കാഞ്ഞിരമറ്റം പള്ളിയിൽ അനധികൃത പ്രവേശനം ; ഉത്തരവ് ലംഘിച്ച യാക്കോബായ നേതാക്കൾ നിയമ പ്രതിസന്ധിയിൽ
മുളന്തുരുത്തി : കൊച്ചി ഭദ്രാസനത്തിലെ കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ അനധികൃതമായി പ്രവേശിച്ച യാക്കോബായ നേതാക്കൾ നിയമ പ്രതിസന്ധിയിൽ. ബഹു.കോടതിയുടെയും ഫോർട്ട് കൊച്ചി ആർ.ഡി.ഒയുടെ ഉത്തരവുകൾ ലംഘിച്ചു ദേവാലയത്തിൽ അനധികൃതമായി പ്രവേശിച്ചു നിയമ വിരുദ്ധമായ പ്രവർത്തി നടത്തിയെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.അനധികൃതമായി പ്രവേശിച്ചു ആരാധന കർമ്മങ്ങൾ നടത്തിയതിന്റെ ദൃശ്യങ്ങൾ അടക്കം
പോലീസ് അന്തിമ റിപ്പോർട്ടിനൊപ്പം കീഴ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജോസഫ് മാർ ഗ്രീഗോറിയോസ് ഉൾപ്പെടെ യാക്കോബായ നേതാക്കളാണ് പിറവം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പുരോഗമിക്കുന്ന ക്രിമിനൽ കേസ് റദ്ദാക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയിലെത്തിയത്.
ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക പ്രതികരണം പത്ര കുറിപ്പിൽ
നിയമം ലംഘിച്ച ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ്, മലങ്കരസഭയിൽ സമാന്തര ഭരണം പാടില്ലെന്ന വിധിക്ക് അടിവരയിടുന്നത്.
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് പള്ളിയിൽ 2013ലാണ് ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് അനധികൃതമായി പ്രവേശിച്ച് ആരാധന നടത്തിയത്. 2013 ൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന അദേഹത്തിൻ്റെയും കൂട്ടുപ്രതികളുടെയും ആവശ്യം ഹൈക്കോടതി തള്ളിയിരിക്കുന്നു. കേസിൽ പോലീസ് ഹാജരാക്കിയ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ് പറഞ്ഞിരിക്കുന്നത്. മലങ്കര സഭയുടെ പള്ളികൾ 1934 ലെ സഭാഭരണഘടന പ്രകാരമാണ് ഭരിക്കപ്പെടേണ്ടത്. ആ ഭരണഘടന അംഗീകരിക്കാത്തവർക്ക് അനധികൃതമായി സഭയുടെ പള്ളികളിൽ പ്രവേശിക്കാൻ നിയമം അനുവദിക്കുന്നില്ല. മലങ്കരസഭയിൽ സമാന്തര ഭരണം പാടില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയതാണ്. ആ നിയമം ലംഘിക്കുന്നവർ വിചാരണ നേരിടാതെ മാർഗമില്ല. രാജ്യത്തെ നിയമം പാലിക്കാതെ ഒരു പൗരനും മുന്നോട്ടു പോകാൻ കഴിയില്ല. നിയമത്തെ അംഗീകരിക്കുന്നവരെ എല്ലാം മറന്ന് സ്നേഹത്തോടെ സ്വീകരിക്കാൻ ചെയ്യാൻ മലങ്കരസഭാ മക്കൾ മുൻനിരയിലുണ്ടാകും.