OVS - Latest NewsOVS-Kerala News

പരുമല സ്റ്റാൾ ; സത്യാവസ്ഥ പുറത്ത് വരണമെന്നാവശ്യം

പത്തനംതിട്ട :പരുമല പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന സ്റ്റാളിൽ നിന്ന് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന അച്ചാർ കുപ്പികൾ നഷ്ടപ്പെട്ടുവെന്ന പരാതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്റ്റാൾ നടത്തിയിരുന്ന ഇൻഫ്ലുവൻസർ കൂടിയായ ജിജി മാരിയോ ഫേസ്ബുക്ക് ലൈവിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന, പോലീസ് സുരക്ഷയുള്ള പരുമല പള്ളിയുടെ പ്രധാന കവാടത്തിന് അടുത്താണ് സ്റ്റാൾ ഉണ്ടായിരുന്നത്. രാത്രി ജീവനക്കാർ താമസസ്ഥലത്തേക്ക് പോയ സമയത്താണ് മോഷണം നടന്നതെന്നാണ് പറയുന്നത്.

ഇത്രയും തിരക്കുള്ള, പുണ്യസ്ഥലമായി കരുതുന്ന പരുമലയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ പുറത്ത് വന്ന ഭാഷ്യത്തിൽ ഒരുപാട് പൊരുത്തക്കേടുകളുണ്ടെന്നും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യാഥാർഥ്യം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആവശ്യം.

മറുവശത്ത്,കച്ചവട താത്പര്യം മുൻനർത്തി പൊതു ശ്രദ്ധ നേടാനുള്ള പ്രചാരണ തന്ത്രത്തിന്റെ ഭാഗമാണോ എന്ന സംശയവും സോഷ്യൽ മീഡിയയിൽ ഇതിനോടകം ഉന്നയിക്കപ്പെടുന്നു.

ജൂബി കരിക്കാടന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

പരുമല തിരുമേനിയുടെ പുണ്യസ്മരണയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്.പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പല വിവാദങ്ങളും ഉയർന്നുവരികയുണ്ടായി. എന്നാൽ ഈ വിവാദങ്ങൾക്കെല്ലാം പിന്നിൽ ചില തൽപരകക്ഷികളുടെ താൽപര്യങ്ങളുണ്ടോ എന്ന സംശയം പൊതുസമൂഹത്തിൽ ഉയരുന്നുണ്ട്.മമ്മൂട്ടിയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചതിനു പിന്നാലെയാണ് ഒരു സംരംഭകയുടെ അച്ചാർ മോഷണം പോയെന്ന പുതിയ വിവാദം ഉയർന്നുവന്നത്.

ഈ വിഷയത്തിൽ ചില കാര്യങ്ങൾ ചോദിക്കാതിരിക്കാനാവില്ല.80 സ്ക്വയർ ഫീറ്റിൽ താഴെ മാത്രം വിസ്തീർണമുള്ള ഒരു ചെറിയ കടയ്ക്കുള്ളിൽ ഒന്നര ലക്ഷം രൂപയുടെ അച്ചാർ എങ്ങനെയാണ് സൂക്ഷിച്ചിരുന്നത്? അത്രയും വലിയ അളവിലുള്ള ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ സ്ഥലസൗകര്യം ആ കടയ്ക്കുണ്ടായിരുന്നോ? ഇത്രയും വിലവരുന്ന സാധനങ്ങൾ മോഷണം പോയിട്ടുണ്ടെങ്കിൽ അതിന്റെ കൃത്യമായ വിവരങ്ങളും തെളിവുകളും പൊതുസമൂഹത്തിന് മുന്നിൽ വരേണ്ടതല്ലേ?

ഒന്നര ലക്ഷം രൂപയുടെ അച്ചാർ മോഷണം പോയെന്ന ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിന് നിയമപരമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പോലീസിൽ പരാതി നൽകുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്താൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ സാധിക്കും.അത്രയും വലിയ നഷ്ടം സംഭവിച്ചുവെന്ന് പറയുമ്പോൾ നിയമനടപടികൾ സ്വീകരിക്കാതിരുന്നതിന്റെ കാരണം എന്താണ് എന്ന ചോദ്യവും സ്വാഭാവികമായും ഉയരുന്നു.പ്രിയ സഹോദരീ, ഒരു കാര്യം ഓർക്കുക. പരുമല പള്ളിയും അവിടെയെത്തുന്ന വിശ്വാസികളും പൊതുസമൂഹവും ഇതൊന്നും അറിയാത്തവരല്ല. മുമ്പ് നടന്ന കാര്യങ്ങളും ജനങ്ങളുടെ ഓർമ്മയിലുണ്ട്. ചെറിയ സംഭവങ്ങളെ വലിയ വിവാദങ്ങളാക്കി മാറ്റി പൊതുശ്രദ്ധ നേടാനുള്ള ശ്രമങ്ങളാണോ നടക്കുന്നത് എന്ന സംശയവും ഉയരുന്നുണ്ട്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം പരുമല പള്ളി വിശുദ്ധിയുടെ നിറവിൽ നിൽക്കുന്ന പുണ്യസ്ഥലമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുപോലും ആയിരക്കണക്കിന് വിശ്വാസികളാണ് അവിടെ എത്തുന്നത്. അത്തരമൊരു പുണ്യസ്ഥലത്തിന്റെ പരിസരത്ത് കച്ചവടം നടത്തുമ്പോൾ അവിടുത്തെ വിശ്വാസത്തെയും വിശുദ്ധിയെയും ജനവികാരങ്ങളെയും മാനിക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്.

അവിടെ പല സ്വഭാവക്കാരായ ആളുകൾ വന്നുപോകുന്നുണ്ടാകാം. ചില അനിഷ്ടസംഭവങ്ങളും ഉണ്ടായേക്കാം. എന്നാൽ അതിന്റെ പേരിൽ ഒരു പുണ്യസ്ഥലത്തെയും അവിടുത്തെ വിശ്വാസികളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ല.ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ തെളിവുകൾ ഉണ്ടാകണം. എങ്ങനെയാണ് മോഷണം നടന്നത്? എത്ര അളവിലുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്? എങ്ങനെയാണ് അവ കടയിൽനിന്ന് കൊണ്ടുപോയത്? ഇത്തരം ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ഉണ്ടാകണം.

വിശ്വാസത്തിന്റെ പേരിലല്ല, യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത്.പരിശുദ്ധനായ പരുമല തിരുമേനിയുടെ പുണ്യസ്മരണയും പരുമല പള്ളിയുടെ വിശുദ്ധിയും ആരുടെയും വ്യക്തിപരമായ താൽപര്യങ്ങൾക്കോ പ്രചാരണങ്ങൾക്കോ വേണ്ടി ഉപയോഗിക്കരുത്.സംഭവം നടന്നിട്ടുണ്ടെങ്കിൽ നിയമപരമായ അന്വേഷണം നടക്കട്ടെ. ആരോപണങ്ങൾ ശരിയാണെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകട്ടെ. എന്നാൽ തെളിവുകളില്ലാതെ ഒരു പുണ്യസ്ഥലത്തെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെ ചോദ്യം ചെയ്യുക തന്നെ ചെയ്യും.

error: Thank you for visiting : www.ovsonline.in