OVS - ArticlesOVS - Latest News

അന്ത്യോഖ്യ പാത്രിയർക്കേറ്റും കിഴക്കിൻ്റെ കാതോലിക്കേറ്റും: ഭാഗം 4 

(ഭാഗം 3 ൻ്റെ തുടർച്ച)
ഈ രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം സുറിയാനി സഭയുടെ കാനോൻ, ഇന്ത്യയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചത് സംബന്ധിച്ച രേഖകൾ, തുടർന്നുണ്ടായ 1934-ലെ സഭാ ഭരണഘടന, 1964-ലെ ഉഭയ ഉടമ്പടി എന്നിവയുടെ അടിസ്ഥാനത്തിൽ ഇതിനോടകം വ്യക്തമാക്കാൻ ശ്രമിക്കുകയായിരുന്നു. മലങ്കര സഭാ ഭിന്നതയെത്തുടർന്ന് തർക്ക വിഷയങ്ങൾ കോടതിയിൽ വന്നപ്പോൾ ഈ വിഷയവും പഠനവിധേയമായി. കോടതി നിലവിലിരിക്കുന്ന രേഖകൾ അടിസ്ഥാനപ്പെടുത്തി പഠന വിശകലനങ്ങൾ നടത്തി ഈ കാര്യം സംബന്ധിച്ച് വ്യക്തത വരുത്തി. അതോടെ വിഷയം സംബന്ധിച്ച് നിഷ്പക്ഷമായ ധാരണ ഉണ്ടായി എന്നു മാത്രമല്ല കണ്ടെത്തലുകൾക്ക് നിയമ സാധുത ഉണ്ടാവുകയും ചെയ്തു.

1912-ൽ സഭാഭിന്നതയെത്തുടർന്നുണ്ടായ നിയമ യുദ്ധം പല കോടതികളിലെ വാദവും വിചാരണയും വിധികളും പിന്നിട്ട് 1958-ലെ സുപ്രീം കോടതി വിധിയിൽ അവസാനിച്ചു. പാത്രിയർക്കീസ് – കാതോലിക്കോസ് ബന്ധം നിർണ്ണയിക്കുന്ന മുഖ്യ രേഖകൾ കാനോനും കാതോലിക്കേറ്റ് സ്ഥാപന കല്പനകളും സഭാ ഭരണഘടനയും ആണെന്ന കാര്യത്തിന് തീർപ്പായി. ഈ ബന്ധം 1934-ലെ ഭരണഘടന നിർവ്വചിച്ചിരിക്കുന്നത് പോലെ ആണ് എന്ന കാര്യത്തിനും അംഗീകാരമായി. ഈ വിധിയെത്തുടർന്ന് 1958-ൽ സഭയിൽ ഐക്യവും സമാധാനവും ഉണ്ടായി. കാതോലിക്കയും പാത്രിയർക്കീസും പരസ്പരം അംഗീകരിച്ചു. 1964-ൽ അന്ത്യോഖ്യ പാത്രിയർക്കീസ് മാർ യാക്കോബ് തൃതിയൻ മലങ്കര സഭയുടെ ക്ഷണപ്രകാരം ഇവിടെ എത്തി ഭരണഘടന പ്രകാരം കാതോലിക്ക വാഴ്ചയ്ക്ക് കാർമ്മികത്വം നിർവ്വഹിച്ചു. അതോടെ 1958 -ന് ശേഷം പാത്രിയർക്കീസ് ഉന്നയിച്ചുകൊണ്ടിരുന്ന തർക്കങ്ങൾക്ക് വിരാമമാവുകയും ചെയ്തു.

1975 -ൽ ഉണ്ടായ നിർഭാഗ്യകരമായ ഭിന്നതയെത്തുടർന്ന് തർക്ക വിഷയങ്ങൾ വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വന്നു. ഇതു സംബന്ധിച്ച് 1995-ലും 2017-ലും സുപ്രീം കോടതിയിൽ നിന്ന് ഉത്തരവുകൾ ഉണ്ടായി. അതോടെ തർക്കങ്ങൾ സംബന്ധിച്ച് നിയമ പരിഹാരമായി. 2017-ലെ വിധിയോടെ തർക്ക വിഷയങ്ങൾ സംബന്ധിച്ച അവ്യക്തതകൾ പൂർണ്ണമായി ദൂരീകരിക്കപ്പെട്ടു.

