മെത്രാപ്പോലീത്തയുടെ കത്ത്: അന്ത്യോഖ്യാ പാത്രിയർക്കേറ്റും കിഴക്കിൻ്റെ കാതോലിക്കേറ്റും – 3
പാത്രിയർക്കേറ്റ് – കാതോലിക്കേറ്റ് ബന്ധം എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഏറ്റവും ആധികാരിക രേഖ 1934 -ലെ സഭാ ഭരണഘടനയാണ്. 1995, 2017 വർഷങ്ങളിലെ സുപ്രീം കോടതി വിധികൾ പ്രകാരം മലങ്കര സഭയുടെ ഭരണം നിർവ്വഹിക്കപ്പെടേണ്ടത് സഭാ ഭരണഘടനാനുസൃതമായി മാത്രമാണ്. സഭാ ഭരണഘടന അടിസ്ഥാനമാക്കി പാത്രിയർക്കേറ്റും കാതോലിക്കേറ്റും തമ്മിലുള്ള ബന്ധം വിലയിരുത്തുകയാണിവിടെ.
അന്ത്യോഖ്യ പാത്രിയർക്കേറ്റുമായ ബന്ധം എങ്ങനെ എന്നത് സംബന്ധിച്ചുള്ള പഠനത്തിന് ആശ്രയിക്കേണ്ട ഭരണഘടനയിലെ വകുപ്പുകൾ 1, 2, 101, 114, 118 എന്നിവയായി പരിമിതപ്പെടുത്താം. ഇതിൽ ഒന്നാം വകുപ്പിൽ ഇപ്രകാരം പറയുന്നു: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിഭാഗമാണ്. ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ (Primate) അന്ത്യോഖ്യാ പാത്രിയർക്കീസ് ആണ്.
അന്ത്യോഖ്യാ പാത്രിയർക്കീസിനെ പാത്രിയർക്കീസ് വിഭാഗക്കാർ ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായി അവതരിപ്പിക്കാറുണ്ട്. ഇവിടെ തിരുത്തലും ആശയ വ്യക്തതയും സൃഷ്ടിക്കേണ്ടതുണ്ട്.
ഒന്നാമത്, ഭരണഘടനയിൽ ആകമാന സുറിയാനി സഭയെ സംബന്ധിച്ച പരാമർശം ഇല്ല. പാത്രിയർക്കീസിൻ്റെ കല്പനകളിൽ പോലും ഇത് അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട വിശേഷണമാണ്. ഏതായാലും മലങ്കര സഭാ ഭരണഘടനയിൽ ഇല്ലാത്ത ആ പദം സംബന്ധിച്ച് ചർച്ച ആവശ്യമില്ല.
രണ്ടാമതായി പരമാദ്ധ്യക്ഷൻ (Supreme head) എന്നതും ഭരണഘടനയിൽ ഇല്ലാത്ത പദമാണ്. പ്രധാന മേലദ്ധ്യക്ഷൻ (Primate) എന്ന പദമാണ് പാത്രിയർക്കീസിനെ പറ്റിയും കാതോലിക്കയെ പറ്റിയും പരാമർശിക്കുവാൻ ഭരണഘടനയിൽ ഉപയോഗിച്ചിരിക്കുന്ന വാക്ക്.
പൗരസ്ത്യ സഭാ പാരമ്പര്യത്തിൽ Head, Supreme head എന്ന പദമെല്ലാം സഭയുമായ ബന്ധത്തിൽ ക്രിസ്തുവിനെപ്പറ്റിയുള്ള വിശേഷണമാണ്. ഭരണഘടനയിൽ ഇല്ലാത്ത ഈ പദം ഉപയോഗിച്ച് ഭരണഘടനാതീതമായ അധികാരം ഒരു സഭാദ്ധ്യക്ഷനും നൽകാവുന്നതല്ല.
