കടമറ്റം പള്ളിപ്പെരുന്നാളും കൂദാശയും ഫെബ്രുവരി 6,7 തീയതികളിൽ
മൂവാറ്റുപുഴ : പ്രമുഖ തീർത്ഥാടന കേന്ദ്രമായ കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ പുനരുദ്ധരിച്ച ദേവാലയത്തിന്റെ കൂദാശയും പ്രധാന പെരുന്നാളും ഫെബ്രുവരി 5 ,6 ,7 തീയതികളിൽ നടക്കും.കടമറ്റം പള്ളിയുടെ ഇടവക സംഗമവും മാർ ആബോയുടെയും കടമറ്റത്ത് പൗലോസ് കത്തനാരുടെ ഓർമ്മപ്പെരുന്നാളും സംയുക്തമായി ആഘോഷിക്കുകയാണ്. പൗരസ്ത്യ കാതോലിക്കായായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയൻ ബാവയുടെ മുഖ്യ കാർമ്മീകത്വത്തിലും മെത്രാപ്പോലീത്താമാരായ ഡോ.തോമസ് മാർ അത്താനാസിയോസ് ,യൂഹാനോൻ മാർ പോളികാർപ്പോസ് ,സഖറിയാ മാർ സേവേറിയോസ് എന്നീ പിതാക്കന്മാരുടെ സഹ കാർമ്മീകത്വത്തിലും ശുശ്രൂഷകൾ നടത്തപ്പെടും.
പെരുന്നാൾ കൊടിയേറ്റ് ഞായറായ്ച രാവിലെ 10 .15 മണിക്ക് .ഫെബ്രുവരി 5 ന് വൈകീട്ട് 5 മണിക്ക് കുടുംബ സംഗമം,7 മണിക്ക് ഫാ.ആമോസ് തരകൻ സുവിശേഷ പ്രസംഗം നടത്തും.ഫെബ്രുവരി 6 ന് 8 മണിക്ക് വലിയ പള്ളിയിൽ എം പി ജോർജ് കോർ എപ്പിസ്കോപ്പയുടെ പ്രധാന കാർമ്മികത്വത്തിൽ വി.മൂന്നിന്മേൽ കുർബ്ബാന ,7 .30 ക്ക് കൂദാശ,8 .30 ക്ക് വാഴ്വ് ,8 .45 മണിക്ക് പ്രദക്ഷിണം . ഫെബ്രുവരി 7 ന് 8 .30 മണിക്ക് വി.മൂന്നിന്മേൽ കുർബ്ബാന ,10 .30 മണിയ്ക്ക് പ്രദക്ഷിണം,11 .30 മണിക്ക് വാഴ്വ് ,12 മണിക്ക് പൊതു സമ്മേളനം ,പാച്ചോർ നേർച്ച,ലേലം .2 മണിക്ക് കൊടിയിറക്ക്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള കടമറ്റം പള്ളിയിലെ പൗരാണിക ചിത്രങ്ങൾക്ക് പ്രകൃതിദത്ത നിറക്കൂട്ടുകൾ കൊണ്ട് പുതുജീവൻ വയ്ക്കുന്നു.ഒൻപതാം നൂറ്റാണ്ടിൽ സ്ഥാപിതമായ കടമറ്റത്ത് കത്തനാരുടെ ചരിത്രമുറങ്ങുന്ന പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രകൃതിദത്ത ചായക്കൂട്ടിൽ പ്രാചീന ചിത്രങ്ങളും ശില്പഭംഗി പകരുന്ന വാസ്തുവിദ്യയും കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ പുനർജനിക്കുന്നത്. പള്ളിയുടെ തനിമ നിലനിർത്തികൊണ്ടാണ് തന്നെയാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്.സീറ്റ്സർലാൻഡുകാരൻ കാൾ ഡാംഷൻ രൂപകല്പന ചെയ്ത പള്ളിയുടെ മദ്ബഹായും അനുബദ്ധ ഘടകങ്ങളുമാണ് പുനരുദ്ധാരണത്തിൽ, നിലവിലുള്ളത് നിറങ്ങൾ നൽകി മോടി പിടിപ്പിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.36 അടി നീളവും ഒരടി വീതിയുമുള്ള 10 ശീലാന്തികളാണ് മേൽക്കൂരയിലുള്ളത്.ഓരോന്നിനും ഒരു ടൺ ഭാരം വരും. മച്ച് പൂർണ്ണമായും തേക്കുമരത്തിലാണ് നിർമിച്ചിരിക്കുന്നത്. ഇതിന് 1500 ക്യുബിക് അടി തടി വേണ്ടിവന്നു.ഈ രംഗത്ത് വിദഗ്ധനായ മണി ആശാരിയാണ് ജോലികൾ നടത്തുന്നത്. ശീലാന്തി സ്ഥാപിക്കാൻ ക്രെയിനും ഖലാസിമാരുടെ സേവനവും ഉപയോഗപ്പെടുത്തി. പഴയ വാതിലുകളും മറ്റും മിനുക്കി പോളിഷ് ചെയ്ത് മനോഹരമാക്കി. പാനലിങ്ങും തേക്കിൽത്തന്നെയാണ് പൂർത്തിയാക്കിയിട്ടുള്ളത്.
പള്ളിയകത്തെയും മദ്ബഹയിലെയും ചിത്രങ്ങൾ പുനർ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത് റോക്ക് പൗഡറാണ്.പഞ്ചവർണ്ണത്തിലുള്ളവയാണ് ചിത്രങ്ങൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവന്ന പ്രകൃതിദത്ത വിഭവങ്ങൾ കൊണ്ടാണ് നിറക്കൂട്ടുണ്ടാക്കിയത്.മ്യൂറൽ പെയിൻ്റിംങ്ങിൽ വിദഗ്ദ്ധനായ ജിജുലാലിന്റെ നേതൃത്വത്തിൽ പള്ളിയിലെ പുരാതനമായ ചിത്രങ്ങൾ നിറങ്ങൾ നഷ്ടപ്പെടാതെ തെളിയിച്ചെടുക്കുന്നതിന് അഞ്ചുമാസം വേണ്ടി വന്നു.കടമറ്റം വലിയ ദേവാലയത്തിന്റെ അകത്ത് വടക്കുവശത്തായി സ്ഥിതി ചെയ്യുന്ന കല്ലറ പൗലോസ് കത്തനാരുടെ ആണ് എന്ന് വിശ്വസിക്കപ്പെടുന്നു,അബോ പിതാവിന്റെ തിരുശേഷിപ്പ് സ്ഥാപിച്ച കബർ,പൗരാണികത്വം വിളിച്ചോതുന്ന പ്രേഷ്യൻ കൽകുരിശ്,പോയേടം കിണർ എന്നിവയും യഥാസ്ഥാനത്ത് സംരക്ഷിച്ചിട്ടുണ്ടെന്ന് വികാരി റവ.ഫാ സണ്ണി വറുഗീസ് പറഞ്ഞു.സിയാലിൽ നിന്ന് വിരമിച്ച എൻഞ്ചിനീയർ കെ. പി തങ്കച്ചനാണ് നിർമാണ കമ്മിറ്റി കൺവീനർ. സഹ വികാരി റവ.ഫാ എൽദോ മത്തായി, ട്രസ്റ്റീമാരായ ശ്രീ.സി.കെ പൗലോസ്,ശ്രീ.സോജൻ മറ്റത്തിൽ, സെക്രട്ടറി ശ്രീ.ജോയ് ജോസഫ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നത്. 2021- ലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയത്.5കോടി രൂപയാണ് നിർമാണചെലവ്.