OVS - ArticlesOVS - Latest News

വിധികാര്യം ചിന്തിച്ചയ്യോ വിറകൊള്ളുക …. ഡോ. എം. കുര്യന്‍ തോമസ്

ഒരു നൂറ്റാണ്ടു കടന്ന മലങ്കരസഭാക്കേസുകള്‍ക്ക് വ്യക്തമായ ഒരന്ത്യം കുറിക്കുന്ന സുപ്രധാന വിധിയാണ് 2017 ജൂലെ 3-ന് ഇന്ത്യയുടെ പരമോന്നത ന്യായപീഠം പുറപ്പെടുവിച്ചത്. 1877-ല്‍ പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ ആലപ്പുഴ ജില്ലാ കോര്‍ട്ടില്‍ ഫയല്‍ ചെയ്ത സെമിനാരിക്കേസ് മുതല്‍ പലപല കേസുകള്‍ അനേക കോടതികള്‍ കയറിയിറങ്ങി പരമോന്നത ന്യായപീഠങ്ങളില്‍ വിധിപ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. ആ വിധികളിലെ എല്ലാം പഴുതുകള്‍ അടച്ച സമഗ്ര വിധിയാണ് ഇപ്പോളുണ്ടായത്.

വിജയികള്‍ ‘സ്‌തോത്രസങ്കീര്‍ത്തനങ്ങളും’, പരാജിതര്‍ ‘വിലാപകീര്‍ത്തനങ്ങളും’ പാടുമ്പോഴും ഇരുപക്ഷവും മറന്നതോ മറക്കാന്‍ ആഗ്രഹിക്കുന്നതോ ആയ ഒരു വസ്തുതയുണ്ട്. കക്ഷിഭേദമന്യേ മലങ്കരസഭയിലെ എല്ലാവര്‍ക്കും ഈ വിധി ബാധകമാണ്. 1934-ലെ ഭരണഘടനയോ, 2017 വിധിയിലെ നിര്‍ദ്ദേശങ്ങളോ മറികടക്കാന്‍ ആര്‍ക്കും ആവില്ല. മുന്‍ യാക്കോബായ വിഭാഗത്തിനു മാത്രമല്ല, മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കും ഇവ അനുസരിക്കാന്‍ ബാദ്ധതയുണ്ട്.

1934-ലെ മലങ്കരസഭാ ഭരണഘടനയ്ക്കു വിധേയമായി ‘യോജിക്കുക’ എന്നതൊഴികെ മറ്റൊരു മാര്‍ഗ്ഗവും ഇരുവിഭാഗത്തിന്റേയും മുമ്പിലില്ല. അതേസമയംതന്നെ ഭരണഘടനാതീതമായ യാതൊരു വിട്ടുവീഴ്ചയും ആര്‍ക്കും ചെയ്യാനാവില്ല. ഓര്‍ത്തഡോക്‌സ് സഭയെയാണ് ഇത് കൂടുതല്‍ ബാധിക്കുക. വിഭജിച്ചു ഇരുസഭയായി സമാധാനം ഉണ്ടാക്കുക എന്ന വ്യാമോഹവുമായി നടക്കുന്നവര്‍ക്ക് വമ്പന്‍ തിരിച്ചടിയാണ് 2017 സുപ്രീംകോടതി വിധി നല്‍കിയിരിക്കുന്നത്. സെമിത്തരികള്‍ പോലും പങ്കുവെക്കനാവില്ലന്നും, ഇരുവിഭാഗത്തിനും ഒരേ പള്ളിയില്‍ തവണവെച്ച് ആരാധന നടത്താനാവില്ലന്നും വിധിയുടെ 17, 27 ക്ലോസുകളില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

  • 17. പളളിയും സെമിത്തേരിയും ആര്‍ക്കും പിടിച്ചെടുക്കാവുന്നതല്ല. അത് ഇടവകാംഗങ്ങളുടെ അവകാശമായി തുടരണം. മലങ്കര സഭയില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇവിടെ അന്തസ്സോടെ സംസ്‌ക്കരിക്കപ്പെടുന്നതിന് ഒരു ഇടവകാംഗത്തിനുളള അവകാശത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല. മലങ്കര സഭയുടെയും ഇടവകപ്പള്ളികളുടെയും വസ്തുവകകള്‍ ട്രസ്റ്റിന്റേതാണ്. കാലാകാലങ്ങളായി അത് ഇടവകാംഗങ്ങള്‍ക്കു പ്രയോജനപ്പെടേണ്ടതാണ്. ഭൂരിപക്ഷമുണ്ട് എന്ന് കരുതി അവ ആര്‍ക്കും കയ്യേറാനുളളതല്ല.
  • 27. രണ്ട് സഭകളും തമ്മിലുളള അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനാലും ഒത്തുതീര്‍പ്പിന് വിദൂര സാധ്യത മാത്രമായതിനാലും ഒരോ വിഭാഗത്തിന്റെയും രണ്ടു വികാരിമാര്‍ക്ക് ആരാധന നടത്താന്‍ അവസരം നല്‍കണമെന്ന അപേക്ഷ പരിഗണിക്കാനാവില്ല. അതു സമാന്തര സംവിധാനത്തിനും ഭരണത്തിനും വഴിയൊരുക്കും.

ചുരുക്കത്തില്‍, ഇടവകപ്പള്ളികളുടെ സ്ഥാവര-ജംഗമ വസ്തുക്കളോ, സെമിത്തരി അവകാശമോ വിഭജിക്കാനോ, ഇരുകക്ഷികള്‍ക്കുമായി തവണകള്‍ ഭാഗിക്കാനോ ആരെങ്കിലും മുതിര്‍ന്നാല്‍ ആ നടപടി അസാധുവായിരിക്കും എന്നുമാത്രമല്ല, അതില്‍ പങ്കാളികള്‍ ആകുന്നവര്‍ കോടതിയലക്ഷ്യ നടപടികള്‍ക്കു വിധേയരാവേണ്ടിയും വരും. പള്ളികളില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതും പളളികള്‍ അടച്ചുപൂട്ടുന്ന നിലയില്‍ എത്തിക്കുന്നതും അംഗീകരിക്കാവുന്നതല്ല എന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പഴയതുപോലെ ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കി നിരോധനാജ്ഞ പുറപ്പെടുവിച്ചു, കളക്ടറെക്കൊണ്ടു പള്ളി പൂട്ടിക്കുകയോ ആര്‍.ഡി.ഒ. കസ്റ്റഡിയില്‍ എടുപ്പിക്കുകയോ ചെയ്യാനാവില്ല. സര്‍ക്കാരിനും ഇതൊരു താക്കീതാണ്. വിധി നടത്തുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗങ്ങളില്ല.

