Departed Spiritual FathersOVS - ArticlesOVS - Latest News

പിറവം പള്ളിയും – മുറിമറ്റത്തിൽ തിരുമേനിയുടെ ഭൂമി പിളർന്നശാപവും

ചരിത്രം-അത് കാലങ്ങൾക്ക് ശേഷവും നിലനിൽക്കും. തലമുറകളാൽ അതിനെ ഓർമ്മിപ്പിക്കും. പരി. ഒന്നാം കാതോലിക്ക മുറിമറ്റത്തിൽ ബാവ നീണ്ട 36 വർഷകാലം പ്രയാസങ്ങളും ദുരിതങ്ങളും സഹിച്ച് കണ്ടനാട് ഭദ്രാസനത്തെ താങ്ങും തണലും ആയി നയിച്ചു. മുറിമറ്റത്തിൽ തിരുമേനി കണ്ടനാടിന്‍റെ പ്രഥമ ഇടയനായി ചുമതല ഏറ്റ് എടുക്കുമ്പോൾ കണ്ടനാട് ഭദ്രാസനത്തിൽ 21 പളളികളാണ് ഉണ്ടായിരുന്നത്. അദേഹത്തിന്‍റെ ഭരണകാലത്ത് 15 പള്ളികൾ കൂടി ഈ ദേശത്ത് സ്ഥാപിച്ചു. തിരുമേനിയുടെ ഭരണകാലത്ത് ആണ് പിറവം സെമിനാരിയും മൂവാറ്റുപുഴ അരമന പറമ്പും വാങ്ങിച്ചത്. തന്‍റെ അധികാര പരിതിയിൽ ഭരണം നടത്തി വരവേ പിറവം വലിയ പള്ളിയിൽ കപ്യാർ പ്രശ്നം രൂക്ഷമാവുകയും ചേരിതിരിവ് ഉണ്ടാകുകയും ചെയ്തു. പിറവം പള്ളിയിലെ “കപ്യാർ വഴക്കി”ൽ മുറിമറ്റത്തിൽ തിരുമേനി കപ്യാർക്ക് ഒപ്പം ആയിരുന്നു.

ഇടവകയിൽ പരിഹരിക്കാവുന്ന വിഷയം ഭദ്രാസനത്തിനോട് പോലും ആലോചിക്കാതെ മലങ്കരയിൽ സന്ദർശനം നടത്തുക ആയിരുന്ന പാത്രിയർക്കീസിനെ സമീപിച്ചു. ഈ കാര്യം അറിഞ്ഞ മുറിമറ്റത്തിൽ തിരുമേനി “കപ്യാരു കേസും പെണ്ണുകേസും തീർക്കുന്ന ചുമതല അല്ല പാത്രീയർക്കീസിന്‍റെത്” എന്ന് തുറന്നടിച്ചു. തിരുമനിയ്ക്ക് ഏതിരായി അച്ചന്മാരും പ്രമാണിന്മാരും ഗൂഢാലോചന നടത്തി. തിരുമേനിക്ക് എതിരെ നിൽക്കുന്ന പ്രമുഖ പട്ടക്കാരെയും കൂട്ടികൊണ്ട് പാത്രിയർക്കീസ് താമസിച്ചിരുന്ന കരിങ്ങാച്ചിറ ചെന്ന് പാത്രിയർകീസിനെ കണ്ട് മുറിമറ്റത്തിൽ തിരുമേനിക്ക് ഏതിരായി മെമ്മോറാണ്ടം കൊടുക്കുകയും തിരുമേനിയെ ഭദ്രാസന ചുമതലയിൽ നിന്ന് മാറ്റുന്നതിലേക്കായി വേണ്ട കാര്യങ്ങളൊക്കെ ചെയ്യുകയും ചെയ്തു. പാത്രിയർക്കീസിന് കൈമുത്തായി എട്ട് പവൻ കാഴ്ച്ച വെച്ചു. ഇതിൽ പ്രസാദിച്ച പാത്രിയർക്കീസ് 1911 കന്നി 29 ന് ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ നിന്നും കല്‍പ്പന പുറപ്പെടുവിച്ചു. ഒന്ന് മുറിമറ്റത്തിൽ തിരുമേനിയെ ഭദ്രാസന ഭരണത്തിൽ നിന്ന് ഒഴിവാക്കി കൊണ്ടും, മറ്റൊന്ന് മാർ കൂറിലോസ് തിരുമേനിയെ കണ്ടനാട് ഭദ്രാസനത്തിന്‍റെ ചുമതല കൂടി ഏൽപ്പിച്ച് കൊടുത്തു കൊണ്ടും ആയിരുന്നു.

