പരിസ്ഥിതി സൗഹൃദ സംസ്കാരം വളര്‍ത്തണം : പരിശുദ്ധ കാതോലിക്കാ ബാവാ
മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് മാലിന്യക്കൂമ്പാരങ്ങള്‍ സൃഷ്ടിച്ചും ജലസ്രോതസ്സുകള്‍ മലിനമാക്കിയും പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന പ്രവണത അവസാനിപ്പിച്ച് പരിസ്ഥിതി സൗഹൃദ സംസ്കാരം വളര്‍ത്തുകയാണ് ഇന്നത്തെ അടിയന്തര ആവശ്യമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
ഭാവിയില്‍ ജീവജാലങ്ങള്‍ക്ക് അതിജീവനത്തിനുളള അവകാശം നിഷേധിച്ചുകൊണ്ട് അമിതവിഭവ വിനിയോഗത്തിലൂടെയുളള മനുഷ്യന്‍റെ ആര്‍ത്തി പൂര്‍ത്തീകരണശ്രമം അപകടകരമാണെന്നും പരിസ്ഥിതി സംരക്ഷണം കടമയായി ഒരോരുത്തരും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് പളളികളിലും, വിദ്യാലയങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും നടത്തണമെന്ന് പരിശുദ്ധ ബാവാ ആഹ്വാനം ചെയ്തു. മഴക്കാല പൂര്‍വ്വ ശുചീകരണം പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവയ്ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സഭാംഗങ്ങള്‍ സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സഭാതല പരിസ്ഥിതിദിനാചരണ ഉദ്ഘാടനം ജൂണ്‍ 5 ന് രാവിലെ 10-ന് മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് പളളിയിലും വൃക്ഷതൈ വിതരണം 3 മണിക്ക് പരുമല സെമിനാരിയിലും നടക്കുമെന്ന് സഭാ പരിസ്ഥിതി കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ഡോ. മിഖായേല്‍ സഖറിയ അറിയിച്ചു.