മാവേലിക്കര പടിയോല – ചിത്രീകരണ പശ്ചാത്തലം :- ഡോ. എം. കുര്യന്‍ തോമസ്
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ കോട്ടയം പഴയ സെമിനാരി സ്ഥാപനവുമായി ബന്ധപ്പെട്ട് സഹായത്തിന്റെ ദൗത്യം എന്ന നിലയില്‍ ആണ് ബ്രിട്ടീഷ് മിഷണറിമാര്‍ മലങ്കര സഭയുമായി ബന്ധപ്പെടുന്നത്. അക്കാലത്തുതന്നെ അവര്‍ക്ക് അതിലുമുപരിയായ സാമ്രാജ്യത്വത്തിന്റെ അധിനിവേശ താല്പര്യങ്ങള്‍ നസ്രാണികളുടെ മേല്‍ ഉണ്ടായിരുന്നു.
പതിനെട്ടു വര്‍ഷം നിരന്തര ശ്രമം നടത്തിയിട്ടും മലങ്കര നസ്രാണികളെ പ്രൊട്ടസ്റ്റന്റുവല്‍ക്കരിക്കാന്‍ സാധിക്കാതെ വന്നതോടെ മിഷണറിമാര്‍ അറ്റകൈ പ്രയോഗിച്ചു. 1835-ല്‍ കേരളത്തിലെത്തിയ കല്‍ക്കട്ടായിലെ ആംഗ്ലിക്കന്‍ ബിഷപ്പ് ഡാനിയേല്‍ വിത്സന്‍, അന്നത്തെ മലങ്കരസഭാദ്ധ്യക്ഷനായ ചേപ്പാട്ട് പീലിപ്പോസ് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ മലങ്കര മെത്രാപ്പോലീത്തായെ സന്ദര്‍ശിച്ച് അംഗീകാരത്തിനായി ആറ് നിര്‍ദേശങ്ങള്‍ കൈമാറി. മലങ്കര സഭയുടെ ആത്മീയവും ലൗകീകവുമായ നിയന്ത്രണം പുര്‍ണ്ണമായും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങുന്നതും, സഭയുടെ വിശ്വാസാചാരങ്ങള്‍ ഭേദപ്പെടുത്തുന്നതുമായ ഈ നിര്‍ദേശങ്ങള്‍ ഏകപക്ഷീയമായി അംഗീകരിക്കാന്‍ മാര്‍ ദീവന്നാസ്യോസ് നാലാമന്‍ വിസമ്മതിച്ചു. സമ്മര്‍ദ്ദം രൂക്ഷമായതോടെ അദ്ദേഹം നസ്രാണി പാരമ്പര്യപ്രകാരം വിഷയം മലങ്കര പള്ളിയോഗത്തിനു വിട്ടു. ഈ സാഹചര്യത്തിലാണ് മാവേലിക്കര പുതിയകാവ് തമ്പുരാനെപ്പെറ്റമ്മയുടെ പള്ളിയില്‍ 1836 ജനുവരി 16-ന് ശനിയാഴ്ച കൂടിയ മലങ്കര പള്ളിയോഗം ബിഷപ്പ് വിത്സന്റെ നിര്‍ദേശങ്ങള്‍ ഐകകണ്‌ഠ്യേനെ നിരാകരിച്ചത്. ഈ നിശ്ചയം രേഖപ്പെടുത്തിയ ഐതിഹാസികമായ ചരിത്ര രേഖയാണ് മാവേലിക്കര പടിയോല.
ബ്രിട്ടീഷ് – തിരുവിതാംകൂര്‍ സര്‍ക്കാരുകളുടെ കടുത്ത സമര്‍ദ്ദത്തിനു നടുവില്‍നിന്നുകൊണ്ട് പാശ്ചാത്യ അധിനിവേശ ശ്രമത്തിനെതിരെ ഉറച്ച തീരുമാനം രേഖപ്പെടുത്തിയ മാവേലിക്കര പടിയോലയുടെ പിറവിയുടെ ദൃശ്യാവിഷ്‌ക്കരണം നടത്തണമെന്ന മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകയുടെ തീരുമാനപ്രകാരമാണ് 8 അടി നീളവും 4 അടി ഉയരവുമുള്ള ക്യാന്‍വാസില്‍ ഈ എണ്ണഛായാചിത്രം ജന്മമെടുത്തത്. 2023 ജനുവരി 8-ന് ഈ ചിത്രം അനാഛാദനം ചെയ്യും.
