സ്നേഹവായ്പ്പുകള്‍ തൊട്ടറിഞ്ഞ് മലങ്കര സഭാ അധ്യക്ഷന്‍ ഇത്യോപ്യയില്‍
ഇത്യോപ്യയുടെ പൊതു ആഘോഷമായ സ്ലീബാ പെരുന്നാളില്‍ പങ്കെടുക്കാന്‍ രാജ്യ തലസ്ഥാനമായ ആഡീസ് അബാബയില്‍ എത്തിച്ചേര്‍ന്ന മലങ്കര സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ഹാര്‍ദവമായ വരവേല്‍പ്പ്. ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസിന്‍റെ ക്ഷണം സ്വീകരിച്ചാണ് പരിശുദ്ധ കാതോലിക്ക ബാവ ഇത്യോപ്യയിലെത്തിയത്. ദേശീയ അതിഥിയായിയാണ് സന്ദര്‍ശനം. ഇത്യോപ്യന്‍ സഭാ പ്രതിനിധികളും ഫാ. ഡോ. ജോസി ജേക്കബും സ്വീകരണത്തിന് നേതൃത്വം നല്‍കി. ഇന്ന് ഇത്യോപ്യന്‍ പ്രസിഡന്‍റ് മുലാതു തെഷോമേയുടെ ആസ്ഥാനത്ത് സ്വീകരണവും സല്‍ക്കാരവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. 13 രാജ്യങ്ങളില്‍ നിന്നുമുളള സഭാ അധ്യക്ഷന്മാരും പ്രതിനിധികളും പെരുന്നാളില്‍ സംബന്ധിക്കും. ആഡീസ് അബാബയിലെ പ്രസിദ്ധമായ മെസ്ക്കല്‍ സ്ക്വയറിലാണ് ആഘോഷങ്ങള്‍ നടക്കുക.
ജോഷ്വാ മാര്‍ നിക്കൊദീമോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഫാ. അശ്വിന്‍ ഫെര്‍ണാണ്ടസ്, ജേക്കബ് മാത്യൂ എന്നിവരടങ്ങുന്ന സഭാ പ്രതിനിധി സംഘവും പരിശുദ്ധ കാതോലിക്കാ ബാവായെ അനുഗമിക്കുന്നു. സന്ദര്‍ശനം സെപ്റ്റംബര്‍ 29 ന് പൂര്‍ത്തിയാകും.3.4 കോടി അംഗങ്ങളും 60 മെത്രാപ്പോലീത്താമാരും 44 ഭദ്രാസനങ്ങളും 32537 വൈദീകരുമുളള എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായി മലങ്കര സഭ പൗരാണിക കാലം മുതല്‍ സൗഹൃദബന്ധവും കൗദാശിക സംസര്‍ഗവും പുലര്‍ത്തിയിരുന്നു.