പരിശുദ്ധ പൗലോസ് ദ്വിതിയൻ ബാവയുടെ കബറിലേക്കുള്ള തെക്കൻ മേഖല തീർത്ഥയാത്ര ജൂലൈ 11 ന്
പത്തനംതിട്ട : പ്രാർത്ഥനയാലും ഉറച്ച നിലപാടുകളാളും മലങ്കര സഭയെ നയിച്ചു ഭരിച്ച കലർപ്പില്ലാത്ത മാർത്തോമായുടെ പൈതൃകത്തെ നെഞ്ചോട് ചേർത്തണച്ച തന്റെ അന്ത്യം വരെ സഭയുടെ സ്വാതന്ത്ര്യത്തെ അടിയറ വെയ്ക്കുവാൻ തയ്യാറാകാതെ മലങ്കര നസ്രാണിത്വത്തിന്റെ മകുടമായി വിളങ്ങിയ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പൊലീത്തായുമായിരുന്ന ഭാഗ്യസ്മരണാർഹാനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവയുടെ നാലാമത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 11 ന് തെക്കൻ മേഖല തീർത്ഥയാത്ര നടത്തപ്പെടുന്നു. തെക്കൻ മേഖലയിലുള്ള വിവിധ ഭദ്രസനങ്ങളിൽ നിന്നും ഉള്ള തീർത്ഥാടകർ ഉച്ചയ്ക്ക് 12:30 ന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് മൈതാനിയിൽ എത്തിച്ചേർന്ന് ഒരു മണിക്ക് അവിടെ നിന്നും വാഹനങ്ങളിൽ കോഴഞ്ചേരി-പുല്ലാട് -മല്ലപ്പള്ളി – കറുകച്ചാൽ വഴി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ എത്തി വിശ്രമത്തിന് ശേഷം കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ എത്തിച്ചേരുകയും ചെയ്യുന്നു.
നാല് മണിയോട് കൂടി ദീപാലകൃതമായ വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മാർ ഏലിയാ കത്തീഡ്രലിൽ നിന്നും പദയാത്രയായി ആരംഭിച്ച് പരിശുദ്ധ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ദേവലോകം കാതോലിക്കേറ്റ് അരമനയിൽ എത്തിച്ചേർന്നു തുടർന്നു നടക്കുന്ന ഓർമ്മപ്പെരുന്നാളിന്റെ ചടങ്ങുകളിൽ പങ്കെടുക്കും. തീർത്ഥയാത്രയുടെ ക്രമീകരണങ്ങൾക്കായി അഭി. കുറിയാക്കോസ് മാർ ക്‌ളീമിസ് വലിയ മെത്രാപ്പോലീത്ത രക്ഷാധികാരി ആയുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.