1995-ൽ കോടതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇരു വിഭാഗങ്ങളും യോജിക്കണം എന്നായിരുന്നു കോടതിയുടെ താല്പര്യം. അതുകൊണ്ട് ഇരുകൂട്ടർക്കും കർശനമായ നിർദ്ദേശങ്ങളോ നിരോധനങ്ങളോ അതിൽ ഉണ്ടായിരുന്നില്ല. ആശയതലത്തിൽ പാത്രിയർക്കേറ്റ് – കാതോലിക്കേറ്റ് ബന്ധം എപ്രകാരം ആയിരിക്കണമെന്ന് വ്യക്തമാക്കി. അതിൻ്റെ അടിസ്ഥാനത്തിൽ സ്വാഭാവികമായി അതിനുള്ള ക്രമീകരണങ്ങൾ ഇരു കക്ഷികളുടെയും സമ്മതത്തോടെ കോടതിയുടെ തന്നെ മേല്നോട്ടത്തിൽ നടത്തിയെങ്കിലും പാത്രിയർക്കീസ് കക്ഷിയിലെ ഒരു വിഭാഗം ആ നീക്കത്തെ ബഹിഷ്ക്കരിച്ച് പുതിയ സഭ സൃഷ്ടിക്കുകയായിരുന്നു. അതുകൊണ്ട് വിഷയം വീണ്ടും കോടതിയുടെ പരിഗണനയിലെത്തുകയും കോടതി നിയമപരമായി അവ്യക്തതകൾ ഇല്ലാത്ത പഴുതടച്ച വിധി 2017-ൽ പുറപ്പെടുവിക്കുകയായിരുന്നു. അതോടെ പാത്രിയർക്കീസ് – കാതോലിക്ക ബന്ധവും കൃത്യമായി നിർവ്വചിക്കപ്പെട്ടു.

1995-ലെ കോടതി പാത്രിയർക്കീസിന് ഭരണഘടന പ്രകാരം ഉള്ള ആദരവുകൾ നില നിർത്തുന്നതിൽ നിഷ്ക്കർഷ കാണിക്കുന്നുണ്ട്. എന്നാൽ ഒരു സഭയിൽ സമാന്തരമായി രണ്ട് അധികാര കേന്ദ്രങ്ങൾ പ്രവർത്തനക്ഷമ (operational)മാകുന്നത് സഭാ ഭരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കും എന്ന് നിരീക്ഷിക്കുന്നു. പാത്രിയർക്കീസ് സ്വന്ത തീരുമാനപ്രകാരം കാതോലിക്കേറ്റ് സ്ഥാപിച്ച് പാത്രിയർക്കീസിന് മലങ്കര സഭയിൽ ഉണ്ടായിരുന്ന ആത്മീക – വൈദിക അധികാരങ്ങൾ കാതോലിക്കേറ്റിന് കൈമാറിയ ശേഷം തുടർന്ന് അധികാര പ്രയോഗത്തിന് ശ്രമിക്കുന്നതിന് നിയമ സാധുതയില്ല എന്ന് വ്യക്തമാക്കുന്നു. പാത്രിയർക്കേറ്റ് – കാതോലിക്കേറ്റ് ബന്ധം 1934 ഭരണഘടനയുടെ ചട്ടക്കൂടിലായിരിക്കണം എന്നും പാത്രിയർക്കീസിൻ്റെ മലങ്കര സഭയിലെ ഇടപെടൽ കാതോലിക്കയുടെയും മലങ്കര അസ്സോസ്സിയേഷൻ്റെയും ആലോചന പ്രകാരം ആയിരിക്കണം എന്നും വിധി നിഷ്ക്കർഷിക്കുന്നു.

