ദിവ്യജ്ഞാനം ശ്രദ്ധിച്ചുകൊണ്ട്…
ജീവിതകാലത്തും, മരണത്തിലും, മരണാനന്തരവും ഞെട്ടിച്ച ഒരു വ്യക്തിപ്രഭാവമായിരുന്നു മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ. വര്‍ത്തമാനകാല കീഴ്‌വഴക്കങ്ങള്‍ക്കു വിരുദ്ധമായി 36-ാം വയസില്‍ തിരഞ്ഞെടുക്കപ്പെടുകയും, നാല്പതു വയസിനു മുമ്പ് മേല്പട്ട സ്ഥാനത്തേക്കു വാഴിക്കപ്പെടുകയും, താരതമ്യേന കുറഞ്ഞ പ്രായത്തില്‍ത്തന്നെ കാതോലിക്കാ സ്ഥാനത്ത് അവരോധിക്കപ്പെടുകയും ചെയ്ത അദ്ദേഹത്തിനു സമാനതകളില്ല.
സ്വതവേ നാണംകുണുങ്ങിയായ പൗലൂസ് ദ്വിതീയന്‍, അത്യുന്നത മഹാപുരോഹിതപദത്തിലേറിയശേഷം ലോകമെങ്ങുമുള്ള തന്റെ സഹോദര സഭാദ്ധ്യക്ഷന്മാരുമായി ഊഷ്മളമായ സൗഹൃദം സ്ഥാപിക്കുകയും സന്ദര്‍ശന-പ്രതി സന്ദര്‍ശനങ്ങള്‍ നടത്തുകയും ചെയ്തു. എന്നു മാത്രമല്ല, വിവിധ അന്തര്‍ദേശീയ വേദികളില്‍ തന്റെ സാന്നിദ്ധ്യത്തിന്റെ മുദ്ര പതിപ്പിക്കുകയും ചെയ്തു.
മെത്രാന്‍ ആയിരിക്കുമ്പോള്‍ പോലും ഏതെങ്കിലും മേഖലയില്‍ പ്രത്യേക പ്രതിഭയൊന്നും തെളിയിക്കാത്ത പൗലൂസ് ദ്വിതീയന്‍, പ. മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനസ്ഥനായതോടെ നിലപാടുകളുടെ തമ്പുരാന്‍ ആയി മാറി. താന്‍ മാതൃകാ പുരുഷനായി കണക്കാക്കുന്ന കിഴക്കിന്റെ മഹാനായ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ പ്രാരംഭമിട്ട രണ്ടാം സമുദായ കേസ് പല കടമ്പകള്‍ കടന്ന് മൂന്നാം സമുദായക്കേസായി അന്തിമ വിധിയിലെത്തിയത് 2017-ലാണ്. സമാധാനത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടപ്പോഴും അടിസ്ഥാന വിഷയങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് അദ്ദേഹം തയ്യാറല്ലായിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായെങ്കിലും അദ്ദേഹം കുലുങ്ങിയില്ല.
