OVS - Latest NewsOVS-Kerala News

മാന്ദാമംഗലം  പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയ ഉത്തരവ് സ്ഥിരപ്പെടുത്തി ഹൈക്കോടതി.

തൃശൂർ ഭദ്രാസനത്തിൽപ്പെട്ട മാന്ദാമംഗലം സെൻറ് മേരീസ് പള്ളി മലങ്കര സഭയുടേതെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലങ്കര സഭയുടെ പള്ളികൾ 1934-ലെ മലങ്കര സഭാ ഭരണഘടന പ്രകാരം മാത്രമേ ഭരിക്കപ്പെടാവൂ എന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി 1995-ലെയും 2017-ലെയും വിധി ന്യായങ്ങളിലൂടെ ഉറപ്പിക്കുയും തീർച്ചപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ഈ പള്ളി സുപ്രീംകോടതിയിലെ കേസുകളിൽ കക്ഷി അല്ലാത്തതു കാരണം ഈ വിധി ന്യായങ്ങൾ ബാധകമല്ല എന്നുള്ള യാക്കോബായ വിഭാഗത്തിൻ്റെ വാദം കോടതി അംഗീകരിച്ചില്ല. സുപ്രീംകോടതി വിധി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം രാജ്യത്തിൻ്റെ നിയമമാണ്. ആയതിനാൽ ഏതെങ്കിലും പള്ളികൾ സുപ്രീംകോടതിയിലെ കേസുകളിൽ നേരിട്ട് കക്ഷി ആണോ അല്ലയോ എന്നുള്ളതിൽ യാതൊരു പ്രസക്തിയുമില്ലാ എന്നും രാജ്യത്തെ നിയമം എല്ലാവർക്കും ബാധകമാണ് എന്നും കോടതി വ്യക്തമാക്കി.

ഈ പള്ളിയെ സംബന്ധിച്ച് നേരത്തെ ഓർത്തഡോക്സ് സഭ നൽകിയ രണ്ട് കേസുകൾ വിവിധ കോടതികൾ തള്ളിയതാണെന്നും ആയതിനാൽ സിവിൽ നടപടി ചട്ടപ്രകാരം ഈ കേസ് നിലനിൽക്കില്ലായെന്നുമുള്ള യാക്കോബായ വിഭാഗത്തിൻ്റെ വാദവും കോടതി തള്ളി. ഈ പള്ളിയെ സംബന്ധിച്ച് നേരത്തെ തള്ളിയ രണ്ട് കേസുകളിൽ ഒന്ന് സാങ്കേതിക കാരണങ്ങളാലും മറ്റൊന്ന് മെത്രാപ്പോലീത്തായുടെ വ്യക്തിപരമായ അവകാശങ്ങൾ സംബന്ധിച്ചുള്ളതാണെന്നും ആയതിനാൽ സിവിൽ നടപടി ചട്ടപ്രകാരമുള്ള റെസ്-ജുഡിക്കേറ്റ ബാധകമാല്ലായെന്നുമുള്ള ഓർത്തഡോക്സ് സഭയുടെ വാദവും കോടതി അംഗീകരിച്ചു.

Place of Worship (Special Provisions) Act, 1991 പ്രകാരം ഈ കേസ് നിലനിൽക്കില്ല എന്നും, ഓർത്തഡോക്സ് സഭ പാത്രിയർക്കീസിനെ അംഗീകരിക്കാത്തതു കൊണ്ടും ഈ കേസ് നിലനിൽക്കില്ല എന്നുമുള്ള യാക്കോബായ വിഭാഗത്തിൻ്റെ വാദങ്ങളും കോടതി തള്ളി. 1934-ലെ ഭരണഘടനാ മുഴുവനായും അംഗീകരിക്കുന്നുവെന്നാണ് ഓർത്തഡോക്സ് സഭയുടെ വാദങ്ങൾ എന്നും അതുകൊണ്ട് യാക്കോബായ വിഭാഗത്തിൻ്റെ ഏതെങ്കിലും ഉഹാപോഹങ്ങളിൽ നിന്നുമുള്ള വാദങ്ങൾ പരിഗണിക്കാൻ കഴിയില്ലായെന്നും ഈ വാദങ്ങളെല്ലാം തന്നെ കെ.എസ് വറുഗീസ് (2017 സുപ്രിംകോടതി) കേസിൽ പരിഗണിച്ച് തീർപ്പാക്കിയിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി. പള്ളി മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ്‌ നടത്താൻ കോടതി നിർദേശം നൽകണമെന്നുള്ള യാക്കോബായ വിഭാഗത്തിൻ്റെ ആവശ്യം അപ്പീലിൽ നേരിട്ട് ഉന്നയിക്കാവുന്നതല്ലായെന്നും ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഏതെങ്കിലും മാർഗ്ഗനിർദ്ദേശം നൽകുന്നത് ശരിയല്ലായെന്നും വിലയിരുത്തി ടി ആവശ്യവും കോടതി നിരാകരിച്ചു. ഈ കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് ലഭ്യമായ നടപടിപ്രകാരമുള്ള പ്രതിവിധികൾ തേടാമെന്നും കോടതി വ്യക്തമാക്കി. ഓർത്തഡോക്സ് സഭയുടെ വികാരിക്ക് പള്ളിയുടെ താക്കോൽ കൈമാറിയ ഇടക്കാല ഉത്തരവ് ഉചിതമാണെന്ന് ബോദ്ധ്യമുള്ളതിനാൽ ടി ഉത്തരവ് സ്ഥിരപ്പെടുത്തി അപ്പീലുകൾ കോടതി തീർപ്പാക്കി.

https://ovsonline.in/articles/malankara-church-dispute-3/

error: Thank you for visiting : www.ovsonline.in