പരിശുദ്ധ ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവ
ജീവിതരേഖ :
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നാലാം കാതോലിക്കായും മലങ്കരമെത്രാപ്പോലീത്തായായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് ഔഗേന്‍ കാതോലിക്കാബാവ പെരുമ്പാവൂരില്‍ തുരുത്തി കുടുംബത്തിലെ ചോറ്റാകുളത്തുംകര അബ്രഹാം കത്തനാരുടെയും, അന്നാമ്മയുടെയും (പുത്തന്‍കുരിശു വാളിയില്‍) പുത്രനായി 1884 ജൂണ്‍ 26-ന് ജനിച്ചു. മത്തായി എന്നായിരുന്ന പേര്‍. പുത്തന്‍കുരിശിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂളുകള്‍ അപൂര്‍വ്വമായിരുന്ന അക്കാലത്ത് അമ്മവീട്ടില്‍ താമസിച്ചു പഠിച്ചു. അതിനു ശേഷം പാമ്പാക്കുട കോനാട്ടു മാത്തന്‍ മല്പാന്‍റെ ശിഷ്യനായി സുറിയാനിപഠനം നടത്തി. കടവില്‍ പൗലോസ് മാര്‍ അത്തനാസ്യോസ് തിരുമേനിയില്‍ നിന്ന് ശെമ്മാശപട്ടം സ്വീകരിച്ചു. കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസവും നടത്തി. സുറിയാനി, മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ അഭ്യസനം നേടി. പിന്നീട് ശീമയില്‍ നിന്നെത്തിയ സ്ലീബാ ശെമ്മാശന്‍റെ ഉറ്റ സുഹൃത്തായിത്തീര്‍ന്ന മത്തായി ശെമ്മാശന്‍, സ്ലീബാ ശെമ്മാശന്‍റെ പ്രസംഗതര്‍ജ്ജമക്കാരനായി പള്ളികളില്‍ സഞ്ചരിച്ചു.
ശീമയാത്രയും ഉപരിപഠനവും
അധികം വൈകാതെ, സ്ലീബാ ശെമ്മാശനോടൊന്നിച്ച് സുറിയാനി ഉപരിപഠനത്തിനായി 1905-ല്‍ ശീമയ്ക്കു പോയി. തുറബ്ദീനിലുള്ള മാര്‍ ഔഗേന്‍ ദയറായില്‍ വച്ച് മാര്‍ ഔഗേനെക്കുറിച്ച് നടത്തിയ പഠനഫലമായി മത്തായി എന്ന പേരു മാറ്റി ഔഗേന്‍ എന്ന പേരു സ്വീകരിച്ചു. സുറിയാനിഭാഷയുടെ ഉറവിടത്തില്‍ നിന്നുതന്നെ കിട്ടാവുന്നത്ര ജ്ഞാനം അദ്ദേഹം സമ്പാദിച്ചു. വേദശാസ്ത്രപരവും വേദവ്യാഖ്യാനപരവും ചരിത്രപരവും ആരാധനാശാസ്ത്രപരവുമായ അമൂല്യഗ്രന്ഥങ്ങള്‍ പഠിച്ച് പാണ്ഡിത്യം നേടി. തന്‍റെ കാലത്ത് നാട്ടിലും ശീമരാജ്യങ്ങളിലും ലഭ്യമായിരുന്ന സകല സുറിയാനിഗ്രന്ഥങ്ങളും അദ്ദേഹം വായിച്ചു പഠിച്ചിരുന്നു. മര്‍ദ്ദീനിലെ കുര്‍ക്കുമാ ദയറായിലെത്തി ഒമ്പതുമാസം താമസിച്ച് സുറിയാനിയിലെ പല അപൂര്‍വ്വഗ്രന്ഥങ്ങളും പഠിച്ചു.
ഔഗേന്‍ റമ്പാന്‍ തുറബ്ദീനിലെ മാര്‍ അബ്രഹാമിന്‍റെ ദയറായില്‍ വച്ച് പ. അബ്‌ദേദ് മശിഹാ പാത്രിയര്‍ക്കീസിന്‍റെ കൂടെ താമസിക്കുകയും ബാവായുടെ സ്ഥാനസാധുതയെക്കുറിച്ച് ബോദ്ധ്യം വരുകയും മലങ്കരസഭയുടെ ഭാവിസംബന്ധമായ ആലോചനകള്‍ കത്തുകളിലൂടെ സഭാനേതാക്കളുമായി പങ്കുവയ്ക്കുകയും ചെയ്തു. ഫര്‍മാന്‍ പിന്‍വലിക്കപ്പെട്ടതിനു ശേഷമുള്ള അബ്ദല്‍മിശിഹാബാവയുടെയും അബ്ദള്ളാബാവയുടെയും നിലയെപ്പറ്റി അന്വേഷിച്ച് അവരില്‍ ആരില്‍ നിന്നാണ് കാതോലിക്കേറ്റു സ്ഥാപിച്ചു കിട്ടാന്‍ കൂടുതല്‍ സാദ്ധ്യത എന്നു മനസ്സിലാക്കുന്നതിന് മാര്‍ ജോസഫ് ദീവന്നാസ്യോസ് ഔഗേന്‍ റമ്പാനെ നിയോഗിച്ചു. പ. അബ്‌ദേദ് മശിഹാ പാത്രിയര്‍ക്കീസിനെ മലങ്കരയില്‍ കൊണ്ടുവരുന്നതിന് റമ്പാന്‍ പിന്തുണ നല്‍കിയിരുന്നു.
മാര്‍ അബ്ദള്ള പാത്രിയര്‍ക്കീസ് ബാവ, മാര്‍ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ എന്നിവരുമായും അദ്ദേഹം അക്കാലത്ത് ബന്ധപ്പെട്ടിരുന്നു. 1908-ല്‍ യെരുശലേമിലെ മാര്‍ മര്‍ക്കോസിന്‍റെ ദയറായില്‍ വച്ച് ഔഗേന്‍ ശെമ്മാശന് അബ്ദുള്ള പാത്രിയര്‍ക്കീസ് ബാവ റമ്പാന്‍ സ്ഥാനം നല്‍കി. 1908-ല്‍ റമ്പാന്‍ നാട്ടില്‍ തിരികെയെത്തി. 1908-ല്‍ കോട്ടയം ചെറിയപള്ളിയില്‍ വച്ച് സ്ലീബാ മാര്‍ ഒസ്താത്തിയോസില്‍ നിന്ന് ഔഗേന്‍ റമ്പാന്‍ വൈദികപട്ടം സ്വീകരിച്ചു.
കാതോലിക്കാവാഴ്ച
1912-ല്‍ നിരണം പള്ളിയില്‍ ഔഗേന്‍ റമ്പാന്‍ കാതോലിക്കാവാഴ്ചയില്‍ സജീവമായി സംബന്ധിച്ചു. സ്ഥാനാരോഹണശുശ്രൂഷയ്ക്ക് പാടുകയും വായിക്കുകയും ചെയ്തു. അബ്ദല്‍മശിഹാ പാത്രിയര്‍ക്കീസുമായി തനിക്കു വ്യക്തിപരമായുണ്ടായിരുന്ന അടുപ്പവും ഭക്തിയും, മലങ്കരയില്‍ കാതോലിക്കാസിംഹാസനം ഉണ്ടാകണമെന്ന അദമ്യമായ ആഗ്രഹവും, സ്ഥാനം സ്വീകരിക്കുന്ന മുറിമറ്റത്തില്‍ തിരുമേനി തന്‍റെ പിതാവിന്‍റെ ഗുരുവായിരുന്നു എന്ന പരിഗണന മൂലവുമാണ് വടക്കന്‍പ്രദേശത്തെ കക്ഷിവൈരാഗ്യസാഹചര്യങ്ങളെ അവഗണിച്ച് അദ്ദേഹം വാഴ്ചയില്‍ പങ്കെടുത്തത്. ചരിത്രപ്രധാനമായ ആ സന്ദര്‍ഭത്തില്‍ മലങ്കരയിലെ പ്രഥമ കാതോലിക്കായ്ക്ക് മംഗളം നേര്‍ന്നുകൊണ്ടുള്ള ആശംസാപ്രസംഗം ചെയ്യുന്നതിനുള്ള ഭാഗ്യം ലഭിച്ചത് അന്നു റമ്പാനായിരുന്ന തനിക്കായിരുന്നവെന്ന് പില്‍ക്കാലത്ത് പ. ബാവാ വെളിപ്പെടുത്തിയിട്ടുണ്ട്. (1972-ല്‍ നിരണത്ത് പ. മാര്‍ത്തോമ്മാശ്ലീഹായുടെ 19-ആം ചരമശതാബ്ദിസമ്മേളനത്തില്‍ നടത്തിയ അദ്ധ്യക്ഷപ്രസംഗം. ഡോ. സാമുവല്‍ ചന്ദനപ്പിള്ളി, മലങ്കരസഭാപിതാക്കന്മാര്‍.)
മദ്രാസില്‍
പിന്നീട് കുറച്ചുകാലം മലങ്കരസഭാംഗങ്ങളുടെ ആത്മീയസേവനങ്ങള്‍ക്കായി മദ്രാസില്‍ പോയി. അവിടെ ഇതരസഭകളുടെ കേന്ദ്രങ്ങളില്‍ മലങ്കരസഭാംഗങ്ങള്‍ക്കായി വി. കുര്‍ബ്ബാന അര്‍പ്പിച്ച് ഇപ്പോഴുള്ള പള്ളികളുടെ ആരംഭം കുറിച്ചു.
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍
റമ്പാനായിരുന്നപ്പോള്‍ വടകര കേന്ദ്രീകരിച്ചു സുവിശേഷ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ മുഴുകി. അധഃസ്ഥിതരുടെ ഇടയിലെ വേലകളിലും പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മലയാറ്റൂരിനു സമീപം മാതൃദേശമായ കോടനാട്ട് ചെട്ടിനട ‘സിയോന്‍ ആശ്രമം’ സ്ഥാപിച്ച് വൈദികാഭ്യസനം നടത്തി. കിഴക്കന്‍പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തവര്‍ക്ക് ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ മുന്‍കൈയെടുത്തു. പൗരസ്ത്യ സുവിശേഷ സമാജത്തിന്‍റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. അക്ഷരാരാധകനായിരുന്ന ഈ പിതാവ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ പ്രേരണയും നേതൃത്വവും നല്‍കി.
പരി. പരുമലത്തിരുമേനി തുടങ്ങിവച്ച സാമൂഹ്യപരിഷ്‌കരണശ്രമങ്ങളുടെ ചുവടുപിടിച്ച് 1915-ല്‍ വടക്കന്‍പ്രദേശത്ത് ആദ്യമായി വേങ്ങൂര്‍ പള്ളിയില്‍ അധഃകൃതരെ സഭയില്‍ ചേര്‍ത്ത് അവരെ പള്ളിയില്‍ തുല്യനിലയില്‍ ആരാധനയില്‍ സംബന്ധിപ്പിക്കുവാന്‍ തുടങ്ങി. അധഃകൃതവിഭാഗത്തില്‍ നിന്നു സഭയില്‍ ചേര്‍ന്നവരുടെ പുരകൂദാശ നടത്താന്‍ പട്ടക്കാര്‍ വിമുഖരായപ്പോള്‍ ഔഗേന്‍ റമ്പാന്‍ അതു നടത്തിക്കൊടുത്തു. (കുറുപ്പമ്പടി പള്ളിയുടെ ചരിത്രം, ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ ഓഫ് ദി ഈസ്റ്റ്, പ്രസ് ആന്റ് പബ്ലിക്കേഷന്‍ കമ്മറ്റി. പുറം 165, 202)
സ്ലീബാദാസസമൂഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഔഗേന്‍ റമ്പാന്‍ സഹായിച്ചിരുന്നു. സഭയില്‍ ചേരുന്ന അധഃകൃതരെ മാമോദീസാ മുക്കുവാന്‍ വൈദികരെ ലഭിക്കുവാന്‍ അസൗകര്യം വന്നപ്പോള്‍ മൂക്കഞ്ചേരില്‍ ശെമ്മാശനെ സ്ലീബാ മാര്‍ ഒസ്താത്തിയോസില്‍ നിന്ന് വൈദികപദവി സ്വീകരിക്കുവാന്‍ ഉപദേശിച്ചതും ഒത്താശ ചെയ്തതും പട്ടംകൊടുക്കലില്‍ സഹകരിച്ചതും ഔഗേന്‍ റമ്പാനായിരുന്നു (1926 മേടം 22). (കര്‍മ്മേലിലെ കര്‍മ്മയോഗി, അനിയന്‍ കല്ലത്ത്, 1991, പു. 84,100) 1105-ല്‍ പള്ളിക്കരയില്‍ വച്ച് നടന്ന സ്ലീബാദാസസമൂഹം വാര്‍ഷികത്തില്‍ ഒ. എം. ചെറിയാനോടൊന്നിച്ച് സംബന്ധിക്കരുതെന്ന് അന്ത്യോഖ്യാപ്രതിനിധി വിലക്കിയിട്ടും തിരുമേനി അദ്ധ്യക്ഷത വഹിച്ചു. (പുറം 113 പത്രോസ് മാര്‍ ഒസ്താത്തിയോസ്, കെ. പി. വര്‍ക്കി, പി.സി. പ്രസ് കോട്ടയം.)
സഭാരംഗത്ത്
മാര്‍ അബ്ദള്ള പാത്രിയര്‍ക്കീസ് ബാവാ 1909-ല്‍ മലങ്കര സന്ദര്‍ശിച്ചപ്പോള്‍ ബാവായുടെയും സ്ലീബാ മാര്‍ ഒസ്താത്തിയോസിന്‍റെയും പരിഭാഷകനായി അവരോടൊപ്പം പള്ളികളില്‍ പോയിരുന്നു. അബ്ദള്ളാ പാത്രിയര്‍ക്കീസ് ബാവാ ഇവിടെ വന്നപ്പോള്‍ കരിങ്ങാശ്ര പള്ളിക്കാര്‍ ലൗകികാധികാരവാദങ്ങളും മറ്റും സമ്മതിച്ചു പാത്രിയര്‍ക്കീസിനു കൊടുത്ത ഉടമ്പടി എഴുതാന്‍ ഇദ്ദേഹം വേണ്ടവിധം ശ്രമിക്കുകയും അതില്‍ സാക്ഷി നില്‍ക്കുകയും ചെയ്തു എന്ന് ബി. കൃഷ്ണയ്യര്‍ സമുദായക്കേസിന്‍റെ വിധിയില്‍ എഴുതി (പുറം 180-183 മലങ്കരനസ്രാണികള്‍ 5).