അന്ത്യോഖ്യാ പാത്രിയർക്കീസിനെ ‘ആകമാന സുറിയാനി സഭ’യുടെ പരാമാധികാരിയായി പ്രതിഷ്ഠിച്ചും മലങ്കര സഭയെ അതിൻ്റെ ഒരു പ്രവിശ്യയായി സങ്കല്പിച്ചുമുള്ള ഭരണ ഘടനയുടെ ഒന്നാം വകുപ്പിൻ്റെ തിരുത്തലും വ്യാഖ്യാനവും സഭാ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന പ്രകാരം സഭാ സമിതികളുടെ നിർദ്ദേശാനുസൃതമായുള്ള പ്രവർത്തന സ്വാതന്ത്ര്യമേ പ്രധാന മേലദ്ധ്യക്ഷൻമാർക്കുള്ളൂ. പ്രധാന മേലദ്ധ്യക്ഷനും എപ്പോഴും ഭരണഘടനയിലെ നിബന്ധനകൾക്ക് വിധേയമായി സമിതികളുടെ തീരുമാനപ്രകാരം പ്രവർത്തിക്കേണ്ട സ്ഥാനിയാണ്. പ്രധാന മേലദ്ധ്യക്ഷൻ്റെ ഭരണഘടനാതീതമായ പ്രവർത്തികൾ സാധൂകരിക്കുവാൻ ഉപയോഗപ്പെടുത്തുന്ന ഈ പദങ്ങൾക്ക് അക്ഷരത്തിലും ആശയത്തിലും പ്രയോഗത്തിലും ഭരണഘടനാ സാധുതയില്ല.
പാത്രിയർക്കീസ് മേലദ്ധ്യക്ഷനായ സഭയുടെ പേര് ‘സിറിയൻ ഓർത്തഡോക്സ് സഭ‘ (ഇപ്പോൾ സിറിയക് ഓർത്തഡോക്സ് സഭ) എന്നാണ്. ഇന്ത്യയിലെ സഭയുടെ പേര് ‘മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ’ എന്നുമാണ്. ഭരണഘടനയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത് ഈ രണ്ട് പേരുകളുമല്ല; ‘ഓർത്തഡോക്സ് സുറിയാനി സഭ‘ എന്നതാണ്. ആ പേരിൽ ഒരു സഭ ഭരണഘടനരൂപം കൊണ്ട സമയത്ത് ഉണ്ടായിരുന്നില്ല. ഇന്നും ഈ പേരിൽ ഒരു സഭ ഇല്ല. ഇത് മലങ്കര സഭയും സിറിയയിലെ സുറിയാനി സഭയും വിഭാഗങ്ങളായ സംയുക്ത (composite) സുറിയാനി സഭയുടെ പേരായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യവും (independence) വ്യക്‌തിഗതത്വവും (individuality) ഉള്ള രണ്ട് വിഭാഗങ്ങൾ ചേർന്നതാണ് ഈ സംയുക്ത സഭ. ഈ വിഷയങ്ങൾ മാർ അബ്ദുൽ മിശിഹായുടെ വിജ്ഞാപനത്തിലും 1964-ലെ ഉഭയ ഉടമ്പടിയിലും പ്രതിഫലിക്കുന്നുണ്ട്. അതായത് മലങ്കരസഭ സിറിയൻ ഓർത്തഡോക്സ് സഭ (Syrian Orthodox Church) യുടെ ഭാഗമോ (part) വിഭാഗമോ (division) അല്ല. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അത് ഇന്ത്യൻ യൂണിയനിലെ കേരള സംസ്ഥാനമോ – ( part) മുമ്പത്തെ കാശ്മീർ – (division) പോലെയോ ആകുമായിരുന്നു. കോടതി വിഭാഗവും (division ) ഭാഗ ( part) വുമായി വ്യത്യാസം ഒന്നും കാണുന്നില്ല. അവ interchangeable ആയിട്ടാണ് വിധികളിൽ കാണുന്നത്. ‘സുറിയാനി‘ നാമവും ‘ഓർത്തഡോക്സ്‘ വിശേഷണവുമായ രണ്ട് സ്വതന്ത്ര വ്യക്തിഗത സഭകളുടെ കൂട്ടായ്മ (communion)യായാണ് ‘ഓർത്തഡോക്സ് സുറിയാനി സഭ’ എന്ന പദം കൊണ്ട് ഭരണഘടന വിവക്ഷിക്കുന്നത്. ഈ രണ്ട് സഭാ വിഭാഗങ്ങളെ ഏകമാക്കുന്നത് ‘orthodoxy’ അല്ല സുറിയാനി ആണ്. അതായത് സുറിയാനി പാരമ്പര്യവും ആരാധനയും സഭാ സംസ്കാരവും ആണ് ഈ വിഭാഗങ്ങളെ ഐക്യ സഭയാക്കുന്നതും. ഓർത്തഡോക്സിയുടെ പൊതുത്വം (commonality) മറ്റ് ഓറിയന്റൽ സഭകളുമായി ഇവയ്ക്കുണ്ട്. എന്നാൽ സുറിയാനി പൈതൃകം ഈ രണ്ട് വിഭാഗങ്ങളുടെ മാത്രം പൊതുത്വം ആണ്. ഈ സഭാ വിഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഘടകമാണ് സുറിയാനിത്വം.