ഒരു സഭ, ഒരു നിയമം, ഒരു ഭരണക്രമം എന്ന അടിസ്ഥാന പ്രമാണത്തിലൂന്നിയാണ് ഇത്തവണ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. ആ നിയമം 1934-ലെ മലങ്കരസഭാ ഭരണഘടനയാണന്നു ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. മൂന്നാം ക്ലോസില്‍ അതിന്‍റെ വ്യാപ്തി കോടതി നിര്‍ണ്ണയിക്കുന്നുണ്ട്.

  • 3. 1995-ലെ വിധി എല്ലാ കാര്യങ്ങളിലും എല്ലാവര്‍ക്കും ബാധകവും പ്രാവര്‍ത്തികവുമാണ്. കാരണം അത് പ്രാതിനിധ്യ സ്വഭാവമുളള ഹര്‍ജി ആയിരുന്നു. മാത്രമല്ല, ഈ വിധി വീണ്ടും ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്. ഈ കേസില്‍ ഉള്‍പ്പെട്ട കക്ഷികള്‍ക്ക് മാത്രമല്ല മലങ്കരസഭയിലെ എല്ലാ തല്‍പരകക്ഷികള്‍ക്കും ഇത് ബാധകമാണ്. നേരത്തെയുളള സമുദായകേസില്‍ ഉള്‍പ്പെട്ട ഇടവകള്‍ക്കും അംഗങ്ങള്‍ക്കും ഇത് ബാധകമാണ്.

അതായത്, 2002-ല്‍ നിലവിലുണ്ടായിരുന്ന എല്ലാ ഇടവകപ്പള്ളികള്‍ക്കും ഈ വിധിയും തദ്വാരാ 1934 ഭരണഘടനയും ബാധകമാണ്. 1064 പള്ളികള്‍ എന്ന് പൊതുവെ അറിയപ്പെടുന്ന ഇവയുടെ എണ്ണം അതില്‍ വളരെയധികമാണ്. 2002 മാര്‍ച്ച് 20-നു പരുമല അസോസിയേഷനില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരുന്ന എല്ലാ ഇടവകപള്ളികളും 1934 ഭരണഘടനയ്ക്കു വിധേയമാണന്നാണ് ഈ ക്ലോസ് വ്യക്തമാക്കുന്നത്. ഇടവകകളിലെ ഭൂരിപക്ഷത്തിന്‍റെ പേരില്‍ 1934-ലെ മലങ്കരസഭാഭരണഘടന നിരാകരിക്കനാവില്ല എന്ന് വിധിയുടെ 20-ാം ക്ലോസ് വ്യക്തമാക്കുന്നു.

  • 20. 1934-ലെ ഭരണഘടന നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത് അത് ലംഘിക്കപ്പെടുന്നതിന്‍റെ ഒരു നിരാശയും യാക്കോബായ സഭയ്ക്കില്ല. മലങ്കര സഭ ഒരിക്കല്‍ നിലവിലുണ്ടെങ്കില്‍ അത് അങ്ങനെ തന്നെ തുടരണം, അതിന്‍റെ വസ്തുവകകള്‍ ഉള്‍പ്പെടെ ഏതെങ്കിലും ഒരു വിഭാഗത്തിന് ഭൂരിപക്ഷത്തിന്‍റെ പേരിലോ അല്ലാതയോ വസ്തുക്കളുടെ ഭരണം ഏറ്റെടുക്കാനാവില്ല, അതു ഭരണത്തില്‍ അനധികൃതമായ ഇടപെടലാണ്, വസ്തുവകകള്‍ അന്യായമായി പിടിച്ചെടുക്കലാണ്. ഭൂരിപക്ഷം ഉണ്ടെങ്കില്‍ പോലും സഭയുടെ ഭരണമോ, വസ്തുക്കളോ പിടിച്ചെടുക്കാന്‍ പാടില്ല. ഭരണം മാറ്റണമെങ്കില്‍ അത് നിയമപരമായി 1934-ലെ ഭരണഘടന ഭേദഗതി വരുത്തി ചെയ്യണം. 1934-ലെ ഭരണഘടനയ്ക്ക് വിരുദ്ധമായി ഇടവകപ്പളളികള്‍ക്ക് നിയമം ഉണ്ടാക്കാന്‍ കഴിയില്ല.

ഭരണം മാറ്റണമെങ്കില്‍ അത് നിയമപരമായി 1934-ലെ ഭരണഘടന ഭേദഗതി വരുത്തി ചെയ്യണം‘ എന്നതിന് നിലവിലുള്ള ഭരണഘടന അനുസരിച്ച് ഭരണസംവിധാനത്തിനു മാറ്റമുണ്ടാക്കുക അസാദ്ധ്യമാണ് എന്നുമാത്രമേ അര്‍ത്ഥമുള്ളു. അതായത്, 1934-ലെ ഭരണഘടനയെ അവഗണിച്ച് ഇടവകപ്പള്ളികളുടെ സൗകര്യാര്‍ത്ഥം ഉടമ്പടികളോ ട്രസ്റ്റ്രുകളോ ഉണ്ടാക്കാനാവില്ല. ഇത് ‘1934-ലെ ഭരണഘടനയ്ക്ക് വിരുദ്ധമായി ഇടവകപ്പളളികള്‍ക്ക് നിയമം ഉണ്ടാക്കാന്‍ കഴിയില്ല’ എന്ന അടുത്ത വാചകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ‘ഐക്യം’ എന്ന ഏകമാര്‍ഗ്ഗമല്ലാതെ ഇരുകൂട്ടരുടേയും മുമ്പില്‍ ഇനി അവശേഷിച്ചില്ല എന്നതാണ് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ഭരണസംവിധാനമായി 2002 ഭരണഘടന, സ്വന്തം ഉടമ്പടികള്‍, സ്വന്തം ഭരണഘടന മുതലായവ അവലംബിച്ച് ഇടവകഭരണം നടത്തുന്നവര്‍ ഈ വിധിമൂലം അവ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 1934 ഭരണഘടന സ്വീകരിക്കുകയോ ഇടവകപ്പള്ളികള്‍ വിട്ടുപോവുകയോ അല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ അവരുടെ മുമ്പില്‍ അവശേഷിച്ചിട്ടില്ല.