പാത്രിയർക്കീസ് ബാവ മലങ്കരയിൽ നിന്ന് പോകുന്നത് വരെ ഈ കല്പന പിറവത്തെ പട്ടക്കാർ വായിക്കാതെ മറച്ചു വെച്ചു. പാത്രിയർക്കീസ് ബോംബെയിൽ നിന്ന് പോയതിന്‍റെ തൊട്ടടുത്ത ഞായറാഴ്ച്ച പിറവം വലിയ പള്ളിയിൽ മുറിമറ്റത്തിൽ തിരുമേനി കുർബ്ബാന അർപ്പിക്കുക ആയിരുന്നു. നിരോധിത കൽപന തിരുമേനിയുടെ സാന്നിദ്ധ്യത്തിൽ തന്നെ വായിക്കത്തക്കവണ്ണം കെണികളൊക്കെ അവർ ഒരുക്കി. വി.കുർബ്ബാന ചൊല്ലിയ ശേഷം പടിഞ്ഞാറോട്ട് തിരിഞ്ഞ് സിംഹാസനത്തിൽ ഇരുന്ന് കൊണ്ട് പ്രസംഗിച്ച ശേഷം തിരുമേനി കാൺകെ ഒരു കൽപന ഉണ്ട് എന്ന് ഉറക്കെ വിളിച്ച് പറഞ്ഞു . ചെവിക്ക് കേൾവിക്കുറവ് ഉണ്ടായിരുന്ന തിരുമേനി എന്ത്? കൽപനയോ? ആരുടെ കൽപന എന്ന് ചോദിച്ചു. അബ്ദുള്ള പാത്രിയർക്കീസ് ബാവയുടേത് എന്ന് വിളിച്ച് പറയുകയും മദ്ബഹായിൽ നിന്ന അച്ചനോട് വായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പലരും കൽപ്പന വായിക്കാൻ ഒഴിഞ്ഞ് മാറി അവസാനം എടമനച്ചിറ ശെമാശൻ കൽപ്പന തെളിഞ്ഞ ശബ്ദത്തോടെ ഉറക്കെ വായിച്ചു.

നീതിന്മാന്‍റെ ഭൂമി പിളർന്ന ശാപം

കല്പന വളരെ ശ്രദ്ധയോടെ കേട്ട് ഇരുന്ന തിരുമേനിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകുവാൻ തുടങ്ങി. കണ്ണുകൾ കലങ്ങി ചുവന്ന് അരിപ്രാവിന്‍റെ കണ്ണുകൾ പോലെ ആയി. സർവജനത്തിനും മദ്ധ്യേ എത്ര നികൃഷ്ടവും പൈശാചികവുമായ ഗൂഢ കൃത്യത്തിനാണ് വി.മദ്ബഹായും ദേവാലയവും സാക്ഷ്യം വഹിച്ചിരുന്നത്. 36 വർഷക്കാലം ഭദ്രാസനത്തെ വളർത്തി വിശ്വാസത്തിലും ഭക്തിയിലും കർത്താവിലും വഴി നടത്തി ജീവിതവും സർവ്വസ്വവും സമ്മർപ്പിച്ച സന്യാസ ജീവിതത്തിൽ ഒരു പാത്രിയർക്കീസ് കൽപ്പിച്ച മൂല്യം! തനിക്ക് എതിരെ ഉണ്ടായ ചതിപ്രയോഗത്തിന്‍റെയും ഒളിയമ്പിന്‍റെയും വേദനയാൽ പിടിഞ്ഞ് കൊണ്ടും നെഞ്ചത്ത് ആഞ്ഞടിച്ചു കൊണ്ടും എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്ന് ഉറച്ച ശബ്ദത്തിൽ നീട്ടി വിളിക്കുകയും ചെയ്തു. ആ നെഞ്ചത്തടിയുടെയും, ദൈവമേ എന്ന വിളിയുടെയും ശബ്ദം പിറവം ആറിന് അക്കരെ വരെ കേൾക്കാമായിരുന്നു എന്നാണ് പറയപ്പെടുന്നത്. അല്പനിമിഷം കഴിഞ്ഞ് നിശബ്ദനായ ശേഷം തിരുമേനി കൽപിച്ചു .