കേവലം ഒരു സമ്മേളനവും അതില്‍ പങ്കെടുത്തവരും എന്നതിലുപരി, മാവേലിക്കര സുന്നഹദോസിന്റെ പ്രാദേശിക-കാല- സമയ- സാമൂഹിക പശ്ചാത്തലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. അക്കാലത്ത് സാമ്പത്തിക ഭദ്രത, ആഥിത്യമര്യാദ, ഗതാഗത സൗകര്യം എന്നിവ ഒത്തുചേര്‍ന്ന ഇടവക പള്ളികളില്‍ മാത്രമാണ് മലങ്കര പള്ളിയോഗങ്ങള്‍ സമ്മേളിച്ചിരുന്നത്. അതിനാലാണ് 1836-ലും മാവേലിക്കര വേദിയായി മാറിയത്. ജനുവരിയില്‍ നടന്ന സമ്മേളനത്തിന്റെ കാലസൂചകങ്ങളാണ് തെക്കുകിഴക്കേ കോണില്‍നിന്നും വീഴുന്ന സൂര്യപ്രകാശവും കായ്ചു കിടക്കുന്ന ചക്കകളും. മാവേലിക്കരക്കാരുടെ അഥതിസല്‍ക്കാര തല്‍പ്പരത വിപുലമായ സദ്യ ഒരുക്കുന്നതിന്റെ ചിത്രീകരണത്തിലൂടെ പ്രകടമാകുന്നു.
മലങ്കര നസ്രാണികളുടെ ജാതിക്കുതലവനായ ചേപ്പാട്ട് പീലിപ്പോസ് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ മലങ്കര മെത്രാപ്പോലീത്തായാണ് മാവേലിക്കര സുന്നഹദോസ് വിളിച്ചു കൂട്ടിയതും അദ്ധ്യക്ഷം വഹിച്ചതും. അദ്ദേഹത്തോടൊപ്പം അദ്ദേഹം വാഴിച്ച തൊഴിയൂരിന്റെ കൂത്തൂര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും അരങ്ങില്‍ ഉണ്ടായിരുന്നു. യോഗനിശ്ചയങ്ങള്‍ കടലാസിലും എഴുത്തോലയിലും രേഖപ്പെടുത്തുവാന്‍ രണ്ട് രായസം എഴുത്തുകാരും അരങ്ങിലുണ്ട്. മറിയാം സംശയംകൂടാതെ ദൈവമാതവെന്നു എല്ലായ്‌പ്പോഴും പഠിപ്പിച്ചതിന്’ മിഷനറിമാര്‍ പഴയ സെമിനാരിയില്‍നിന്നും നാടുകടത്തിയ കോനാട്ട് അബ്രഹാം മല്‍പ്പാന്‍ ഒന്നാമന്‍ തന്റെ കൈവശമിരിക്കുന്ന ബിഷപ്പ് വിത്സന്റെ നിര്‍ദ്ദേശങ്ങള്‍ വായിച്ചു വിശദീകരിക്കുന്നതായും ചിത്രീകരിച്ചിട്ടുണ്ട്.
അക്കാലത്ത് നൂറില്‍ താഴെ ഇടവകപ്പള്ളികളാണ് മലങ്കരയില്‍ ഉണ്ടായിരുന്നത്. ഒരു ഇടവകയില്‍ നിന്നും ഒരു കത്തനാരും രണ്ടു മാപ്പിളമാരും എന്നതായിരുന്നു അന്നും പ്രാതിനിധ്യം. ഇവരെ കൂടാതെ, മാവേലിക്കരയിലും പരിസരത്തുനിന്നും വിവരങ്ങള്‍ അറിയാന്‍ ആകാംക്ഷ പൂണ്ട് എത്തിയവരും, യോഗ-സല്‍ക്കാര ക്രമീകരണങ്ങള്‍ നടത്തുന്ന മാവേലിക്കര പള്ളി പ്രമാണിമാരും കത്തനാരുമാരും ഉള്‍പ്പെട്ടിട്ടുണ്ട്.
മാര്‍ ദീവന്നാസ്യോസ് നാലാമന്‍ മലങ്കര മെത്രാന്മാരുടെ ഔദ്യോഗിക വേഷമാണ് ധരിച്ചിരിക്കുന്നത്, കുത്തൂര്‍ മാര്‍ കൂറിലോസ് പാശ്ചാത്യ സുറിയാനി മെത്രാന്മാരുടെ വേഷവിധാനവും. അന്ന് അത്യപൂര്‍വം കത്തനാരുമാര്‍ മാത്രമാണ് കറുത്ത കുപ്പായം, തൊപ്പി എന്നിവ ഉപയോഗിച്ചിരുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ഇന്നും ഉപയോഗിക്കുന്നതുമായ കമ്മീശ് എന്ന വെളുത്ത ഒറ്റക്കുപ്പായവും അയഞ്ഞ കാല്‍ക്കുപ്പായവുമായിരുന്നു പൊതുവെ കത്തനാരുമാരുടേയും ശെമ്മാശന്മാരുടേയും സാധാരണവേഷം. കൂട്ടത്തില്‍ മൂപ്പച്ചന്മാര്‍ അധികാര ചിഹ്നമായി വെളുത്ത തൂവാലയില്‍ കെട്ടിയ ഒരു താക്കോല്‍ക്കൂട്ടവും തോളിലിടും.
