OVS - Latest NewsOVS-Kerala News

മാധവശ്ശേരി പള്ളിയുടെ ശതാബ്ദിയാഘോഷം  സമാപനത്തിലേക്ക്  

കൊല്ലം  : ദൈവിക പരിപാലനത്തിന്‍റെ  നൂറു വര്‍ഷങ്ങള്‍ പിന്നിട്ട് , പിതാക്കന്മാരുടെ ദീര്‍ഘ വീക്ഷണത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി മാധവശേരിയുടെ നെറുകയില്‍ ദൈവകൃപയുടെ ഉറവിടമായി വിളങ്ങി നില്‍ക്കുന്ന മാധവശ്ശേരി സെന്‍റ്  തേവോദോറോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനം സെപ്റ്റംബര്‍ 17, 18 തീയതികളില്‍ മലങ്കര ഓര്‍ത്തഡോക്സ്  സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും,കൊല്ലം ഭദ്രാസനാധിപന്‍   സഖറിയാ മാര്‍ അന്തോണിയോസ് മേത്രാപോലീതായുടെ സഹകാര്‍മ്മികത്വതിലും വന്ദ്യ വൈദിക ശ്രേഷ്ഠരുടെ   മഹനീയ സാന്നിധ്യത്തിലും നടത്തപ്പെടുന്നു.

സമാപനത്തോട്‌ അനുബന്ധിച്ച് 17 നു ഉച്ചക്ക് 2:30 മുതല്‍ മാതൃ ദേവാലയമായ പുത്തൂര്‍  സെന്‍റ്  ജോര്‍ജ് ഓര്‍ത്തഡോക്സ്  വലിയപള്ളിയില്‍ നിന്നും ആരംഭിക്കുന്ന “ശതാബ്ദി സമാപന ഘോഷയാത്ര” അവിസ്മരണീയമക്കുവാന്‍ ശതാബ്ദി കമ്മിറ്റിയുടെ നേതൃത്വത്തില്‍ , ഇടവകയിലെ അഞ്ചു പ്രാര്‍ത്ഥന ഗ്രൂപുകളുടെയും യുവജനപ്രസ്ഥാനത്തിന്റെയും, സണ്‍‌ഡേ സ്ക്കൂളിന്‍റെയും സഹകരണത്തോടെ വിവിധ തരത്തിലുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നു. സെപ്റ്റംബര്‍ 18 ഞായറാഴ്ച രാവിലെ നടക്കുന്ന വി. മൂന്നിന്മേല്‍ കുര്‍ബാനക്ക് പരിശുദ്ധ കാതോലിക്ക ബാവ നേതൃത്വം നല്‍കുന്നതാണ്.. തുടര്‍ന്നു നടക്കുന്ന സമാപന മതസാഹോദര്യ സമ്മേളനത്തില്‍ വിവിധ മതമേലധ്യക്ഷന്മാര്‍ പങ്കെടുക്കുന്നതാണ്.

സാമൂഹിക പ്രതിബദ്ദതയോടെ ആത്മീകവും ഭൌതികവുമായ വിവിധ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു പൂര്‍ത്തീകരിക്കുവാന്‍ ശതാബ്ദി വര്‍ഷത്തില്‍ ഇടവകക്ക് സാധിച്ചു എന്നുള്ളത് ഏറേ അഭിമാനാര്‍ഹമായ വസ്തുതയാണ്.സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത  അധ്യക്ഷനാകുന്ന സമാപന സമ്മേളനം മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ ഉത്ഘാടനം നിര്‍വഹിക്കും. ശ്രി. കൊടിക്കുന്നില്‍ സുരേഷ് എം.പി  ശതാബ്ദി സ്മരണിക പ്രകാശനവും , ശ്രീമതി ഐഷ പോറ്റി എം.എല്‍.എ   മംഗല്യ സഹായ വിതരണവും , തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്ന ജ്ഞാനതപസ്സി ഭവന നിര്‍മ്മാണ സഹായ വിതരണവും , ഇമാം പാച്ചല്ലൂര്‍ അബ്ധുസലീം മൌലവി ചികിത്സ സഹായ വിതരണവും തഥവസരത്തില്‍ നിര്‍വഹിക്കുന്നതാണ്.

ഇടവകയ്യുടെ ശതാബ്ധിയോടു അനുബന്ധിച്ച് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ “സഹദാ വാഴും പള്ളി” എന്ന പേരില്‍ ഒരു ശതാബ്ദി സംഗീത ആല്‍ബം പരിശുദ്ധ ബാവ തിരുമനസ്സ് കൊണ്ട് പ്രകാശനം ചെയ്യുന്നതായിരിക്കും. ഇടവക മുന്‍ വികാരി ആയ റവ. ഫാ . സോലു കോശി രാജു രചനയും , ശ്രി. വയലിന്‍ ജോസ് സംഗീത സംവിധാനവും നിര്‍വഹിച്ച ശതാബ്ദി തീം ആല്‍ബത്തില്‍ പാടിയിരിക്കുന്നത് ഇടവകയുടെ അനുഗ്രഹീത കലാകാരന്‍ ശ്രി. ജിന്‍സണ്‍ തോമസ്‌ ആണ്. സമാപന സമ്മേളനത്തിന് ശേഷം , ഇടവകയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സെന്‍റ്   തെവോദോറോസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിനു വേണ്ടി നിര്‍മ്മിച്ച കെട്ടിട സമുച്ചയം , ” ശതാബ്ദി സ്മാരക മന്ദിരം” പരിശുദ്ധ കാതോലിക്ക ബാവ തിരുമനസ്സ്കൊണ്ട് കൂദാശ ചെയ്യുന്നതാണ്. 1916 സെപ്റ്റംബർ 14 സ്ലീബാ പെരുന്നാൾ ദിവസം ഗീവർഗ്ഗീസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത  (പരിശുദ്ധ ബസ്സേലിയോസ് ഗീവർഗീസ് ദ്വിതിയൻ കാതോലിക്കാ ബാവ ), അന്തിയോഖ്യയിലെ  വി. സഭയുടെ രക്തസാക്ഷിയായ പരിശുദ്ധ തേവോദോറോസ് സഹദായുടെ നാമത്തിൽ സ്ഥാപിച്ച മലങ്കര സഭയിലെ ഏക ദേവാലയമാണ് മാധവശ്ശേരി പള്ളി. ആണ്ടുതോറും പരിശുദ്ധ അപ്രേം പിതാവിനോടൊപ്പം വലിയ നോയമ്പിലെ ആദ്യ ശനിയാഴ്ച ഇടവക പരിശുദ്ധ സഹദായുടെ ഓർമ്മ പെരുന്നാളായി ആചരിക്കുന്നു. ഇടവക ജനങളുടെ അഭിവൃധിയുടെയും പുരോഗതിയുടെയും മൂലകാരണമായി . ദേശത്ത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പരിമളം വീശി . പരിശുദ്ധ അമ്മയുടെ നിഴലില്‍ , മാര്‍ തെവോദോറോസ് സഹദായുടെ തണലില്‍ . അനുഗ്രഹങ്ങളുടെ ഉറവിടമായി പരിലസിക്കുന്ന മാധവശ്ശേരി ഇടവകയുടെ ശതാബ്ദി ആഘോഷങ്ങള്‍ ചരിത്ര വിസ്മയമാക്കുവാന്‍ ഇടവക മക്കള്‍ ഒരുമിച്ചു വികാരി റവ. ഫാ. മാത്യു അബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു

error: Thank you for visiting : www.ovsonline.in