1934-ലെ ഭരണഘടനയ്ക്കുകീഴില്‍ ഒരൊറ്റ സഭയായി പ്രവര്‍ത്തിക്കുമ്പോള്‍ ഇടവകക്കാരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയോ കവര്‍ന്നെടുക്കപ്പെടുകയോ ചെയ്യുന്നില്ല. ഇടവകകളുടെ സാമ്പത്തിക സ്വയംഭരണം 1934-ലെ ഭരണഘടന ഉറപ്പു വരുത്തിയിട്ടുണ്ട്. അതേസമയംതന്നെ അത് സുതാര്യമാണന്ന് ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശക തത്വങ്ങളും നിര്‍വചിച്ചിട്ടുണ്ട്. നിലവില്‍ 1934-ലെ മലങ്കരസഭാ ഭരണഘടന പിന്തുടരുന്നവര്‍ക്ക് ഇതു പ്രശ്‌നം സൃഷ്ടിക്കുന്നില്ല. പുതുതായി ഈ കുടക്കീഴിലേയ്ക്കു കടന്നുവരുന്നവരും അവ പാലിച്ചേ പറ്റൂ.

1934-ലെ ഭരണഘടന അംഗീകരിച്ചു പുതുതായി കടന്നുവരുന്നവര്‍ വിവേചനത്തിനു വിധേയരാകുമെന്ന വാദം തീര്‍ത്തും തെറ്റാണന്നാണ് ചരിത്രം പഠപ്പിക്കുന്നത്. 1942-ല്‍ മലങ്കരസഭയിലേയ്ക്കു കടന്നുവന്ന കണ്ടനാടിന്‍റെ ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ പിന്നീട് മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷനായി. 1958-ല്‍ ഭരണഘടനയ്ക്ക് വിധേയരായ മുന്‍ പാത്രിയര്‍ക്കീസ് കക്ഷിയിലെ നാലു മെത്രാന്മാര്‍ക്കും അതത് ഭദ്രാസനങ്ങള്‍തന്നെ ലഭിച്ചു. കണിയാമ്പറമ്പില്‍ കുര്യന്‍ കോര്‍എപ്പിസ്‌ക്കോപ്പയും ചിറത്തലാട്ട് സി. ജി. ജോര്‍ജ്ജ് കോര്‍എപ്പിസ്‌ക്കോപ്പയും സണ്ടേസ്‌കൂള്‍ ഡയറക്ടര്‍ ജനറല്‍മാരായി. മാനേജിംഗ് കമ്മറ്റിയിലും വര്‍ക്കിംഗ് കമ്മറ്റിയിലും അംഗങ്ങളായി കാര്യക്ഷമമായി പ്രവര്‍ത്തിച്ച വൈദീക-അവൈദീക നേതാക്കള്‍ വേറെ. 1960-70 കാലഘട്ടത്തില്‍ ഭരണഘടനാ-നടപടിച്ചട്ട ഭേദഗതികളില്‍ സജിവമായും ക്രിയാത്മകമായും പങ്കെടുത്തവരാണ് ഇവരില്‍ പലരും. ആഭ്യന്തര ഭരണത്തിലുള്ള കടന്നുകയറ്റത്തിനെതിരെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ ഒന്നാം പ്രതിയാക്കി ആദ്യമായി ഒരു കേസ് ഫയല്‍ ചെയ്തത് കൊച്ചിയുടെ മുളയിരിയ്ക്കല്‍ പൗലൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ആണെന്നതും ഇവിടെ സ്മരണീയമാണ്.

1995-ലെ വിധിയ്ക്കു ശേഷം സഭാഭരണഘടനയുടെ കുടക്കീഴിലേയ്ക്കു കടന്നുവന്നവരും ഇന്ന് മലങ്കരസഭയില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. മെത്രാപ്പോലീത്താമാരായ ഡോ. തോമസ് മാര്‍ അത്താനാസ്യോസ്, യൂഹാനോന്‍ മാര്‍ മിലിത്തോസ്, സഖറിയാസ് മാര്‍ നിക്കോളാവോസ് എന്നിവര്‍ ഇന്ന് യഥാക്രമം സഭവക കോളേജുകളുടെ മാനേജര്‍, സഭവക സ്‌കൂളുകളുടെ മാനേജര്‍, അന്തര്‍സഭാബന്ധ കമ്മറ്റിയുടെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു എന്ന വസ്തുത ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ചിറ്റമ്മനയം ഇല്ല എന്നു വ്യക്തമാക്കുന്നു.

എന്നാല്‍ 1958-ല്‍ കേവലം ഒരു സ്വീകരണ കല്പനകൊണ്ട് വിഘടിത വിഭാഗത്തെ സഭയിലേയ്ക്ക് സ്വീകരിച്ചതുപോലെ ലളിതമല്ല ഇന്ന് ആ പ്രക്രിയ. യാക്കോബായ വിഭാഗത്തില്‍ നില്‍ക്കുന്ന ഇടവകകള്‍, വൈദീകര്‍, മെത്രാന്മാര്‍ എന്നിവര്‍ക്കു 2017 വിധിമൂലം കൃത്യമായ നടപടിക്രമം പാലിച്ചുമാത്രമേ ഇനി മലങ്കര സഭയിലേയ്ക്കു കടന്നുവരാനാവു. ഇവരില്‍ ഓരോ വിഭാഗത്തിന്‍റെയും പ്രവേശനത്തിന് വ്യത്യസ്ഥമായ മാര്‍ഗ്ഗങ്ങളാണുള്ളത്.

ആദ്യമായി അവൈദികരുടെ കാര്യമെടുക്കാം. അവരുടെ കടന്നുവരവ് ഇടവക തലത്തിലാണ്. ആദ്യമായി ഓരോ ഇടവകയ്ക്കും 1934 ഭരണഘടന അനുസരിച്ചുള്ള വികാരിമാര്‍ നിയമിക്കപ്പെടണം. അവരെ നിയമിക്കേണ്ടത് 1934 ഭരണഘടനപ്രകാരംതന്നെ നിയമിക്കപ്പെട്ട ഇടവക മെത്രാപ്പോലീത്താമാരാണ്. ഇത് 2017 വിധിയുടെ 6, 14, 15 ക്ലോസുകളില്‍ അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്.

