അക്രമങ്ങളിലൂടെയും വ്യാജപ്രചരണങ്ങളിലൂടെയും പാത്രിയര്‍ക്കീസ് വിഭാഗം പ്രതിസന്ധി സൃഷ്ടിക്കുന്നു.
കോടതി വിധിയിലൂടെ മലങ്കരസഭാ ഭരണഘടന നടപ്പാക്കിയ പള്ളികളില്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ട് പാത്രിയര്‍ക്കീസ് വിഭാഗം പ്രതിസന്ധികള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്ന് പരിശുദ്ധ കാതോലിക്ക ബാവായുടെ അസിസ്റ്റന്റും, കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത. എറണാകുളം ജില്ലയിലെ കാക്കുര്‍, ആട്ടിന്‍കുന്ന് സെന്റ് മേരീസ് പള്ളിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. 8 മാസം മുമ്പ് കോടതി വിധിയിലൂടെ ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടന പൂര്‍ണ്ണമായും നടപ്പാക്കിയ ദേവാലയമാണിത്. കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച സെമിത്തേരിയെ സംബന്ധിക്കുന്ന ഓര്‍ഡിനന്‍സ്‌ന് വിധേയപ്പെട്ടുകൊണ്ടാണ് അവിടെ മൃതസംസ്‌ക്കാരങ്ങള്‍ നടക്കുന്നത്. മൃതശരീരങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ഒരു തടസവും സൃഷ്ടിച്ചിട്ടില്ല. എന്നിട്ടും സെമിത്തേരിയില്‍ പ്രവേശിക്കുവാന്‍ അനുവദിക്കുന്നില്ല എന്ന വ്യാജ ആരോപണം ഉന്നയിച്ച് പള്ളിയുടെ മതില്‍ പൊളിച്ച് അനധികൃതമായി വഴിയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പാത്രിയര്‍ക്കീസ് വിഭാഗം. സംഘര്‍ഷം ഒഴിവാക്കാനായി ഓര്‍ത്തഡോക്‌സ് സഭ പരമാവധി ശ്രമിക്കുകയും സമാധാനപരമായി ഓരോപ്രാവശ്യവും പൊളിച്ച മതില്‍ വീണ്ടും പണിയുകയുമാണ് ചെയ്തത്. എന്നാല്‍ പള്ളിയിലോ കോമ്പൗണ്ടിലോ പ്രവേശിക്കരുത് എന്ന കോടതി വിലക്ക് ലംഘിച്ചുകൊണ്ട് വീണ്ടും വീണ്ടും മതില്‍ പൊളിച്ച് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് പാത്രിയര്‍ക്കീസ് വിഭാഗം.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓര്‍ത്തഡോക്‌സ് സഭയിലെ 2 പേരെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഈ നിയമ നിഷേധത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും, ചില ഉന്നത നേതാക്കളുടെ പിന്തുണ ഈ നിയമവിരുദ്ധ നടപടികള്‍ക്ക് പിന്‍ബലം നല്‍കുന്നതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോടതി വിലക്ക് ലംഘിച്ച് സംഘര്‍ഷം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അഭിവന്ദ്യ തിരുമേനി ആവശ്യപ്പെട്ടു.
വ്യാജ ഫേസ്ബുക്ക് പേജുകളിലൂടെയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും നടത്തുന്ന അപവാദ പ്രചരണങ്ങളും അസത്യ പ്രചരണങ്ങളും വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. മലങ്കര സഭാ തലവന്റെ ലെറ്റര്‍ ഹെഡും സീലും വ്യാജമായി നിര്‍മ്മിച്ച് വ്യാജ രേഖകള്‍ ചമയ്ക്കുന്നു. സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്റെ ലെറ്റര്‍ ഹെഡും ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്തകള്‍ പരത്തുന്നത് ഉള്‍പ്പെടെയുളള നിന്ദ്യമായ മാര്‍ഗ്ഗങ്ങള്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനുളള ബോധപൂര്‍വ്വമുളള ശ്രമത്തിന്റെ ഭാഗമാണെന്നും അഭി സേവേറിയോസ് തിരുമേനി കൂട്ടിച്ചേര്‍ത്തു