ഈ കൽപന എഴുതിയവൻ മറ്റൊരു കൽപ്പനയും എഴുതാതെ പോകട്ടെ ! അവൻ തന്‍റെ ആസ്ഥാനത്തു ചെന്നു വെന്ന് പറയാൻ സാധിക്കാതെ കണ്ണും രണ്ടും പൊട്ടി ഇടയ്ക്ക് വെച്ച് കാലഗതിയെ പ്രാപിക്കും. ഈ കൽപന ഇവിടെ കൊണ്ടുവന്നവന് കുഷ്ഠം പിടിക്കും. ഇത് ഇവിടെ വായിച്ചവൻ പടിഞ്ഞാറൊട്ടു തിരിഞ്ഞു നിന്നു മറ്റൊന്നും വായിക്കാനിടയാകാതെ പോകട്ടെ . പിറവത്ത് പള്ളിയിലെ അച്ചന്മാർക്ക് ഒരു കാലത്തും വെളിവുണ്ടാവുകയില്ല.” തിരുമേനി കൽപിച്ചതുപോലെ സംഭവിക്കുകയും ചെയ്തു. അബ്ദുള്ള പാത്രീയർക്കീസ് തന്‍റെ ആസ്ഥാനമായ മർദ്ദിനിൽ തിരിച്ചെത്താൻ സാധിക്കാതെ രണ്ട് കണ്ണിന്‍റെയും കാഴ്ച്ച നഷ്ടപ്പെട്ട് യേരുശലേമിൽ എത്തി. അവിടെ വെച്ച് കാലം ചെയ്തു. നിരോധന കൽപന കൊണ്ടു വന്നയാളിന് പിന്നീട് കുഷ്ഠരോഗം പിടിപ്പെട്ടു. കൈകാലുകളുടെ വിരലുകൾ അറ്റുപോവുകയും ദുരിതപ്പെട്ടു മരിക്കുകയും ചെയ്തു. കൽപന വായിച്ച എടമനച്ചിറ ശെമ്മാശൻ അച്ചൻ ആകുന്നതിന് മുമ്പ് അകാലത്തിൽ മൃതിയടഞ്ഞു. അതു പോലെ തിരുമേനിയുടെ പരമാർശങ്ങളിൽ വന്ന എല്ലാവർക്കും ഓരോ ഓരോ ദുരിതാനുഭവങ്ങളുണ്ടായി. ശാപം പേറി ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങൾ ഇന്നും ഇടവകയിലുണ്ട്. ഏകപക്ഷീയമായ മുടക്ക് കൽപന ചില തൽപര കക്ഷികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം ആയിരുന്നു.