  • 6. പാത്രിയര്‍ക്കീസിന്‍റെ ആധ്യാത്മിക അധികാരം അപ്രത്യക്ഷമായ മുനമ്പില്‍ എത്തിക്കഴിഞ്ഞു എന്ന വസ്തുതയ്ക്ക് ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു. തല്‍ഫലമായി പാത്രിയര്‍ക്കീസിന് വികാരിമാര്‍, വൈദീകര്‍, ഡീക്കന്മാര്‍, മേല്‍പ്പട്ടക്കാര്‍ എന്നിവരെ നിയമിച്ച് ഇടവകപ്പളളികളുടെ ഭരണത്തില്‍ ഇടപെടാന്‍ കഴിയില്ല. ഇതുവഴി ഒരു സമാന്തര ഭരണ സംവിധാനം ഉണ്ടാക്കാനും കഴിയില്ല. 1934-ലെ ഭരണഘടന പ്രകാരം ഈ നിയമനങ്ങള്‍ക്കുളള അധികാരം ബന്ധപ്പെട്ട ഭദ്രാസനത്തിനും മെത്രാപ്പോലീത്തായ്ക്കുമാണ്.
  • 14. വികാരിയുടെ നിയമനം മതേതര വിഷയമാകാം. എന്നാല്‍ 1934-ലെ ഭരണഘടനപ്രകാരം വികാരിമാരെയും, വൈദീകരെയും, ഡീക്കന്മാരെയും, മേല്‍പ്പട്ടക്കാരെയും നിയമിച്ചാല്‍ അത് ഇന്ത്യന്‍ ഭരണഘടനയുടെ 25, 26 അനുച്ഛേദ പ്രകാരമുളള അവകാശങ്ങളുടെ ലംഘനമാവില്ല. ആദ്ധ്യാത്മിക പരമാധികാരത്തിന്‍റെ പേരില്‍, ഇക്കാര്യങ്ങളില്‍ ഇടപെടാന്‍ പാത്രിയര്‍ക്കീസിന് അധികാരമില്ല. അങ്ങനെ ചെയ്യണമെങ്കില്‍ 1934-ലെ ഭരണഘടന ഭേദഗതി ചെയ്യണം. ഇത് എല്ലാവര്‍ക്കും ബാധകമാണ്.
  • 15. വികാരിമാര്‍, വൈദീകര്‍, ഡീക്കന്മാര്‍ മേല്‍പ്പട്ടക്കാര്‍ എന്നിവരുടെ നിയമനത്തിന് ഉടമ്പടി പ്രകാരവും കഴിയില്ല. 1934-ലെ ഭരണഘടനപ്രകാരമേ വികാരിമാര്‍, വൈദീകര്‍, ഡീക്കന്മാര്‍, മേല്‍പ്പട്ടക്കാര്‍ എന്നിവരെ നിയമിക്കാനാകൂ. പാത്രിയര്‍ക്കീസിന്‍റെ ആധ്യാത്മീക അധികാരത്തിനു കീഴില്‍ വരുന്നതല്ല അത്. മലങ്കര സഭയിലെ മറ്റ് പലരിലും ആധ്യാത്മീക അധികാരം നിക്ഷിപ്തമാണ്.

ഇപ്രകാരം നിയമിക്കപ്പെടുന്ന വികാരി നടപടിക്രമങ്ങള്‍ പാലിച്ച് ഭരണഘടനപ്രകാരമുള്ള ഇടവക രജിസ്റ്റര്‍ തയാറാക്കണം. ആ രജിസ്റ്ററിന്‍റെ അടിസ്ഥാനത്തില്‍ 1934-ലെ ഭരണഘടനപ്രകാരമുള്ള വോട്ടര്‍പട്ടിക തയാറാക്കി ഇടവക പൊതുയോഗം വിളിച്ചുകൂട്ടണം. അപ്രകാരം കൂടുന്ന പൊതുയോഗം തിരഞ്ഞെടുക്കുന്ന കൈക്കാരന്മാര്‍, ഭരണസമതി മുതലായവയെ ഇടവക മെത്രാപ്പോലീത്താ അംഗീകരിക്കുന്നതോടുകൂടി ഇടവകകളുടെ സഭാപ്രവേശനം പൂര്‍ണ്ണമാകും. നിയമാനുസൃത പൊതുയോഗം അംഗീകരിച്ച കണക്കിനും ബഡ്ജറ്റിനും കാലാകാലങ്ങളില്‍ ഇടവക മെത്രാപ്പോലീത്തായുടെ അംഗീകാരം വാങ്ങേണ്ടതുമുണ്ട്.

വൈദീകരുടെ സഭാപ്രവേശനത്തിനും ചില നടപടികള്‍ പൂര്‍ത്തിയോക്കേണ്ടിവരും. ആദ്യമായി അതിനുള്ള അപേക്ഷ ചട്ടങ്ങള്‍ പാലിച്ച് ഇടവക മെത്രാപ്പോലീത്തായ്ക്ക് നല്‍കണം. അതോടൊപ്പം പട്ടത്വത്തിന്‍റെ സാധുത തെളിയിക്കുന്ന രേഖകളും, സെമിനാരി വിദ്യാഭ്യാസം സിദ്ധിച്ചതിന്‍റെ തെളിവുകളും ഹാജരാക്കണം. മെത്രാപ്പോലീത്താ അവ പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് മുന്‍ യാക്കോബായ വിഭാഗത്തിലെ വൈദീകര്‍ 1934 ഭരണഘടനയ്ക്ക് വിധേയമായി മലങ്കര സഭയിലെ വൈദീകരാകും. പിന്നീട് അവര്‍ക്ക് നിയമനം നല്‍കേണ്ടത് അതത് ഇടവക മെത്രാപ്പോലീത്താമാരാണ്.

