OVS - Latest NewsOVS-Kerala News

സഭാക്കേസ് വീണ്ടും തുറക്കില്ല ; വിധി നടപ്പാക്കാനുള്ള നടപടിക്രമം സമർപ്പിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : ഓര്‍ത്തോഡോക്‌സ് സഭാ – യാക്കോബായ ഗ്രൂപ്പ് തര്‍ക്കത്തില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി.2017 ല്‍ കെ.എസ് വര്‍ഗീസ് കേസില്‍ സുപ്രീംകോടതി പുറപ്പടുവിച്ച വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമം സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു .എറണാകുളം, പാലക്കാട് ജില്ലകളിലെ  ആറ് പള്ളികളുടെ ഭരണം ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് എതിരെ ഓർത്തഡോക്സ്‌ സഭ സമർപ്പിച്ച കോടതിയലക്ഷ്യക്കേസിൽ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഇരുപതോളം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതിഅലക്ഷ്യ നടപടി ആരംഭിച്ചിരുന്നു.

ഹൈക്കോടതിയുടെ കോടതിയ ലക്ഷ്യ നടപടി ചോദ്യം ചെയ്ത് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹർജി പരിഗണിക്കവെയാണ് 2017 ലെ വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികള്‍ 1934 ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന് ആയിരുന്നു 2017 ലെ സുപ്രീംകോടതി വിധി.സുപ്രീം കോടതിയുടെ നിരീക്ഷത്തിലേക്ക് ഇക്കേസ് വന്നതോടെ വെട്ടിലായിരിക്കുന്നത് സംസ്ഥാന സർക്കാരാണ്.കോടതികളിൽ നിന്നും ഉള്ള ഉത്തരവുകൾ നടപ്പാക്കുന്നത് എങ്ങനെയാണ് എന്നതിനെ സംബന്ധിച്ച് നടപടിക്രമം കൊടുക്കുവാൻ സർക്കാർ നിർബന്ധിതരായി തീർന്നു. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ സർക്കാർ നൽകുന്ന നടപടിക്രമം വിരുദ്ധമായി പ്രവർത്തിക്കുവാൻ സർക്കാരിന് പിന്നീട് സാധിക്കുകയില്ല.

മുന്‍ ചീഫ് സെക്രട്ടറി ഡോ വി വേണു, പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഐ ജി സെന്‍ട്രല്‍ സോണ്‍ നീരജ് കുമാര്‍ ഗുപ്ത, എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് കുമാര്‍, എറണാകുളം റൂറല്‍ എസ് പി വിവേക് കുമാര്‍, പാലക്കാട് കളക്ടര്‍ എസ്.ചിത്ര, പാലക്കാട് എസ്.പി ആര്‍ ആനന്ദ് തുടങ്ങി രണ്ട് ഡസനോളം ഉദ്യോഗസ്ഥരോട് ഈ മാസം 29 ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് സുപ്രീം കോടതി ഉദ്യോഗസ്ഥര്‍ക്ക് ഇളവ് അനുവദിച്ചു.

ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജി ഡിസംബര്‍ മൂന്നിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിംഗ് കോണ്‍സല്‍  സി.കെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവര്‍ ഹാജരായി. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ കെ വേണുഗോപാല്‍, സി.യു സിംഗ്, കൃഷ്ണന്‍ വേണുഗോപാല്‍,അഭിഭാഷകന്‍ ഇ.എം എസ് അനാം എന്നിവര്‍ ഹാജരായി.

error: Thank you for visiting : www.ovsonline.in