മാവേലിക്കര പടിയോലയ്ക്കു നിറക്കൂട്ടിൽ പുനർജനി ഒരുങ്ങുന്നു
മാവേലിക്കര:- മലങ്കരസഭയുടെമേല്‍ സമ്പൂര്‍ണ്ണ അധിനിവേശം ഉറപ്പാക്കാന്‍ ബ്രിട്ടീഷ് പ്രോട്ടസ്റ്റന്റ് മിഷിനറിമാര്‍ മുമ്പോട്ടു വെച്ച നിര്‍ദ്ദേശങ്ങളെ പാടെ നിരാകരിച്ച മാവേലിക്കര പടിയോല രൂപപ്പെടുത്തിയ 1836 ജനുവരി 16-ല്‍ മാവേലിക്കരയില്‍ ചേര്‍ന്ന മലങ്കര പള്ളിയോഗത്തിന്റെ ദൃശ്യവിഷ്‌ക്കരണം അവസാന മിനുക്കുപണികളിലെത്തി.
സമ്മേളന വേദിയായ മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രലനുവേണ്ടി മാവേലിക്കര സുന്നഹദോസിന്റെ പ്രാദേശിക – കാല – സമയ – സാമൂഹിക പശ്ചാത്തലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ എണ്ണഛായാ ചിത്രം തയാറാക്കുന്നത് കോയിലാണ്ടി സ്വദേശിയും പ്രശസ്ത ചരിത്ര ചിത്രകാരനുമായ ജിജുലാലും സംഘവുമാണ്.
ആംഗ്ലിക്കന്‍ മിഷിനറിമാര്‍ക്ക് മലങ്കരസഭയുടെ ആത്മീകവും ലൗകീകവുമായ സര്‍വ അധികാരവും കൈയ്യടക്കുവാനായി മലങ്കരസഭാദ്ധ്യക്ഷനായ ചേപ്പാട് പീലിപ്പോസ് മാര്‍ ദീവന്നാസ്യോസ് നാലാമന്‍ മലങ്കര മെത്രാപ്പോലിത്തായുടെ മുമ്പില്‍ കല്‍ക്കട്ടായിലെ ആംഗ്ലിക്കന്‍ ബീഷപ്പ് ഡാനിയേല്‍ വിത്സണ്‍ 1835-ല്‍ വെച്ച നിര്‍ദ്ദേശങ്ങള്‍ മാര്‍ ദീവന്നാസ്യോസ് നാലാമന്‍ സ്വയം പരഗണിക്കാതെ നസ്രാണി പാരമ്പര്യപ്രകാരം ഇടവകകളുടെ പ്രാതിനിധ്യ സമതിയായ മലങ്കര പള്ളിയോഗത്തിനു വിട്ടു. അതനുസരിച്ച് സമ്മേളിച്ച മലങ്കര പള്ളിയോഗം ഐകകണ്‌ഠ്യേന ബീഷപ്പ് ഡാനിയേല്‍ വിത്സന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുകയും മലങ്കര സഭയുടെ സ്വാതന്ത്ര്യം നിലനിര്‍ത്തുകയും ചെയ്തു.
ഇന്ത്യയില്‍ പാശ്ചാത്യ അധിനിവേശത്തിനെതിരായി നടന്നതും അത്തരത്തില്‍ ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയതുമായ ഈ ചരിത്ര സംഭവത്തിന്റെ ചിത്രീകരണമാണ് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രല്‍ ഇപ്പോള്‍ ദൃശ്യവിഷ്‌ക്കരിക്കുന്നത്. ചരിത്രകാരനും ഗവേഷകനുമായ ഡോ. എം. കുര്യന്‍ തോമസ് ആണ് ഈ ചിത്രത്തിന്റെ ആശയവും പശ്ചാത്തലവും രൂപപ്പെടുത്തിയതും ചിത്രീകരണത്തിനു മേല്‍നോട്ടം വഹിച്ചതും. പ്രമുഖ വേദശാസ്ത്ര്ജ്ഞനും ചിത്രകാരനുമായ ഫാ. ഡോ. കെ.എം. ജോര്‍ജിന്റെ നിരന്തരമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഈ ചിത്രത്തിനു പിമ്പിലുണ്ട്.
മാവേലിക്കര പടിയോല എന്ന ചിത്രം 2023 ജനുവരി 8-നു അനാഛാദനം ചെയ്യുമെന്നു മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രല്‍ വികാരി ഫാ. എബി ഫിലിപ്പ്, സഹ പട്ടക്കാരന്‍ ഫാ. ജോയ്‌സ് വി. ജോയ്, കൈക്കാരന്‍ പി. ഫീലിപ്പോസ്, സെക്രട്ടറി അനി വര്‍ഗീസ്, സൈമണ്‍ കെ വര്‍ഗീസ് കൊമ്പശ്ശരില്‍, പെരുന്നാള്‍ കണ്‍വീനര്‍ വിനു ദാനിയേല്‍ എന്നിവര്‍ അറിയിച്ചു.