ഇത് ആശ്രമ മൃഗമാണ്: കൊല്ലരുത്.
1934-ല്‍ കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിനുള്ള വ്യവസ്ഥകള്‍ ഭരണഘടന ക്രമപ്പെടുത്തിയെങ്കിലും അതനുസരിച്ച് ആദ്യമായി തിരഞ്ഞെടുപ്പു നടത്തേണ്ടിവന്നത് 1962-ല്‍ ആണ്. പിന്‍ഗാമിയായി ഒരാളെ മുന്‍കൂര്‍ സുന്നഹദോസ് തിരഞ്ഞെടുത്ത് നാമനിര്‍ദ്ദേശം ചെയ്യുക. ആ ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം അസോസിയേഷനില്‍ അവതരിപ്പിക്കുക. സങ്കീര്‍ണ്ണമായ വോട്ടിംഗ് പ്രക്രിയകള്‍ ഒഴിവാക്കി അദ്ദേഹത്തെ അസോസിയേഷന്‍ അംഗീകരിക്കുക. എന്ന രീതിയാണ് അന്ന് രൂപപ്പെടുത്തിയത്. അനാവശ്യമായ അസോസിയേഷന്‍ – എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സംഘര്‍ഷം ഒഴിവാക്കാന്‍ ഇതുമൂലം സാധിച്ചു. തുടര്‍ന്ന് 1970, 1980, 1992, 2006 വര്‍ഷങ്ങളില്‍ കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്തായുടെ പിന്‍ഗാമി തിരഞ്ഞെടുപ്പുകള്‍ നടന്നതും ഇതേ മാതൃകയിലാണ്. അതായത് ഇന്ന് നിലവിലിരിക്കുന്ന – ഷഷ്ഠിപൂര്‍ത്തിയിലെത്തിയ – പിന്‍ഗാമി തിരഞ്ഞെടുപ്പിനുള്ള മലങ്കരയുടെ പാരമ്പര്യം ഇതാണ്. ഇനി പിന്തുടരേണ്ട കീഴ്‌വഴക്കവും ഇതുതന്നെയാണ്.
ഈ നടപടി അസോസിയേഷൻ്റെ ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനമാണന്നു പറയാന്‍ വയ്യ. സമീപ ദിവസം നടന്ന രാജ്യസഭാ ഇലക്ഷന്‍ തന്നെ ഉദാഹരണം. കേരളാ നിയമസഭയാണ് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. പക്ഷേ സംഭവിച്ചതെന്താണ്? ഓരോ മുന്നണിയും അവര്‍ക്കു ജയിപ്പിക്കാവുന്നത്ര സ്ഥാനാര്‍ത്ഥികളെ മാത്രം നിര്‍ത്തി. മത്സരം ഒഴിവായി. നിയമസഭ പോലും കൂടാതെ അവരെ വിജയികളായി പ്രഖ്യാപിച്ചു. ഇതിനെ കേരളാ നിയമസഭയുടെ ജനാധിപത്യ അവകാശ ധ്വംസനമാണന്നു ആരും പരിതപിക്കുന്നില്ല. ആത്യന്തികമായി സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കേണ്ട പാര്‍ട്ടികള്‍ അതു ചെയ്തു. തികച്ചും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയേയും കേരളാ മുഖ്യമന്ത്രിയേയും ജനങ്ങള്‍ നേരിട്ടാണോ തിരഞ്ഞെടുക്കുന്നത്? അവിടെ ഭൂരിപക്ഷം ഉള്ള പാര്‍ട്ടിയും അവരുടെ സമാജികരും ഇരുവരേയും തിരഞ്ഞെടുക്കുന്നു. ഇവിടെ ആത്യന്തികമായി കാതോലിക്കാ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കേണ്ട സുന്നഹദോസ് അതു ചെയ്യുന്നു. അത്രമാത്രം. മലങ്കരസഭയില്‍ സഭാദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് 60 വര്‍ഷം മുമ്പ് പിതാക്കന്മാര്‍ വരച്ചതും ജനം അംഗീകരിച്ചതും ഇക്കാലമത്രയും പിന്തുടര്‍ന്നു വരുന്നതുമായ പാരമ്പര്യത്തിൻ്റെ കളം പിന്തുടരകയല്ലേ ഭംഗിയും യുക്തിയും?