മാര്‍ അബ്ദള്ള പാത്രിയര്‍ക്കീസ് ബാവാ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് തിരുമേനിയെ മുടക്കുവാന്‍ ഒരുങ്ങിയിരിക്കുന്നു എന്ന ശ്രുതിയും മുളന്തുരുത്തി സുന്നഹദോസ് നിശ്ചയങ്ങള്‍ തന്‍റെ സ്വാതന്ത്ര്യത്തിനു തടസ്സമാണെന്നു കരുതി ബാവാ അത് ഇല്ലാതാക്കാന്‍ ഒരുങ്ങുന്നു എന്ന കേള്‍വിയുമുണ്ടായപ്പോല്‍ ‘മലങ്കരമഹാജനസഭ’യെന്ന സഭാപ്രതിനിധിസമൂഹം 1085 മേടം 22-ന് എം. ഡി. സെമിനാരിയില്‍ യോഗം കൂടി, സഭയിലെ പ്രതിസന്ധി പരിഹരിക്കുവാന്‍ പാത്രിയര്‍ക്കീസ് ബാവായുടെ മുമ്പില്‍ ഒരു ഡപ്യൂട്ടേഷന്‍ പോകുവാന്‍ തീരുമാനിച്ചു. ആ ഡപ്യൂട്ടേഷന്‍ ബാവായ്ക്കു സമര്‍പ്പിച്ച രേഖകള്‍ തത്സമയം തര്‍ജ്ജമ ചെയ്തു കേള്‍പ്പിച്ചത് ഒഗേന്‍ റമ്പാനാണ് (പുറം 292, മലങ്കരനസ്രാണികള്‍ 4).
വട്ടശ്ശേരില്‍ തിരുമേനിയെ മാര്‍ അബ്ദള്ളാ ബാവ മുടക്കിയതായുള്ള കല്പന പഴയ സെമിനാരിയില്‍ വായിക്കുവാന്‍ നിശ്ചയിച്ചിരുന്ന ദിവസം വി. കുര്‍ബ്ബാന അര്‍പ്പിച്ചത് ഔഗേന്‍ റമ്പാനായിരുന്നു (പുറം 347 മലങ്കരനസ്രാണികള്‍ 4). ജനങ്ങള്‍ പ്രതിഷേധത്തിനൊരുങ്ങിയിരുന്നതു മനസ്സിലാക്കി ആ കല്പന വായിക്കപ്പെട്ടില്ല എന്നതു ചരിത്രം.
കക്ഷിവഴക്കില്‍
വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ മരണശേഷം, പാത്രിയര്‍ക്കീസുകക്ഷിയുടെ കരിങ്ങാശ്രയോഗത്തില്‍ ഔഗേന്‍ മാര്‍ തീമോത്തിയോസിനെ മലങ്കരമെത്രാന്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തണമെന്ന് അദ്ദേഹമോ അനുചരന്മാരോ മൂലം ഒരഭിപ്രായം ഉണ്ടായി. പാത്രിയര്‍ക്കീസുകക്ഷി രണ്ടായി പിളരും എന്നു ഭയം തോന്നിയതുകൊണ്ടോ എന്തോ, ആ അഭിപ്രായം മുമ്പോട്ടു കൊണ്ടുപോയില്ല. (സമുദായക്കേസില്‍ ബി. കൃഷ്ണയ്യരുടെ വിധി പുറം 180-183 മലങ്കരനസ്രാണികള്‍ 5)
സഭയിലെ കക്ഷിവഴക്കിന്‍റെ കാലത്ത് ആദ്യം ഇദ്ദേഹം പാത്രിയര്‍ക്കീസ് പക്ഷത്തായിരുന്നു. എന്നാല്‍ തീവ്രമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ കുറെയെല്ലാം നിശബ്ദനായിരുന്നത് ഭിന്നതയുടെ അര്‍ത്ഥശൂന്യതയെക്കുറിച്ചുള്ള ബോദ്ധ്യം കൊണ്ടാകാം.
വട്ടിപ്പണക്കേസില്‍ ഇദ്ദേഹം തങ്ങളുടെ എതിര്‍കക്ഷിയിലാണെന്ന് മാര്‍ ദീവന്നാസ്യോസും, അദ്ദേഹത്തിന്‍റെ എതിര്‍പക്ഷവും ഒരുപോലെ പറഞ്ഞതായി ആദ്യകോടതിയുടെ ജഡ്ജ്‌മെന്റിലുണ്ട്. (പുറം 180-183, മലങ്കരനസ്രാണികള്‍ 5) ഇരുകക്ഷികളാലും തള്ളിപ്പറയപ്പെട്ടയാളെ നിഷ്പക്ഷനായിരുന്നുവെന്ന് കരുതാം.
മെത്രാന്‍സ്ഥാനത്തേക്ക്
കണ്ടനാട് ഭദ്രാസനത്തിന് ഒരു മെത്രാനെ വാഴിച്ചു കിട്ടണമെന്ന് പാത്രിയര്‍ക്കീസുകക്ഷി ഏലിയാസ് തൃതീയന്‍ ബാവായോട് ആവശ്യപ്പെട്ടപ്പോള്‍ ഔഗേന്‍ റമ്പാനൊഴിച്ച് ആരെയെങ്കിലും തെരഞ്ഞെടുത്തയയ്ക്കാന്‍ കോനാട്ട് മാത്തന്‍ മല്പാന്‍റെ പേര്‍ക്ക് ബാവാ എഴുതി. അബ്ദല്‍ മശിഹാ ബാവായുടെ യഥാര്‍ത്ഥനില നേരിട്ടു മനസ്സിലാക്കി, അത് മലങ്കരയിലേക്ക് ഔഗേന്‍ റമ്പാന്‍ അറിയിച്ചതിന്‍റെ വിരോധമാണ് ഈ എഴുത്തില്‍ വെളിപ്പെടുത്തിയത്. (ഫാ. സി. എസ്. സ്‌കറിയ ചെമ്മങ്കുഴ, മലങ്കരസഭാപ്രശ്‌നം: ഉള്ളുകള്ളികളും ദുഷ്‌ചെയ്തികളും ചിലരുടെ ദുരന്തവും, പുറം 25, 26)
1102 തുലാമാസം 8 വ്യാഴാഴ്ച പുത്തന്‍കുരിശില്‍ വച്ച് കണ്ടനാട് ഭദ്രാസന പള്ളിപ്രതിപുരുഷയോഗം കൂടി. 40-ല്‍ 39 പള്ളികളുടെ പ്രതിനിധികളുടെ അംഗീകാരത്തോടെ ഒഗേന്‍ റമ്പാനെ കണ്ടനാട് മെത്രാനായി വാഴിക്കുന്നതിന് തെരഞ്ഞെടുത്തു. മറ്റൊരു സ്ഥാനാര്‍ത്ഥി നെടുന്തള്ളി സ്‌കറിയാ കത്തനാരെ കണ്ടനാട്ടുപള്ളിക്കാര്‍ മാത്രം പിന്തുണച്ചു തന്‍റെ പ്രിയശിഷ്യനായ ഔഗേന്‍ റമ്പാനെ തെരഞ്ഞെടുക്കുവാന്‍ വേണ്ട ഒത്താശ ചെയ്യണമെന്ന് മാത്തന്‍ മല്പാനോട് ചില ശിഷ്യര്‍ ശുപാര്‍ശ ചെയ്‌തെങ്കിലും മാല്പാന്‍ ഒന്നിനും ഇടപെട്ടില്ല. (കോനാട്ട് മാത്തന്‍ മല്പാന്‍റെ ഡയറി). പാത്രിയര്‍ക്കീസ് പക്ഷത്തെ ‘മലങ്കരമെത്രാനായ’ മാര്‍ അത്താനാസ്യോസ് അതൃപ്തി മൂലം യോഗത്തിനു മുഖം തിരിഞ്ഞു നിന്നു. സ്ലീബാ മാര്‍ ഒസ്താത്തിയോസ് എന്ന ശീമക്കാരന്‍ മെത്രാനായിരുന്നു നോട്ടീസയച്ചതും യോഗാദ്ധ്യക്ഷനായതും. (പാത്രിയര്‍ക്കീസുപക്ഷക്കാര്‍ പള്ളി ഇടവകക്കാരുടേതാണെന്നും മറ്റും വാദിക്കുമെങ്കിലും അന്നും ഇന്നും വൈദികരെയും മെത്രാന്മാരെയും തെരഞ്ഞെടുക്കുമ്പോള്‍ അതതിടവകക്കാര്‍ വേണമെന്നു വയ്ക്കാറില്ല! സ്ഥാനാര്‍ത്ഥികള്‍ രണ്ടും അങ്കമാലിമെത്രാസനക്കാരായിരുന്നു.)
മെത്രാന്‍പദം പ്രാപിക്കുവാന്‍ ഔഗേന്‍ റമ്പാന്‍ സിറിയായില്‍ മാര്‍ ഏലിയാസ് പാത്രിയര്‍ക്കീസിന്‍റെ അടുക്കലേക്ക് പോകുമ്പോള്‍ മാര്‍ യൂലിയോസ് സിംഹാസനാസ്ഥാനത്തുണ്ടായിരുന്നു. മെത്രാന്‍പദം പ്രാപിച്ചു മടങ്ങിയത് മാര്‍ യൂലിയോസും ഒരുമിച്ചാണ്.
ശീമക്കാരായ മാര്‍ ഒസ്താത്തിയോസ് മെത്രാനും മാര്‍ യൂലിയോസ് മെത്രാനുമായുള്ള ഉരസലും, മാര്‍ അത്താനാസ്യോസിന്‍റെ അതൃപ്തിയും മൂലം മെത്രാന്‍വാഴ്ച നടക്കുമോ എന്ന് സംശയമുണ്ടായി.
മെത്രാന്‍സ്ഥാനം സ്വീകരിക്കുവാന്‍ പോകുമ്പോള്‍ ഉടമ്പടി വയ്ക്കുവാന്‍ നിര്‍ബന്ധിതനായി. ഈ ഉടമ്പടിയുടെ നക്കല്‍ മാര്‍ ഒസ്താത്തിയോസ് രൂപപ്പെടുത്തിയത് മാത്തന്‍ മല്പാന്‍ ഭേദപ്പെടുത്തി കൊടുത്തതായിരുന്നു (മാത്തന്‍ മല്പാന്‍റെ ഡയറി). അതില്‍ സഭയുടെ ഉന്നമനത്തിനു പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്യമുണ്ടായിരിക്കുമെന്ന് എഴുതിയതും, തിരുവല്ലായില്‍ നിന്ന് ‘ഔഗേനെ ശിക്ഷിച്ച് തിരിക അയയ്ക്കണ’മെന്ന കമ്പിസന്ദേശം പാത്രിയര്‍ക്കീസിനു കിട്ടിയതും, മാര്‍ അപ്രേം സേവേറിയോസുമായി കാതോലിക്കാസ്ഥാനത്തെപ്പറ്റി സന്ദര്‍ഭവശാല്‍ വാദത്തിലേര്‍പ്പെട്ടതുമൊക്കെ വാഴ്ചയുടെ കാലതാമസത്തിനു കാരണമായി. മെത്രാന്‍സ്ഥാനമേറ്റു വന്ന ശേഷം ഉടമ്പടി രജിസ്റ്റര്‍ ചെയ്യുവാന്‍ യൂലിയോസ് മെത്രാന്‍ ആവശ്യപ്പെട്ടതിനു വഴങ്ങാത്തതിനാല്‍ അദ്ദേഹവുമായി പിണങ്ങിയാണ് പിന്നീടു കഴിഞ്ഞത് (മലങ്കരസഭ 1976 മാര്‍ച്ച്; പുറം 180-183, മലങ്കരനസ്രാണികള്‍ 5).
ഒടുവില്‍ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് (മഞ്ഞനിക്കര കാലം ചെയ്ത) 1927 മെയ് 15 (102 ഇടവം 1) -ന് യെരുശലേമില്‍ മര്‍ക്കോസിന്റെ ദയറായില്‍ വച്ച് ഔഗേന്‍ മാര്‍ തീമോത്തിയോസ് എന്ന പേരോടെ കണ്ടനാടിന്റെ മെത്രാനായി ഇദ്ദേഹത്തെ വാഴിച്ചു. നാട്ടിലെത്തി വടകര പള്ളിയില്‍ നടന്ന ഭദ്രാസനയോഗത്തില്‍ വച്ച് (1927 മിഥുനം 3 വ്യാഴം) സ്ഥാനാരോഹണം നടന്നു.
മലങ്കരമെത്രാപ്പോലീത്തായുടെ സ്വത്തായ പിറവം സെമിനാരിയില്‍ താമസമാക്കി. അവിടെ കുറേ നാള്‍ വൈദികപരിശീലനം നടത്തി. പിറവം സെമിനാരി വക അന്യാധീനമായ ചാത്തമറ്റത്തെ സ്ഥലത്തിലെ പത്തേക്കര്‍ വീണ്ടെടുത്തു റബ്ബര്‍ കൃഷി ചെയ്തു. മെത്രാസനാസ്ഥാനം പിറവത്താക്കുവാന്‍ അഞ്ച് ഏക്കര്‍ സ്ഥലം (അരമനപ്പറമ്പ്) പിറവം പള്ളിക്കാര്‍ വാങ്ങിയെങ്കിലും അക്കാലത്ത് അരമനപണി നടന്നില്ല.
മൂവാറ്റുപുഴയില്‍ ഒന്നാം കാതോലിക്കാബാവ മുറിമറ്റത്തില്‍ തിരുമേനി വാങ്ങിയിരുന്ന സ്ഥലം മലങ്കരമെത്രാപ്പോലീത്ത പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് കുടികിടപ്പ് ഒഴിവാക്കി മേലന്വേഷണം നടത്തിവരികയായിരുന്നു. മലങ്കരമെത്രാപ്പോലീത്തായുടെ കൈവശത്തിലിരുന്ന മൂവാറ്റുപുഴയിലെ സ്ഥലത്തെ കൊച്ചുകുടിലിലേക്ക് ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ താമസം മാറ്റി. തുടര്‍ന്ന് അവിടെ ഒരു ചാപ്പല്‍ പണിയിച്ചു.
