OVS - Latest NewsOVS-Kerala News

യാക്കോബായ പ്രീളനം ; യാത്രയ്ക്ക് അംഗീകാരം നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു

കോട്ടയം : മലങ്കര സഭയിലെ വിഘടിത വിഭാഗം ലബനനിൽ സംഘടിപ്പിക്കുന്ന ബദൽ കാതോലിക്കാ വാഴിക്കൽ ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കാനുള്ള സർക്കാർ തീരുമാനത്തെ തങ്ങൾ അംഗീകരിച്ചതായി കണക്കാക്കരുതെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്. പ്രതിനിധി സംഘത്തെ അയക്കാനുള്ള തീരുമാനം മൂലം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക പ്രതിനിധിസംഘത്തെ വിടുന്നതിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിയമപരവും, ധാർമ്മികവുമായ പ്രത്യാഘാതങ്ങൾ പരിശോധിച്ച ശേഷം വേണം തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി ന്യായത്തിൽ നിരീക്ഷിച്ചു.

സർക്കാർ തീരുമാനം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയെക്കുറിച്ച് ഹർജിക്കാരൻ പ്രകടിപ്പിച്ച ആശങ്ക ഉൾക്കൊള്ളുന്നതായി ഹൈക്കോടതി വ്യക്തമാക്കുന്നു. സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമായി സമാന്തരഭരണത്തിന് വേണ്ടി മലങ്കരയിലെ ഭിന്നിച്ച് നിൽക്കുന്ന വിഭാഗം നടത്തുന്ന നീക്കങ്ങൾക്കിടെയാണ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി എത്തിയത്. നിയമപരമല്ലാത്ത ചടങ്ങിലേക്ക് സർക്കാർ പ്രതിനിധികളെ അയക്കുന്നതിനെതിരെ മലങ്കരസഭാ വിശ്വാസിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിന്റെ അധികാരപരിധിയിൽ ഇടപെടാൻ വിസമ്മതിച്ചെങ്കിലും കോടതി ഉത്തരവ് മലങ്കര ഓർത്തഡോക്സ് സഭ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിനെ ശരിവെക്കുന്നതാണ്. സമാന്തര ഭരണം നിലവിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന ആശങ്ക സഭ ഉന്നയിച്ചതാണ്. സഭാതർക്കത്തിൽ മുൻപ് ഉണ്ടായിട്ടുള്ള അനിഷ്ഠസംഭവങ്ങൾ രേഖകളുടെ അടിസ്ഥാനത്തിൽ ബോധ്യമായതിനാലാണ് ഹൈക്കോടതി സമാധാന അന്തരീക്ഷത്തിന് വിഘാതമുണ്ടാകരുതെന്ന് സർക്കാരിന് നിർദേശം നൽകിയത്.

നീതിപീഠത്തിന്റെ ആശങ്ക സംസ്ഥാനം ഭരിക്കുന്ന സർക്കാരിനാണ് ആദ്യം തോന്നേണ്ടത്. നിർഭാഗ്യവശാൽ അതുണ്ടായില്ല, എന്നു മാത്രമല്ല സർക്കാർ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനം പുന:പരിശോധിക്കാൻ തയാറാകണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ കേരള ഗവർണർക്കും, സംസ്ഥാന സർക്കാരിനും കത്തയച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ബഹു. സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീമതി. ശാരദ മുരളീധരൻ , ബഹു. നിയമ മന്ത്രി ശ്രീ. പി രാജീവ്, പ്രതിനിധി സംഘത്തിലുള്ള ജനപ്രതിനിധികൾ, ബഹു. എ.പി.എം മുഹമ്മദ് ഹനീഷ് ഐ എ എസ് എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്. സമാന്തരഭരണത്തെ പിന്തുണയ്ക്കുന്നത് മലങ്കരസഭയിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് കത്തിൽ പരിശുദ്ധ കാതോലിക്കാബാവാ ചൂണ്ടിക്കാട്ടി.

error: Thank you for visiting : www.ovsonline.in