മെത്രാന്മാരുടെ സഭാ പ്രവേശനം വളരെ സങ്കീര്‍ണ്ണമാണ്. മുന്‍ യാക്കോബയ വിഭാഗത്തിലെ എല്ലാ മെത്രാന്മാര്‍ക്കും മലങ്കര സഭയില്‍ പ്രവേശനം സാദ്ധ്യമല്ലന്നതാണ് വസ്തുത. 1995-ലെ സുപ്രീം കോടതി വിധി മലങ്കര സഭയുടെ ഭാഗമല്ലന്നു കണ്ടെത്തിയിരിക്കുന്ന ക്‌നാനായ ഭദ്രാസനം, പൗരസ്ത്യ സുവിശേഷ സമാജം, സിംഹാസന പള്ളികള്‍ മുതലായവയ്ക്കായി വാഴിക്കപ്പെട്ടിരിക്കുന്ന മെത്രാന്മാര്‍ക്ക് മലങ്കര സഭയിലേയ്ക്കു പ്രവേശനം ആവശ്യപ്പെടാനാകില്ല. അപ്രകാരം ചെയ്യണമെങ്കില്‍ ആദ്യം 1934-ലെ ഭരണഘടനയ്ക്ക് അനുസൃതമായി അവയുടെ ഭരണഘടന ഭേദഗതി ചെയ്യണം. ചില സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുംവേണ്ടിയും വ്യക്തിപരമായ നിലയിലും മെത്രാനാക്കപ്പെട്ടവര്‍ക്കും പ്രവേശനം അവകാശപ്പെടാനാവില്ല.

1934-ലെ ഭരണഘടനപ്രകാരം മലങ്കര സഭയിലെ മെത്രാന്മാര്‍ നിയമാനുസൃതം ‘തിരഞ്ഞെടുത്ത്, വാഴിച്ച്, നിയമിക്കപ്പെട്ടവര്‍’ ആയിരിക്കണം. തങ്ങളുടെ പൗരോഹിത്യ വാഴ്ചകള്‍ സാധുതയുള്ളവയാണന്നു തെളിയിക്കാവുന്നതിനാല്‍ മുന്‍ യാക്കോബായ വിഭാഗത്തിലെ മെത്രാന്മാര്‍ക്ക് അത് ഒഴിവാക്കാനാവും. എങ്കില്‍പ്പോലും 1934-ലെ ഭരണഘടനയ്ക്ക് വിധേയനണന്നുള്ള രേഖയും പൗരോഹിത്യസ്ഥാനം ലഭിച്ചതിന്‍റെ തെളിവും മലങ്കര മെത്രാപ്പോലീത്തായ്ക്കുള്ള അപേക്ഷയോടൊപ്പം നല്‍കേണ്ടിവരും. ക്രമപ്രകാരമുള്ള അപേക്ഷ മലങ്കര മെത്രാപ്പോലീത്താ സ്വീകരിക്കുന്നപക്ഷം അത് എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയും പരിഗണിക്കണം. അപേക്ഷ സ്വീകരിക്കപ്പെടുന്നപക്ഷം അംഗീകാരത്തിനായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വിളിച്ചുകൂട്ടണം. അസോസിയേഷന്‍ അവരെ മെത്രാനായി അംഗീകരിക്കുന്ന പക്ഷം പൗരസ്ത്യ കാതോലിക്കായ്ക്ക് ആവശ്യമെങ്കില്‍ ‘മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിയുടെ ആലോചനയോടും മലങ്കര എപ്പിസ്‌ക്കോപ്പല്‍ സിനഡിന്റെ ശുപാര്‍ശ അനുസരിച്ചും’ അവര്‍ക്ക് ഇടവക തിരിച്ചു നല്‍കും. എന്നാല്‍ ആരെങ്കിലും ആവശ്യപ്പെടുന്ന പക്ഷം അസോസിയേഷനില്‍ വോട്ടിംഗ് നടത്തേണ്ടിവരും. അപ്രകാരം സംഭവിച്ചാല്‍ അസോസിയേഷന്‍ അംഗങ്ങളായ വൈദീകരുടേയും അവൈദീകരുടേയും 50% + 1 വോട്ടുവീതം അംഗീകാരത്തിനു ആവശ്യമായി വരും.

1995-ലെ സുപ്രീംകോടതി വിധി ഇടവകപ്പള്ളികളടക്കം മലങ്കരസഭയ്ക്കു മുഴുവന്‍ ബാധകമാണന്നും അതു പ്രകാരം ‘1934-ലെ ഭരണഘടന നടപ്പാക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്’ എന്നു 2017-ല്‍ കോടതി നിരീക്ഷിച്ചിട്ടുള്ളതിനാലും നിയമപ്രകാരമുള്ള നടപടിച്ചട്ടങ്ങള്‍ ലഘൂകരിക്കാന്‍ മലങ്കരസഭാ നേതൃത്വത്തിനു ഇപ്പോള്‍ സാദ്ധ്യമല്ല. അതേപോലെതന്നെ ക്ലോസ് 8, 17 ഇവ പ്രകാരം മലങ്കരസഭ മൊത്തത്തില്‍ ഒരു ട്രസ്റ്റ് ആയതിനാല്‍ ആതില്‍നിന്നും സഭവിട്ടുപോകുന്നവര്‍ക്ക് വീതം നല്‍കാനോ, ഭൂരിപക്ഷത്തിന്‍റെ പേരില്‍ പള്ളിമുതലോ പള്ളിപ്പണമോ ഏതെങ്കിലും വിധത്തില്‍ വകമാറ്റാനോ ആവില്ല.

  • 8. ഒരു സഭ രൂപവത്ക്കരിക്കുകയും അത് അതിലെ അംഗങ്ങള്‍ക്ക് ക്ഷേമകരമായിരിക്കുകയും ചെയ്യുമ്പോള്‍ ഭൂരിപക്ഷമുണ്ടെങ്കില്‍ പോലും സ്വത്തോ ഭരണസമിതിയോ കൈപ്പിടിയിലാക്കാന്‍ ആര്‍ക്കും കഴിയില്ല. മലങ്കര സഭ ഒരു ട്രസ്റ്റിന്റെ രൂപത്തിലാണ്, സ്വത്തുക്കളെല്ലാം ട്രസ്റ്റില്‍ നിക്ഷിപ്തമാണ്. 1934-ലെ ഭരണഘടനപ്രകാരം ഇടവകാംഗങ്ങള്‍ക്ക് പളളി വിട്ടുപോകാം, പക്ഷേ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഒന്നും സഭയുടെ അനുമതിയില്ലാതെ കൊണ്ടുപോകാന്‍ കഴിയില്ല.
  • 17. …മലങ്കര സഭയുടെയും ഇടവകപ്പളളികളുടെയും വസ്തുവകകള്‍ ട്രസ്റ്റിന്റേതാണ്. കാലാകാലങ്ങളായി അത് ഇടവകാംഗങ്ങള്‍ക്കു പ്രയോജനപ്പെടേണ്ടതാണ്. ഭൂരിപക്ഷമുണ്ട് എന്ന് കരുതി അവ ആര്‍ക്കും കയ്യേറാനുളളതല്ല.