സഭയുടെ വടക്കന്‍ഭാഗത്ത് സ്‌കൂളുകള്‍, പള്ളികള്‍, ദയറാകള്‍ മുതലായവ സ്ഥാപിക്കുവാന്‍ മാര്‍ ഔഗേന്‍ നേതൃത്വം നല്കി. മൂവാറ്റൂുപുഴ അരമനപള്ളി, കോടനാട് ആശ്രമംപള്ളി, തൊടുപുഴ സെന്‍റ് മേരീസ്, വൈക്കം, ഊരമന ഗലീലക്കുന്ന്, ഊരമന സെന്‍റ് ജോര്‍ജ്ജ്, കായനാട്, മാറിക, അമയപ്ര, ഞാറക്കാട്, മുള്ളരിങ്ങാട്, പൂതൃക്ക മര്‍ത്ത മറിയം, വെട്ടിത്തറ മര്‍ത്ത മറിയം, വരിക്കോലി, മണ്ണത്തൂര്‍ നെല്ലിക്കുന്നേല്‍, പന്നൂര്‍ സെന്‍റ് ജോണ്‍സ്, പിറമാടം സെന്‍റ് ജോണ്‍സ്, കളമ്പൂര്‍ സെന്‍റ് ജോര്‍ജ്ജ്, മണീട് മാര്‍ കുര്യാക്കോസ് എന്നീ പള്ളികള്‍ സ്ഥാപിച്ചത് ഔഗേന്‍ തിരുമേനിയാണ്.
വിദ്യാഭ്യാസപ്രവര്‍ത്തകനായ അദ്ദേഹം അനേകം സ്‌കൂളുകള്‍ സ്ഥാപിക്കുകയും സ്ഥാപിക്കുവാന്‍ പ്രചോദനം നല്കുകയും ചെയ്തിട്ടുണ്ട്. 1918-ല്‍ വടകരയിലെ കുരിശിന്‍തൊട്ടി മൈതാനത്ത് ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ആരംഭിച്ചു (ഇന്നത്തെ വടകര സെന്‍റ് ജോണ്‍സ്). പിറവം സെമിനാരിയിലെ എം. കെ. എം. മിഡില്‍ സ്‌കൂള്‍, കോലഞ്ചേരി ഹൈസ്‌കൂള്‍, കുറുപ്പംപടി, കോതമംഗലം, കോഴിപ്പള്ളി, മുളപ്പുറം, പണ്ടപ്പിള്ളി, പാമ്പാക്കുട എം.റ്റി.എം. മുതലായ സ്‌കൂളുകളുടെ സ്ഥാപനത്തിനും ഔഗേന്‍ റമ്പാന്‍ സര്‍വ്വാത്മനാ സഹകരിച്ചു (മലങ്കരസഭ 1976 മാര്‍ച്ച്).
1927 മുതല്‍ 1943 വരെ ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ കണ്ടനാട് മെത്രാസനത്തിലെ പാത്രിയര്‍ക്കീസ് വിഭാഗത്തിന്‍റെ മെത്രാപ്പോലീത്തായായി സേവനം ചെയ്തു.
സഭാസമാധാനശ്രമങ്ങള്‍
മെത്രാന്‍സ്ഥാനമേറ്റു വന്ന 1927-28 കാലത്ത് മലങ്കരസമുദായം പൊതുവെ സമാധാനത്തിന് അതിയായ ദാഹം പ്രത്യക്ഷപ്പെടുത്തി. 1927-ല്‍ (102 മിഥുനം 22-ആം തീയതി) ഒഗേന്‍ മാര്‍ തീമോത്തിയോസ് തെക്കന്‍ പറവൂര്‍ പള്ളിക്കാരുടെ മംഗളപത്രത്തിനു പറഞ്ഞ മറുപടിയില്‍, സഭാസമാധാനം സംബന്ധിച്ച് ഇങ്ങനെ വെളിപ്പെടുത്തി. ‘സമാധാനം സംബന്ധിച്ച് പ്രവര്‍ത്തിക്കേണ്ടവിധം പ്രവര്‍ത്തിക്കാത്തിനു പല കാരണങ്ങള്‍ ഉള്ളതില്‍ രണ്ടെണ്ണം പറയാം. ഒന്നാമത് എന്‍റെ ഭീതി. ഒന്നുകൂടെ തെളിച്ചു പറയുന്ന പക്ഷം സത്യമെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ പുറപ്പെടുമ്പോള്‍ തല പോകുമെന്ന് എനിക്കുള്ള ഭയം. രണ്ടാമത് എനിക്ക് എന്താ നഷ്ടം എന്നുള്ള സ്വാര്‍ത്ഥവിചാരം. സമാധാനത്തിനു വേണ്ടി മേലാല്‍ എന്നാല്‍ കഴിയുന്നത് പ്രവര്‍ത്തിക്കണമെന്നാണ് വിചാരിച്ചിരിക്കുന്നത്. … മറയപ്പെട്ടിരിക്കുന്ന പല രഹസ്യങ്ങളും കാലാന്തരത്തില്‍ വെളിപ്പെടാതിരിക്കുകയില്ല.’ (പുറം 672, 673 മലങ്കരനസ്രാണികള്‍ 4)
കോനാട്ട് മാത്തന്‍ മല്പാന്‍ മരിച്ചപ്പോള്‍ (1927 നവ. 8-ന്) മുതല്‍ തന്‍റെ ഗുരുവായ അദ്ദേഹം തുടങ്ങിവച്ച സഭാസമാധാനത്തിന് മാര്‍ തീമോത്തിയോസ് തിരുമേനി പരിശ്രമം തുടര്‍ന്നു. ശിഷ്യനായ കോനാട്ട് അബ്രഹാം മല്പാന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ‘… തിരുമേനി സര്‍വ്വപ്രാധാന്യം നല്‍കി പരിശ്രമിച്ച ഒരു കാര്യം ഈ മലങ്കരസഭയിലെ കക്ഷിഭിന്നത എങ്ങനെയും അവസാനിപ്പിച്ചു സമാധാനം സ്ഥാപിക്കുക എന്നതായിരുന്നു. … തിരുമേനി നടത്തിയിട്ടുള്ള .. കഠിനപരിശ്രമങ്ങളില്‍ പലതിനെക്കുറിച്ചും … സന്തതസഹചാരിയായിരുന്ന എനിക്കു നേരിട്ടറിവുള്ളതാണ്. … അപ്രേം പാത്രിയര്‍ക്കീസ് ബാവായുമായി … കത്തിടപാടുകളും നടത്തിയിരുന്നു. … ഇവിടത്തെ കാതോലിക്കാസ്ഥാപനത്തെ താന്‍ അംഗീകരിക്കാമെന്നും … കാര്‍മ്മികത്വം വഹിച്ച മാര്‍ അബ്ദല്‍മശിഹാ പാത്രിയര്‍ക്കീസ് … ആത്മീയനല്‍വരം നഷ്ടപ്പെട്ട ആളായിരുന്നതിനാല്‍ ഇപ്പോഴത്തെ കാതോലിക്കാ രണ്ടാമത് കൈവയ്പ് സ്വീകരിക്കേണ്ടത് ആവശ്യമാണെന്നുള്ള … തീരുമാനം .. തിരുമേനിയെ അറിയിച്ചു. … തന്‍റെ സ്വന്ത അഭിപ്രായത്തിനു ചേര്‍ന്നതല്ലായിരുന്നെങ്കിലും … ഇതെങ്കിലും … സാധിച്ചു സഭയില്‍ സമാധാനം സ്ഥാപിക്കണമെന്നുള്ള ദൃഢനിശ്ചയത്തോടുകൂടി തിരുമേനി മുന്നോട്ടു നീങ്ങി. …’ (അവതാരിക കോനാട്ട് അബ്രഹാം മല്പാന്‍, മാര്‍ ഔഗേന്‍ കാതോലിക്കാ ബാവ. കെ. വി. മാമ്മന്‍.)
പിറവം കൂടിയാലോചന
(പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്റെ) ‘… മര്‍ദീന്‍യജ്ഞം പരാജയമടഞ്ഞു എന്ന് ബോദ്ധ്യമായപ്പോള്‍, ദീവന്നാസ്യോസ് മലങ്കരയുടെ ഭാവി സുരക്ഷിതമാക്കാന്‍ അപ്പൊസ്‌തോലിക പിന്തുടര്‍ച്ച നിര്‍ബ്ബാധം തുടരുന്നതിന് കാതോലിക്കോസിനെയും എപ്പിസ്‌ക്കോപ്പന്മാരെയും വാഴിച്ച് … കോട്ടമതിലുകള്‍ ഉറപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. കാതോലിക്കോസിന്‍റെ സ്ഥാനത്തേക്ക് ആളെ തെരഞ്ഞെടുത്തു വാഴിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. അപ്പോള്‍, സമാധാനം കൈവരുത്തുന്നതിനായി ആ നടപടി തല്‍ക്കാലം നിര്‍ത്തി വയ്ക്കാന്‍ പ്രേരിപ്പിക്കുന്നതിന് ശ്രമം ഉണ്ടായി. മാര്‍ ദീവന്നാസ്യോസിന്‍റെ പക്ഷത്തെ നേതാവായ ഇ. ജെ. ജോണും, പാത്രിക്കീസുപക്ഷനേതാക്കന്മാരായ തീമോത്തിയോസും പാലാമ്പടം തോമ്മസും ആയി പിറവത്തു വച്ചു കൂടി ആലോചിച്ചു. കാതോലിക്കാസ്ഥാനാരോഹണം കുറഞ്ഞത് ആറു മാസത്തേക്കു മാറ്റി വയ്ക്കണം; അതിനകം പാത്രിയര്‍ക്കീസിന് എഴുതി കാതോലിക്കോസിനെ വാഴിക്കുന്നതിന് സമ്മതം വരുത്തി ഇരുഭാഗക്കാരും യോജിച്ച് കാതോലിക്കോസിന്‍റെ സ്ഥാനരോഹണം നടത്താം എന്നാണ് പാത്രിക്കീസുപക്ഷത്തുനിന്ന് കൊണ്ടുവന്ന വ്യവസ്ഥ. … മാര്‍ ദീവന്നാസ്യോസിനോട് ആലോചിച്ചു മറുപടി പറയാമെന്നു പറഞ്ഞ് പിരിഞ്ഞു. ദീവന്നാസ്യോസ് ആ അഭിപ്രായം സ്വീകരിച്ചുകൊണ്ട് ഏതാനും വ്യവസ്ഥകള്‍ ഉന്നയിച്ചു. ആറു മാസമോ അതില്‍ കൂടുതലോ താമസിക്കാം; ഇരുഭാഗക്കാരും യോജിച്ച് മെത്രാന്മാര്‍ പരസ്പരം സ്വീകരിച്ച് സ്വാതന്ത്ര്യമായി കാതോലിക്കാവാഴ്ച നടക്കുമെന്ന് ഉറപ്പു കിട്ടണം; അതനുസരിച്ച് നടക്കാതെ വരുന്നപക്ഷം തന്‍റെ പക്ഷത്തു നിന്ന് വാഴിക്കുന്ന കാതോലിക്കായെ സ്വീകരിക്കണമെന്ന് മാര്‍ തീമോത്തിയോസും മറ്റും ഉറപ്പു നല്‍കണം; ഇവ ആയിരുന്നു മാര്‍ ദീവന്നാസ്യോസിന്‍റെ വ്യവസ്ഥകള്‍. സന്ധി ആലോചനയ്ക്കു പുറപ്പെട്ടവര്‍ ആവിധം ഉടമ്പടിക്ക് തയ്യാറില്ലായിരുന്നു. തയ്യാറാക്കിക്കഴിഞ്ഞ പ്രോഗ്രാം അനുസരിച്ച് 1104 കുംഭം 4-ആം തീയതിതന്നെ മൂന്നാം കാതോലിക്കോസിന്‍റെ സ്ഥാനാരോഹണം നടന്നു.’ (പുറം 731, 732 മലങ്കരനസ്രാണികള്‍ 4; മണലില്‍ അച്ചന്‍റെ സഭാസ്മരണകള്‍, കെ. വി. മാമ്മന്‍, 1992, പുറം 39,40)
ഏലിയാസ് തൃതീയന്‍ ബാവാ കാലം ചെയ്തതിനു (1107 കുംഭം 1) ശേഷം, അടുത്ത പാത്രിയര്‍ക്കീസിന്‍റെ സ്ഥാനാരോഹണത്തിന് കാതോലിക്കായെ ക്ഷണിക്കണമെന്നും ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടെന്നും ഔഗേന്‍ തിരുമേനി ശീമയിലെ മെത്രാന്മാര്‍ക്ക് എഴുതി. അല്ലാത്തപക്ഷം പാത്രിയര്‍ക്കീസിനെ ഇവിടെ സ്വീകരിക്കുകയില്ലെന്നു മുന്നറിയിപ്പും നല്‍കി. ക്ഷണം കാതോലിക്കായ്ക്ക് വന്നില്ല. (ഫാ. സി. എസ്. സ്‌കറിയ ചെമ്മങ്കുഴ, മലങ്കരസഭാപ്രശ്‌നം: ഉള്ളുകള്ളികളും ദുഷ്‌ചെയ്തികളും ചിലരുടെ ദുരന്തവും, പുറം 25, 26)
ആലുവാ വട്ടമേശസമ്മേളനം
1116 മേടത്തില്‍ (1937) അദ്ദേഹം മുന്‍കൈയെടുത്ത് ഇരുകക്ഷികളും ആലുവായില്‍ വച്ച് വട്ടമേശസമ്മേളനം ചേര്‍ന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സ്വീകരിക്കുവാന്‍ പൗലോസ് മാര്‍ അത്താനാസ്യോസ് തിരുമേനി സമ്മതിച്ചു. എന്നാല്‍ പരസ്പരസ്വീകരണത്തിന് കാതോലിക്കാ ബാവാ ആലുവായിലെത്തിയപ്പോള്‍ പുതിയ ഉപാധികള്‍ മാര്‍ അത്താനാസ്യോസ് തിരുമേനി മുന്നോട്ടു വച്ചു. അതിനു വഴിപ്പെടാന്‍ തരമില്ലാതെ കാതോലിക്കാബാവാ തിരികെ പോയി. പരസ്പരസ്വീകരണപദ്ധതി പൊളിഞ്ഞു.