ഈ വസ്തുത രണ്ട് വ്യഖ്യാനങ്ങളെയാണ് നിഷേധിക്കുന്നത്. അതിൽ ഒന്ന് അന്ത്യോഖ്യാ പാത്രിയർക്കീസ് സുറിയാനി ഓർത്തഡോക്സ് സഭയുടെ മാത്രം പ്രധാന മേലദ്ധ്യക്ഷനാണ് എന്നത് ഈ വകുപ്പ് സംബന്ധിച്ച് മലങ്കര ഓർത്തഡോക്സ്കാരിൽ ചിലരുടെ ഭാഷ്യമാണ്. അദ്ദേഹം സുറിയാനി ഓർത്തഡോക്സ് സഭ എന്ന ശീമയിലെ സഭയുടെ പ്രധാന തലവനാണ് എന്നല്ല, മലങ്കരസഭയും സുറിയാനി സഭയും വിഭാഗങ്ങളായ ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ എന്നാണ് ഭരണഘടനയിൽ ഒന്നാം വകുപ്പ് പറയുന്നത്. നമുക്ക് ബന്ധമില്ലാത്ത ഒരു സഭയുടെയും സഭാ മേലദ്ധ്യക്ഷന്റെയും കാര്യം മലങ്കര സഭയുടെ ഭരണഘടനയിൽ ഉൾപ്പെടുത്താനായില്ല. ഈ സംയുക്ത സഭയുടെ പ്രധാന മേല്പട്ടക്കാരൻ പ. അന്ത്യോഖ്യ പാത്രിയർക്കീസാണ് എന്നാണ് സഭാ ഭരണഘടനയുടെ ഒന്നാം വകുപ്പ് പ്രഖ്യാപിക്കുന്നത്.
രണ്ടാമതായി ഇത് പാത്രിയർക്കീസ് വിഭാഗക്കാരുടെ ഭാഷ്യവും നിഷേധിക്കുന്നു. അവരുടെ വ്യാഖ്യാന പ്രകാരം മലങ്കര സഭ അന്ത്യോഖ്യ പാത്രിയർക്കീസ് തലവനായ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഒരു പ്രവിശ്യയാണ്. ഇങ്ങനെ ഭരണഘടനയിൽ പറയുന്നില്ല. മലങ്കര സഭ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിഭാഗം എന്ന് പറഞ്ഞിരുന്നുവെങ്കിൽ അവരുടെ വാദം ശരിയാകുമായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭയും സുറിയാനി ഓർത്തഡോക്സ് സഭയും വിഭാഗങ്ങളായ സംയുക്ത (composite) ഓർത്തഡോക്സ് സുറിയാനി സഭയാണിവിടെ പ്രമേയം. അന്ത്യോഖ്യ പാത്രിയർക്കീസിൻ്റെ കീഴിലുള്ള സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായിരുന്നെങ്കിൽ മലങ്കര സഭയ്ക്ക് പൂർണ്ണ ഉൾഭരണ സ്വാതന്ത്ര്യവും വ്യക്തിഗതത്വവും ലഭ്യമാകുമായിരുന്നില്ല. പാത്രിയർക്കീസിൻ്റെ കീഴിലുള്ള ഒരു ഉപഗ്രഹ സ്ഥാപനം മാത്രമാകുമായിരുന്നു മലങ്കര സഭ.