തുന്നിയ മേല്‍വസ്ത്രം ധരിക്കുന്നവര്‍ അക്കാലത്ത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. അതേ സമയം എല്ലാവര്‍ക്കും ഉത്തരീയം അഥവാ രണ്ടാംമുണ്ട് ഉണ്ടാവും മെത്രാന്റെ മുമ്പാകെ പ്രായേണ കത്തനാരുമാര്‍ താക്കോലും തൂവാലയും, മാപ്പിളമാര്‍ ഉത്തരീയം ഇവ തോളില്‍ ധരിക്കാറില്ല. അക്കാലത്തെ ആഭിജാത്യ ചിഹ്നങ്ങള്‍ കൂടിയായ വെറ്റിലച്ചെല്ലം, ഓലക്കുട, വടി മുതലായവയും ചിത്രത്തിലുണ്ട്.
പ്രാദേശികവും കാലികവുമായ നിര്‍മ്മാണ വസ്തുക്കളായ കമുക്, മുള, മെടഞ്ഞ തെങ്ങോല എന്നിവ ഉപയോഗിച്ചാണ് അരങ്ങും ഭാഗികമായി മാത്രം ദൃശ്യമാകുന്ന പന്തലും നിര്‍മ്മിച്ചിരിക്കുന്നത്. മഴ ഇല്ലാത്ത കാലമായതിനാല്‍ വിരിപന്തല്‍ മാത്രമാണ് ഇട്ടിട്ടുള്ളത്. ഐശ്യരപ്രതീകങ്ങളായ കുരുത്തോല, മാവില, കമുകിന്‍ പൂക്കുല ഇവ ഉപയോഗിച്ചാണ് അലങ്കാരങ്ങള്‍ നടത്തിയിട്ടുള്ളത്. കുലവാഴ വെച്ചലങ്കരിച്ച കവാടവും ചിത്രത്തിലുണ്ട്.
അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് തഴകൊണ്ടുള്ള ചിക്കുപായയും അതിനുമുകളില്‍ പന്തിപ്പായും വിരിച്ചാണ് പ്രതിനിധികള്‍ ആസനസ്ഥരായിരിക്കുന്നത്. മാര്‍ ദീവന്നാസ്യോസ് നാലാമന്‍ കാല്‍ വെച്ചിരിക്കുന്നത് പ്രഥമസ്ഥാന പ്രതീകമായ വെള്ളയും കരിമ്പടവും വിരിച്ചതിലാണ്. സമീപകാലംവരയും മെത്രാന്മാരെ സ്വീകരിക്കുവാന്‍ നിലത്തു വിരിച്ചിരുന്ന ഈന്തിന്‍ പട്ടകള്‍ പടികള്‍ക്കു മുമ്പിലുണ്ട്.
ഈ ചിത്രത്തില്‍ രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരെ കാണാനുണ്ട്. യഥാര്‍ത്ഥത്തില്‍ ആ സമയത്ത് മാവേലിക്കര പള്ളിയുടെ പരിസരത്ത് ബ്രിട്ടീഷ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദം മാവേലിക്കര സുന്നഹദോസിനെ ഗ്രസിച്ചിരുന്നു. അദൃശ്യമായ ആ സാമ്രാജ്യത്വ സമ്മര്‍ദ്ദത്തിന്റെ ദൃശ്യപ്രതീകമായിട്ടാണ് ബ്രിട്ടീഷ് പട്ടാളക്കാരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1653 ജനുവരി 3-ന് മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍കുരിശു സത്യവും അന്നെഴുതിയ മട്ടാഞ്ചേരി പടിയോലയുമാണ്്ഇന്ത്യന്‍ മണ്ണില്‍ പാശ്ചാത്യ അധിനിവേശ ശക്തികള്‍ക്കെതിരായി നടന്ന ആദ്യ സ്വാതന്ത്ര്യ പ്രഖ്യാപനം. അന്ന് നസ്രാണിയുടെ ശത്രുപക്ഷത്ത് പോര്‍ട്ടുഗീസ് റോമന്‍ കത്തോലിക്കരായിരുന്നു. ആ മഹത്തായ സ്വതന്ത്ര്യ പ്രഖ്യാപനത്തിനു ത്വരകമായ മാര്‍ അഹത്തുള്ളാ ബാവായുടെ രക്തസാക്ഷിത്വം ഏറ്റവും വിപുലമായി ആഘോഷിക്കുന്നത് മാവേലിക്കര പുതിയകാവ് പള്ളിയിലാണ്. 