വിശ്വാസ സഹസ്രങ്ങൾ സാക്ഷി ; പരുമല പെരുന്നാളിന് തുടക്കം
പത്തനംതിട്ട : പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിന് പരുമല സെമിനാരി പള്ളിയിൽ തുടക്കമായി.പ്രാര്‍ത്ഥനാമുഖരിതമായ അന്തരീക്ഷത്തിൽ ദേവാലയത്തിൽ നിന്ന് പ്രാര്‍ത്ഥിച്ച് ആശീര്‍വദിച്ച കൊടികള്‍ പ്രദക്ഷിണമായി കൊടി മരത്തിലേക്ക് ആനയിക്കപ്പെട്ടതിനെത്തുടർന്ന് വിശ്വാസികൾ പിന്തുടർന്ന ആചാരം പ്രകാരം വെറ്റില എറിയുകയായിരുന്നു . ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് നിര്‍വഹിച്ചു. രണ്ടും മൂന്നും കൊടിമരത്തില്‍ യഥാക്രമം ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് എന്നിവര്‍ കൊടിയുയര്‍ത്തി.
യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്,സഖറിയാ മാര്‍ സേവേറിയോസ്,എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ വന്ദ്യ കെ.വി.പോള്‍ റമ്പാന്‍, അസി.മാനേജര്‍മാരായ ഫാ.ജെ.മാത്തുക്കുട്ടി, ഫാ.എല്‍ദോസ് ഏലിയാസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടര്‍ ഏബ്രഹാം, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ മത്തായി ടി. വര്‍ഗീസ്, മാത്യു ഉമ്മന്‍ അരികുപുറം, പി.എ.ജോസ് പുത്തന്‍പുരയില്‍, മനോജ് പി. ജോര്‍ജ്ജ്് പന്നായികടവില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.