മരിക്കും വരെ ഈ മണ്ണിൽ ഞാൻ കാൽ കുത്തുകയില്ല

അന്ത്യനാളുകൾ താൻ മേയിച്ചു ഭരിച്ച ഏത് എങ്കിലും ഒരു ദേവാലയത്തിൽ ആകണമെന്ന ആഗ്രഹം തിരുമേനിക്ക് ഉണ്ടായിരുനു കക്ഷി വഴക്കിന്‍റെ രൂക്ഷതയിൽ ചേരിതിരിവ് രൂക്ഷമായ കോലഞ്ചേരിയിൽ പള്ളിയിൽ നിന്ന് താമസം മാറി കോട്ടയം പഴയ സെമിനാരിയിൽ താമസം ആക്കി. തന്‍റെ ആഗ്രഹം സഫലമാകില്ല എന്ന് തിരുമേനി കരുതി എങ്കിലും അന്നത്തെ സഭ വൈദീക ട്രസ്റ്റി ആയിരുന്ന പാലപ്പിള്ളിൽ മാണി പൗലോസ് കത്തനാർ കണ്ടനാട് ഭദ്രാസനത്തിൽ ഉൾപ്പെട്ട പാമ്പാക്കുട ചെറിയ പള്ളിയിലേക്ക് കൂട്ടികൊണ്ടു വരുവാൻ തിരുമാനിച്ചു .തിരുമേനി ഒരു വ്യവസ്ഥ മാത്രം ആണ് അച്ചന്‍റെ മുൻപിൻ വച്ചുള്ളു. കോട്ടയത്തുനിന്നും കൊച്ചു പാമ്പാക്കുടയിലേക്കുള്ള യാത്ര വള്ളത്തിലായിരിക്കുമെന്നും വള്ളം പിറവത്ത് കടവിൽ എത്തിയതിന് ശേഷമേ പാമ്പാക്കുടയിലേക്ക് പോകുവാൻ കഴിയുകയുള്ളു എന്നും തിരുമേനിക്ക് അറിയാമായിരുന്നു. അതിനാൽ തിരുമേനി അച്ചനോട് പറഞ്ഞു “എന്നെ മുടക്ക് കൽപ്പന വായിച്ച പിറവത്തെ മണ്ണിൽ എന്‍റെ കാൽ ചവിട്ടാൻ ഇടവരുത്തരുത്” തിരുമേനി കൽപ്പിച്ച പോലെ അച്ചൻ ചെയ്യുകയും പിറവം കടവിൽ വള്ളം അടുത്തപ്പോൾ നേരത്തെ തയ്യാറാക്കി ഇരുന്ന മഞ്ചലിലേക്ക് തിരുമേനിയെ എടുത്തു കയറ്റുകയും ആണ് ഉണ്ടായത് . പിറവത്തെ മണ്ണിൽ കൽ തൊടുവിക്കാതെ തിരുമേനിയെ പാമ്പാക്കുട ചെറിയ പള്ളിയിലേക്ക് എത്തിച്ചു .

ഇന്നും പിറവത്തിന്‍റെ മണ്ണിന് ശാപമോക്ഷം ലഭിച്ചിട്ടില്ല എന്നത് ചരിത്ര സത്യം ആണ്. ശാപം ഏറ്റുവാങ്ങിയ കുടുംബങ്ങളിൽ പലരും രഹസ്യമായും പരസ്യവുമായും ആ പിതാവിന്‍റെ കബറിങ്കൽ സാഷ്ടാംഗം വന്ന് മുട്ടുകുത്തി പ്രാർത്ഥിക്കുന്നു. തിരുമേനിയെ ഏറ്റവും അധികം ദ്രോഹിച്ച ഇടവകകളാണ് കോലഞ്ചേരിയും, പിറവവും. സ്വന്തം ഇടവകയിൽ അന്ത്യവിശ്രമഭൂമി ആകണമെന്ന ആഗ്രഹിച്ച ആ പിതാവിനെ കോലഞ്ചേരിയിൽ നിന്ന് അധിക്ഷേപിച്ച് ഇറക്കി വിടുകയാണ് ഉണ്ടായത്. ഇത്രയധികം പീഡകളും പ്രയാസങ്ങളും സഹിച്ച പിതാവിനെ തന്നെയാണ് മലങ്കരയിൽ മർത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിലേക്ക് ആകമാന സഭാ വ്യവസ്ഥയോട് യോജിപ്പിച്ച ചരിത്ര നിയോഗത്തിന് ദൈവം എടുത്ത് ഉപയോഗിച്ച് എന്നത് ശ്രദ്ധേയമാണ്. ജൂലൈ 3 , (കോലഞ്ചേരി പള്ളി) ഏപ്രില്‍ 19 (പിറവം പള്ളി) എന്നീ 2 സുപ്രധാന വിധികൾ മലങ്കരസഭയാകുന്ന സത്യം കൂടുതൽ ശക്തിപ്പെടുത്തുന്നു. അതിന് മുഖാന്തിരമായത് തന്നെ തിരുമേനിയെ ഏറ്റവും അധികം ദ്രോഹിച്ച കോലഞ്ചേരിയും പിറവവും ആയത് ദൈവ നിശ്ചയം ..

https://ovsonline.in/articles/murimattathil-bava-ariyapedatha-eadukal/

error: Thank you for visiting : www.ovsonline.in