കാതോലിക്ക ബാവ നാടിൻ്റെ ധന്യത-മുഖ്യമന്ത്രി
തിരുവനന്തപുരം:- യേശുവിൻ്റെ സന്ദേശം തൻ്റെ ജീവിതത്തിലൂടെ പങ്കുവെച്ച ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഈ നാടിൻ്റെ സൗഭാഗ്യമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓർത്തഡോക്‌സ് സഭയെ ആഗോളതലത്തിൽ ശ്രദ്ധിക്കുന്നവിധം വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച കാതോലിക്ക ബാവ ഇവിടെ ജന്മമെടുത്തു എന്നത് ഈ നാടിന്റെ ധന്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ വേർപാടിൽ തിരുവനന്തപുരം പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.
തൻ്റെ സമപ്രായക്കാരനായ ബാവയുമായി അധിക സമയം ചെലവഴിക്കാനായിട്ടില്ല. പക്ഷേ അദ്ദേഹത്തിൻ്റെ ജീവിതം എത്ര ശ്രേഷ്ഠമായിരുന്നു എന്ന് മനസ്സിലാക്കാൻ ഒരുമിച്ചു ചെലവഴിച്ച ചുരുക്കം സമയം ധാരാളമായിരുന്നു. മലങ്കരസഭാ ചരിത്രത്തിൽ താരതമ്യേനെ കുറഞ്ഞ സമയം മാത്രമാണ് അദ്ദേഹം മെത്രാപ്പൊലീത്തയായി പ്രവർത്തിച്ചത്. വെല്ലുവിളികൾ നിറഞ്ഞ ആ കാലത്തെ അദ്ദേഹം അർഥപൂർണമാക്കി. ബാവയുടെ വിയോഗം തനിക്ക് വ്യക്തിപരമായ വേദനയാണ്. താനുമായി ബന്ധപ്പെടുന്നവരെ പ്രാർഥനകളിൽ ഓർക്കുന്നതും ഫോൺ വിളിച്ച് ക്ഷേമം തിരക്കുന്നതും അദ്ദേഹത്തിൻ്റെ ദിനചര്യയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിൻ്റെ നേട്ടത്തിനായി കാതോലിക്ക ബാവ കാട്ടിയ നിശ്ചയദാർഢ്യം തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരിച്ചു. മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ, മേയർ ആര്യാ രാജേന്ദ്രൻ, കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ, സി.എസ്.ഐ. മോഡറേറ്റർ ഡോ.ധർമ്മരാജ് റസാലം, ആർച്ച് ബിഷപ്പ് എം.സൂസെപാക്യം, മെത്രാപ്പൊലീത്തമാരായ ജോസഫ് മാർ ബർണബാസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, നേതാക്കളായ ഒ.രാജഗോപാൽ, പന്ന്യൻ രവീന്ദ്രൻ, ജോസ് കെ.മാണി, ജോസഫ് എം.പുതുശ്ശേരി, പാളയം ഇമാം വി.പി.സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഫാ.എം.ഒ.ജോൺ തുടങ്ങിയവർ സംസാരിച്ചു.