ഇവിടെ അധികാരത്തിൻ്റെ കൈമാറ്റം (transfer), പ്രതിനിധീകരിക്കൽ (delegation) എന്നിവയ്ക്ക് ശേഷം അത് തിരിച്ച് പിടിക്കുവാൻ പാത്രിയർക്കീസ് ശ്രമിക്കുന്നതിൻ്റെ സാധുത കോടതി നിഷേധിക്കുകയായിരുന്നു. അതുകൊണ്ട് പാത്രിയർക്കേറ്റ് നിയമപരമായ അച്ചടക്കവും സംയമനവും പാലിക്കണം എന്ന് കോടതി നിർദ്ദേശിക്കുന്നു. പാത്രിയർക്കീസ് വിഭാഗത്തിന് ആശ്വാസം നല്കുവാനായി 1995-ലെ ഭൂരിപക്ഷ വിധി ശ്രദ്ധിക്കുന്നുണ്ട്. പാത്രിയർക്കീസിൻ്റെ അധികാര പ്രയോഗം 1934-ലെ ഭരണഘടന പ്രകാരം കോടതി നിയന്ത്രിക്കുന്നുവെങ്കിലും പാത്രിയർക്കീസ് മലങ്കര സഭയ്ക്ക് ആരുമല്ല എന്ന് കോടതി കരുതുന്നില്ല. അദ്ദേഹത്തിൻ്റെ അധികാര പ്രയോഗ സാധ്യത ഇല്ലാതായെങ്കിലും അദ്ദേഹം സിറിയൻ – മലങ്കര സംയുക്ത സഭയിലെ ഏറ്റവും വലിയ ആത്മീക സ്ഥാനി (highest ecclesiastical dignitary ) തന്നെ.

കാതോലിക്കായുടെ സ്ഥാനം അവിടെ പാത്രിയർക്കീസിൻ്റെതിന് ശേഷമാണ്. ആ കാര്യം മലങ്കര സഭ ഒരിക്കലും നിഷേധിച്ചിട്ടില്ല എന്ന് കോടതി സ്മരിക്കുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് കോടതി നിരീക്ഷണം നടത്തുന്നത്: The Patriarch of Antioch is spiritually superior to the Catholicos of the East. എന്നാൽ ഇതു കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നും കോടതി വിശദീകരിക്കുന്നുണ്ട് . ആത്മീക ഔന്നത്യം എന്നത് സാധാരണ ഗതിയിൽ ഒരു വ്യക്തി തൻ്റെ അന്വേഷണം, പഠനം, സാധന എന്നിവ വഴി നേടിയെടുക്കുന്ന ഒരു ആന്തരിയ ഉത്കർഷമാണ്.

കോടതി പറയുന്നു: spiritual superiority emanates from purity of character (2017: 54). ഇത് വ്യക്തിപരമായി ആർജ്ജിക്കുന്ന ആദ്ധ്യാത്മിക ഉന്നതിയാണ്. എന്നാൽ സഭാ മേഖലയിൽ അത് വ്യക്തിക്ക് സ്ഥാനലബ്ധിയോടെ സ്വാഭാവികമായി ലഭ്യമാകുന്ന ആദരവിൻ്റെ നില സൂചിപ്പിക്കുന്നതാണ്. അതായത് ആ വ്യക്തിക്ക് ആന്തരിയവും ധാർമ്മികവുമായ ഉയർച്ച ഇല്ല എങ്കിലും സ്ഥാനം ലഭിക്കുന്നതോടെ നല്കപ്പെടുന്ന മഹനീയതയാണിത്. ഇതിന് ആത്മിക ഔന്നത്യവുമായി ബന്ധം ഉണ്ടാകണം എന്നില്ല. അതോടൊപ്പം അതിന് അധികാരവുമായും ബന്ധമില്ല എന്നും മനസ്സിലാക്കണം. അതുകൊണ്ട് പലപ്പോഴും ആത്മിക സ്ഥാനം ലഭിക്കുന്നതോടെ സിദ്ധിക്കുന്ന മഹനീയതയെ സൂചിപ്പിക്കുന്നു. ഇവിടെ ആത്മീക ഔന്നത്യം എന്ന പ്രയോഗം തെറ്റിദ്ധാരണയ്ക്ക് ഇട നല്കുന്നു. ഇതിൻ്റെ പേരിൽ ഭരണഘടന ലംഘിക്കുവാനും, ഭരണഘടനാതീതമായ അധികാരം കയ്യാളുവാനും പാത്രിയർക്കീസിന് അധികാരം ഉണ്ട് എന്ന വാദം അടിസ്ഥാന രഹിതമാണ് എന്ന് ചൂണ്ടിക്കാണിക്കുവാനാണ് കോടതി ദീർഘമായ ചർച്ച ഇത് സംബന്ധിച്ച് നടത്തുന്നത്. സ്ഥാനം നൽകുന്ന മഹിമ അധികാര മേല്ക്കോയ്മയായി വ്യവഹരിക്കുവാൻ കോടതി അനുവദിക്കുന്നില്ല.