ഈ സ്വതന്ത്ര – വ്യക്തിഗത കൂട്ടായ്മയായ (communion) മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന സംയുക്ത സംവിധാനത്തിൻ്റെ പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോഖ്യാ പാത്രിയർക്കീസാണ് എന്നതിന് തർക്കം വേണ്ട. എന്നാൽ, പ്രധാന മേലദ്ധ്യക്ഷൻ എന്ന പദം കൊണ്ട് എന്ത് അർത്ഥമാക്കുന്നു എന്നത് 2, 101, 104, 118, എന്നീ വകുപ്പുകൾ ആണ് വ്യക്തമാക്കുന്നത്. ഈ വകുപ്പുകളാണ് ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ മലങ്കര സഭയ്ക്ക് ആര് എന്ന് നിർവ്വചിക്കുന്നത്. അതുകൊണ്ട് സഭാ ഭരണഘടനയുടെ മറ്റ് വകുപ്പുകൾ വിസ്മരിച്ച് അന്ത്യോഖ്യാ പാത്രിയർക്കീസിൻ്റെ പ്രധാന മേലദ്ധ്യക്ഷ സ്ഥാനം വിശദീകരിക്കാനാവില്ല.
ഭരണഘടനയുടെ രണ്ടാം വകുപ്പ് സംയുക്ത സഭയുടെ ഭാഗമായിരിക്കെത്തന്നെ പൂർണ്ണ വ്യക്തിഗതത്വവും സ്വാതന്ത്ര്യവും ഉള്ളതാണ് മലങ്കര സഭയെന്നും അതിന് ഒരു പ്രധാന മേലദ്ധ്യക്ഷൻ ഉണ്ട് എന്നും വ്യക്തമാക്കുന്നു. മലങ്കര സഭ സുന്നഹദോസ്, മാനേജിംഗ് കമ്മിറ്റി, എന്നിവയുടെ തീരുമാന പ്രകാരം ഭൗതിക (temporal) – ആത്മിക (spiritual) സഭാ കാര്യങ്ങൾ നിർവ്വഹിക്കുന്ന കാതോലിക്കേറ്റിനെപ്പറ്റിയാണ് രണ്ടാം വകുപ്പിൽ പറയുന്നത്. ഇതിൻ്റെ കാര്യ നിർവ്വഹണങ്ങളിലാകട്ടെ പാത്രിയർക്കീസിന് പങ്കും ഇടപെടൽ സാധ്യതയും ഒട്ടും തന്നെയില്ല. അതു കൊണ്ട് പാത്രിയർക്കീസിൻ്റെ മേലദ്ധ്യക്ഷ സ്ഥാനം ഭരണപരമായ ഒന്നല്ല. നേരെ മറിച്ച് സഭയുടെ ഭരണഘടനയിൽ നല്കപ്പെട്ടിരിക്കുന്ന ഒരു privilege ആണ്. അതാണ് ഈ സംയുക്ത സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ എന്ന നിലയ്ക്ക് പാത്രിയർക്കീസിനെ അർഹനാക്കുന്നത്. ഈ കാര്യം തുടർന്നുള്ള വകുപ്പുകൾ പഠിച്ചാൽ വ്യക്തമാകും. പ്രധാന മേലദ്ധ്യക്ഷൻ എന്ന പദം സ്വ ഇച്ഛ പ്രകാരം മലങ്കര സഭയുടെ ഭരണത്തിൽ, പാത്രിയർക്കീസിന് നിരുപാധികമായി ഇടപെടാനുള്ള അനുവാദം നൽകുന്നില്ല.
