യൽദോയ്ക്ക് ശേഷമുള്ള ഞായറാഴ്ചകളിലെ ഏവൻഗേലിയോനുകളിൽ കാണുന്ന വിപരീത ക്രമീകരണം – ഒരു അന്വേഷണം.
പരിശുദ്ധ ഏവൻഗേലിയോൻ നമ്മുടെ കർത്താവിൻ്റെ മനുഷ്യാവതാരകാല സംഭവങ്ങളെ ഒരു ക്രമാനുഗതമായ രീതിയിൽ അനുസ്മരിക്കുവാൻ ഉതകുന്നവിധമാണ് ക്രമീകരിച്ചിട്ടുള്ളത്. യൽദോയ്ക്ക് മുമ്പുള്ള കാലത്തിൽ സഖറിയായോടുള്ള അറിയിപ്പ് മുതൽ കർത്താവിൻ്റെ ജനനം വരെയുള്ള സംഭവങ്ങൾ ക്രമമായി അനുസ്മരിക്കുന്നു. ദനഹായ്ക്ക് ശേഷം ശ്ലീഹൻമാരെ വിളിക്കുന്നതും പരസ്യ ശുശ്രൂഷയും അനുസ്മരിക്കുന്നു. നോമ്പ് കാലത്ത് കർത്താവിൻ്റെ അത്ഭുത പ്രവർത്തികളും അതിൽ അവസാനത്തേതായി ലാസറിനെ ഉയിർപ്പിക്കുന്നതും അതിൻ്റെ പിറ്റേന്ന് തന്നെ ഊശാന പെരുന്നാളും. പിന്നീട് ഹാശാ ആഴ്ചയിൽ പെസഹാ ആചരണം, ക്രൂശാരോഹണം, ഉയിർപ്പ്. ഉയിർപ്പിനു ശേഷം വരുന്ന ഞായറാഴ്ചകളിൽ അതിനുതകുന്നവ അങ്ങനെ. എന്നാൽ ഈ ക്രമീകരണപ്രകാരം നോക്കിയാൽ ക്രമം തെറ്റിയ ഒരു രീതി കാണാൻ സാധിക്കുന്നത് യൽദോയ്ക്ക് ശേഷം (ദനഹായ്ക്ക് മുമ്പായി) വരുന്ന ഞായറാഴ്ചകളിൽ ആണ്. യൽദോയ്ക്ക് ശേഷം വരുന്ന ആദ്യത്തെ ഞായറാഴ്ചയിലെ ഏവൻഗേലിയോൻ ലൂക്കോസ് 2: 40 – 52 വരെയാണ്. ബാലനായ യേശു പെസഹാ പെരുന്നാളിൽ സംബന്ധിക്കുവാൻ യെരുശലേമിലേക്ക് മാതാപിതാക്കളുമൊത്ത് പോകുന്നതാണ് ഇതിവൃത്തം. എന്നാൽ യൽദോയ്ക്ക് ശേഷം രണ്ടാം ഞായറാഴ്ച വരുമ്പോൾ കാലഗണന മാറുന്നു. ഏവൻഗേലിയോൻ ഭാഗം മത്തായി 2: 19-23 വരെയുള്ള വാക്യങ്ങളാണ്. അവിടെ ഹെറോദാവിൻ്റെ മരണശേഷം മിസ്രയീമിൽ നിന്ന് മടങ്ങി വരുന്നതും നസറേത്തിൽ താമസിക്കുന്നതുമാണ്. ഇവിടെ ഈ രണ്ട് ഞായറാഴ്ചകളിലെ ഏവൻഗേലിയോൻ വായനാഭാഗത്തിൽ കാലഗതിയിൽ ഒരു തിരിവ് (Reversal) സംഭവിക്കുന്നുണ്ട്. ഈ തിരിവിൻ്റെ കാരണം തേടിയുളള ഒരു അന്വേഷണമാണീ ലേഖനം.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും അന്ത്യോഖ്യൻ സുറിയാനി സഭയും ഉപയോഗിക്കുന്ന വേദവായനക്കുറിപ്പിൽ ഇപ്രകാരം (ആദ്യം പെസഹായിൽ സംബന്ധിക്കുന്നതും പിറ്റേ ഞായറാഴ്ച മിസ്റേമിൽ നിന്ന് മടങ്ങി വരുന്നതും) തന്നെയാണ് ക്രമീകരണം. പല വേദവായനക്കുറിപ്പുകൾ പരിശോധിച്ചതിലും കണ്ടത് ഈ ക്രമീകരണം തന്നെയാണ്. എന്നാൽ 1988-ൽ പരിഷ്ക്കരിച്ച് 2016 വരെ ഉപയോഗിച്ചിരുന്ന വേദവായനക്കുറിപ്പിലും അതിൻപ്രകാരമുള്ള ഏവൻഗേലിയോനിലും കാണുന്നത് വേറൊരു രീതിയാണ്. അതിൽ ആദ്യ ഞായറാഴ്ച മിസ്രേമിലേക്കുള്ള ഓടിപ്പോകലും രണ്ടാം ഞായറാഴ്ച പെസഹാ പെരുന്നാളിൽ ദേവാലയത്തിലേക്ക് ബാലനായ യേശു മാതാപിതാക്കളുമായി പോകുന്നതുമാണ്. ആ ഇടക്കാല പരിഷ്ക്കരണം ഒഴിവാക്കിയാൽ പുരാതന വേദവായനക്കുറിപ്പുകളിലും ഇന്നുപയോഗിക്കുന്നവയിലും കാണുന്നത് ആദ്യം പറഞ്ഞ രീതിയിലാണ്.