എന്നാൽ ആത്മിക അധികാരങ്ങൾ എന്ന വാക്ക് കോടതി ശ്രദ്ധിക്കുന്നുണ്ട്. കാതോലിക്കേറ്റ് ഇവിടെ സ്ഥാപിക്കുന്നതിന് മുമ്പ് പാത്രിയർക്കീസിന് ഇവ മലങ്കര സഭയിൽ ഉണ്ടായിരുന്നു. ആ പദം കൊണ്ട് ഉദ്ദേശിക്കുന്നത് മേല്പട്ടക്കാരെ വാഴിക്കുക, മൂറോൻ കൂദാശ ചെയ്യുക, സഭയുടെ പൊതുവായ ആത്മീയ മേലന്വേഷണം എന്നിവയായിരുന്നു. പാത്രിയർക്കീസ് കാതോലിക്കേറ്റ് സ്ഥാപിച്ചതോടെ പാത്രിയർക്കേറ്റിൽ നിക്ഷിപ്തമായിരുന്ന ഈ അധികാരങ്ങൾ എല്ലാം കാതോലിക്കേറ്റിന് കൈമാറി. അതോടെ സ്വ: ഇച്ഛപ്രകാരം പാത്രിയർക്കേറ്റിന് മലങ്കരയിൽ അവ പ്രയോഗിക്കുന്നതിനുള്ള സാധ്യത ഇല്ലാതായി. പാത്രിയർക്കേറ്റിൻ്റെ ഈ അധികാരപ്രയോഗ സാധ്യതയാണ് അസ്തമയ ബിന്ദുവിൽ എത്തിയത്. എന്നാൽ ആത്മീക പദവിക്ക് അധികാര പ്രയോഗവുമായി ബന്ധമില്ല. അതുകൊണ്ട് ആത്മീക അധികാരം ഇല്ലാതായ സാഹചര്യത്തിലും ബന്ധവും പദവികളും നിലനിൽക്കുന്നു. അതുകൊണ്ടാണ് പാത്രിയർക്കീസിനെ സഭയുടെ പ്രധാന മേലധ്യക്ഷൻ എന്ന് വിവക്ഷിക്കുന്നത്.

പ്രധാന മേലധ്യക്ഷൻ എന്ന സ്ഥാനമഹിമയുടെ പേരിൽ ഭരണഘടനയ്ക്ക് അതീതമായ സ്ഥാനം പാത്രിയർക്കീസിനില്ല എന്ന കാര്യം സഭാംഗങ്ങൾക്കും ബാധകമാണ്. പാത്രിയർക്കീസിനെ ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷൻ എന്ന നിലയിലോ, അതിലധികമായോ സഭാംഗങ്ങൾ ആദരിക്കുന്നതിന് കോടതി വിലക്ക് കല്പിക്കുന്നില്ല. എന്നാൽ ഭരണഘടന ലംഘിച്ച് അദ്ദേഹത്തിൻ്റെ അധികാര പ്രയോഗം നടപ്പിലാക്കാൻ സഭാംഗങ്ങൾക്ക് അവകാശമില്ല എന്ന് 2017 -ലെ വിധി നിഷ്ക്കർഷിക്കുന്നു.

അതുപോലെ തന്നെ സ്ഥാന മഹിമയിൽ പാത്രിയർക്കീസിന് കാതോലിക്കോസിനേക്കാൾ ഔന്നത്യം ഉണ്ട്. എങ്കിലും അതിൻ്റെ പേരിൽ കാതോലിക്കായെ പാത്രിയർക്കിസിൻ്റെ കീഴ്സ്ഥാനിയായി ഗണിക്കാനും കോടതി അനുവദിക്കുന്നില്ല. ഈ സ്ഥാനങ്ങളുടെ ആദരവിൻ്റെ നിലയിൽ (level) വ്യത്യാസം ഉണ്ട്. എന്നാൽ അതുകൊണ്ട് പാത്രിയർക്കീസ് മേല്സ്ഥാനി ആകുന്നില്ല. കോടതി നിരീക്ഷിക്കുന്നു: Relationship between the two spiritual superiors, that the Patriarch of Antioch and the Catholicose of the East at Malankara, is neither the superior nor Subordinate but two independent spiritual authorities with the Patriarch at the highest of the hierarchy. (1995 Juagement Para 78). വീണ്ടും കോടതി പറയുന്നു: The spiritual supremacy of the one holy authority over the other cannot peruse mean exclusion or subordination of the other religious authority.