101, 114, 118 എന്നീ വകുപ്പുകൾ ആണ് പാത്രിയർക്കേറ്റിന് മലങ്കര സഭയുമായുള്ള ബന്ധം വ്യക്തമാക്കുന്നത്. ഈ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം വകുപ്പിലെ മേലദ്ധ്യക്ഷ സ്ഥാനത്തിൻ്റെ സ്വഭാവം നിർണ്ണയിക്കുന്നത്. വകുപ്പ് 101 -ൻ പ്രകാരം പാത്രിയർക്കീസിന് മലങ്കരയിൽ അംഗീകാരം സിദ്ധിക്കണമെങ്കിൽ : 1). അദ്ദേഹം കാനോനികമായി വാഴിക്കപ്പെട്ടിരിക്കണം. 2). മലങ്കര സഭയുടെ സഹകരണത്തോടെ വാഴിക്കപ്പെട്ടിരിക്കണം.
കാനോനികം എന്ന പദം കൊണ്ട്, പാത്രിയർക്കീസ് നിർദ്ദിഷ്ഠ മാനദണ്ഡങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും വിധേയമായി വാഴിക്കപ്പെട്ടിരിക്കണം എന്നതാണ് സൂചന. എന്നാൽ ആ വാഴ്ചയ്ക്ക് മലങ്കര സഭയുടെ അറിവും സഹകരണവും ഉണ്ട് എങ്കിൽ മാത്രമെ മലങ്കര സഭയുടെ അംഗീകാരം പാത്രിയർക്കീസിന് ഉണ്ടായിരിക്കുകയുള്ളൂ എന്ന നിബന്ധന കൂടെ ഭരണഘടനയിൽ ചേർത്തിരിക്കുന്നു.
ഇതിൽ രണ്ടാമത്തെ കാര്യം സംബന്ധിച്ച് 2017 ലെ കോടതി വിധിയിൽ വിശദീകരണം വന്നിട്ടുണ്ട്. ഈ ഉപാധി അംഗീകാരത്തിന് നിബന്ധനയാകുന്നില്ല എന്നാണ് ഈ വിധിയിൽ കോടതിയുടെ നിരീക്ഷണം. ആ വിഷയം കോടതി വിധികളുടെ വിശകലന സമയത്ത് ചർച്ചയാകാം. ഏതായാലും ഭരണഘടന അനുശാസിക്കുന്ന ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മലങ്കര സഭയിൽ പാത്രിയർക്കീസിനുള്ള അംഗീകാരം.
വകുപ്പ് 114 പ്രകാരം, മലങ്കര സഭ അംഗീകരിച്ച കാനോനിക പാത്രിയർക്കീസ് ഉണ്ട് എങ്കിൽ അദ്ദേഹത്തെ കാതോലിക്ക വാഴ്ചയിൽ സംബന്ധിക്കുവാൻ മലങ്കര സഭ ക്ഷണിക്കേണ്ടതുണ്ട്. അദ്ദേഹം ക്ഷണപ്രകാരം എത്തിച്ചേർന്നാൽ അദ്ദേഹമായിരിക്കും വാഴ്ചയുടെ മുഖ്യ കാർമ്മികൻ. ഇത്, വീണ്ടും മലങ്കര സഭയിൽ പാത്രിയർക്കീസിനുള്ള ഒരു നിയന്ത്രണ – ഇടപെടൽ അധികാരമല്ല. നേരെ മറിച്ച് ഒരു സംയുക്ത സഭയിലെ പ്രധാന മേലദ്ധ്യക്ഷനുള്ള ആദരവ് (privilege) ൻ്റെയും പരസ്പര ബന്‌ധത്തിൻ്റെ യും കാര്യം ആണ്.