ആവശ്യമെങ്കില്‍ ഭരണഘടന നിയമപ്രകാരം ഭേദഗതി ചെയ്യാന്‍ 2017 വിധി അനുവദിക്കുന്നുണ്ട്. കാലാകാലങ്ങളില്‍ നടന്നു വരുന്ന ഒരു തുടര്‍പ്രക്രിയയാണിത്. റീശീശാ തുക വര്‍ദ്ധിപ്പിച്ചതും, വൈദികരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തിയതും സമീപ കാലത്താണ്. 2011-ല്‍ പള്ളിഭരണത്തില്‍ സ്ത്രീകള്‍ക്ക് തുല്യഅവകാശം നല്‍കിയ നിര്‍ണ്ണായക ഭരണഘടനാ ഭേദഗതിയും നടത്തി. 1995-ല്‍ മലങ്കര അസോസിയേഷനിലെ ഇടവകകളുടെ പ്രാതിനിധ്യം സുപ്രീംകോടതി തന്നെ ഭേദഗതി ചെയ്തു പരിഷ്‌ക്കരിച്ചു. അതിനാല്‍ ഭരണഘടനാ ഭേദഗതി ഒരു പുതിയ കാര്യമൊന്നുമല്ല.

എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കോ, ഭരണസംവിധാനത്തിന്‍റെ രൂപഘടനയ്‌ക്കോ മാറ്റം വരുത്തുന്ന ഒരു ഭേദഗതിയും നിയമപരമായി നിലനില്‍ക്കുകയില്ല. ഒരു ഭരണഘടനയുടേയും പ്രഖ്യാപനത്തിലെ വകുപ്പുകള്‍ ഒഴിവാക്കാനുമാകില്ല. അതേ സമയം അവയ്ക്ക് വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ആയേക്കും. അതേ കാരണം കൊണ്ടാണ് ഭരണഘടനയുടെ ഒന്നാം വകുപ്പില്‍ നിന്നും ‘ പാത്രിയര്‍ക്കീസിനെ’ നീക്കം ചെയ്യനാവില്ല എന്നു പറയുന്നത്.

യഥാര്‍ത്ഥത്തില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ നീക്കം ചെയ്യേണ്ട ആവശ്യമുണ്ടോ? കാതോലിക്കായുടെ സഹകരണത്തോടുകൂടി കാനോനികമായ വാഴിക്കപ്പെടുന്ന പാത്രിയര്‍ക്കീസിനെ മലങ്കര സഭ അംഗീകരിക്കുന്നതാകുന്നു’ എന്ന് മലങ്കര സഭാ ഭരണഘടന 101-ാം വകുപ്പ് വ്യക്തമാക്കുന്നു. കാതോലിക്കാ വാഴ്ച, കാതോലിക്കായെപ്പറ്റിയുള്ള പരാതി എന്നീ വിഷയങ്ങളെ പ്രതിപാദിക്കുന്ന 114, 118 വകുപ്പുകളില്‍ മലങ്കര സഭയാല്‍ സ്വീകരിക്കപ്പെട്ട പാത്രിയര്‍ക്കീസ് ഉണ്ടെങ്കില്‍ ക്ഷണിക്കണം എന്ന നിബന്ധനയുണ്ട്. അതിനാല്‍ മലങ്കര സഭയുടെ അംഗീകാരം ഉണ്ടങ്കില്‍ മാത്രമേ കാനോനികമായ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് എന്ന ബഹുമതി ഒരാള്‍ക്ക് അവകാശപ്പെടാന്‍ പറ്റു എന്നു വ്യക്തം. ഇതിനോടൊപ്പം 2017 വിധിയിലെ ‘…പാത്രിയര്‍ക്കീസിന്‍റെ ആദ്ധ്യാത്മിക അധികാരം അപ്രത്യക്ഷമായ മുനമ്പില്‍ എത്തിക്കഴിഞ്ഞു എന്ന വസ്തുതയ്ക്ക് ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു…’ എന്ന പരാമര്‍ശനം കൂട്ടി വായിക്കണം.

ഇനി സമീപ ദിവസങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടതുപോലെ ഭരണഘടന ഭേദഗതി ചെയ്ത് ‘പാത്രിയര്‍ക്കീസിന്‍റെ അധികാരത്തിനു കൂടുതല്‍ വ്യക്തതയും ഉറപ്പും വരുത്തണം‘ എന്ന ആവശ്യം പരിശോധിക്കാം. ഇന്നും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ അന്ധമായി ആരാധിക്കുന്ന ഒരുകൂട്ടം വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാന്‍ ഉള്ള ഒരു തന്ത്രം മാത്രമാണിത്. സുപ്രീം കോടതി കര്‍ശനമായി വിലക്കിയ സമാന്തരഭരണം നിലനിര്‍ത്താനാണ് പാത്രിയര്‍ക്കീസിന്‍റെ അധികാരം വര്‍ദ്ധിപ്പിക്കണമെന്നു ചില തല്‍പ്പര കക്ഷികള്‍ ആവശ്യപ്പെടുന്നത് എന്ന് വ്യക്തം. ‘ …1995-ല്‍ ഈ കോടതിയുടെ വിധി മറികടക്കാന്‍ വേണ്ടിയാണ് ഇപ്പോഴെത്തെ പരാതിക്കാര്‍ (യാക്കോബായ വിഭാഗം) പാത്രിയാര്‍ക്കീസിന് ആദ്ധ്യാത്മീക അധികാരം നല്‍കിയത്…’ (ക്ലോസ് 6) എന്നും, ‘…1995-ലെ വിധിയെ ബഹുമാനിക്കാന്‍ യാക്കോബായ സഭ തയ്യാറായില്ല. ഈ കോടതി 1995-ല്‍ നല്‍കിയ വിധി ലംഘിച്ചു വികാരിമാരെയും മറ്റും നിയമിക്കാന്‍ പാത്രിയര്‍ക്കീസും പ്രതിനിധികളും മുതിര്‍ന്നതിനെതിരെയാണു ഹൈക്കോടതിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് റിട്ട് ഹര്‍ജികള്‍ നല്‍കേണ്ടി വന്നത്…’ (ക്ലോസ് 19) എന്നുമുള്ള സുപ്രീകോടതി നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. മലങ്കര സഭയില്‍ സമാന്തര ഭരണം സൃഷ്ടിക്കത്തക്കവിധം ചില ഇന്ത്യന്‍ മെത്രാന്മാര്‍ക്കു മാത്രം വോട്ടവകാശം നല്‍കി കാനോനിക കാതോലിക്കായുടെ സഹകരണം കൂടാതെ വാഴിക്കപ്പെടുന്ന പാത്രിയര്‍ക്കീസിനെ അംഗീകരിക്കാതിരിക്കാനും, സമന്തര ഭരണത്തെ പ്രത്യക്ഷമായോ പരോക്ഷമായോ പ്രോല്‍സാഹിപ്പിക്കുകയോ മലങ്കരസഭാ ഭരണഘടന ലംഘിച്ച് മലങ്കരസഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യുന്ന പാത്രിയര്‍ക്കീസിന്‍റെ അംഗീകാരം പിന്‍വലിക്കാനും മലങ്കര സഭയ്ക്ക് സ്വാതന്ത്യവും അധികാരവും ഉണ്ട്.