പാത്രിയർക്കീസ് അധികാരദാനം നടത്തിയതോടെ കാതോലിക്കോസ് പ്രധാന മേലദ്ധ്യക്ഷനായിത്തീരുകയും പാത്രിയർക്കീസുമായി സ്നേഹത്തിൻ്റെ കൂട്ടായ്മയിൽ കഴിയുകയുമാണ്. പാത്രിയർക്കീസിന് അധികാര നഷ്ടം വന്നെങ്കിലും പാത്രിയർക്കീസിൻ്റെ സ്ഥാനം മലങ്കര സഭ ആദരിക്കുന്നു. കോടതിയുടെ നിരീക്ഷണം ശ്രദ്ധിക്കുക : 1934 constitution does not repudiate the Patriarch. On the contrary it reaffirms that he is the Patriarch of the orthodox Syrian Church of which Malankara Church is said to be a part. All the effective power exercised by the Patriarch prior to 1912 were vested with the Catholicose (para 136). അതുകൊണ്ട് catholicose is lower in heirarchy to the Patriarch but not subordinate to him (1995 Para 53) ഇതാണ് ഇവരുടെ സ്ഥാനനില സംബന്ധിച്ച് കോടതിയുടെ സുചിന്തിതമായ വിലയിരുത്തൽ.

ഈ സ്ഥാനമഹിമയുടെ പേരിൽ പാത്രിയർക്കീസ് മലങ്കര സഭയുടെ ഭരണത്തിൽ ഇടപെട്ടിട്ടുണ്ട്. കാതോലിക്കയുടെ പേരിൽ ശിക്ഷണ നടപടിക്ക് മുതിർന്നിട്ടുമുണ്ട് .ഇതിന് പാത്രിയർക്കീസിന് അധികാരമില്ല. കോടതി പറയുന്നു: The Patriarch has no right to excommunicate the Catholicose, if the spiritual heads of higher stature start excommunicating each other it may not be conducive for religious order (Para, 54 ). കാതോലിക്കേറ്റ് സ്ഥാപനശേഷം നടന്നത് കാതോലിക്ക – പാത്രിയർക്ക ബന്ധം അന്യോന്യ സംസർഗ്ഗമാണ് The communion of two offices (Para 56) എന്നതാണ് അതുവഴി അർത്ഥമാക്കുന്നത്. അതെന്താണ് എന്ന് കോടതി വിശദീകരിക്കുന്നു. Communion means that each was supreme, that if both of them were present the first is the Patriarch of Antioch as higher in heirarchy. (Para 56 Page 192). സഭാ മേലദ്ധ്യക്ഷ മേഖലയിൽ ഇത് അജ്ഞാതമോ അസാധാരണമോ അല്ല എന്ന് കോടതി സ്മരിക്കുന്നു: In religious order the two supreme authorities the one highest and the other higher without latter being subordinate is not unknown… the change has been a recognized, accepted and acted upon.

അതായത് സ്ഥാനശ്രേണിയിൽ പാത്രിയർക്കീസ് കാതോലിക്കോസിന് ഉപരി ആയിരിക്കുമ്പോഴും പാത്രിയർക്കീസിന് കാതോലിക്കേറ്റിൽ ഇടപെടാനും നിയന്ത്രിക്കുവാനും ശിക്ഷാ നടപടികൾ എടുക്കാനും അധികാരമില്ല. ഭരണഘടന ഇത്തരം ഒരു അവകാശം പാത്രിയർക്കീസിന് നൽകുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ പാത്രിയർക്കീസിൻ്റെ അനധികൃത ഇടപെടൽ കൊണ്ട് അദ്ദേഹത്തിൻ്റെ ആത്മിക സ്ഥാനവും അസ്തമയ ബിന്ദുവിൽ എത്തുകയായിരുന്നു. (para 140)