വകുപ്പ് 118 പ്രകാരം കാതോലിക്കയുടെ പേരിൽ ആരോപണം ഉണ്ടാകുന്ന പക്ഷം ആയത് ചർച്ച ചെയ്യുവാൻ കൂടുന്ന മലങ്കരസഭാ സുന്നഹദോസിൽ ആദ്ധ്യക്ഷം വഹിക്കുവാൻ അംഗീകൃത പാത്രിയർക്കീസ് ഉണ്ടെങ്കിൽ അദ്ദേഹം ക്ഷണിക്കപ്പെടേണ്ടതാണ്. അദ്ദേഹം വരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ അദ്ധ്യക്ഷതയിൽ മലങ്കര സഭാ സുന്നഹദോസ് ചേർന്ന് തീരുമാനം എടുത്ത് അദ്ദേഹം അത് പ്രഖ്യാപനം നടത്തും. ഇവിടെയും ഭരണപരമായ അധികാരമല്ല, സംയുക്ത സുറിയാനി സഭയുടെ പ്രധാന മേല്പട്ടക്കാരന് സഭ നൽകുന്ന ആദരപൂർവ്വമായ പദവി ആണ്.
ഭരണഘടന പ്രകാരമുള്ള ഈ പദവി ഇപ്പോൾ നിർവീര്യ (non – operational) മായിത്തീർന്നിരിക്കുകയാണ്. കാരണം,
1). അന്ത്യോഖ്യാ പാത്രിയർക്കേറ്റുമായ ബന്ധം ഭരണഘടനാപരമായ (constitutional) ഒന്നാണ്. അതായത്, ഇത് ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഉള്ള ഒരു ഉഭയ ഉടമ്പടി ബന്ധമാണ്. എന്നാൽ പാത്രിയർക്കീസ് മലങ്കര സഭാ ഭരണഘടന അംഗീകരിക്കുന്നില്ല. ഭരണഘടന അംഗീകരിക്കുന്നതു വഴിയാണ് ഭരണഘടനാപരമായ പരസ്പര ബന്ധം നിലവിൽ വരുന്നതും നിലനില്ക്കുന്നതും.
2). ഭരണഘടന പ്രകാരമുള്ള നിയമാനുസൃത പൗരസ്ത്യ കാതോലിക്കേറ്റിനെ പാത്രിയർക്കീസ് അംഗീകരിക്കുന്നില്ല. കാതോലിക്കേറ്റിനെ പാത്രിയർക്കീസ് അംഗീകരിക്കാത്ത സാഹചര്യത്തിൽ കാതോലിക്കേറ്റ് – പാത്രിയർക്കേറ്റ് ബന്ധം നിലവിൽ വരുന്നില്ല.
3). നിലവിലിരിക്കുന്ന കാതോലിക്കേറ്റ് എന്ന കാനോനിക – നിയമാനുസൃത സംവിധാനത്തിനെതിരെ അനധികൃതമായി പാത്രിയർക്കീസ് സമാന്തര- ബദൽ കാതോലിക്കേറ്റ് സൃഷ്ടിച്ച് കോടതി വിധികളും കാനോനും ലംഘിക്കുന്നു.
അതു കൊണ്ട് മലങ്കര സഭ പാത്രിയർക്കീസിന് നൽകുന്ന ഭരണഘടനാപരമായ പദവികൾ നിർവ്വീര്യമാക്കപ്പെട്ടിരിക്കുകയാണ്. ഭരണഘടനയും അതിൻ പ്രകാരമുള്ള സംവിധാനവും അദ്ദേഹം നിഷേധിച്ചിരിക്കകൊണ്ട് ഭരണഘടന പ്രകാരമുള്ള ബന്ധം ഇന്ന് മുറിഞ്ഞിരിക്കുന്നു. ഇത് സജീവമാകണമെങ്കിൽ പാത്രിയർക്കീസ് ഭരണഘടനയും അതിൻ പ്രകാരമുള്ള നിയമാനുസൃത സംവിധാനത്തെയും സ്വീകരിക്കുകയും ബദൽ സംവിധാനം നിറുത്തലാക്കുകയും ചെയ്ത് നിയമാനുസൃത കാതോലിക്കേറ്റുമായുള്ള ബന്ധം പുന:സ്ഥാപനത്തിന് തയ്യാറാകേണ്ടതുണ്ട്.