ഇത്ര വിശദമായി ഇത് പറേയണ്ടിവന്നത് ആസന്നമായ കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിനു സുന്നഹദോസ് ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം നാമനിര്‍ദ്ദേശം ചെയ്യുന്ന പതിവ് അവസാനിപ്പിക്കണമെന്നും പകരം അസോസിയേഷന്‍ വോട്ടിനിട്ട് തിരഞ്ഞെടുക്കണമെന്നും, കുറഞ്ഞപക്ഷം സുന്നഹോദോസിൻ്റെ സ്ഥാനാര്‍ത്ഥി വിശ്വാസവോട്ട് തേടണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. ചിലരതിനെ രഹസ്യമായി പിന്താങ്ങുന്നുമുണ്ട്. അതിനായി ചില മെമ്മോറാണ്ടങ്ങളും പ്രമേയങ്ങളും അണിയറയില്‍ പിറവിയെടുക്കുന്നതായും പിന്നാമ്പുറ സംസാരമുണ്ട്. ഈ നീക്കത്തില്‍ ഈ ലേഖകന് സദുദ്ദേശമൊന്നും കാണാനില്ല. എന്നുമാത്രമല്ല സഭയ്ക്ക് ദീര്‍ഘകാല ആഘാതം നല്‍കുന്ന അപകടകരമായ ചില ഘടകങ്ങള്‍ അതില്‍ ഒളിഞ്ഞിരുപ്പുമുണ്ട്.
ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്ന വ്യാജേന ഉയര്‍ത്തുന്ന ഈ ആവശ്യം ഉളവാക്കുന്ന ഭയാനകമായ ഒരു അവസ്ഥയുണ്ട്. വോട്ടെടുപ്പില്‍ ആര്‍ക്കും 50% + 1 എന്ന കടമ്പ കടക്കാന്‍ ആയില്ലെങ്കിലോ? വീണ്ടും ഈ പ്രക്രിയ ഒന്നില്‍നിന്നും തുടങ്ങേണ്ടി വരും. കുറഞ്ഞത് ആറുമാസം. അതു വീണ്ടും ആവര്‍ത്തിക്കാം. അങ്ങിനെ അനന്തമായി മലങ്കരസഭാദ്ധ്യക്ഷൻ്റെ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നത് ആശാസ്യമാണോ? സഭയില്‍ അരാജകത്വവും പിന്‍സീറ്റ് ഡ്രൈവിംഗും ആഗ്രഹിക്കുന്ന ഒരു അതിന്യൂനപക്ഷത്തിന് ഈയവസ്ഥ സന്തോഷമായിരിക്കും. പക്ഷേ ബഹുഭൂരിപക്ഷത്തിനും അല്ല. അസോസിയേഷൻ്റെ ജനാധിപത്യ അവകാശം സംരക്ഷിക്കാന്‍ സുന്നഹദോസ് നാമനിര്‍ദ്ദേശം ചെയ്യുന്ന ഏക സ്ഥാനാര്‍ത്ഥി വിശ്വാസവോട്ടു നേടണമെന്നു നിഷ്‌കര്‍ഷിക്കാനുമാവില്ല. ഭരണഘടനയിലും നടപടിച്ചട്ടത്തിലും (നടപടിച്ചട്ടം, ഭാഗം 2: VI – 4) അതിനു വ്യവസ്ഥയില്ലാ എന്നതാണ് കാരണം.
അത്തരമൊരു സാഹചര്യം സംജാതമായാല്‍ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ സംഭവിക്കുന്ന ലജ്ജാവഹമായ ഒന്നുണ്ട്. വ്യക്തമായി പറഞ്ഞാല്‍ കുറേയേറെ വിഴുപ്പലക്കലുകള്‍. വ്യക്തിഹത്യകളുടെ കൂത്തരങ്ങാകും സഭാവേദി. ഓരോ സ്ഥാനാര്‍ത്ഥിയേക്കുറിച്ചും ഉള്ളതും ഇല്ലാത്തതും വാര്‍ത്തകളായും വാറോലകളായും പ്രചരിക്കും. നവമാദ്ധ്യമങ്ങളുടെ അതിപ്രസരവും, പണം കിട്ടിയാല്‍ എന്ത് അസത്യവും അശ്ലീലവും പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത കുറെ നവമാദ്ധ്യമ പ്രവര്‍ത്തകരും അരങ്ങു കൊഴുപ്പിക്കും. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍പോലും ഇത്തരം പ്രചരണങ്ങള്‍ക്ക് പണം മുടക്കാന്‍ തയാറുള്ള ചില നസ്രാണികള്‍ ഈദൃശ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വളമാകും. സംഗതി മൊത്തം കുളമാകും! ഇത്തരം പ്രചരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു എന്നാണ് സൂചനകള്‍. ചിലര്‍ ഭയപ്പെടുന്നതു പോലെ ഈ നിയുക്തന്‍ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കക്ഷിരാഷ്ട്രീയംകൂടി കയറിവന്നാല്‍ ഭേഷാകും! അതിനുള്ള സാദ്ധ്യതകള്‍ നിരാകരിക്കാനാവില്ല.