ഈ സംഭവത്തിന്‍റെ ഒരു യഥാതഥ വര്‍ണ്ണന കണ്ടനാട് ഭദ്രാസനത്തിലെ ഒരു പ്രശസ്തകുടുംബത്തിന്‍റെ ചരിത്രഗ്രന്ഥത്തില്‍ കാണാം.
പാലാല്‍ കുടുംബചരിത്രം
‘മലങ്കരസുറിയാനി സമുദായത്തിന്‍റെ സാമൂഹ്യവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിക്ക് ഒരു വ്യവസ്ഥാപിതമായ ഭരണം അനിവാര്യമാകയാല്‍ സീനിയര്‍ പാത്രിയര്‍ക്കീസായ പ. അബ്‌ദേദ് മശിഹാ പാത്രിയര്‍ക്കീസിന്‍റെ കാര്‍മ്മികത്വത്തില്‍ സ്ഥാപിതമായ കാതോലിക്കേറ്റിനെ അംഗീകരിച്ച് ഐക്യവും സമാധാനവും ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നുള്ള ചിന്ത പൊതുവേ ശക്തിപ്പെട്ടുവന്നിരുന്നു. പല സന്ദര്‍ഭങ്ങളിലും ഇരുകക്ഷികളും തമ്മില്‍ സമാധാനാലോചനകള്‍ നടത്തപ്പെട്ടിരുന്നെങ്കിലും അവയെല്ലാം വിഫലമായി.
‘അവസാനമായി കണ്ടനാട് ഇടവകയുടെ മെത്രാപ്പോലീത്താ മാര്‍ തീമോത്തിയോസ് തിരുമേനിയുടെ പരിശ്രമത്തിലും നേതൃത്വത്തിലും ആലുവാ തൃക്കുന്നത്തു സെമിനാരിയില്‍ വച്ച് മേലദ്ധ്യക്ഷന്മാരുടെ ഒരു വട്ടമേശസമ്മേളനം 1116 മേടത്തില്‍ (1941 മാര്‍ച്ച 24/മീനം 11) നടന്നു. ഒരാഴ്ചയോളം നീണ്ട സൗഹാര്‍ദ്ദസമ്മേളനത്തില്‍ തുറന്ന ഹൃദയത്തോടെ ഇരുകക്ഷികളും വാദമുഖങ്ങള്‍ ചര്‍ച്ച ചെയ്ത് ഏകാഭിപ്രായത്തില്‍ എത്തിച്ചേര്‍ന്നു. കാതോലിക്കാപുനഃസ്ഥാപനം നിയമാനുസൃതമാണെന്നും അത് മലങ്കരസഭ സ്വീകരിക്കേണ്ടതാണെന്നും ഇരുകൂട്ടരും സമ്മതിച്ചു. രാജിവ്യവസ്ഥകളും ഭരണവ്യവസ്ഥകളും രൂപീകരിച്ചു. സമാധാനശ്രമം വിജയിച്ചുവെന്ന് സഭ ആകമാനം സന്തോഷിച്ചു. കാതോലിക്കാസ്വീകരണത്തിന് സമയവും നിശ്ചയിച്ചു. എന്നാല്‍ സ്വീകരണം നടക്കേണ്ടതായ ആ അവസാനഘട്ടത്തില്‍ ചില ചില്ലറ നിര്‍ബന്ധങ്ങളാല്‍ യഥാസ്ഥിതികര്‍ വാശി പിടിച്ചു. ‘അന്യഥാ ചിന്തിതം കാര്യം; ദൈവമന്യത്ര ചിന്തയേല്‍.’ സ്വീകരണം നടന്നില്ല. ആലുവായിലെ മഹത്സമ്മേളനം അങ്ങനെ പരാജയമടഞ്ഞു. മലങ്കരസഭ ആകമാനം ദുഃഖനിമഗ്നമായി. എങ്കിലും ആലുവായിലെ പരാജയം കേവലം ഒരു പരാജയമായിരുന്നില്ല. അവിടത്തെ ആലോചനകളുടെ ഫലമായി കാതോലിക്കാസ്ഥാപനത്തെപ്പറ്റി എതിര്‍കക്ഷികള്‍ പറഞ്ഞു പരത്തിയ പല കള്ളങ്ങളും വെളിയില്‍ വന്നു. പല സത്യങ്ങളും സഭാംഗങ്ങള്‍ക്ക് വെളിവായി. അന്ത്യോഖ്യയുടെ ശബ്ദം ദൈവശബ്ദമെന്ന് കണ്ണുമടച്ച് വിശ്വസിച്ചിരുന്ന പല ശുദ്ധഹൃദയന്മാരുടെയും കണ്ണുകള്‍ തുറന്നു. ചരിത്രസംഭവങ്ങളും സഭാനിയമങ്ങളും യഥാസ്ഥിതിയില്‍ അവര്‍ ഗ്രഹിക്കുവാനിടയായി. അവരുടെ മുന്‍ അഭിപ്രായഗതിക്ക് ഒരു വ്യതിയാനം വന്നു.
‘ആലുവാ സമ്മേളനത്തിന്‍റെ പരാജയത്തില്‍ സന്തപ്തരായ സഭാംഗങ്ങള്‍ ചുട്ടുനീറുന്ന ഹൃദയവേദനയോടുകൂടി സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. കാലം അധികം കഴിഞ്ഞില്ല. കണ്ടനാട് ഭദ്രാസന ഇടവകജനങ്ങളും അവരുടെ മെത്രാപ്പോലീത്തായും കൂടി അനന്തരകരണീയമെന്തെന്ന് ആലോചിക്കുന്നതിന് ഒരു പ്രതിപുരുഷയോഗം 1118 കന്നി 23-ന് (1942 ഒക്‌ടോ. 9 വെള്ളി) മൂവാറ്റുപുഴ മെത്രാസന അരമനയില്‍ വച്ചു ചേര്‍ന്നു. … കാതോലിക്കാപുനഃസ്ഥാപനം മലങ്കരസഭയുടെ സര്‍വ്വതോന്മുഖമായ അഭ്യുന്നതിക്ക് അത്യന്താപേക്ഷിതമാണെന്നും അത് നിയമപ്രകാരം ന്യായയോഗ്യമായ മാര്‍ഗ്ഗങ്ങളില്‍ക്കൂടി മലങ്കരസഭയ്ക്ക് ലഭിച്ചിട്ടുള്ളതാണെന്നും മറ്റും, അറുപതോളം പള്ളിക്കാര്‍ കൂടിയിരുന്ന ആ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേന നിശ്ചയം പാസ്സാക്കുകയും, പള്ളിപ്രതിപുരുഷന്മാര്‍ എല്ലാവരും സമ്മതിച്ച് ഒപ്പുവയ്ക്കുകയും ചെയ്തു. ആലുവാ വട്ടമേശസമ്മേളന തീരുമാനമനുസരിച്ചുള്ള കാതോലിക്കാസ്വീകരണം എല്ലാവരും ചേര്‍ന്ന് അന്നുതന്നെ നടത്തുകയും ചെയ്തു.’ (പുറം 27-29. മാളിയേയ്ക്കല്‍ കളപ്പുരയ്ക്കല്‍ – പാലാല്‍ കുടുംബചരിത്രം. ടി. ഐ. പൈലി ബി.എ.ബി.എല്‍. തെക്കേക്കര, റിവൈസ്ഡ് എഡീഷന്‍, 2004, മാളിയേയ്ക്കല്‍ കളപ്പുരയ്ക്കല്‍ – പാലാല്‍ ഫാമിലി അസോസിയേഷന്‍.)
ഇതിന്‍റെ മറ്റൊരു വിവരണം ഇസഡ്. എം. പാറേട്ട് മലങ്കര നസ്രാണികള്‍ 5-ആം വാള്യത്തിലും കാണാം. അത് പാലാമ്പടം പി.റ്റി. തോമസില്‍ നിന്ന് എടുത്തതാണ്.
‘1116 മീനം 11-ആം തീയതി ആലുവാ വട്ടമേശ സമ്മേളനം ആരംഭിച്ചു. 13-ആം തീയതി മാര്‍ തീമോത്തിയോസ് പാത്രിക്കീസുപക്ഷം സ്വീകരിക്കാനിടയുണ്ടെന്ന് കരുതിയ ഏതാനും വ്യവസ്ഥകള്‍ കാതോലിക്കോസ് പക്ഷത്തെ ഏല്പിച്ചു. ഈ വ്യവസ്ഥകള്‍ കാര്യമായ വ്യത്യാസം വരുത്താതെ മിനുസപ്പെടുത്തി മാര്‍ തീമോത്തിയോസിനെ ഏല്പിച്ചു. യൂലിയോസും ആലുവായിലെത്തി ഇരുപക്ഷത്തേയും മെത്രാന്മാരെ സന്ദര്‍ശിച്ചു. ഇരുഭാഗവും അംഗീകരിക്കുന്ന വ്യവസ്ഥകള്‍ പാത്രിയര്‍ക്കീസിന് അയയ്ക്കാമെന്നും ‘അത്യാവശ്യമായ വ്യവസ്ഥകള്‍’ പാത്രിക്കീസുപക്ഷം മെത്രാന്മാരെ ഏല്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. രാജിഹര്‍ജിയുടെ നക്കല്‍ പാത്രിക്കീസുപക്ഷത്തെ ഏല്പിച്ചു. ഇരുപാട്ടുകാരും സമ്മതിച്ച വ്യവസ്ഥകള്‍ രാജിഹര്‍ജിയുടെ ഭാഗമായി വരണമെന്നു തീരുമാനിക്കപ്പെട്ടു. നിര്‍ദ്ദേശിക്കപ്പെട്ട ശുശ്രൂഷകള്‍ നടത്തി അവരെ സ്വീകരിപ്പാന്‍ അനുവാദത്തിനു അത്താനാസ്യോസ് പാത്രിയര്‍ക്കീസിനു കമ്പി അടിച്ചു. വ്യവസ്ഥകള്‍ നക്കല്‍ രാജി ഹര്‍ജിയില്‍ എഴുതിച്ചേര്‍ത്തു. യോഗം തുടര്‍ന്നു. കാതോലിക്കാ മുതലായ സ്ഥാനികളെ സ്വീകരിക്കാന്‍ ആവശ്യമായ ശുശ്രൂഷകള്‍ നടത്തുന്നതിനു പുസ്തകം മഞ്ഞനിക്കരനിന്നു കൊണ്ടുവന്നു. കാതോലിക്കാപക്ഷത്തെ മേല്പട്ടക്കാര്‍ പരിശോധിച്ചശേഷം നിര്‍ദ്ദിഷ്ടമായ ശുശ്രൂഷയ്ക്കു വിധേയരാകുവാന്‍ സന്നദ്ധരാണെന്നറിയിച്ചു. അനന്തരം ഇരുഭാഗം മെത്രാന്മാരും സെമിനാരിയില്‍ ഒരുമിച്ചുകൂടി വ്യവസ്ഥകള്‍ പൂര്‍ണ്ണമായി സമ്മതിക്കുകയും ചെയ്തു. സ്വീകരണശുശ്രൂഷ വ്യാഴാഴ്ച രാത്രി പതിനൊന്നര മണിക്കു നടത്തണമെന്നും അതിനു മുമ്പായി രാജി ഹര്‍ജികള്‍ ഒപ്പിട്ടു കൈ മാറണമെന്നുമാണ് വ്യവസ്ഥപ്പെടുത്തിയിരുന്നത്. കാതോലിക്കാ ശുശ്രൂഷ കഴിഞ്ഞു സ്വീകരിക്കപ്പെട്ട ശേഷം അദ്ദേഹം മറ്റുള്ളവരെ ശുശ്രൂഷ കഴിച്ചു സ്വീകരിക്കാമെന്നുള്ള അഭിപ്രായത്തെ അവര്‍ മുറുകെ പിടിച്ചു. മുന്‍നിശ്ചയമനുസരിച്ചു സ്വീകരണത്തിനായി വെളുപ്പാന്‍കാലത്തു കാതോലിക്കോസ് പള്ളിയിലേയ്ക്കു പുറപ്പെട്ടപ്പോള്‍ പാത്രിക്കീസുപക്ഷത്തെ അത്യുന്നത ഉപമേധാവി (പാലാമ്പടം) ‘എന്താ ഇത്ര വെളുപ്പുകൂട്ടി? രണ്ടാം കെട്ടാണോ?’ എന്നു ചോദിച്ചു. സ്വീകരണം നടക്കുകയില്ലെന്നായി. ‘അപ്രതീക്ഷിതമായി ഉണ്ടായ സ്തംഭനം പരിഹരിക്കാന്‍ മാര്‍ഗ്ഗമന്വേഷിച്ചു ഡോ. പി. റ്റി. തോമസും വേറൊരാളും കൂടി യൂലിയോസിന്‍റെ അടുത്തുപോയി അദ്ദേഹവുമായി ഒരുമിച്ചു മടങ്ങി ആലുവായില്‍ എത്തി.’ പാത്രിയര്‍ക്കീസുപക്ഷപ്രധാനന്മാരും യൂലിയോസും അത്താനാസ്യോസും ഒക്കെ പല തരത്തില്‍ കൂടി ആലോചിച്ചു. കാതോലിക്കോസിനെ മാത്രം സ്വീകരിച്ചാല്‍ മതി എന്നു നിശ്ചയിച്ച് കാതോലിക്കായെ അറിയിച്ചു. (പുറം 136, 137 മലങ്കരനസ്രാണികള്‍ 5) കാതോലിക്കോസ് വന്നപ്പോള്‍ മാര്‍ അത്താനാസ്യോസ് പുതിയ വ്യവസ്ഥകള്‍ ഉന്നയിച്ചു. പരസ്പരസ്വീകരണം നടന്നില്ല എന്ന് വട്ടമേശസമ്മേളനത്തിനു പോയിരുന്ന പിറവത്തെ നെട്ടടിയിലെ (ആലപ്പാട്ടു) വല്യച്ചനു കൂട്ടു പോയിരുന്ന കൗമാരക്കാരനായ കൊച്ചുമകന്‍ പില്ക്കാലത്ത് നേരിട്ടു പറഞ്ഞറിയാം.