2017-ലെ വിധി പ്രകാരം പാത്രിയർക്കീസ് ഭരണഘടനയും കാനോനും ധിക്കരിച്ച് ഇടപെടുന്നതിൽ സാങ്കേതിക – നിയമ പ്രശ്നം മാത്രമല്ല ഉള്ളത്. ഇതിന് പ്രായോഗിക പ്രശ്നങ്ങൾ കൂടി ഉള്ളതായി കോടതി ചൂണ്ടിക്കാണിക്കുന്നു. മറ്റൊരു നാട്ടിലെ ആസ്ഥാനത്ത് നിന്നുകൊണ്ട് ഈ നാട്ടിൽ സഭാ ഭരണം ഫലപ്രദമായി നിർവ്വഹിക്കുവാൻ പാത്രിയർക്കീസിന് ആവില്ല. അതുകൊണ്ട് ഇത് അനുവദനീയമായ നടപടിയും അല്ല. Proper management of affairs of the Churches cannot be exercised from abroad. Such a scenario is neither conceived nor feasible nor permissible. അന്യനാട്ടിൽ ഇരുന്ന് സഭാ ഭരണം കാര്യക്ഷമമായി നടത്താൻ ആകില്ല എന്നും അത് അനുവദിക്കാൻ വയ്യാ എന്നും ഉള്ള കോടതിയുടെ നിലപാട് മുൻ കോടതി തീർപ്പിൽ ഇല്ലാത്തതാണ്. മുൻ കോടതി തീരുമാനത്തിൽ പെട്ടതും അല്ല. അത് അതിർത്തികൾക്ക് അപ്പുറത്തിരുന്ന് മറ്റൊരു നാട്ടിൽ മതഭരണം നിയന്ത്രിക്കുന്നവർക്കുള്ള താക്കീതായി കാണാവുന്നതാണ്.

മാത്രമല്ല, നിയമാനുസൃതം ലഭ്യമായ അധികാരം, സീമകൾ എന്നിവയ്ക്കുള്ളിൽ നിന്നായിരിക്കണം അധികാര പ്രയോഗം എന്ന് കോടതി കരുതുന്നു. കോടതി പറയുന്നു : when there is the limitation of territorial and other powers, concerned authorities, however, high may be. Spiritually or otherwise have to follow the discipline and strictly act as per the limitation of zones and powers. ഇതുപോലുള്ള നിരീക്ഷണങ്ങൾ പാത്രിയർക്കീസ് ബാവയുടെ മലങ്കരയിലെ അനധികൃത ഇടപെടലുകൾ മനസ്സിലാക്കിക്കൊണ്ട് മാത്രം നടത്തുന്നതായി വിലയിരുത്താവുന്നതാണ്.

കാതോലിക്കോസ് തൻ്റെ ലെറ്റർ ഹെഡിൽ പാത്രിയർക്കീസ് ഉപയോഗിക്കുന്നതിന് സമാനമായ honorifics (ആദരസൂചക പദങ്ങൾ) പ്രയോഗിക്കുന്നതിനെതിരെയുള്ള പരാതികളും കോടതി പരിഗണിക്കുന്നുണ്ട്. ഇത്തരം പദ പ്രയോഗങ്ങൾ സ്ഥാനമഹിമയ്ക്ക് അനുസൃതമായി സഭാദ്ധ്യക്ഷൻമാർ ഉപയോഗപ്പെടുത്തുന്നതിൽ കോടതി അപാകത കണ്ടെത്തുന്നില്ല. പാത്രിയർക്കീസ് തൻ്റെ പേരിനോട് ചേർത്ത് പ്രയോഗിക്കുന്ന ആദര പദങ്ങൾ കാതോലിക്ക ഉപയോഗിക്കുന്നത് തടഞ്ഞ് കാതോലിക്കയെ പാത്രിയർക്കീസിന് കീഴ്സ്ഥാനിയാക്കാനുള്ള ശ്രമം കോടതി തടയുകയാണ്. കോടതി നിരീക്ഷിക്കുന്നു: The inference is that the titles proper to the Patriarch of Antioch are also proper to the Catholicose of the East. (1995, para 41)