2017-ല്‍ നടന്ന കൂട്ടു ട്രസ്റ്റികളുടെ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് മറക്കാറായിട്ടില്ല. അന്ന് വാറോലകളും എന്തിന്? വ്യാജ ഇടവക ഡയറക്ടറികള്‍വരെ സൃഷ്ടിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഫലത്തില്‍ യാതൊരു അധികാരവുമില്ലാത്ത കൂട്ടു ട്രസ്റ്റി തിരഞ്ഞെടുപ്പിലെ സ്ഥിതി ഇതാണങ്കില്‍ …മലങ്കര സഭയുടെ ഭൗതികവും പൗരോഹിത്യപരവും ആധ്യാത്മികവുമായ പരമാധികാരമുള്ള… കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിലെ സ്ഥിതി എത്ര ഭീകരമായിരിക്കും! സ്ഥാനാര്‍ത്ഥികള്‍ നിരപരാധികളായിരിക്കാം. പക്ഷേ അണികള്‍ വിടുമെന്നു പ്രതീക്ഷിക്കേണ്ട.
ഇത്തരമൊരു തിരഞ്ഞെടുപ്പു സഭയില്‍ ശാശ്വതമായ വിഭാഗീയത ഉണ്ടാക്കും എന്നത് നിസ്തര്‍ക്കമാണ്. അതിനു കാരണം തിരഞ്ഞെടുപ്പിലെ ജയ-പരാജയങ്ങള്‍ മാത്രമല്ല; അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഴുപ്പലക്കലുകള്‍ കൂടിയാണ്. തിരിച്ചെടുക്കാനാവാത്തവിധം സംപ്രേക്ഷണം ചെയ്ത ആരോപണ-പ്രത്യോരോപണങ്ങള്‍ അന്തരീക്ഷത്തില്‍ നിത്യമായി പാറി നടക്കും. ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചുകൊണ്ട്. കൂട്ടത്തില്‍, തിരഞ്ഞെടുപ്പിനു ശേഷം വിജയിയോടൊപ്പം എന്നു പ്രഖ്യാപിച്ച് സ്വയം കിംഗ് മേക്കര്‍മാരായി ഓന്തിനേപ്പോലെ …ഞാനും മുതലയമ്മാച്ചനുംകൂടി ഒരു പോത്തിനെ പിടിച്ചു… എന്നു വീമ്പിളക്കി നെഞ്ചുവിരിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍ രംഗം കൂടുതല്‍ വഷളാക്കും.
കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പ് അസോസിയേഷന്‍ വോട്ടെടുപ്പിലേയ്ക്ക് നീങ്ങിയാല്‍ അവിടെ മെത്രാപ്പോലീത്താമാരുടെ ഭരണപാടവമോ, പ്രാഗത്ഭ്യമോ, പ്രാര്‍ത്ഥനാജീവിതമോ, പാണ്ഡിത്യമോ, നയപരിപാടികളോ, മനുഷ്യപ്പറ്റോ ഒന്നുമായിരിക്കില്ല വിധി നിര്‍ണ്ണയിക്കുക. മറിച്ച് ഇന്ന് മലങ്കരസഭയുടെ ശാപമായി മാറിയിരിക്കുന്ന ഫാന്‍സ് ക്ലബുകളുടെ തിരഞ്ഞെടുപ്പു പ്രചരണതന്ത്രങ്ങളാവും. മിക്കവര്‍ക്കും ഒന്നും അധിലധികവും നവമാദ്ധ്യമ ആരാധനാ സമൂഹങ്ങള്‍ ഉണ്ട്. ചട്ടക്കൂടുകള്‍ക്ക് വിധേയരല്ലാത്ത ഇവരെ നിയന്ത്രിക്കുക അവരുടെ ആരാധനാ മൂര്‍ത്തികള്‍ക്കുപോലും മിക്കവാറും വിഷമകരമായിരിക്കും. അവരുടെ ആക്രോശങ്ങളും സ്തുതിവചനങ്ങളും മാത്രമാവും അസോസിയേഷന്‍ അംഗങ്ങളായ നാലായിരത്തോളം വരുന്ന പാവം മാപ്പിളമാരുടെ കര്‍ണ്ണപുടങ്ങളിലെത്തുക. ദീര്‍ഘകാല പ്രചരണതന്ത്രങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ മിനക്കെടാതെ സ്വന്തം ഉത്തരവാദിത്വങ്ങളില്‍ മാത്രം മുഴുകിക്കഴിഞ്ഞ മെത്രാന്മാര്‍ അവിടെ പരിഗണിക്കപ്പെടുക പോലുമില്ല. അതുകൊണ്ട് സഭയ്ക്ക് എന്തു നേട്ടം?
