ഡാളസ് സെന്‍റ് മേരീസ് വലിയപള്ളി ജൂബിലി ആഘോഷ സമാപനം വ്യാഴാഴ്ച; കാതോലിക്കാ ബാവ മുഖ്യാതിഥി
ഡാളസ്: അമേരിക്കയിലെ അതിപുരാതന ദേവാലയങ്ങളിലൊന്നായ ഡാളസ് സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളിയുടെ സുവർണജൂബിലി സമാപന ആഘോഷങ്ങൾ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ നടത്തപ്പെടും. ജുബിലി ആഘോഷ സമാപനത്തിന്‍റെ ഭാഗമായുള്ള മൂന്നിന്മേൽ കുർബാനയ്ക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രധാനകാർമികത്വം വഹിക്കും.
സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഈവാനിയോസ്, തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനി എന്നിവർ സഹകാർമികത്വം വഹിക്കും. ജൂബിലി സമാപന ചടങ്ങിൽ മേയർ റ്റെറി ലിൻ മുഖ്യാതിഥിയും ആയിരിക്കും. സുവർണവർഷമായ 2023ൽ വൈവിധ്യപൂർണമായ അനവധി കാര്യങ്ങളാണ് ഡാളസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ദേവാലയം പ്രാവർത്തികമാക്കിയത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഭിവന്ദ്യ പിതാക്കന്മാർ, മലങ്കര സഭാ ഭാരവാഹികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പൊതുസമ്മേളനങ്ങൾ, വൈവിധ്യമായ കലാവിരുന്നുകൾ, നിർധനരായ വ്യക്തികൾക്കായി സഹായ പദ്ധതികൾ തുടങ്ങിയവ നടപ്പിലാക്കിയിരുന്നു.
സമാപന ആഘോഷങ്ങൾക്കായി വ്യാഴാഴ്ച ഡാളസിൽ എത്തിച്ചേരുന്ന കാതോലിക്കാ ബാവയെ വൈദികരും വിശ്വാസികളും ചേർന്ന് സ്വീകരിക്കും. വെള്ളിയാഴ്ച ദേവാലയത്തിൽ വച്ച് നടത്തുന്ന ധ്യാനയോഗത്തിനു കാതോലിക്കാ ബാവ നേതൃത്വം നൽകും. ശനിയാഴ്ച നടത്തപ്പെടുന്ന അതിമനോഹരമായ ഘോഷയാത്ര സുവർണ ജുബിലി സമാപന ആഘോഷങ്ങളുടെ പ്രത്യേകത ആയിരിക്കും. തുടർന്നു കാതോലിക്കാ സ്ഥാനാരോഹണത്തിന്‍റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന കാതോലിക്കാ ബാവയുടെ അനുമോദന സമ്മേളനവും ക്രിസ്തുവിന്‍റെ ജീവിതം എന്ന കലാവിരുന്നു ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച രാവിലെ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിലുംമെത്രാപ്പോലീത്ത മാരുടെ സഹകാർമികത്വത്തിലും മുന്നിൻമേൽ കുർബ്ബാനയും തുടർന്ന് സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും നടത്തപ്പെടും.
ഫാ. സി. ജി. തോമസ്(വികാരി), ഫാ. ഡിജു സ്‌കറിയ (സഹവികാരി), ബോബൻ കൊടുവത്ത് (ട്രസ്റ്റി) റോജി ഏബ്രഹാം (സെക്രട്ടറി), സാമുവേൽ മാത്യു (ജനറൽ കൺവീനർ), പ്രിൻസ് സഖറിയ (ഫിനാൻസ്), ഷൈനി ഫിലിപ്പ് (റിസപ്ഷൻ), ബിജോയ് തോമസ് (സുവനീർ), ജോബി വർഗീസ് (മീഡിയ), ജോർജ് തോമസ് (ഫുഡ്), ബിനോ ജോൺ, ജെയിംസ് തേക്കുങ്കൽ, ജിമ്മി ഫിലിപ്പ് ജോൺസൺ ദാനിയേൽ, പ്രദീപ് കൊടുവത്ത്, റീനാ സാബു, രശ്മി വറുഗീസ്, റോയി കുര്യൻ, ഡോ.സജി ജോൺ, സാംകുട്ടി തങ്കച്ചൻ, വിപിൻ ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.