അതോടൊപ്പം തന്നെ ‘സുറിയാനി ഓർത്തഡോക്സ് (സിറിയക് ഓർത്തഡോക്സ്) സഭ‘യുടെ ഭരണഘടനാ വകുപ്പുകൾ അനുസരിച്ച് മലങ്കര സഭ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഒരു മഹാ ഇടവകയും (archdiocese) കാതോലിക്ക പാത്രിയർക്കീസിൻ്റെ കീഴ്സ്ഥാനിയുമാണ്. അതിൻ പ്രകാരം മലങ്കര സഭ ഒരു സഭയല്ല, വെറും ഒരു മെത്രാസന ഇടവകയാണ്. അതിന് വ്യക്തിഗതത്വവും സ്വാതന്ത്ര്യവുമില്ല. ഈ വകുപ്പ് പ്രായോഗികമായി അസാധുവാകണമെങ്കിൽ പാത്രിയർക്കീസ് മലങ്കര സഭയുടെ ഭരണഘടനയും ഭരണ സംവിധാനവും അംഗീകരിക്കാതെ പരിഹാരം ഇല്ല.
1934-ലെ സഭാ ഭരണഘടന പാത്രിയർക്കീസിനും അദ്ദേഹത്തിൻ്റെ കീഴിലുള്ള മലങ്കരയിലെ വിഭാഗത്തിനും ബാധകമാകുന്ന മുറയ്ക്കാണ് പ്രശ്ന പരിഹാരമുണ്ടാവുക. അതായത് ഭരണഘടനയുടെ ലംഘനമാണ് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. പാത്രിയർക്കേറ്റ് കാതോലിക്കേറ്റിൻ്റെ സ്വത്വം, സ്വാതന്ത്ര്യം, സ്വയംപര്യാപ്തത, എന്നിവ അംഗീകരിച്ച് ഭരണഘടനാ ബന്ധം പുന:സ്ഥാപിക്കുകയാണ് അതിനാവശ്യം. പാത്രിയർക്കേറ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായ അനധികൃത നടപടികൾ പിൻവലിച്ച് ഭരണഘടനാപരമായ ബന്ധത്തിൽ വന്നാൽ സഭാ പ്രശ്നം തീരുന്നതാണ്. അതായത് മലങ്കര സഭ – പാത്രിയർക്കീസ് ബന്ധം ഭരണഘടന പ്രകാരമാവുകയാണ് വേണ്ടത്. പാത്രിയർക്കീസ് ഭരണഘടന അംഗീകരിക്കുന്നതോടെയാണ് ആ ബന്ധം സ്ഥാപനത്തിന് തുടക്കമിടുക. ഇവിടെ അനധികൃത സംവിധാനം നിലനിർത്തിക്കൊണ്ട് പാത്രിയർക്ക ബന്ധം സ്ഥാപിക്കുന്നതിന് നിയമപരമായി സാധ്യത ഇല്ല. അതു കൊണ്ട് പാത്രിയർക്കേറ്റിന് ഭരണഘടനാപരമായ അംഗീകാരം മലങ്കരസഭ നല്കണമെങ്കിൽ അതിനുള്ള തുടക്കം (initiative) പാത്രിയർക്കേറ്റിൽ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. സഭാ ഐക്യത്തിന് വിലങ്ങുതടിയായി നില്ക്കുന്നവരും ഐക്യത്തിനു വേണ്ടി അധ്വാനിക്കുന്നവരും വിഷയത്തിൻ്റെ നിയമവശങ്ങളും പ്രശ്നങ്ങളുടെ സങ്കീർണ്ണതയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടതുണ്ട്.
