സഭാ സമാധാനത്തിനുള്ള സുവര്‍ണ്ണാവസരം – പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം: ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്ന് കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി സംബന്ധിച്ച് ഇന്നുണ്ടായ വിധി സഭയില്‍ ശാശ്വത സമാധാനത്തിന് വീണ്ടുമൊരു സുവര്‍ണ്ണാവസരം പ്രദാനം ചെയ്തിരിക്കുന്നുവെന്ന് പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിലപാടുകള്‍ക്കുള്ള സാധൂകരണവും സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള മാര്‍ഗ്ഗദര്‍ശനവുമാണ് ഈ വിധിയിലൂടെ ലഭ്യമായിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സഭാമക്കള്‍ ഏവരും ശാശ്വത സമാധാനത്തിന് തയ്യാറാകണം. ദൈവമുമ്പാകെ കൂടുതല്‍ വിനയപ്പെടാനും, അനുതാപത്തോടെ നമ്മേ തന്നെ ദൈവസന്നിധിയില്‍ പ്രതിഷ്ഠിക്കുവാനുമുള്ള അവസരമാണിത്.
കട്ടച്ചിറ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്ന് 28-ാം തീയതിയുണ്ടായ വിധിയോട് പ്രതികരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. മലങ്കര സഭയുടെ അഭിവാജ്യഘടകമാണ് കട്ടച്ചിറ പള്ളിയെന്നും, 1934-ലെ ഭരണഘടന അനുസരിച്ച് പള്ളി ഭരിക്കപ്പെടണമെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭയെ സംബന്ധിച്ച് 1958, 1995, 2017 എന്നീ വര്‍ഷങ്ങളിലുണ്ടായ സുപ്രീം കോടതി വിധികളും അവയെ തുടര്‍ന്ന് പിറവം പള്ളിയുടേത് ഉള്‍പ്പെടെ സുപ്രീം കോടതി പ്രസ്താവിച്ചിട്ടുള്ള വിധിന്യായങ്ങളും നിലനില്‍ക്കുന്നവയാണ്. ജസ്റ്റീസുമാരായ രഞ്ചന്‍ ഗോഗോയ്, ആര്‍. ഭാനുമതി, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ മാത്യൂസ് മാര്‍ കൂറിലോസ് (പിന്നീട് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ) ഭരണഘടനാനുസൃതം നിയമിച്ച ഫാ. ജോണ്‍സ് ഈപ്പനാണ് ഈ പള്ളിയുടെ നിയമാനുസൃത വികാരിയെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി വിധിച്ചു. 1934-ലെ സഭാ ഭരണഘടന അനുസരിച്ച് മാത്രമേ പള്ളി ഭരിക്കപ്പെടാവൂ. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 എന്നിവ പ്രകാരം ആരാധനയ്ക്കും വിശ്വാസത്തിനുമുള്ള മൗലീക അവകാശം ഹനിക്കപ്പെടുന്നു എന്ന എതിര്‍ വാദം ബഹു. സുപ്രീംകോടതി തള്ളിക്കളഞ്ഞു.
മലങ്കര ഓര്‍ത്തഡോക്സ് സഭയെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ട എല്ലാ തര്‍ക്കങ്ങളും ഈ വിധിയിലൂടെ ബഹു. സുപ്രീം കോടതി നിരസിച്ചിരിക്കുകയാണ്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് വ്യവഹാരം ഉപേക്ഷിച്ച് സമാധാനത്തിന്‍റെ പാത പിന്തുടരുവാന്‍ എല്ലാ വിശ്വാസികളും തയ്യാറാകണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കുവേണ്ടി അഡ്വ. സി.യു. സിംഗ്, അഡ്വ. സദറുള്‍ അനാം, അഡ്വ. എസ്. ശ്രീകുമാര്‍ എന്നിവര്‍ ഹാജരായി.
https://ovsonline.in/latest-news/supreme-court-verdict/