ഈ സംഭവം വടക്കന്‍പ്രദേശത്ത് പാത്രിയര്‍ക്കീസ് പക്ഷത്തെ ചിന്തിക്കുന്ന വൈദികരിലും അന്മേനികളിലും കക്ഷിപ്രശ്‌നത്തില്‍ ഒരു പുനരാലോചനയ്ക്കു കാരണമായി. വട്ടമേശസമ്മേളനചര്‍ച്ചകള്‍ കക്ഷിവഴക്കിന്റെ സത്യസ്ഥിതിയും അര്‍ത്ഥശൂന്യതയും വെളിവാകാനിടയാക്കി. പലരും കാതോലിക്കാപക്ഷത്തിന്റെ നിലപാടിനോട് അനുഭാവം കാണിച്ചുതുടങ്ങി.
സമുദായക്കേസില്‍
‘ഫര്‍മാന്‍ പിന്‍വലിച്ചതുകൊണ്ട് അബ്ദല്‍മിശിഹായുടെ സ്ഥാനവും നല്‍വരവും നഷ്ടപ്പെട്ടില്ലെന്നും, തുര്‍ക്കിരാജ്യത്തു ഉണ്ടായിരുന്ന ചില സിവിള്‍ അധികാരങ്ങള്‍ നഷ്ടപ്പെടുകയേ ഉണ്ടായുള്ളു എന്നും മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ 1118-ല്‍ സമുദായക്കേസില്‍ മൊഴി കൊടുത്തു. മൊഴി കൊടുക്കുന്നതിനു മുമ്പ് അദ്ദേഹവും യൂലിയോസ് മെത്രാനുമായി ഉരസ്സല്‍ ഉണ്ടാകയും ഇരു കക്ഷികളും അവരുടെ നില വ്യക്തമാക്കുന്നതിനായി ലഘുലേഖകള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. (അവര്‍ തമ്മില്‍ സുറിയാനിയിലുള്ള കത്തിടപാടുകള്‍ പാമ്പാക്കുട ജൂലിയസ് പ്രസില്‍ അച്ചടിച്ചിട്ടുണ്ട്.) ലഘുലേഖാസമരത്തിനു പുറമെ സമുദായക്കേസില്‍ മൊഴി പറയലും കൂടി ആയപ്പോഴേക്കു അവര്‍ തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും താറുമാറായി. സമുദായക്കേസില്‍ കൊടുത്ത മൊഴി എങ്ങുമെങ്ങും തൊടാതെയും ആരെയും അങ്ങനെ പിണക്കാതെയും കഴിക്കത്തക്ക വിധമായിരിക്കണം എന്ന് ഉദ്ദേശിക്കപ്പെട്ടിരുന്നു എന്ന് അതു വായിച്ചാല്‍ മനസ്സിലാക്കാം. പക്ഷെ ആ നില അനുവദിച്ചു കൊടുക്കുന്നതിന് പാത്രിയര്‍ക്കീസ ്-അല്ലെങ്കില്‍ യൂലിയോസ്- തയ്യാറില്ലായിരുന്നു. അതിന്‍റെ പരിണതഫലമോ? പാത്രിയര്‍ക്കീസിന്‍റെ തഹലൂപ്പായെ (യൂലിയോസ്) ബഹുമാനിക്കുന്നില്ല. പാത്രിക്കീസിനു മലങ്കര നിന്നു ലഭിക്കുന്നതിനവകാശമുള്ള റീശ്ശീസാ പിരിച്ചയച്ചു കൊടുക്കുന്നില്ല. ആംഗ്ലിക്കന്‍ ബിഷപ്പിനെ അദ്ദേഹത്തിന്‍റെ കീഴുള്ള പള്ളിയില്‍ പ്രവേശിപ്പിച്ചു. ഇവയ്‌ക്കൊക്കെ ശരിയായ സമാധാനം ഉടന്‍ ബോധിപ്പിച്ചുകൊള്ളണമെന്നു കാണിച്ച് 1118 ചിങ്ങം അവസാനത്തില്‍ പാത്രിയര്‍ക്കീസിന്‍റെതായി ഒരു നോട്ടീസ് തീമോത്തിയോസിനു യൂലിയോസു നല്‍കുകയായിരുന്നു. ഗീവറുഗീസ് ദീവന്നാസ്യോസിനെ തോന്നിയപാടു മുടക്കി വിഢ്ഡിവേഷം കെട്ടിയതില്‍നിന്നും പഠിച്ച പാഠമാണ് ഈ നോട്ടീസ് അയയ്ക്കാന്‍ സംഗതിയാക്കിയത്. നോട്ടീസിനു വളരെ വളരെ മുമ്പുതന്നെ മുടക്കുന്നതിനു വേണ്ട രേഖകള്‍ ശരിപ്പെടുത്തിവച്ചിരുന്നു’ (പു. 228 മലങ്കരനസ്രാണികള്‍ 5).
‘പാത്രിയര്‍ക്കീസിന്‍റെ ചുട്ടെഴുത്ത് കിട്ടിക്കഴിഞ്ഞ് കണ്ടനാടു ഭദ്രാസന ഇടവകയിലെ പള്ളിപ്രതിപുരുഷന്മാരുടെ ഒരു യോഗം 1118 കന്നി 23-ആം തീയതി മൂവാറ്റുപുഴയില്‍ മാര്‍ തീമോത്തിയോസിന്‍റെ അരമനയില്‍ കൂടി. കണ്ടനാട് ഭദ്രാസനത്തില്‍ അന്ന് 54 പള്ളികളാണുണ്ടായിരുന്നതെന്നു തോന്നുന്നു. അതില്‍ 50 പള്ളികളുടെയും പ്രതിനിധികള്‍ ഹാജരായിരുന്ന ആ യോഗം കാതോലിക്കോസിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പുത്തന്‍കാവ് മാര്‍ പീലക്‌സിനോസിനും ഹൃദ്യമായ ഒരു സ്വീകരണം നല്കി. മാര്‍ തീമോത്തിയോസിന്‍റെ സുന്ത്രോണീസോയും അന്ന് അവിടെവച്ചു നടന്നു. മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതുകൊണ്ടാണ് കാതോലിക്കോസ് അന്ന് അവിടെ എത്തിയതെന്നും തീമോത്തിയോസിന്‍റെ സുന്ത്രോണീസൊ അപ്പോള്‍തന്നെ നടത്താന്‍ കഴിഞ്ഞതെന്നും പറയേണ്ടതില്ലല്ലോ. കണ്ടനാടു ഭദ്രാസനം ഒന്നോടെ കാതോലിക്കോസിന്‍റെ കൊടിക്കീഴിലേയ്ക്കു മാറിയത് പാത്രിയര്‍ക്കീസുപക്ഷക്കാര്‍ക്കു ഒരു കനത്ത അടിതന്നെ ആയിരുന്നു. യൂലിയോസിന്‍റെ തന്ത്രജ്ഞതയുടെ പൊള്ളത്തരം അതു തുറന്നു കാട്ടിയതായി പൊതുവെ ഗണിക്കപ്പെട്ടു. മൂവാറ്റുപുഴ വച്ച് കാതോലിക്കോസിന്‍റെ സ്വീകരണത്തിലും തീമോത്തിയോസിന്‍റെ സുന്ത്രോണീസോയിലും ഭാഗഭാക്കുകളായ പളളിക്കാരില്‍ പലരെയും യൂലിയോസ് വീണ്ടും പിടിച്ചെടുത്തു. അതിനു പ്രയോഗിച്ച ആയുധം പാത്രിയര്‍ക്കീസ് തീമോത്തിയോസിനെ മുടക്കി എന്നുള്ള പ്രചരണമായിരുന്നു.’
സഭാസമാധാനത്തിനുള്ള ധീരമായ ചില നടപടികള്‍ എടുത്തതിനാല്‍ പലരും അദ്ദേഹത്തെ തെറ്റിദ്ധരിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. മുടക്കിയതായി കിംവദന്തിയുമുണ്ടായി. അദ്ദേഹം കാതോലിക്കായെ സ്വീകരിച്ചത് മെത്രാസനപൊതുയോഗ തീരുമാനപ്രകാരമായിരുന്നു എന്നോര്‍ക്കണം. ഇക്കാര്യത്തില്‍ അദ്ദേഹത്തെ അനുകൂലിച്ചവര്‍ പലരും പിന്തിരിഞ്ഞെങ്കിലും പട്ടിണിയും പരിവട്ടവുമായി അദ്ദേഹം പിടിച്ചുനിന്നു. അന്നു മുതല്‍ 1958 വരെ അദ്ദേഹം കുടിച്ച കണ്ണുനീരിന് കണക്കില്ല. ഒറ്റപ്പെട്ടു; വൈദികര്‍ തള്ളിപ്പറഞ്ഞു. പാമ്പാക്കുട ചെറിയപള്ളി, ഓണക്കൂര്‍ പള്ളി എന്നിവയൊഴികെ ഒരു പള്ളിയും തിരുമേനിയെ അനുകൂലിക്കാനുണ്ടായിരുന്നില്ല. അവ ഇടവകക്കാരുള്ള കുടുംബപ്പള്ളികളായിരുന്നു. കണ്ടനാടു ഭദ്രാസനത്തിലെ മിക്ക പള്ളികളിലും വ്യവഹാരങ്ങള്‍ ഉണ്ടായി.
അക്കാലത്ത് ഔഗേന്‍ തിരുമേനിയെ അനുകൂലിച്ച വൈദികരും കക്ഷിപ്രശ്‌നം മൂലം വിഷമത്തിലായി. മുളക്കുളം കര്‍മ്മേല്‍കുന്നു പള്ളി വികാരി പൂവത്തുങ്കല്‍ തോമസ് കത്തനാര്‍ കാതോലിക്കാ പക്ഷത്തു ചേര്‍ന്ന മാര്‍ തീമോത്തിയോസിനെ അനുകൂലിക്കുന്നു എന്ന കാരണത്താല്‍ മാര്‍ അത്താനാസ്യോസ് മുടക്കി. അതിനാല്‍ അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു കര്‍മ്മം നടത്തുന്നതിനെ നിരോധിക്കണമെന്ന് അപേക്ഷിച്ച് രണ്ട് ഇടവകക്കാര്‍ വ്യവഹാരപ്പെട്ടു. മുന്‍സിപ്പുകോടതി അന്യായം അനുസരിച്ചു വിധിച്ചു. തോമസ് കത്തനാര്‍ സഭയ്ക്കു ഇതരനായി എന്നായിരുന്നു ആ കേസില്‍ പ്രധാന വാദം. ഈ വിധിയിന്മേല്‍ ആലപ്പുഴ ജില്ലാക്കോടതിയില്‍ കൊടുത്ത അപ്പീല്‍ അനുവദിച്ച്, കത്തനാര്‍ സഭയ്ക്കു ഇതരനാണെന്നുള്ള വാദം തള്ളി 124 ധനുവില്‍ വിധിയുണ്ടായി. മദ്രാസ് ഹൈക്കോടതി ബ്രഹ്മവാര്‍ പള്ളിക്കേസില്‍ ചെയ്ത തീരുമാനം ആ ജഡ്ജ്‌മെന്റില്‍ എടുത്തു പറഞ്ഞിരുന്നു. (ആ വിധിയിന്മേല്‍ വാദികള്‍ 1124-ല്‍ 434-ആം നമ്പരായി ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തു. ജില്ലാകോടതി വിധി ശരിവച്ചും വാദികളുടെ അന്യായം തള്ളിയും കെ. എസ്. ഗോവിന്ദപ്പിള്ള 1125 കര്‍ക്കടകം 4-ആം തീയതി വിധിക്കയുണ്ടായി എന്നുള്ള വസ്തുതയും ഇവിടെതന്നെ രേഖപ്പെടുത്തിക്കൊള്ളട്ടെ). (പുറം 295 മലങ്കരനസ്രാണികള്‍ 5)
കോട്ടയത്തേക്ക്
പിന്നീടുണ്ടായ പ്രശ്‌നങ്ങള്‍ നിമിത്തം, അദ്ദേഹം കോട്ടയത്തേക്കു പോന്നു. 1947 മുതല്‍ കോട്ടയം പഴയ സെമിനാരിയില്‍ അദ്ധ്യാപകനായും പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. തുമ്പമണ്‍ മെത്രാസനാധിപനായ പുത്തന്‍കാവില്‍ മാര്‍ പീലക്‌സിനോസ് തിരുമേനി കാലം ചെയ്തപ്പോള്‍ കുറച്ചുനാള്‍ പത്തനംതിട്ടയില്‍ താമസിച്ച് മെത്രാസനഭരണം നിര്‍വ്വഹിച്ചു. അക്കാലയളവില്‍ സഭയിലെ എല്ലാ രംഗങ്ങളിലും അദ്ദേഹം സജീവമായി നിലകൊണ്ടു.
മാര്‍ തീമോത്തിയോസിനെയും കാതോലിക്കോസ് പക്ഷത്തെയും കൊമ്പുകുത്തിക്കാന്‍ പ്രത്യേകമായി ഒരുക്കിവിട്ട പൌലൂസ് പീലക്‌സിനോസ് മെത്രാപ്പോലീത്താ വാദിയായി, കണ്ടനാട് ഭദ്രാസനം വക മാര്‍ തീമോത്തിയോസിന്‍റെ കൈവശം ഉള്ളത് കൈവശപ്പെടുത്തുന്നതിന് വ്യവഹാരമുണ്ടായി. (പുറം 228-230 മലങ്കരനസ്രാണികള്‍ 5)
1958 സെപ്തംബര്‍ 12-ന് സമുദായക്കേസ് കാതോലിക്കോസിന് അനുകൂലമായി സുപ്രീംകോടതി വിധിച്ചു. അതിനെത്തുടര്‍ന്ന് സഭയിലെ ഇരുകക്ഷികളും തമ്മില്‍ രാജിയാലോചന നടന്നു. 1958 ഡിസംബര്‍ 16-ന് പാത്രിയര്‍ക്കീസ് ബാവാ കാതോലിക്കായെ സ്വീകരിക്കുന്ന കല്പന പുറപ്പെടുവിച്ചു. കാതോലിക്കാബാവ ഭരണഘടനയ്ക്കു വിധേയമായി പാത്രിയര്‍ക്കീസ് ബാവായെ സ്വീകരിച്ചു. സ്വീകരണകല്പനകള്‍ പരസ്പരം കൈമാറി ഇരു കക്ഷികളും പരസ്പരം സ്വീകരിച്ചു. 1958-ല്‍ സഭാസമാധാനം കൈവന്നപ്പോള്‍, ഏറ്റവുമധികം സന്തോഷിച്ചതു ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായായിരുന്നു.
