യാക്കോബായ സഭ വൻ നിയമ പ്രതിസന്ധിയിൽ
സുപ്രീം കോടതി മലങ്കര സഭ തർക്ക കേസിൽ ശക്തമായ താക്കീത് നൽകിയതിനെ തുടർന്ന് യാക്കോബായ സഭ സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോൾ 6 പള്ളികൾ ഉടനടി ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണം എന്ന് ആണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതിൽ വീഴ്ച വരുത്തി കഴിഞ്ഞാൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരും എന്നും യാക്കോബായ സഭയിലെ കക്ഷികളോട് സുപ്രീംകോടതി വ്യക്തമാക്കി കഴിഞ്ഞു.
ഇപ്പോൾ ആറ് പള്ളികളുടെ കോടതി അലക്ഷ്യ കേസിലെ പ്രത്യേക അനുമതി ഹർജിയിലാണ് ഉത്തരവ് എങ്കിലും കുറുപ്പുംപടി, കോതമംഗലം, മണർകാട്, പീച്ചാനിക്കാട്, നാഗഞ്ചേരി, മാറാടി, പരീക്കണ്ണി, മുഖത്തല എന്നീ പള്ളികൾക്ക് കൂടി ഇത് ബാധകമാകുവാനാണ് സാധ്യതയുള്ളത്. ഈ പള്ളികൾ കൈമാറിയിട്ടില്ല എന്ന് സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
2019 -ൽ ഓർത്തഡോക്സ് സഭ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കോടതി അലക്ഷ്യ ഹർജി കൂടി സുപ്രീംകോടതിയുടെ ഈ ബെഞ്ചിൽ തന്നെ പരിഗണനയ്ക്ക് വരുന്നത് യാക്കോബായ സഭയ്ക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുന്നതാണ്. ഈ കേസിൽ യാക്കോബായ സഭയുടെ ജോസഫ് മാർ ഗ്രീഗോറിയോസ് ഉൾപ്പെടെയുള്ള എല്ലാ മെത്രാപ്പോലീത്തമാരും എതിർകക്ഷികളാണ്. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക കാലം ചെയ്തതിനെ തുടർന്ന് കേരളം സന്ദർശിക്കുന്ന പാത്രിയർക്കീസ് ബാവ സന്ദർശന വേളയിൽ ജോസഫ് മാർ ഗ്രീഗോറിയോസിനെ കാതോലിക്ക ആയി വാഴിക്കും എന്ന ആഭ്യുഹങ്ങൾ പരക്കുന്നതിനിടയാണ് ഈ കോടതി അലക്ഷ്യ കേസും സുപ്രീംകോടതി പരിഗണിക്കുന്നത് എന്നത് യാക്കോബായ സഭയെ വീണ്ടും പ്രതിസന്ധിയിലാക്കും എന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.
2017 ലെ സുപ്രീംകോടതി വിധിയിൽ പാത്രിയർക്കീസ് മലങ്കര സഭയിലെ ഭരണപരമായത് ഉൾപ്പെടെയുള്ള യാതൊരു കാര്യങ്ങളിലും ഇടപെടാൻ പാടില്ല എന്ന ഉത്തരവ് നിലനിൽക്കുകയാണ്. ഒരു ശെമ്മാശനെ പോലും വാഴിക്കുകയും നിയമിക്കുകയും ചെയ്യുവാൻ പാടില്ല എന്ന സുപ്രീംകോടതിയുടെ നിർദ്ദേശം മറികടന്ന് പാത്രിയർക്കീസ് സമാന്തരമായി ഒരു കാതോലിക്കയെ വാഴിച്ചു കഴിഞ്ഞാൽ കോടതി അലക്ഷ്യ കേസുകൾ പരിഗണിക്കുന്ന സാഹചര്യങ്ങളിൽ അത് വീണ്ടും യാക്കോബായ സഭയെ മറ്റൊരു പ്രതിസന്ധിയിലേക്ക് കൂടി തള്ളിവിടും എന്നതിൽ യാതൊരു സംശയവുമില്ല എന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിൽ ഡിസംബർ 17 -ലെ സുപ്രീംകോടതിയുടെ നിലപാട് മലങ്കര സഭയുടെ തർക്കത്തെ സംബന്ധിച്ച് യാക്കോബായ സഭയുടെ ഭാവിയെ സംബന്ധിച്ച് വളരെ നിർണായകമായ വഴിത്തിരിവാകും എന്നതിൽ സംശയമില്ല.