1836 ജനുവരി 16-ന് അദ്ദേഹത്തിന്റെ ദുഃഖറോനോ പെരുന്നാളിനോട് അനുബന്ധിച്ചാണ് പാശ്ചാത്യ അധിനിവേശ ശക്തികള്‍ക്കെതിരായ മലങ്കര സഭയുടെ രണ്ടാം സ്വാതന്ത്ര്യ പ്രഖ്യാപനമായ മാവേലിക്കര പടിയോല രൂപംകൊണ്ടത്. ഇത്തവണ പ്രതിപക്ഷം ബ്രിട്ടീഷ് ആംഗ്ലിക്കന്‍ പ്രൊട്ടസ്റ്റന്റുകളായിരുന്നു എന്നു മാത്രം. രാഷ്ട്രീയ പിന്‍ബലമില്ലാതിരുന്നിട്ടും മലങ്കര നസ്രാണിക്കൊഴികെ ലോകത്ത് മറ്റൊരു പൗരാണിക സഭയ്ക്കും ഇത്തരത്തിലുള്ള അഭിമാനാര്‍ഹമായ ദേശീയ സ്വത്വബോധ പ്രഖ്യാപനങ്ങള്‍ നടത്തുവാനും അവ നിലനിര്‍ത്തുവാനും സാധിച്ചിട്ടില്ല. നസ്രാണിയാണന്നതില്‍ അഭിമാനിക്കാം.
2007-08-ല്‍ കോട്ടയം പഴയ സെമിനാരിക്കുവേണ്ടി പ്രിന്‍സിപ്പള്‍ ഫാ. ഡോ. കെ. എം ജോര്‍ജിന്റെ നിയാഗപ്രകാരംം കൂനന്‍കുരിശു സത്യം ദാസ് മോഹന്‍ എന്ന കലാകാരന്‍ ചിത്രീകരിച്ചത് ഈ ലേഖകന്റെ മേല്‍നോട്ടത്തിലാണ്. പഴയ സെമനാരിയിലെ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഹാളിലെ അരങ്ങില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ ചിത്രം ഇന്ന് ലോകപ്രശസ്തമാണ്.
2022-23-ല്‍ കൊളോണിയല്‍ കാലത്തെ നസ്രാണികളുടെ രണ്ടാം സ്വാതന്ത്ര്യ പ്രഖ്യാപനമായ മാവേലിക്കര പടിയോലയുടെ ചിത്രീകരണത്തിലും ആശയവും പശ്ചാത്തലവും രൂപപ്പെടുത്താനും ചിത്രീകരണത്തിനു മേല്‍നോട്ടം വഹിക്കാനുമുള്ള നിയോഗം ലഭിച്ചതും ഈ ലേഖകനാണ്. മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രല്‍ ഭാരവാഹികളാണ് നിര്‍ബന്ധപൂര്‍വം ഈ ചുമതല ഈ ലേഖകനെ ഏല്‍പ്പിച്ചത്. അതനുസരിച്ച് കോയിലാണ്ടി സ്വദേശിയും പ്രശസ്ത ചരിത്ര ചിത്രകാരനുമായ ജിജുലാലും സംഘവുമാണ് ഈ ലേഖകന്‍ ചിട്ടപ്പെടുത്തിയ ആശയവും പശ്ചാത്തലവും അനുസരിച്ച് മാവേലിക്കര പടിയോല ചിത്രീകച്ചത്. പ്രമുഖ വേദശാസ്ത്ര്ജ്ഞനും ചിത്രകാരനുമായ ഫാ. ഡോ. കെ.എം. ജോര്‍ജിന്റെ നിരന്തരമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഈ ചിത്രീകരണത്തിനു പിമ്പിലുണ്ടായിരുന്നു.
നാല് ചിത്രങ്ങള്‍കൂടി രചിക്കപ്പെടുമ്പോള്‍ നസ്രാണികളുടെ സ്വാതന്ത്ര്യ പ്രഖ്യാപന ചക്രത്തിന്റെ ദൃശ്യവിഷ്‌ക്കരണം പൂര്‍ത്തിയാവും. അവയും മാവേലിക്കര പുതിയകാവ് പള്ളിക്കാരെപ്പോലെ സഭാദര്‍ശനമുള്ളവര്‍ മുന്നിട്ടിറങ്ങി കാലവിളംബമന്യേ അനുഭവവേദ്യമാകുമെന്നു പ്രതീക്ഷിക്കാം.
(OVS Online, 08 ജനുവരി 2023)