OVS - Latest NewsOVS-Kerala News

നൂറ്റാണ്ടുകൾ പഴക്കമുള്ള കാസായിൽ 50 വർഷത്തിന് ശേഷം ബലിയർപ്പിച്ചു

കണ്ടനാട്:- കണ്ടനാട് വിശുദ്ധ മർത്ത മറിയം ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ ഒക്ടോബർ21, 22 ന് ശക്രള്ളാ ബാവയുടെ ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ച്, പരിശുദ്ധ ശക്രള്ളാ ബാവ അനേകം നാളുകൾ വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിച്ചിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചിത്രപ്പണികൾ ഉള്ള വെള്ളി കാസാ, ഇന്നേദിവസം (21.10.2023) വി.കുർബ്ബാനയ്ക്കായി ഇടവക വികാരി വെരി റവ ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ ഉപയോഗിച്ചു.

മലങ്കര മെത്രാപ്പോലീത്താമാരുടെ ആസ്ഥാന ദേവാലയമായി പരിലസിച്ചിരുന്ന കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പള്ളി ഉപകരണങ്ങൾ മേമ്പൂട്ടിൽ സൂക്ഷിച്ചിരിക്കുന്നത്, 1974 ആഗസ്റ്റ് മാസം 15 ന് ശേഷം തുറന്ന് എടുത്തിരുന്നില്ല. മേമ്പൂട്ട് 11 താക്കോൽക്കാർ ആണ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ 1974ൽ കക്ഷി വഴക്ക് രൂക്ഷമായ സാഹചര്യത്തിൽ അന്നത്തെ വികാരി റവ ഫാ.ജോർജ്ജ് മട്ടമ്മേൽ അച്ചന്റെ നിർദ്ദേശ പ്രകാരമാണ് മേമ്പൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഉപകരണങ്ങൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ തുറക്കാതിരുന്നത്. അന്ന് പലവിധ ആരോപണങ്ങൾ മറുവിഭാഗം വ്യക്തിപരമായി അച്ചനെതിരെ ഉന്നയിച്ച് മേമ്പൂട്ട് തുറക്കാൻ ശ്രമിച്ചു എങ്കിലും അതിലുള്ള വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെടാതെയിരിക്കാൻ തുറക്കാതെയിരിക്കുകയായിരുന്നു. പിന്നീട് പള്ളി റിസീവർ ഭരണം ഏറ്റെടുക്കാൻ പാത്രിയർക്കീസ് വിഭാഗം നേതാക്കൾ രംഗത്ത് വരികയും ഈ ശ്രമങ്ങൾ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാൻ കാരണമാകും എന്ന് മനസിലാക്കിയ വികാരി രണ്ടു വിഭാഗങ്ങളിൽ നിന്നും റിസീവർ വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ആയതിനാൽ മേമ്പൂട്ട് 50 വർഷത്തിന് ശേഷം തുറന്ന് കണക്കെടുത്തപ്പോൾ ഒരു കണിക പോലും നഷ്ടമായില്ല എന്നകാര്യം മനസ്സിലാക്കുവാൻ സാധിച്ചു.

2019 സെപ്റ്റംബർ 6ന് ആണ് കണ്ടനാട് പള്ളി സംബന്ധിച്ച നിർണായകമായ വിധി ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ചത്. എങ്കിലും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച ശേഷമാണ് ഈ വർഷം മേമ്പൂട്ട് തുറന്നത്.

error: Thank you for visiting : www.ovsonline.in