ഓർത്തഡോക്സ് സഭയുടെ പബ്ലിക് റിലേഷൻസ് കേന്ദ്രം പ്രവർത്തനം തുടങ്ങി
കൊച്ചി : മലങ്കര ഓർത്തഡോക്സ് സഭയുടെ എറണാകുളം പബ്ലിക്ക് റിലേഷൻസ് സെന്ററിന്റെ കൂദാശാകർമ്മം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിർവഹിച്ചു. ഡോ.യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികത്വം വഹിച്ചു.
വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, സഭാ വക്താവ് ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ, വന്ദ്യ റമ്പാച്ചൻമാർ,വൈദീകർ, സഭാ വർക്കിങ് കമ്മിറ്റി – മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു. ഇടപ്പള്ളി ഒബ്റോൺമാളിന് എതിർവശമുള്ള സുരഭി റോഡിലാണ് സെന്റർ സ്ഥിതി ചെയ്യുന്നത്.
പബ്ലിക് റിലേഷൻ സെന്ററിന്റെ ചുമതലക്കാരനായി ബഹു. സൈമൺ ജോസഫ് അച്ചനെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കല്പന നൽകി നിയമിച്ചു.