പരിശുദ്ധ മുറിമറ്റത്തിൽ ബാവായുടെ 103-മത് ഓർമ്മപ്പെരുന്നാളിന് പാമ്പാക്കുട ചെറിയ പള്ളിയിൽ കൊടിയേറി
പിറവം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒന്നാം കാതോലിക്ക പരി.ബസേലിയോസ് പൗലോസ് പ്രഥമൻ ബാവയുടെ 103മത് ഓർമ്മപ്പെരുന്നാളിനു തുടക്കം കുറിച്ചു .പരിശുദ്ധ പിതാവ് കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട ചെറിയ പള്ളിയിൽ വികാരി ഫാ.എബ്രഹാം പാലപ്പിള്ളിൽ വി.കുർബനാന്തരം കൊടിയേറ്റ് കർമ്മം നിർവഹിച്ചു. പാമ്പാക്കുട സെന്റ് തോമസ് ചെറിയ പള്ളിയിൽ മെയ് 1,2,3 തീയതികളിലാണ് ഓർമ്മ പെരുന്നാൾ നടക്കുന്നത്. പരി. കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവ, മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ് എന്നിവർ പെരുനാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും. മെയ് 2 ന് ഉച്ചക്ക് 2ന് ബാവയുടെ ജന്മനാടായ കോലഞ്ചേരിയിൽ നിന്നും കാൽനട തീർത്ഥയാത്ര ആരംഭിക്കും.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാമ്പാക്കുട തീർത്ഥയാത്രയിൽ നീറാംമുഗൾ ,നെച്ചുർ, കടമറ്റം, പുത്തൻകുരിശ്, ഊരമന തുടങ്ങിയ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് തീർത്ഥാടകരും അണിചേരും. തീർത്ഥയാത്രക്ക് വൈകിട്ട് 5ന് പളളിക്കു സമീപമുള്ള മാർ ഗ്രിഗോറിയോസ് ചാപ്പലിൽ സ്വീകരണം നൽകും. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പോസ് , വൈദീക ട്രസ്റ്റി ഫാ ഡോ ജോൺസ് എബ്രഹാം കോനാട്ട്, ഭദ്രാസന സെക്രട്ടറി ഫാ. സി എം കുര്യാക്കോസ്, പഞ്ചായത്ത് പ്രസിസന്റ് സുഷമ മാധവൻ തുടങ്ങിയരുടെ നേതൃത്വത്തിൽ തീർത്ഥാടകരെ ബാവയുടെ കബറിടത്തിലേക്ക് സ്വീകരിച്ചാനയിക്കും. പിറവം മേഖല തീർത്ഥയാത്രക്ക് വൈകിട്ട് 6 ന് കാക്കൂർ കുരിശിങ്കൽ സ്വീകരണം നൽകും. വൈകിട്ട് 7.30ന് പള്ളിയിൽ നടക്കുന്ന യോഗത്തിൽ കൊച്ചി ഭദ്രാസനാധിപൻ ഡോ യാക്കോബ് മാർ ഐറേനിയസ് അനുസ്മരണ പ്രഭാഷണം നടത്തും. 3ന് രാവിലെ 8.30ന് പരി. കാതോലിക്ക ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ വി മൂന്നിൻമേൽ കുർബാന, അനുസ്മരണ പ്രസംഗം, കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവയുണ്ടാകും. ഉച്ചക്ക് 12 ന് നേർച്ചസദ്യയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
‘മലങ്കരയുടെ വെള്ളിനക്ഷത്രം’ – ഒന്നാം കാതോലിക്ക : പരിശുദ്ധ മുറിമറ്റത്തിൽ ബാവാ
വാർത്ത : ഗീവീസ് മർക്കോസ്