വിവാദപുരുഷന്‍
1942-ല്‍ കണ്ടനാടു ഭദ്രാസന പൊതുയോഗനിശ്ചയപ്രകാരം ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവായെ സ്വീകരിച്ച സമയം വരെയുള്ള ഔഗേന്‍ തീമോത്തിയോസ് തിരുമേനിയുടെ സഭാസംബന്ധമായ നിലപാടുകള്‍ ഉറച്ചതല്ലായിരുന്നു; പൂര്‍വ്വാപരവിരുദ്ധങ്ങളായിരുന്നു; അതുകൊണ്ട് അദ്ദേഹം ഒരു വിവാദപുരുഷനായിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ നിലപാടുകള്‍ സഭാചരിത്രത്തിന്‍റെയും ക്രിസ്തീയപാരമ്പര്യത്തിന്‍റെയും അടിസ്ഥാനത്തില്‍ ഉറച്ചതായിരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം ഹേതുവായി ഒരു തുറന്ന നിലപാടെടുക്കാതെ അനുകൂലസാഹചര്യം സൃഷ്ടിക്കുവാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നവെന്നത് സൂക്ഷ്മദൃക്കുകള്‍ക്ക് വ്യക്തമാകും.
ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാന്‍ സ്ഥാനത്തിനായി 18-7-102-ല്‍ കൊടുത്ത രജിസ്റ്റര്‍ ഉടമ്പടിയിലും 22-2-102-ല്‍ ശല്‍മൂസ്സാ എന്ന പേരില്‍ ഏലിയാസ് തൃതീയനു കൊടുത്ത ഉടമ്പടിയിലും, മൂവാറ്റുപുഴ പട്ടണത്തില്‍ മലങ്കരസമുദായം വകയായി ഉള്ള സ്ഥലത്ത് ഒരു പള്ളി വയ്ക്കുന്നതു സംബന്ധിച്ചുണ്ടായ വിചാരണയില്‍ 6-4-112-ല്‍ കൊടുത്ത സ്റ്റേറ്റുമെന്റിലും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു മലങ്കരയില്‍ ലൗകികാധികാരവും സര്‍വ്വ അധികാരങ്ങളും ഉണ്ടെന്നു സമ്മതിച്ചിരുന്നു. ആ നില അത്ര പന്തിയല്ലെന്ന പരിതസ്ഥിതികളില്‍ വന്ന മാറ്റങ്ങള്‍ തെളിയിച്ചതുകൊണ്ടോ, മാനസികമായി ഉണ്ടായ പരിവര്‍ത്തനം കൊണ്ടോ, തെറ്റു തിരുത്തുന്നതിന് അദ്ദേഹം ശ്രമിച്ചു എന്നു തോന്നാം മൊഴി വായിച്ചാല്‍ എന്ന് ബി. കൃഷ്ണയ്യര്‍ (സമുദായക്കേസ്) വിധിയില്‍ പറഞ്ഞു (പുറം 180-183 മലങ്കരനസ്രാണികള്‍ 5)
ഈ വ്യവഹാരം ആരംഭിച്ച ശേഷം പല സന്ധിയാലോചനകളിലും സാക്ഷി ഏര്‍പ്പെട്ടു എന്നു പറയപ്പെടുന്നു. ഈ കേസില്‍ പ്രതിഭാഗത്തെ അനുകൂലിച്ചാണ് മൊഴി പറഞ്ഞത്… ഇദ്ദേഹം കാതോലിക്കേറ്റിനെയും ഒന്നാം പ്രതിയെയും തുറന്ന് അംഗീകരിച്ചതു മൂലം പാത്രിയര്‍ക്കീസിനെ നിഷേധിക്കുകയാണ് ചെയ്തത്. അതു മൂലം പാത്രിയര്‍ക്കീസിനോ 17-ആം സാക്ഷിക്കോ (യൂലിയോസ്) യുക്തമെന്നു തോന്നുന്ന വൈദികശിക്ഷയ്ക്ക് അര്‍ഹനാകയും ചെയ്തു. (സമുദായക്കേസ് ബി. കൃഷ്ണയ്യരുടെ വിധി പുറം 180-183 മലങ്കരനസ്രാണികള്‍ 5)
ബി. കൃഷ്ണയ്യര്‍ സമുദായക്കേസ് വിധി പ്രസ്താവിച്ച ശേഷം നടന്ന ഒരു സംഭാഷണത്തില്‍ പാറേട്ടിനോട് പറഞ്ഞു: ‘തീമോത്തിയോസു മെത്രാപ്പോലീത്തായെപ്പറ്റി ജഡ്ജ്‌മെന്റില്‍ ചെയ്ത പരാമര്‍ശങ്ങള്‍ നിങ്ങളെ ഒക്കെ ശുണ്ഠി പിടിപ്പിച്ചിട്ടുണ്ട്, അല്ലേ? … അദ്ദേഹം അസാധാരണ സമര്‍ത്ഥനാണെന്നും, അതതു കാലത്തെ പരിതസ്ഥിതികള്‍ക്കനുസരിച്ച് നയം ക്രമീകരിക്കുന്നതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും, എന്‍റെ മുമ്പില്‍ വന്ന രേഖകളും അദ്ദേഹം സത്യത്തിന്മേല്‍ കൊടുത്ത സാക്ഷിമൊഴിയും വ്യക്തമാക്കുന്നതായി ഞാന്‍ കണ്ടു. നീതിയും ന്യായവും നടത്തുന്നതിനു ചുമതലപ്പെട്ടിരിക്കുന്ന ഒരു ന്യായാധിപന്‍ എന്ന നിലയില്‍ എന്‍റെ ചുമതലയാണെന്നു ബോദ്ധ്യമായതുകൊണ്ടാണ് നിങ്ങള്‍ക്ക് ഒരു മുന്നറിയിപ്പായി ഇത്രയും എഴുതിയത്. എന്‍റെ നിഗമനങ്ങളും ആശങ്കയും തെറ്റാണെന്നു തെളിഞ്ഞാല്‍ നിങ്ങളെ എല്ലാവരെയുംകാള്‍ സന്തോഷിക്കുന്നതു ഞാനായിരിക്കും…’ (പു. 208-209 മലങ്കരനസ്രാണികള്‍ 5)
സഭാസമാധാനത്തിനു ശേഷം
സഭയില്‍ സമാധാനം ഉണ്ടായപ്പോള്‍ ഇരുകക്ഷികളിലുമായി കണ്ടനാട് മെത്രാസനത്തില്‍ ഉണ്ടായിരുന്ന രണ്ട് മെത്രാപ്പോലീത്താമാര്‍ – ഔഗേന്‍ മാര്‍ തീമോത്തിയോസ് തിരുമേനിയും പൗലോസ് മാര്‍ പീലക്‌സിനോസ് തിരുമേനിയും – ഒരുമിച്ച് ഭദ്രാസനഭരണം നടത്തി.
മുവാറ്റുപുഴയില്‍ പഴയ ഒരു ചെറിയ കെട്ടിടത്തില്‍ വളരെ പരിമിതമായ സൗകര്യത്തില്‍ അതിലളിതമായി ജീവിച്ചുകൊണ്ട് കണ്ടനാടു ഭദ്രാസനത്തിന്‍റെ ആസ്ഥാനമായി ഇന്നു കാണുന്ന അരമനക്കെട്ടിടത്തിന്‍റെ ഒന്നാം നില ഔഗേന്‍ തിരുമേനി പൂര്‍ത്തീകരിച്ചു. ഫാ. സി. എസ്. സ്‌കറിയ ചെമ്മങ്കുഴയുടെ ഉത്സാഹത്തില്‍ 16-12-58-ലെ പരസ്പരസ്വീകരണത്തിന്‍റെ ഓര്‍മ്മയ്ക്ക് ഒരു മാര്‍ബിള്‍ഫലകവും തിരുമേനിയുടെ ഛായാചിത്രവും അതില്‍ സ്ഥാപിച്ചിരുന്നു. രണ്ടാം നില പണിയുവാനുള്ള നല്ലൊരു തുക പൗലോസ് മാര്‍ പീലക്‌സിനോസ് തിരുമേനിയെ ഏല്പിച്ചിട്ടാണ് കാതോലിക്കാസ്ഥാനം സ്വീകരിക്കുവാനായി തിരുമേനി ദേവലോകത്തേക്കു പോയത്.
കാതോലിക്കാബാവാ
1962 മെയ് 17-ന് നിരണത്തുകൂടിയ മലങ്കര അസോസിയേഷന്‍ ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായെ, നിയുക്തകാതോലിക്കായും മലങ്കരമെത്രാപ്പോലീത്തായുമായി തെരഞ്ഞെടുത്തു. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ കാലം ചെയ്ത ശേഷം 1964 മെയ് 22-ന് കോട്ടയം മാര്‍ ഏലിയാ ചാപ്പലില്‍ വച്ച് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ അദ്ദേഹത്തെ മാര്‍ ബസ്സേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാബാവായായി അഭിഷേകം ചെയ്തു. (മലങ്കര അസോസിയേഷന്‍യോഗം തെരഞ്ഞെടുത്ത ആദ്യത്തെ കാതോലിക്കായാണ് മാര്‍ ഒഗേന്‍.) സഭാകാര്യങ്ങളില്‍ വ്യാപൃതനായ അദ്ദേഹം ദേവലോകത്തു താമസമാക്കി. സഭാസമാധാനം കൈവരിച്ചെങ്കിലും ചില പ്രദേശങ്ങളില്‍ പുതിയ ചില അസ്വസ്ഥതകള്‍ ഉടലെടുത്തു. കുറെയൊക്കെ പരിഹരിക്കുവാന്‍ ഔഗേന്‍ ബാവാതിരുമേനിയുടെ നയതന്ത്രജ്ഞതയ്ക്കു കഴിഞ്ഞു.
ദേശീയ അന്തര്‍ദേശീയ രംഗത്ത്
1964 ഡിസമ്പര്‍ 3-ന് ബോംബെയില്‍ വച്ചു നടന്ന മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ച ഇരുസഭകളും തമ്മില്‍ കൂടുതല്‍ സൗഹൃദത്തിനിട നല്‍കി. ഓറിയന്‍റെല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുവാന്‍ 1965-ല്‍ ഏത്യോപ്യയിലെ ആഡിസ് അബാബായില്‍ ചേര്‍ന്ന സഭാതലവന്മാരുടെ സമ്മേളനത്തില്‍ തിരുമേനി പങ്കടുത്തു. മടക്കയാത്രയില്‍ കെയ്‌റോ, ഡമാസ്‌കസ്, യെരുശലേം, ബെയ്‌റൂട്ട്, ആലപ്പോ, ഹോംസ് തുടങ്ങിയ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. മൂസല്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് മാര്‍ത്തോമ്മാശ്ലീഹായുടെ തിരുശേഷിപ്പ് ഏറ്റുവാങ്ങി ദേവലോകം അരമനയില്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു. റഷ്യയിലെ അലക്‌സിസ് പാത്രിയര്‍ക്കീസിന്‍റെ മെത്രാന്‍സ്ഥാനഭിഷേക ജൂബിലിയില്‍ മലങ്കരസഭയുടെ പ്രതിനിധികളെ അയച്ചത് ബാവാ തിരുമേനി ഇതരസഭകളുമായുള്ള ബന്ധം ഉറപ്പിച്ചതിന് ഉദാഹരണമാണ്.
1966 ആഗസ്റ്റ് 24-ന് കോലഞ്ചേരിയിലും, 10-2-1975-ന് നിരണത്തും വച്ചു നടന്ന മെത്രാന്‍വാഴ്ചകളില്‍ പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികളെ മേല്‍പ്പട്ടസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു വാഴിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
മാര്‍ ഏലിയാ ചാപ്പല്‍ കാതോലിക്കാബാവായുടെ കത്തീഡ്രല്‍ ആയി പ്രഖ്യാപിച്ച ബാവാ തിരുമേനി, അനവധി ദേവാലയങ്ങള്‍ സ്ഥാപിക്കുകയും നിരവധി പേരെ വൈദികരാക്കുകയും ചെയ്തു.
1967-ല്‍ വിശുദ്ധ മൂറോന്‍ കുദാശ നടത്തി.
ഗ്രന്ഥകാരന്‍
അനേകം പുസ്തകങ്ങളുടെ രചയിതാവും വിവര്‍ത്തകനും കൂടിയായിരുന്നു മഹാപണ്ഡിതനായ തിരുമേനി. സുറിയാനിഭാഷയില്‍ ഉറവിടത്തില്‍ തന്നെ ഉപരിപഠനം നടത്തിയ ഈ പിതാവിന്‍റെ ജീവിതകാലത്ത് ഈ നാട്ടില്‍ മാത്രമല്ല, സിറിയായില്‍ പോലും സുറിയാനിഭാഷയില്‍ അദ്ദേഹത്തോടു തുല്യപാണ്ഡിത്യമുള്ള ആരും ഉണ്ടായിരുന്നില്ല. ‘ഗുരുവിനെക്കാള്‍ (മാത്തന്‍ മല്പാന്‍) ഉയര്‍ന്ന ശിഷ്യന്‍’ എന്ന് മാര്‍ ഔഗേന്‍ തിരുമേനിയെക്കുറിച്ച് തീര്‍ച്ചയായും പറയാം.
അദ്ദേഹം ആരാധനാസാഹിത്യഗ്രന്ഥങ്ങള്‍ സുറിയാനിമൂലഗ്രന്ഥങ്ങളില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പെങ്കീസാനമസ്‌കാരപ്രുമിയോന്‍ (1948), വലിയ നോമ്പിലെ പ്രുമിയോന്‍ (1948), കഷ്ടാനുഭവാഴ്ച നമസ്‌കാരക്രമം (1971), മാര്‍ത്തോമ്മാ ശ്ലീഹായുടെയും മാര്‍ ഗീവറുഗീസ് സഹദായുടെയും പെരുന്നാളുകളുടെ പെങ്കീസാ നമസ്‌കാരം (1951), നോമ്പിലെ നമസ്‌കാരം (1960) വായനപ്പടി ഏവന്‍ഗേലിയോനിലെ പെസ്‌ഗോമാകള്‍ (1966) കന്തീലാക്രമം (1974), പട്ടംകൊടക്രമം, പള്ളികൂദാശക്രമം, തുടങ്ങിയവയുടെ മലയാളവിവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്‍റെ സംഭാവനകളാണ്. കുര്‍ബ്ബാനയിലെ ഹൂത്തോമോ അദ്ദേഹം സുറിയാനിയിലും മലയാളത്തിലും സ്വന്തമായി രചിച്ചതാണ്.
