Outside KeralaOVS - Latest News

ദ്രഹ്മ: നഷ്ടമായതിനെ വീണ്ടെടുക്കാന്‍

കേരളത്തിനു വെളിയില്‍ മുമ്പ് മലങ്കര സഭയുടെ ഭാഗമായിരുന്നശേഷം പിന്നീട് സമ്പര്‍ക്കം അറ്റുപോയ സമൂഹങ്ങളെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി ആരംഭിച്ച ഒരു ഉദ്യമമാണ് ദ്രഹ്മ (Project Drah’ma). വി. ഓര്‍ത്തഡോക്‌സ് ആരാധനാ ജീവിതം അവരുടെ ഇടയില്‍ പുനഃസ്ഥാപിക്കുക, ആരാധനാക്രമം, വി. കുര്‍ബാനക്രമം, പ്രാര്‍ത്ഥനാ ഗീതങ്ങള്‍ മുതലായവ തമിഴ് മുതലായ പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്തു പ്രചരിപ്പിച്ച് അവരുടെ ആത്മീയ ആവശ്യങ്ങളെ പരിപോഷിപ്പിക്കുക, മലങ്കര സഭാ പിതാക്കന്മാര്‍ തുടങ്ങിവച്ച മിഷനറി പ്രവര്‍ത്തനങ്ങളെപ്പറ്റി ഗവേഷണം നടത്തി നഷ്ടപ്പെട്ട സമൂഹങ്ങളുമായി ബന്ധം പുനഃസ്ഥാപിക്കുക, ഈ സമൂഹങ്ങളുടെ സമഗ്ര വികസനത്തിനായി കൈത്താങ്ങാവുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് ദ്രഹ്മയുടെ പ്രവര്‍ത്തനം.

തികച്ചും അത്ഭുതകരമെന്നോണം, ഗാന്ധിഗ്രാം യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ്-ഡോക്ടറല്‍ ഗവേഷണം നടത്തുകയായിരുന്ന മലങ്കര സഭാംഗം ഡോ. അജേഷ് ഫിലിപ്പ് തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ മുമ്പ് മാര്‍ അൽവാറീസ് മിഷനില്‍ ഉള്‍പ്പെട്ടിരുന്ന അയ്യാ എന്ന ഒരു സമൂഹത്തെ കണ്ടെത്തുകയുണ്ടായി. ഈ വിവരം മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കൊറോസ് തിരുമേനിക്ക് കൈമാറുകയും തിരുമേനി ഫാ. പ്രദീപ് പൊന്നച്ചനെ തുടര്‍നടപടികള്‍ക്കു നിയോഗിക്കുകയും ചെയ്തു. ഈ സമൂഹവുമായി ഇടപഴകിയപ്പോള്‍ ഒട്ടേറെ വിവരങ്ങള്‍ മലങ്കരസഭാ ബന്ധത്തെക്കുറിച്ചു ലഭിച്ചു. ഈ സമൂഹം ഇപ്പോഴും പ. പരുമല തിരുമേനിയുടെ മധ്യസ്ഥതയ്ക്കായി പ്രാര്‍ത്ഥന നടത്തുന്നതായി കണ്ടെത്തി. സഭയിലെ രണ്ടു മെത്രാപ്പോലീത്താമാരും രണ്ടു വൈദികരും 1950-കളുടെ അവസാനകാലം വരെ അവിടെ വി. കുര്‍ബാന നടത്തിയിരുന്നതായും മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇത്, ഭാഗ്യസ്മരണാര്‍ഹരായ അല്‍വാറീസ് മാര്‍ യൂലിയോസ് തിരുമേനിയുടെയും തോമാ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെയും ബാഹ്യകേരള മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു.

2013 നവംബറിലാണ് ദ്രഹ്മ എന്നുപേരിട്ട ഈ സമ്പര്‍ക്ക പരിപാടിക്കു മദ്രാസ് ഭദ്രാസനം തുടക്കം കുറിച്ചത്. തുടര്‍ന്ന്, ദിയസ്‌കൊറോസ് തിരുമേനി ഡിണ്ടിഗല്‍ സന്ദര്‍ശിക്കുകയും ഈ കുടുംബങ്ങളെ കാണുകയും സെംപട്ടി ഗ്രാമത്തിലെ ചാപ്പലില്‍ വി. കുര്‍ബാനയര്‍പ്പിക്കുകയും ചെയ്തു.

തുടര്‍വര്‍ഷങ്ങളില്‍ സമ്പര്‍ക്ക പരിപാടികള്‍ വിപുലീകരിച്ചു. പുതിയ ചാപ്പല്‍ നിര്‍മാണം, ആരാധനാ ഗ്രന്ഥങ്ങള്‍ തമിഴിലാക്കി പ്രചരിപ്പിക്കല്‍, ക്രിസ്മസ് മുതലായ പെരുന്നാളുകള്‍ ആഘോഷിക്കല്‍ എന്നിങ്ങനെ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ബ്രഹ്മവാര്‍ ഭദ്രാസനത്തിലെ വൈദികരും അല്‍മായരും പലപ്രാവശ്യം ഇവിടം സന്ദര്‍ശിച്ചു. ഡിന്‍ഡുഗലിലെ മാര്‍ അല്‍വാറീസ് സെന്റെറില്‍ പ. പരുമല തിരുമേനിയുടെ നാമത്തിലുള്ള ചാപ്പല്‍ കൂടാതെ ഒരു തയ്യല്‍ സ്‌കൂളും ഇപ്പോള്‍ നടത്തി വരുന്നുണ്ട്.

2015-ല്‍ ചെന്നൈയിലുള്ള തോമസ് സൈമണും സുജിത് വര്‍ഗീസ് ജോര്‍ജും ശ്രീലങ്കയിലെ കൊളംബോ സന്ദര്‍ശിക്കുകയും അവിടെയും മലങ്കര സഭാ ബന്ധം മുറിഞ്ഞുപോയ ഏതാനും കുടുംബങ്ങളെ കണ്ടെത്തുകയുമുണ്ടായി. 1937-ല്‍ അല്‍വാറീസ് തിരുമേനി വി. കുര്‍ബാനയര്‍പ്പിച്ച ചില ദേവാലയങ്ങള്‍ കൊളംബോ, മാന്നാര്‍ എന്നിവിടങ്ങളില്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന്, ഭദ്രാസന മെത്രാപ്പോലീത്താ മാര്‍ ദിയസ്‌കൊറോസ് തിരുമേനി, 2015, 16, 17 വര്‍ഷങ്ങളില്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ ദേവാലയങ്ങളില്‍ വി. ബലിയര്‍പ്പിച്ചു. ദ്രഹ്മയുടെ കരങ്ങള്‍ ഫിലിപ്പൈന്‍സ് തുടങ്ങിയ തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും എത്തിക്കൊണ്ടിരിക്കുന്നു.

[Project Drah’ma: Reaching out to the lost communities of the Malankara (Indian) Orthodox Church – An initiative by the Diocese of Madras]

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Chairman: H.G. Dr. Yuhanon Mar Diascoros Metropolitan
Diocese of Chennai.
Coordinator: Fr. Linu Lukose (mob: 9444904018)
Address:- ‘Project Drah’ma’, Madras Diocese office, 4/51, Rajeswari Street, Mehta Nagar, Chennai – 600029, Tamil Nadu
email ID :- projectdrahma@gmail.com

ഫാ. ലിനു ലൂക്കോസ്‌

error: Thank you for visiting : www.ovsonline.in