അല്ലങ്കില്‍ത്തന്നെ മലങ്കരസഭയുടെ ഉള്‍ഭരണ സ്വാതന്ത്യം സുപ്രീം കോടതി അംഗീകരിച്ച ഭരണഘടനയില്‍ത്തന്നെ സുരക്ഷിതമാണ്. 2017 വിധിയില്‍ ഇത് വ്യക്തമാക്കിയിട്ടുമുണ്ട്. വിധിയുടെ 5-ാം ക്ലോസ് ‘ … ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധികാരി കാതോലിക്കയാണ്. ആദ്ധ്യാത്മീക അധികാരത്തോടൊപ്പം തന്നെ മലങ്കര മെത്രാപ്പോലീത്തായുടെ അധികാരവും കാതോലിക്കായ്ക്കുണ്ട്. 1934-ലെ ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് മലങ്കര സഭയുടെ ഭൗതികവും പൗരോഹിത്യപരവും ആധ്യാത്മികവുമായ പരമാധികാരം മലങ്കര മെത്രാപ്പോലീത്തായ്ക്കാണ് … ‘ എന്ന് അര്‍ത്ഥശങ്കയില്ലാതെ പറയുന്നു.

‘…ആവശ്യമെങ്കില്‍ ഭരണഘടന നിയമപ്രകാരം ഭേദഗതി ചെയ്ത്…’ (ക്ലോസ് 28) എന്ന 2017-ലെ സുപ്രീംകോടതി വിധിയിലെ പരാമര്‍ശനത്തിന്‍റെ മറപിടിച്ച് പാത്രിയര്‍ക്കീസിന്‍റെ അധികാരം വര്‍ദ്ധിപ്പിക്കാനോ മലങ്കര സഭാ ഭരണഘടനയുടെ അന്തഃസത്തയ്ക്കു മാറ്റം വരുത്തുന്ന ഭേദഗതികള്‍ ആവശ്യപ്പെടാനോ ആര്‍ക്കും സാദ്ധ്യമല്ല. 1995-ലെ സുപ്രീം കോടതി വിധി കൂടുതല്‍ വ്യക്തമാക്കുക മാത്രമാണ് 2017-ല്‍ കോടതി ചെയ്തത്. അതിനെപ്പറ്റിയാകട്ടെ ‘… (1995-ലെ സുപ്രീം) കോടതിയുടെ വിധി പാത്രിയര്‍ക്കീസിനും കാതോലിക്കോസിനും എല്ലാവര്‍ക്കും ബാധകമാണ്…‘ എന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ക്ലോസ് 28 തന്നെ സമാന്തര ഭരണം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനേപ്പറ്റിയുള്ള കോടതിയുടെ ഒരു വിമര്‍ശനം മാത്രമാണ്. സമാന്തര ഭരണം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനു പകരം, ചെയ്യേണ്ടിയിരുന്നത് ഇന്നതായിരുന്നു എന്നുമാത്രമാണ് കോടതി പരാമര്‍ശിച്ചത്.

എങ്കില്‍ത്തന്നെയും 1934 ഭരണഘടന നടപ്പാക്കുമ്പോള്‍ ഏതെങ്കിലും ഇടവകപ്പള്ളികളുടെ കാര്യത്തില്‍ ഭരണപരമായ നീക്കുപോക്കുകള്‍ വേണമെങ്കില്‍ അതിനുള്ള പഴുത് ഭരണഘടനയില്‍ത്തന്നെയുണ്ട്. 129-ാം വകുപ്പ് ‘…ഈ നിയമങ്ങളില്‍ അടങ്ങിയ തത്വത്തിനു വിരോധമല്ലാത്ത ഉപചട്ടങ്ങളെ ഇടവകയോഗം, മെത്രാസന ഇടവക യോഗം, മെത്രാസന കൗണ്‍സില്‍ എന്നീ സ്ഥാപനങ്ങള്‍ അപ്പപ്പോള്‍ പാസാക്കി റൂള്‍ കമ്മറ്റി വഴി മാനേജിംഗ് കമ്മറ്റിയില്‍ കൊണ്ടുവന്ന് മാനേജിംഗ് കമ്മറ്റിയുടെ അനുമതിയോടുകൂടി നടപ്പില്‍ വരുത്തിക്കൊള്ളേണ്ടതാകുന്നു…’ എന്നാണ്.