പദ്യവും ഗദ്യവുമായ തിരുമേനിയുടെ രചനകള്‍ പഠിക്കുന്ന ഒരുവനെ ആശ്ചര്യപ്പെടുത്തുന്ന സിദ്ധിവിശേഷമാണ് ബോദ്ധ്യമാവുക. സമകാലീനരായ എഴുത്തുകാരുമായി തുലനം ചെയ്താല്‍ അദ്ദേഹത്തിന്‍റെ രചനകള്‍ ഒന്നാംകിടയിലുള്ളതെന്ന് ബോദ്ധ്യമാകും. ഹൂത്തോമോ, പരമയാഗം, കഷ്ടാനുഭവാഴ്ച നമസ്‌കാരം മുതലായ കൃതികള്‍ പരിശോധിച്ചാല്‍ ഒരു തികഞ്ഞ കവിയായ തിരുമേനിയെ കണ്ടെത്താം. നിലത്തെഴുത്തു പഠിക്കുന്നതിന്‍റെ ഭാഗമായി മലയാളഭാഷയുടെ പ്രാരംഭപാഠങ്ങള്‍ കഴിഞ്ഞാല്‍ സംസ്‌കൃതപാഠങ്ങള്‍ കൂടി പഠിക്കുന്നത് അന്നൊക്കെ സാധാരണമായിരുന്നു. ആ സംസ്‌കൃതപഠനത്തിന്‍റെ മേന്മ തിരുമേനിയുടെ കൃതികള്‍ പഠിച്ചാല്‍ ബോദ്ധ്യമാകും. ഏതൊരു രചനയും, സ്വതന്ത്രരചനയായാലും പരിഭാഷയായാലും, വായനക്കാരനു മനസ്സിലാകുംവിധം ലളിതവും വ്യക്തവുമായ തിരുമേനിയുടെ ഭാഷാരീതി, ആശ്രയിക്കുന്ന അന്യഭാഷാഗ്രന്ഥങ്ങളുടെ ശൈലി വിട്ടുകളയാതെ ദുര്‍ഗ്രഹവും കൃത്രിമവുമായി സൃഷ്ടി നടത്തുന്ന എഴുത്തുകാര്‍ മാതൃകയാക്കേണ്ടതാണ്.
(ഇതിനോടൊന്നിച്ച് ഇന്ന് ആരാധനകളില്‍ മനഃപൂര്‍വ്വം ചില തിരുത്തലുകള്‍ ഭാഷാപരിജ്ഞാനമില്ലാത്ത ചിലര്‍ വരുത്തുന്നതിനെ കുറിച്ച് പറയാതെ വയ്യ. തക്‌സാകളും മറ്റു ക്രമങ്ങളും യഥേഷ്ടം മാറ്റി ചൊല്ലുന്ന രീതി നമ്മുടെ സഭയില്‍ മാത്രമേയുള്ളുവെന്നാണ് തോന്നുന്നത്. പുസ്തകത്തിലുള്ളതല്ല പലരും ചൊല്ലിക്കൂട്ടുന്നത്. തിരുത്തി ചൊല്ലുന്നതാണ് ശരിയെങ്കില്‍ ആ പുസ്തകം തിരുത്താന്‍ വേണ്ടതു ചെയ്യണം. അല്ലാതെ എല്ലാവരും തനതായി ചൊല്ലുന്നെങ്കില്‍ അതിനെ അച്ചടക്കമില്ലായ്മ എന്നു പറയരുതോ? പണ്ഡിതവരേണ്യരായ മുന്‍ഗാമികളുടെ രചനകളില്‍, ഇന്നത്തെ തലമുറ അര്‍ത്ഥമറിയാതെ കൈവച്ച് തിരുത്തലുകള്‍ വരുത്തി അബദ്ധമാക്കി ചൊല്ലുന്നതു കേള്‍ക്കുമ്പോള്‍ മുറിവൈദ്യന്മാര്‍ ആളെ കൊല്ലുമെന്ന പഴമൊഴിയാണ് ഓര്‍മ്മ വരുന്നത്. പ്രത്യേകിച്ചും ഗിതങ്ങളിലെ തിരുത്തലുകള്‍ അസഹനീയമാണ്. ഉദാഹരണത്തിന്:
മറിയാമിന്‍ സ്മരണം വരദായകമാക; തല്‍പ്രാര്‍ത്ഥന ഞങ്ങള്‍-ആത്മാവിനു കോട്ട
വൈദികശെമ്മാശന്മാര്‍-അന്‍പാലിമ്പം നല്‍ക;
ഗളരുധിരത്താല്‍ ധവളിമ അംഗങ്ങള്‍-ഉളവാക്കി … (ക്ക് എന്ന പ്രത്യയം ഒഴിവാക്കിയാല്‍ അര്‍ത്ഥം മാറിപ്പോകുമല്ലോ എന്ന് ആരാണിവരെ ബോധിപ്പിക്കുക.)
സകല നിവാസങ്ങളില്‍ നി-അരിശത്തിന്‍ ദണ്ഡം … (നിന്ന് വിട്ടുകളയുന്നു.)
ദൈവപ്രസവിത്രീ കന്യകമറിയാമി-ഉയരുന്നോയാറില്‍ …(മറിയാമിന് എന്നതു വിട്ടുകളയുന്നു.)
കേടെന്യേ കബറുകളീന്നും നിങ്ങളെഴുന്നേ- അതിവേഗം രാജാത്മജനെ ഏതിരേല്പാനെത്തും… (എഴുന്നേറ്റ് എന്നതില്ല)
സ്ലീബായാല്‍ ജീവിതരെ കാ-അന്‍പാല്‍ മുക്തി മൃതര്‍ക്കേക. (കാത്ത് എന്നതില്ലാതാകുന്നു.)
നിര്‍മ്മലരായ് പരികര്‍മ്മിപ്പോ-ആചാര്യര്‍ക്കവ ചൂടീടും. (പരികര്‍മ്മിപ്പോര്‍ ഇല്ലാതാകുന്നു)
മോഹിച്ചീടും-അജസംഘം … (അജസംഘം മോഹിച്ചീടുന്നു എന്നതാണ് കാര്യം)
ഇത്തരം തിരുത്തലുകള്‍ ആരാണു പഠിപ്പിക്കുന്നതെന്നറിയാന്‍ പല അന്വേഷണങ്ങളും നടത്തിനോക്കി. പക്ഷെ ആരും ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകണ്ടില്ല. ഇവര്‍ നടത്തുന്ന തിരുത്തലുകളാണ് ശരിയെന്നു കരുതുന്നെങ്കില്‍, പുസ്തകം അച്ചടിക്കുന്ന ചുമതലക്കാരെ അതൊന്നു ബോദ്ധ്യപ്പെടുത്തി തിരുത്തിക്കുവാന്‍ ശ്രമിക്കണമേ എന്നാണ് എന്‍റെ അപേക്ഷ. കുന്തുരുക്കം എന്നത് കുന്തിരിക്കം എന്നും ശുശ്രൂഷ എന്നത് ശിശ്രൂഷ എന്നും പാഷണ്ഡര്‍ എന്നത് പാഷാണ്ഡര്‍ എന്നും ജനിത്രി എന്നത് ജനത്രി എന്നും ഉച്ചരിക്കുന്നവരാണ് ഈ തിരുത്തല്‍മിടുക്കന്മാര്‍. ഉയിര്‍പ്പ്, ഉയിര്‍ത്തെഴുന്നേറ്റ് എന്നീ പദങ്ങള്‍ ഉയര്‍പ്പ്, ഉയര്‍ത്തെഴുന്നേറ്റ് എന്നാണ് ഇത്തരം വിദഗ്ധര്‍ ഉച്ചരിക്കുന്നത്. ഇത്ര നാളും ഉച്ചാരണത്തിലേ ഇങ്ങനെ കേട്ടിരുന്നുള്ളൂ. ഈയടുത്തനാളില്‍ കിട്ടിയ ഒരു കൃതിയില്‍ ഉയര്‍പ്പ് എന്ന് തിരുത്തി അച്ചടിച്ചിരിക്കുന്നതു കണ്ടു. ‘മലയാളമേ നിന്‍റെ വിധി’ എന്നു വിലപിക്കുവാനേ നിവൃത്തിയുള്ളു. (എന്നാല്‍ മൊറിയോറാഹേമാലൈനൂആദാറൈന്‍ എന്ന തിരുത്തല്‍ മെന്‍വോലം … എന്ന പ്രതിവാക്യം ശരിയായി ചൊല്ലുകില്ലെങ്കിലും സാംക്രമികമാകുന്നു.)
പ്രധാന കൃതികള്‍
വിശുദ്ധ മതോപദേശസത്യങ്ങള്‍ (1950), മരണാനന്തരാവസ്ഥ (1952), പരമയാഗം, വിശുദ്ധ സുന്നഹദോസുകള്‍ എന്നീ ഗ്രന്ഥങ്ങളുടെ രചന ഈ ശ്രേഷ്ഠ മഹാപുരോഹിതന്‍റെ പാണ്ഡിത്യം വെളിപ്പെടുത്തുന്നു. ചര്‍ച്ച് വീക്കിലി, മലങ്കരസഭ തുടങ്ങിയ ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ ഈടുറ്റ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആദ്യം പറഞ്ഞ മൂന്നു പുസ്തകങ്ങളും അഞ്ചു പ്രസംഗങ്ങളും ആറു ലേഖനങ്ങളും പ്രശസ്ത ഗവേഷകനായ ഡോ. സാമുവല്‍ ചന്ദനപ്പിള്ളി, മലങ്കരസഭാപിതാക്കന്മാര്‍ എന്ന ഗ്രന്ഥത്തില്‍ സമാഹരിച്ചിട്ടുണ്ട്. 1. ദൈവമാതാവിന്‍റെ വാങ്ങിപ്പ്, (മല.സഭ 1954 സെപ്റ്റ. പു.8 ല.11) 2. മുള്ളുകളുടെ ഇടയിലെ ചെങ്ങഴിനീര്‍ പുഷ്പം (മലങ്കരസഭ നേരിട്ട പ്രയാസങ്ങളുടെ ചരിത്രം, പ്രത്യേകിച്ച് വട്ടശേരില്‍ തിരുമേനി. മല.സഭ. 1957 പു.11 ല.5) 3. മദ്ധ്യാഹ്നസൂര്യന്‍ അസ്തമിച്ചു, (പ.ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കബറടക്കദിനപ്രസംഗം) 4. മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനം (1972 നിരണത്ത് മാര്‍ത്തോമ്മാശ്ലീഹായുടെ ചരമശതാബ്ദി സമ്മേളനത്തിലെ അദ്ധ്യക്ഷപ്രസംഗം) 5. ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാക്ഷിയായിത്തീരുക (10-12-1972 മാക്കാംകുന്നില്‍ തുമ്പമണ്‍ ഭദ്രാസനത്തിലെ മാര്‍ത്തോമ്മാശ്ലീഹായുടെ ചരമശതാബ്ദി സമ്മേളനത്തിലെ അദ്ധ്യക്ഷപ്രസംഗം) എന്നിവയാണ് ആ പ്രസംഗങ്ങള്‍. 1. സ്‌നേഹം (മല.സഭ 1947 കുംഭം പു.1 ല.5) 2. നിന്റെ പിതാക്കന്മാരെ ആദരിച്ചുകൊള്‍ക മലങ്കര സഭാചരിത്രം (മല.സഭ 1952 ഏപ്രില്‍ പു. 6 ല.6) 3. ദശവത്സരപദ്ധതി വിജയിപ്പിക്കുക (മല.സഭ 1953 നവ. ഡിസ. പു.8 ല.1,2) 5. മലങ്കരസഭമാസിക (മല.സഭ 1947 പു.1 ല.2) 6. ക്രിസ്തീയദീപങ്ങള്‍ (നവൊകൈസറിയായിലെ മാര്‍ ഗ്രീഗോറിയോസിനെപ്പറ്റി ചര്‍ച്ച് വീക്കിലി 1946 ഡിസ. 15, 1947 ഏപ്രില്‍ 6). ജൂബിലി മഹാമഹം എന്നൊരു ലേഖനം മാര്‍ത്തോമ്മാശ്ലീഹായുടെ സുവിശേഷവേലയുടെ 19-ആം ശതാബ്ദി ജൂബിലി സൂവനീറില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സമകാലികപ്രസിദ്ധീകരണങ്ങളില്‍ തെരഞ്ഞാല്‍ കൂടുതല്‍ രചനകള്‍ കണ്ടെത്താനായേക്കും. ലളിതമായ ശൈലിയില്‍ ഗഹനമായ വേദശാസ്ത്രവിഷയങ്ങള്‍ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ അനുപമശൈലി ഇന്നത്തെ എഴുത്തുകാര്‍ മാതൃകയാക്കേണ്ടതാണ്.
‘മലങ്കരസുറിയാനിസഭയിലെന്നല്ല, ശീമരാജ്യങ്ങളില്‍ പോലും സുപ്രസിദ്ധ സുറിയാനിപണ്ഡിതനെന്ന് സുവിഖ്യതി സമ്പാദിച്ചിരുന്ന മാന്യദേഹവും വേദശാസ്ത്രനിപുണനും ഇന്നു വടക്കും തെക്കുമുള്ള അനേകപട്ടക്കാരുടെ അഭിവന്ദ്യഗുരുഭൂതനും ദീര്‍ഘകാലം മോര്‍ ഒസ്താത്യോസ് ബാവാ വി. അബ്ദള്ള പാത്രിയര്‍ക്കീസ് ബാവാ എന്നിവരോടുകൂടി ശീമയിലും മലങ്കരയിലും പ്രവര്‍ത്തിച്ചിട്ടുള്ള ധിഷണാശാലിയായ ഔഗേന്‍ റമ്പാന്‍’ എന്നാണ് അദ്ദേഹത്തിന്‍റെ ശിഷ്യനും മല്പാനുമായിരുന്ന കണിയാംപറമ്പില്‍ കുര്യന്‍ കോര്‍എപ്പിസ്‌കോപ്പ പറയുന്നത്. (മലങ്കരയുടെ പൗലോസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ ജീവചരിത്രം, ബഥനി പ്രിന്റിങ് ഹൗസ്, തിരുവല്ല. 1954) ബാവയുടെ ശിഷ്യരില്‍ പ്രമുഖരാണ് ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, യൂഹാനോന്‍ മാര്‍ സേവേറിയോസ്, ജോസഫ് മാര്‍ പക്കോമിയോസ്, കോനാട്ട് അബ്രഹാം മല്പാന്‍, കോരത് മല്പ്പാന്‍ തുടങ്ങിയവര്‍.