സുറിയാനി പാരമ്പര്യത്തിലെ ഒരു പ്രധാന പെരുന്നാളാണ് ശിശുവധപ്പെരുന്നാൾ (ഡിസംബർ 27). ആ ദിവസത്തെ ഏവൻഗേലിയോൻ ഭാഗം മത്തായി 2: 13 – 23 വരെയാണ്. യൽദോയ്ക്കു ശേഷം രണ്ടാം ഞായറാഴ്ചയിലെ ഏവൻഗേലിയോനിൽ ഈ ഭാഗം ഉൾക്കൊള്ളുന്നുണ്ട് (19 മുതൽ 23 വരെയുള്ള വാക്യങ്ങൾ). ശിശുവധപെരുന്നാളിൽ അനുസ്മരിച്ച അതേ സംഭവമോ ഇതിൻ്റെ അനുബന്ധ സംഭവമോ യൽദോയ്ക്കു ശേഷം വരുന്ന ഞായറാഴ്ച വീണ്ടും ഇതേ അനുസ്മരിക്കുന്നത് ആവർത്തനമായിരിക്കും. എന്നാൽ ഏവൻഗേലിയോനിൽ ക്രമീകരിച്ചിരിക്കുന്ന തിരിച്ചിൽ തൊട്ടടുത്ത ദിവസങ്ങളിൽ ഒരേ ഏവൻഗേലിയോൻ വായിക്കുന്ന രീതി ഒഴിവാക്കാൻ സാധിക്കും.
രണ്ടാമത്തേത് ഡിസംബർ 25-നും ജനുവരി 6-നും ഇടയിൽ 2 ഞായറാഴ്ചകൾ ഉണ്ടാകാനുള്ള സാദ്ധ്യത 4/7 ആണ്. അതായത് 7 വർഷമെടുത്താൽ അതിൽ 3 വർഷവും യൽദോയ്ക്കും ദനഹായ്ക്കും ഇടയിൽ ഒരു ഞായറഴ്ചയെ വരികയൊള്ളു. വേറൊരു രീതിയിൽ പറഞ്ഞാൽ യൽദോ പെരുന്നാൾ ഞായർ, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ വന്നാൽ ആ വർഷം യൽദോയ്ക്കും ദനഹായ്ക്കുമിടയിൽ ഒരു ഞായറാഴ്ച മാത്രമേ വരികയൊള്ളു. അങ്ങനെ വരുന്ന ഘട്ടത്തിൽ പെസഹ പെരുന്നാളിൽ യെരുശലേം സംബന്ധിക്കുന്ന സംഭവം കാലഗണന നോക്കി രണ്ടാം ഞായറാഴ്ച ക്രമീകരിച്ചാൽ അത് അനുസ്മരിക്കുവാൻ സാധിക്കാതെ പോകും. ശിശുവധപെരുന്നാളിൽ അനുസ്മരിച്ചത് ഒന്നുകൂടി അനുസ്മരിക്കുക മാത്രം ചെയ്യും. എന്നാൽ ഈ പെരുന്നാളുകൾക്കിടയിൽ എപ്പോഴും ഒരു ഞായറാഴ്ചയെങ്കിലും ഉറപ്പായും ഉണ്ടാകുമെന്നതിനാൽ ആദ്യ ഞായറാഴ്ചത്തെ അനുസ്മരണവിഷയമായി പെസഹാ പെരുന്നാളിലെ സംഭവം ക്രമീകരിച്ചാൽ ആ സംഭവം എല്ലാവർഷവും അനുസ്മരിക്കപ്പെടും. ഒരു ഞായറാഴ്ച വരുന്ന വർഷങ്ങളിൽ ഇപ്പോഴത്തെ രീതിയിൽ ഒഴിവായി പോകുന്നത് മിസ്രയേമിൽ നിന്ന് തിരിച്ചെത്തി നസറേത്തിൽ താമസിക്കുന്നതാണ്. അത് ശിശുവധപ്പെരുന്നാളിൽ എല്ലാവർഷവും അനുസ്മരിക്കുന്നതാണല്ലോ. രണ്ട് ഞായറാഴ്ച വരുമ്പോൾ അതിൻ്റെ അവസാന ഭാഗം രണ്ടാം ഞായറാഴ്ച വീണ്ടും ഒരിക്കൽ കൂടി അനുസ്മരിക്കുകയും ആകാം.
അങ്ങനെ വരുമ്പോൾ ഈ ക്രമീകരണപ്രകാരം എല്ലാ വർഷവും (യൽദോയ്ക്കും ദനഹായ്ക്കുമിടയിൽ ഒരു ഞായറാഴ്ച വന്നാലും രണ്ട് ഞായറാഴ്ച വന്നാലും) കർത്താവിൻ്റെ ജനനത്തിനും പരസ്യ ശുശ്രൂഷാരംഭത്തിനും ഇടയിൽ നടന്ന ഈ രണ്ട് സംഭവങ്ങളും അനുസ്മരിക്കാൻ സാധിക്കും.
ഡെറിൻ രാജു