ആത്മീയ പദവിയുടെ പേര് പറഞ്ഞ് പാത്രിയർക്കീസ് കോടതി വിധികൾ, കാനോനുകൾ, ഉഭയ ഉടമ്പടികൾ, ഭരണഘടന ഇവ അവഗണിച്ച് മലങ്കര സഭയുടെ ഭരണ സംവിധാനത്തെ നിർവ്വീര്യമാക്കുന്ന പ്രവണത നിയന്ത്രിക്കപ്പെടേണ്ടതാണ് എന്ന് മാത്രമാണ് കോടതിയുടെ നിഗമനം. അതല്ലാതെ ഭരണഘടന പ്രകാരം പാത്രിയർക്കീസിന് ലഭിക്കേണ്ട സ്ഥാനമഹിമകൾ നിലനിർത്തണം എന്ന കാര്യത്തിൽ കോടതിക്ക് ഭിന്ന അഭിപ്രായമില്ല. അതു കൊണ്ട് കോടതിയുടെ നിരീക്ഷണം ശ്രദ്ധിക്കപ്പെടേണ്ടതാണ്. No person under the guise of spiritual faith can be permitted to destroy a system which is prevailing for the management of a church (Para 79)

സുറിയാനി സഭയിലെ രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളാണ് അന്ത്യോഖ്യ പാത്രിയർക്കേറ്റും കിഴക്കിൻ്റെ കാതോലിക്കേറ്റും . ഈ സംയുക്ത സഭയിൽ പാത്രിയർക്കേറ്റിന് ആത്മിക ഔന്നത്യത്തിൻ്റെ പേരിൽ നൽകപ്പെടുന്ന ആദരവിൻ്റെ പദവികളും മുൻഗണനകളും ഉണ്ട്. എന്നാൽ അവ പാത്രിയർക്കീസിന് ഭരണഘടനയ്ക്ക് അതീതമായി കാതോലിക്കേറ്റിൽ ഇടപെടാൻ ഉള്ള സ്വേച്ഛാധികാരം കൊടുക്കുന്നില്ല. ഈ സ്ഥാപനങ്ങളുടെ ബന്ധം നിർണ്ണയിക്കുന്നത് 1934-ലെ സഭാ ഭരണഘടനയാണ്. ഈ വിഷയം സംബന്ധിച്ച് കാനോൻ തീരുമാനങ്ങൾക്ക് പോലും പ്രസക്തിയില്ലാതിരിക്കുന്നു എന്ന നിലപാടിലാണ് 1995-ലെ കോടതി വിധി. 1934-ലെ ഭരണഘടന ഇവ കൃത്യമായി നിർവ്വചിച്ചിരിക്കുന്ന സാഹചര്യത്തിൽ 13-ാം നൂറ്റാണ്ടിൽ രൂപപ്പെടുത്തിയ കാനോൻ നിർദ്ദേശങ്ങൾക്ക് മാറിയ സാഹചര്യത്തിൽ സാംഗത്യമില്ല എന്ന് കോടതി കരുതുന്നു. അതുകൊണ്ട് ഹൂദായ കാനോന്റെൻ്റെ ഏത് version എന്ന് അന്വേഷിക്കുവാനും കോടതി ശ്രമിക്കുന്നില്ല. ഭരണഘടനയുടെ ചട്ടക്കൂടിൽ സ്നേഹ കൂട്ടായ്മയിൽ (communion of love) ഇരു സ്ഥാപനങ്ങളും വർത്തിക്കേണ്ടതാണ് എന്നാണ് കോടതിയുടെ വിലയിരുത്തൽ.

ഈ ബന്ധം ആരോഗ്യകരമായി നിലനിർത്തി സഭയിൽ ഐക്യം സൃഷ്ടിക്കുവാനുള്ള കോടതിയുടെ താത്പര്യവും, സുവിശേഷം നല്കുന്ന സമാധാനത്തിൻ്റെ സന്ദേശവും ഉൾക്കൊള്ളുവാൻ ഇരു വിഭാഗത്തിലെയും നേതൃത്വത്തിന് സാധിച്ചിരുന്നെങ്കിൽ നിലവിലിരിക്കുന്ന ഭിന്നതയ്ക്ക് പരിഹാരമാകുമായിരുന്നു.

സസ്നേഹം നിങ്ങളുടെ .
അത്താനാസിയോസ് തോമസ്
മെത്രാപ്പോലീത്ത.

https://ovsonline.in/articles/patriarch-of-antioch-and-catholicate-of-the-east/

error: Thank you for visiting : www.ovsonline.in