മാര്‍ത്തോമ്മായുടെ സിംഹാസനം
മാര്‍ തോമാശ്ലീഹായുടെ പൗരോഹിത്യത്തിനും, സിംഹാസനത്തിനും ഒട്ടും കോട്ടം വരാന്‍ സമ്മതിക്കാത്ത പണ്ഡിതനായിരുന്നു പരിശുദ്ധ തിരുമേനി. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരോഹിത്യം, സിംഹാസനം അവയെ ചോദ്യം ചെയ്തുകൊണ്ട് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് യാക്കോബ് തൃതിയന്‍ ബാവാ 1970-ല്‍ അയച്ച 203-ആം നമ്പര്‍ കല്പനയ്ക്ക് പ. ഔഗേന്‍ കാതോലിക്കാബാവാ നല്‍കിയ മറുപടി വേദവിശകലനരംഗത്തെ ഒരു പ്രാമാണികരേഖയാണ്.
1972 ഓഗസ്റ്റ് 24-ന് മലങ്കര മാനേജിങ് കമ്മറ്റിയുടെ ബജറ്റുസമ്മേളനത്തില്‍ യാക്കോബ് തൃതിയന്‍ ബാവാ യുടെ കല്പനയുടെ മറവില്‍ ‘മാര്‍ത്തോമ്മായുടെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന’ എന്ന നോട്ടീസ് കല്പനയുടെ ഹെഡിങ്ങിനെപ്പറ്റി ഒരു ക്രമപ്രശ്‌നം ഉന്നയിച്ചതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയുടെ ഒടുവില്‍ അതു തള്ളിക്കളഞ്ഞതിനു ശേഷം ചെയ്ത ഉപക്രമപ്രസംഗത്തില്‍, ശ്ലീഹന്മാര്‍ക്ക് എല്ലാവര്‍ക്കും തുല്യസ്ഥാനവും തുല്യ അധികാരവും ആണെന്നും, പത്രോസ് ശ്ലീഹായ്ക്ക് സിംഹാസനം ഉള്ളതുപോലെ തോമാശ്ലീഹായ്ക്കും സിംഹാസനം ഉണ്ടെന്നും, കര്‍ത്താവ് അങ്ങനെയാണ് ശ്ലീഹന്മാരുടെ പദവി ക്രമപ്പെടുത്തിയിട്ടുള്ളതെന്നും, സ്വസ്ഥാനമോ സ്വജീവന്‍തന്നെയുമോ കളയേണ്ടിവന്നാലും ആ സത്യവിശ്വാസത്തില്‍ ഉറച്ചുനില്ക്കുകയും, അത് ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുകയും ചെയ്യുമെന്നും, സത്യം മറച്ചുപിടിക്കുന്നതും സത്യത്തെ എതിര്‍ക്കുന്നതും ദൈവം ക്ഷമിക്കുകയില്ലെന്നും പ്രസിഡണ്ടായ ബാവാതിരുമേനി ദൃഢസ്വരത്തില്‍ പ്രസ്താവിച്ചു. (പുറം 283 മലങ്കരനസ്രാണികള്‍ 6)
മാര്‍ ഔഗേന്‍ തിരുമേനിയെ കാതോലിക്കായി വാഴിച്ച ശേഷം ‘പിന്നീടു നടന്ന യോഗത്തില്‍, റോമിന്‍റെ പ്രാധാന്യം പാറേക്കാട്ടില്‍ തിരുമേനിയും, അന്ത്യോഖ്യയുടേത് പാത്രിയര്‍ക്കീസ് ബാവായും പറഞ്ഞു. ഒട്ടും മടിച്ചില്ല, ചരിത്രപണ്ഡിതനായ മാര്‍ ഔഗേന്‍ ബസേലിയോസ് തെഗ്രീസിന്‍റെ കാതോലിക്കാസ്ഥാപനത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞു. മേല്പറഞ്ഞ രണ്ടിനേക്കാളും പുരാതനത്വം ആ സിംഹാസനത്തിനാണെന്നും, നിഖ്യാസുന്നഹദോസില്‍ വച്ച് റോമിലെയും അന്ത്യോഖ്യയിലെയും മെത്രാന്മാരുടെ ആസ്ഥാനം പാത്രിയര്‍ക്കാസ്ഥാനങ്ങളായി പ്രഖ്യാപിക്കപ്പെട്ടത് ഒരു നൂതനകാല്‍വയ്പായിരുന്നുവെന്നും, എന്നാല്‍ തെഗ്രീസിലെ വലിയ മെത്രാപ്പോലീത്താ അതുവരെ ചെയ്തുകൊണ്ടിരുന്ന പാത്രിയര്‍ക്കീസിനടുത്ത ക്രമങ്ങള്‍ തുടരുന്നതിനും അദ്ദേഹം മേലില്‍ കാതോലിക്കാ എന്നു വിളിക്കപ്പെടുക മാത്രമാണ് ചെയ്തതെന്നും പ്രസ്താവിച്ചു. ഇത്രമാത്രം കടത്തി പറയണമോ എന്ന് ഞാന്‍തന്നെ ബാവായോടു ചോദിക്കുകയുണ്ടായി. ചരിത്രം മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും, ആര്‍ക്കും എതിരായി ഒന്നും അതിലില്ലെന്നും, അങ്ങനെ ഉദ്ദേശിച്ചില്ലെന്നും മറുപടി പറഞ്ഞു. (ഫാ. സി. എസ്. സ്‌കറിയ ചെമ്മങ്കുഴ, മലങ്കരസഭാപ്രശ്‌നം: ഉള്ളുകള്ളികളും ദുഷ്‌ചെയ്തികളും ചിലരുടെ ദുരന്തവും, പുറം 30, 31)
അനന്യവ്യക്തിത്വം
പ്രാര്‍ത്ഥനജീവിതം, താപോനിഷ്ഠ, വ്രതാനുഷ്ഠാനങ്ങള്‍, ആത്മാര്‍ത്ഥത, സേവനതത്പരത, ജ്ഞാനതൃഷ്ണ, രചനാവൈഭവം, ദീര്‍ഘവീക്ഷണം, ഹൃദ്യമായ പെരുമാറ്റം, വിനയം, ഇത്യാദികള്‍ക്ക് ആര്‍ക്കും മാതൃകയാക്കാവുന്ന പുണ്യപുരുഷനാണ് പ. ഔഗേന്‍ കാതോലിക്കാബാവ. നിയുക്ത കാതോലിക്കായായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, വിനയം അല്പം അധികമാണെന്നേയുള്ളൂ എന്നൊരു പരാമര്‍ശം പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍ നിന്നുണ്ടായത് പ്രസിദ്ധമാണല്ലോ. ”കാതോലിക്കാ വാഴ്ചയ്ക്കു ശേഷം ബാവാമാര്‍ ‘ഒരുമിച്ചുള്ള സഞ്ചാരവേളയില്‍ അതിരു കടന്ന വ്യക്തിപരമായ വിനയം കാണിച്ച കാതോലിക്കാബാവായെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ‘നാമെല്ലാം സഹോദരന്മാരാണ്, ഒപ്പം കയറി നില്ക്കൂ’ എന്നു പറഞ്ഞതായും അറിയാം.” (ഫാ. സി. എസ്. സ്‌കറിയ ചെമ്മങ്കുഴ, മലങ്കരസഭാപ്രശ്‌നം: ഉള്ളുകള്ളികളും ദുഷ്‌ചെയ്തികളും ചിലരുടെ ദുരന്തവും, പുറം 30, 31)
‘ഒരു ക്രിസ്ത്യാനിയുടെ സര്‍വ്വപ്രധാന ആയുധമാകുന്ന ഉപവാസവും പ്രാര്‍ത്ഥനയും ഇത്ര നിഷ്ഠയോടുകൂടി അനുഷ്ഠിച്ചിരുന്ന മറ്റൊരു വ്യക്തിയെ എനിക്കു കാണുവാന്‍ സാധിച്ചിട്ടില്ല’ എന്ന് ബാവായുടെ അരുമശിഷ്യനായ കോനാട്ട് അബ്രഹാം മല്പാന്‍ രേഖപ്പെടുത്തുന്നു. (അവതാരിക കോനാട്ട് അബ്രഹാം മല്പാന്‍, മാര്‍ ഔഗേന്‍ കാതോലിക്കാ ബാവ. കെ.വി.മാമ്മന്‍.)
പ്രശസ്ത ചരിത്രകാരനും സമുദായാഭിമാനിയുമായിരുന്ന ഇസഡ്. എം. പാറേട്ട് മലങ്കര നസ്രാണികള്‍ 6-ആം വാള്യം ആമുഖത്തില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു:
‘ഔഗേന്‍ പ്രഥമനില്‍ അദ്ഭുതകരമായ മാറ്റങ്ങള്‍ ആണ് വന്നിരിക്കുന്നത്. ഈ വാള്യത്തിന്‍റെ ആദ്യഭാഗത്ത് അദ്ദേഹത്തിന്‍റെ നടപടികളെ ശക്തിയായ ഭാഷയില്‍ വിമര്‍ശിക്കേണ്ടതായി വന്നിട്ടുണ്ട്. ഒട്ടൊടുവോട് അടുത്തപ്പോഴേക്ക് അദ്ദേഹം കൊടുങ്കാറ്റിന്‍റെ ശക്തിയെ നിസ്സാരമാക്കിക്കളയുന്ന പാറക്കെട്ടായി തെളിഞ്ഞ് ഉറച്ചു ചങ്കു തുറന്നു നില്ക്കുന്നതായി നാം കാണുന്നു. ആ പിതാവിന് മലങ്കരയുടെ സംരക്ഷകന്‍ വേണ്ട നിര്‍ദ്ദേശങ്ങളും ഉറപ്പും കൊടുക്കുന്നുവെന്ന് അതു വ്യക്തമാക്കുന്നു. നമ്മുടെ ചരിത്രത്തില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലാത്ത ഒരു സംഭവമാണ് അടുത്ത ദിവസം നടന്നത്; ഭരണകര്‍ത്താവ് പിന്‍ഗാമിക്കു വേണ്ടി സ്വയം ഒഴിഞ്ഞു മാറിക്കൊടുക്കുക -സ്ഥാനത്യാഗം ചെയ്യുക- എന്നത്. (പുറം 14 ആമുഖം മലങ്കരനസ്രാണികള്‍ 6)
ശാരീരികക്ഷീണം നേരിട്ടപ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിമുക്തനാകുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. എല്ലാ അധികാരാവകാശങ്ങളും തന്‍റെ പിന്‍ഗാമിയായി 1970 ഡിസംബര്‍ 31-ന് എം.ഡി. സെമിനാരിയില്‍ വച്ചു സഭ തെരഞ്ഞെടുത്ത മാത്യൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ ഏല്പിച്ചു. പിന്നീട് പരിപൂര്‍ണ്ണ വിശ്രമജീവിതം നയിച്ചു. 1975 ഡിസംബര്‍ 8-ആം തീയതി കാലം ചെയ്തു.
മലങ്കരസഭയുടെ തലവന്മാരായിരുന്ന പരിശുദ്ധ പിതാക്കന്മാര്‍ എല്ലാവരുംതന്നെ ഉന്നതമായ ഓരോരോ സവിശേഷതകള്‍ ഉള്ളവരായിരുന്നു. വിശുദ്ധസഭാജീവിതം, സന്യാസവ്രതനിഷ്ഠ, പാണ്ഡിത്യം, രചനാവൈഭവം, പ്രസംഗചാതുരി, ആരാധനാനൈപുണ്യം, പെരുമാറ്റഹൃദ്യത, ലാളിത്യം, കുലീനത തുടങ്ങിയവയൊക്കെ. ഇതൊക്കെ തികഞ്ഞ ഒരാളെ തിരഞ്ഞാല്‍, കണ്ടെത്തുക പ. ഔഗേന്‍ ബാവായെ ആയിരിക്കുമെന്നു പറയുന്നത് കേവലമൊരു സ്തുതിവചനമല്ലതന്നെ. പ. ഔഗേന്‍ ബാവായുടെ ‘മരണാനന്തരജീവിതം: വേദപുസ്തകസാക്ഷ്യങ്ങള്‍’ എന്ന ഗ്രന്ഥത്തിന്‍റെ മൂന്നാം പതിപ്പിന്‍റെ അവതാരികയില്‍, അഹമ്മദാബാദ് മെത്രാസനത്തിന്‍റെ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ ഇപ്രകാരം എഴുതി: ‘പ. ഔഗേന്‍ കാതോലിക്കാബാവ നിര്‍വ്വഹിച്ച സേവനങ്ങള്‍ നാമിനിയും വേണ്ടത്ര യാഥര്‍ത്ഥ്യബോധത്തോടെ ശ്രദ്ധിച്ചിട്ടില്ല.’ അദ്ദേഹത്തെക്കുറിച്ചുള്ള പഠനവും സംഭാവനകളുടെ വിലയിരുത്തലും നടത്തി, വരുംതലമുറയെ ബോദ്ധ്യപ്പെടുത്തേണ്ട ഉത്തരവാദിത്ത്വത്തില്‍ ഇനിയും നാം ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതിനു താരതമ്യേന കൂടുതല്‍ ഉത്തരവാദിത്വം കണ്ടനാടു ഭദ്രാസനംതന്നെയാണ് ഏറ്റെടുക്കേണ്ടത്.
(പ. ബസേലിയോസ് ഔഗേന്‍ കാതോലിക്കാബാവായുടെ ഓര്‍മ്മപ്പെരുന്നാളില്‍ 2016 ഡിസമ്പര്‍ 7-ന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനച്ചാപ്പലില്‍ ചെയ്ത അനുസ്മരണപ്രസംഗം വിപുലീകരിച്ചത്.)