മലങ്കര അസോസിയേഷന്‍ അംഗങ്ങളില്‍ എത്ര പേര്‍ക്ക് എല്ലാ മെത്രാന്മാരുടെയും യഥാര്‍ത്ഥമുഖം അറിയാം? വിരലില്‍ എണ്ണാവുന്നവര്‍ മാത്രം കാണുമായിരിക്കും. ബാക്കിയുള്ളവര്‍ ഫാന്‍സ് ക്ലബുകളുടെ കേവലം പ്രചരണതന്ത്രങ്ങളില്‍ മാത്രം കുരുങ്ങും. നിറംതേച്ച അയഥാര്‍ത്ഥമായ ചിത്രങ്ങളാവും സമ്മതിദായകരുടെ മുമ്പിലെത്തുക. വെളുക്കാന്‍ തേച്ചതു പാണ്ടാവുക എന്നതായിരിക്കും ഫലം. അതിലും എത്രയോ ഭേദമാണ് ഇവരുടെ ശക്തി-ദൗര്‍ബല്യങ്ങള്‍ അറിയവുന്ന -സഭയുടെ വിശ്വാസം, പട്ടത്വം, ഡിസിപ്ലിന്‍ അധികാരം കൈകാര്യം ചെയ്യുന്ന- എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ശോധന ചെയ്ത് അവരില്‍ ഒരാളെ കണ്ടെത്തുന്നത്? ആത്യന്തികമായി ഇതൊരു എപ്പിസ്‌ക്കോപ്പല്‍ സഭയാണ്; രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ അല്ല.
കാതോലിക്കാ-മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ചിലര്‍ കാംക്ഷിക്കുന്നതുപോലെ ഫ്‌ളോറില്‍ ഇട്ട് അലക്കുന്ന സാഹചര്യം മറ്റൊരു ഗുരുതരമായ ധാര്‍മ്മിക പ്രശ്‌നവും ഉയര്‍ത്തുന്നുണ്ട്. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് – ഏതു മാര്‍ഗ്ഗത്തിലായാലും – തങ്ങളിലൊരുവനെ പ്രധാന മേലദ്ധ്യക്ഷസ്ഥാനത്തേക്കു കണ്ടെത്തി അവതരിപ്പിച്ചു കഴിഞ്ഞശേഷം അവരിലൊരാള്‍ അതിനെതിരെ അസോസിയേഷനില്‍ മത്സരിക്കുമോ? അസോസിയേഷന്‍ നടപടിച്ചട്ടം അനുസരിച്ച് സ്ഥാനാര്‍ത്ഥിയുടെ മുന്‍കൂട്ടിയുള്ള രേഖാമൂലമായ സമ്മതം അസോസിയേഷനില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ അനിവാര്യമാണ്. അതിനാല്‍ത്തന്നെ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ എന്നു പറഞ്ഞു സ്ഥാനാര്‍ത്ഥിക്ക് ഒഴിഞ്ഞുമാറാനാവില്ല. അപ്രകാരം സംഭവിച്ചാല്‍ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിൻ്റെയും ആത്യന്തികമായി മലങ്കരസഭയുടേയും കെട്ടുറപ്പ് ശിഥിലമാവുകയാവും ഫലം. ഇന്നുള്ള മെത്രാന്മാരില്‍ ആരും അതിനു തയാറാവില്ലാ എന്നാണ് ഈ ലേഖകൻ്റെ ഉറച്ച വിശ്വാസം.
ഡോ. എം. കുര്യന്‍ തോമസ്