2017-ലെ സുപ്രീം കോടതി വിധി പാത്രിയര്‍ക്കീസ് നേരിട്ടോ പ്രതിനിധികള്‍ വഴിയോ മലങ്കരസഭാ ഭരണത്തില്‍ കൈകടത്തുന്നത് പൂര്‍ണ്ണമായി അവസാനിപ്പിച്ചു. നിയമം ലംഘിച്ച് സമാന്തര ഭരണം സൃഷ്ടിക്കുന്ന നടപടിയും അവസാനിപ്പിച്ചു. വൈദീകര്‍ക്കോ ഇടവകകള്‍ക്കോ ഇതുമൂലം നഷ്ടമൊന്നും വരുന്നില്ല. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ ബഹുമാനിക്കുന്നവര്‍ക്ക് അതിനു തടസമില്ല എന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ … ‘ഇടവകാംഗങ്ങള്‍ക്ക് പാത്രിയര്‍ക്കീസിന്‍റെ പരമാധികാരത്തിലും അപ്പോസ്‌തോലിക പിന്തുടര്‍ച്ചയിലും വിശ്വസിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നാല്‍ അതുപയോഗിച്ച് വികാരിമാര്‍, വൈദീകര്‍, ഡീക്കന്മാര്‍, മേല്‍പ്പട്ടക്കാര്‍ എന്നിവരെ നിയമിക്കുന്നത് ശരിയല്ല, അത് 1934-ലെ ഭരണഘടനയ്‌ക്കെതിരാണ്…‘ എന്നു 2017 വിധിയുടെ 12-ാം ക്ലോസ് നിഷ്‌കര്‍ഷിക്കുന്നു. ഇടവകാംഗങ്ങള്‍ക്ക് സഭ വിട്ടുപോകുവാനുള്ള സ്വതന്ത്ര്യവും കോടതി നല്‍കുന്നുണ്ട്. പക്ഷേ അതോടെ ഇടവകയുടെ സ്ഥാവര-ജംഗമ വസ്തുക്കളിലുള്ള അവകാശവും നഷ്ടപ്പെടും എന്നും, അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ഇല്ലെങ്കിലും മലങ്കര സഭയില്‍ നിന്ന് ഒരു ഇടവകപ്പളളിക്ക് വിട്ടുപോകാനാകില്ല എന്നും 7-ാം ക്ലോസ് നിഷ്‌കര്‍ഷിക്കുന്നു.

ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ, 1995, 2017 വര്‍ഷങ്ങളിലെ സുപ്രീം കോടതി വിധികളും അവ അംഗീകരിച്ച 1934-ലെ സഭാഭരണഘടനയും കര്‍ശനമായി പാലിയ്ക്കുവാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് ബാദ്ധ്യസ്ഥരാണ്. അതില്‍ വെള്ളം ചേര്‍ക്കുക അസാദ്ധ്യമാണ്. നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമേ വിഘടിത വിഭാഗത്തിനു പ്രവേശനം നല്‍കാനാവു. എന്നാല്‍ സഭയുടെ മാനുഷിക മുഖം ഒഴിവാക്കേണ്ടതുമില്ല. സ്വത്തും ഭൂമിയും വിഭജിച്ചും സെമിത്തേരി അവകാശം നല്‍കിയും സമാധാനം ഉണ്ടാക്കാന്‍ ഇനി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സാദ്ധ്യമല്ല. 2017 വിധിയുടെ 8-ാം ക്ലോസിലെ ‘…മലങ്കര സഭ ഒരു ട്രസ്റ്റിന്റെ് രൂപത്തിലാണ്, സ്വത്തുക്കളെല്ലാം ട്രസ്റ്റില്‍ നിക്ഷിപ്തമാണ്. 1934-ലെ ഭരണഘടനപ്രകാരം ഇടവകാംഗങ്ങള്‍ക്ക് പളളി വിട്ടുപോകാം, പക്ഷേ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഒന്നും സഭയുടെ അനുമതിയില്ലാതെ കൊണ്ടുപോകാന്‍ കഴിയില്ല…’ എന്ന ഭാഗം പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. ഈ വിധിഭാഗത്തിന്‍റെ മറവില്‍ ഏതെങ്കിലും പള്ളിയുടെ സ്വത്തു വിഭജിക്കാന്‍ ശ്രമിച്ചാല്‍ തൊട്ടു മുകളിലുള്ള ‘…മലങ്കര സഭ ഒരു ട്രസ്റ്റിന്റെ രൂപത്തിലാണ്, സ്വത്തുക്കളെല്ലാം ട്രസ്റ്റില്‍ നിക്ഷിപ്തമാണ്…’ എന്ന ഭാഗം വിലങ്ങുതടിയാകും. മലങ്കരസഭ എന്ന ട്രസ്റ്റിലെ അംഗമായി ലോകത്തെവിടെയുമുള്ള ഏതു സഭാംഗത്തിനും നിയമപരമായി പ്രതിരോധിക്കാം. അത് ഫലപ്രദമാവുകയും ചെയ്യും.

കലഹത്തിന്‍റെ ആത്മാവല്ല, അനുരജ്ഞനത്തിന്‍റെ ആത്മാവാണ് ഇന്നു പ്രവര്‍ത്തിക്കേണ്ടത്. വെറുപ്പിന്‍റെ തത്വശാസ്ത്രത്തിനു പകരം സ്‌നേഹത്തിന്‍റെ സുവിശേഷമാണ് ഇന്ന് സഭാനേതാക്കള്‍ അണികള്‍ക്കു പകര്‍ന്നു കൊടുക്കേണ്ടത്. ഭീകരാവസ്ഥ സ്രഷ്ടിച്ച് സ്ഥാനം നിലനിര്‍ത്താവുന്ന കാലം കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക. കര്‍ത്താവ് ‘…നാം ഒന്നായിരിക്കുന്ന പ്രകാരം ഇവരും ആയിരിപ്പാന്‍ അവിടുന്ന് എനിക്കു നല്‍കിയ നിന്‍റെ നാമത്തില്‍ പരിശുദ്ധനായ പിതാവേ, ഇവരെ കാത്തുകൊള്ളേണമേ…’ (യോഹ. 17: 11) എന്നു തന്‍റെ മഹാ പുരോഹിത പ്രാര്‍ത്ഥനയില്‍ പ്രാര്‍ത്ഥിച്ചതുപോലെ നമുക്കും പ്രാര്‍ത്ഥിക്കാം. ഇന്ത്യയുടെ അത്യുന്നത ന്യായപീഠവും ഇപ്പോള്‍ പറയുന്നത് അതാണ്.

(തലക്കെട്ടിനു കടപ്പാട് – വലിയ നോമ്പിലെ നമസ്‌ക്കാരം, വ്യാഴം സന്ധ്യ)

ഡോ. എം. കുര്യന്‍ തോമസ്
13 Jul 2017

https://ovsonline.in/latest-news/malankara-church-news-4/

error: Thank you for visiting : www.ovsonline.in