‍മുറക്കാര്‍ ഇന്നും മുളന്തുരുത്തിയില്‍ ഉണ്ട് എന്നതിന്‍റെ സജീവസാക്ഷ്യമാണ് ഈ സെന്റര്‍.

(മുളന്തുരുത്തി മാര്‍ത്തോമ്മന്‍ സെന്റര്‍ സ്മരണിക, 2017)

ഡോ. എം. കുര്യന്‍ തോമസ്

error: Thank you for visiting : www.ovsonline.in