കഫർത്തുത്താ സുന്നഹദോസിൻ്റെ നിശ്ചയങ്ങൾക്കും മാർ അബ്ദുൽ മിശിഹായുടെ കാതോലിക്കേറ്റ് സ്ഥാപന കല്പനകളും നൽകുന്നതിന് ഉപരിയായ പദവി 1934 -ലെ ഭരണഘടന പാത്രിയർക്കാ സ്ഥാനത്തിന് നല്കുന്നുണ്ട്. അദ്ദേഹം സംയുക്ത സുറിയാനി സഭയുടെ പ്രധാന ആത്മീക മേലദ്ധ്യക്ഷ സ്ഥാനിയാണ്. മലങ്കര സഭയുമായ ബന്ധത്തിൽ നിൽക്കുമ്പോൾ ഇവിടത്തെ ചില പ്രധാന കാര്യങ്ങളിൽ ക്ഷണിക്കപ്പെടുവാനും ക്ഷണം സ്വീകരിക്കുവാനും അതുവഴി മുഖ്യ ചുമതലകൾ നിർവ്വഹിക്കുവാനുമുള്ള അവകാശം ഭരണഘടന അദ്ദേഹത്തിന് നൽകുന്നു. എന്നാൽ ഈ ഭരണഘടന ബന്ധത്തിൽ അദ്ദേഹം വരുന്നില്ല എങ്കിൽ മലങ്കര സഭ നല്കുന്ന ഈ പദവി അദ്ദേഹം നഷ്ടപ്പെടുത്തുന്നു എന്ന് മാത്രം.
അബ്ദുൽ മിശിഹാ പാത്രിയർക്കീസും കഫർത്തുത്തോ സുന്നഹദോസ് കാനോനുകളും വിഭാവനം ചെയ്യുന്നതിനുപരിയായ പദവികൾ സഭാ ഭരണഘടന നല്കുന്നതിന് ചില കാരണങ്ങൾ ഉണ്ട്.
1). കാതോലിക്കേറ്റ് സ്ഥാപനത്തിന് മുമ്പും തുടർന്നുമുള്ള കോടതി വിധികൾ
2). പാത്രിയർക്കേറ്റുമായുള്ള വ്യവസ്ഥാപിതമായ ബന്ധം നിലനിർത്തുന്നതിൽ മലങ്കര സഭയ്ക്കുള്ള ആഗ്രഹം.
3). മലങ്കര സഭ അന്ത്യോഖ്യാ പാത്രിയർക്കേറ്റുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ സഭ സ്ഥാപിക്കുകയായിരുന്നു എന്ന് വട്ടിപ്പണ- സമുദായ കേസുകളിലെ പാത്രിയർക്കീസ് കക്ഷിക്കാരുടെ വാദത്തിന് തടയിടുക.
4). സഭാ ഐക്യം മുന്നിൽ കണ്ട് നടത്തിയ സമുദായ കേസിൽ പാത്രിയർക്കാ ബന്ധം നിലനിർത്തി ഐക്യ സാധ്യത എളുപ്പമാക്കുക.
1958-ൽ ഈ ലക്ഷ്യങ്ങൾ എല്ലാം നേടിയെടുക്കുന്നതിന് അന്ത്യോഖ്യാ പാത്രിയർക്കേറ്റിനോടുള്ള ഭരണഘടനയിലെ നിയമാധിഷ്ഠിത ഉദാര സമീപനം സഹായകമായി എന്നത് ചരിത്ര സാക്ഷ്യം. വ്യവസ്ഥാപിത ഭരണഘടനാധിഷ്ഠിത പാത്രിയർക്കബന്ധം നിലനിർത്തി ഐക്യ മലങ്കര സഭയെപ്പറ്റിയുള്ള ചിന്ത എല്ലാ വിവേകമുള്ള സഭാ സ്നേഹികളുടെ മനസ്സിലുമുണ്ട്.
പുതുവർഷാശംസകളോടെ,
സസ്നേഹം
അത്താനാസ്യോസ് തോമസ് മെത്രാപ്പോലീത്ത.
(തുടരും)
അന്ത്യോഖ്യ പാത്രിയർക്കേറ്റും കിഴക്കിൻ്റെ കാതോലിക്കേറ്റും: ഭാഗം 4