ക്യാന്‍സര്‍ രോഗത്തില്‍നിന്നും ഏതാണ്ട് മുക്തി പ്രാപിച്ചെങ്കിലും പിന്നാലെ വന്ന കോവിഡ് ബാധ അദ്ദേഹത്തെ തളര്‍ത്തി. പക്ഷേ അവിടെയും അദ്ദേഹം ഞെട്ടിച്ചു. കോവിഡ് രോഗബാധ മൂലം അദ്ദേഹം ജീവന്‍ വെടിയുമെന്നും, കോവിഡ് പ്രോട്ടൊക്കോള്‍ അനുസരിച്ച് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് തിടുക്കത്തില്‍ എവിടെങ്കിലും കുഴിച്ചിടുമെന്നും 2017 മുതല്‍ നിരന്തരമായി പ. പിതാവിനെ ഭത്സിച്ചുകൊണ്ടിരുന്നവര്‍ ദിവാസ്വപ്നം കണ്ടു. എന്നാല്‍ അവരെ നിരാശരാക്കിക്കൊണ്ട് അദ്ദേഹം കോവിഡ് മുക്തനായി. പക്ഷേ കോവിഡാനന്തര പ്രശ്‌നങ്ങളെ അതിജീവിക്കാനാകാതെ 2021 ജൂലൈ 12-ന് പ. പിതാവ് മരിച്ചു തന്റെ ജനത്തോടു ചേര്‍ന്നു. കോവിഡ് പ്രോട്ടോക്കോള്‍ നിലവിലിരുന്നിട്ടും ലോകത്തിന്റെ മുഴുവന്‍ ആദരാജ്ഞലികള്‍ ഏറ്റുവാങ്ങിക്കൊണ്ട് മലങ്കര നസ്രാണികളുടെ ജാതിക്കു തലവന് അനുയോജ്യമാംവിധം പിറ്റേന്ന് മലങ്കരയുടെ മക്‌പേലാ ഗുഹയായ ദേവലോകം കാതോലിക്കേറ്റ് അരമനയിലെ ബസ് കാദീശായില്‍ രാജകീയമായി കബറടക്കി. ജാതിക്കു തലവന്റെ ജാതിമര്യാദ അനുസരിച്ചുള്ള ശേഷക്രിയകളും അക്ഷരാര്‍ത്ഥത്തില്‍ ലോകമെമ്പാടും നസ്രാണികള്‍ യഥാസമയങ്ങളില്‍ ഗംഭീരമായി നടത്തി.
ദൗര്‍ഭാഗ്യവശാല്‍ തന്റെ ജീവിതകാലത്ത് പിന്‍ഗാമിയെ തിരഞ്ഞെടുക്കാതെയാണ് പ. പിതാവ് കടന്നുപോയത്. മലങ്കരസഭ 1934-നു ശേഷം ഇത്തരമൊരു ഭരണപ്രതിസന്ധി നേരിടുന്നത് നടാടെയാണ്. ഈ സന്നിഗ്ദാവസ്ഥയില്‍ മലങ്കരസഭ ആടി ഉലയുമെന്നും തകര്‍ന്നു തരിപ്പണമാകുമെന്നും ചിലര്‍ മനഃപായസം ഉണ്ടു. ഒന്നും സംഭവിച്ചില്ല. സഭയും ഭരണവും സുഗമമായി മുമ്പോട്ടുപോയി. നിശ്ചയിച്ച സമയത്ത് പിന്‍ഗാമിയെ തിരഞ്ഞെടുത്തു വാഴിച്ചു.
കബറടക്കവും അടിയന്തിരവും കഴിഞ്ഞാണ് പൗലൂസ് ദ്വിതീയന്‍ കുറഞ്ഞപക്ഷം ഈ ലേഖകനെയെങ്കിലും ഞെട്ടിച്ചത്. രണ്ട് തടിയന്‍ ഫയലുകളുടെ രൂപത്തിലാണ് ഈ ഞെട്ടല്‍ കടന്നുവന്നത്. കത്തനാര്‍, റമ്പാന്‍, മെത്രാന്‍ സ്ഥാനങ്ങളിലിരിക്കുമ്പോള്‍ പ. പിതാവ് സ്വന്തം കൈപ്പടയിലെഴുതിയ പ്രസംഗക്കുറിപ്പുകളുടെ സമാഹാരമായിരുന്നു അവ. 2010-21 കാലത്ത് താന്‍ അത്യുന്നത മഹാപുരോഹിതന്റെ സിംഹാസനത്തിലിരിക്കുമ്പോള്‍ അത്യപൂര്‍വം ചില അന്തര്‍ദേശീയ വേദികളിലൊഴികെ പ. പിതാവ് പ്രസംഗത്തിനായി ഒരു തുണ്ടുകടലാസിനെയെങ്കിലും ആശ്രയിക്കുന്നത് ആരും കണ്ടിട്ടില്ല. അതു ഞായറാഴ്ച-പെരുന്നാള്‍ പ്രസംഗങ്ങള്‍ ആയാലും, അനുസ്മരണങ്ങള്‍ ആയാലും, പൊതു വേദികള്‍ ആയാലും മാറ്റമില്ല. ആ വ്യക്തിയാണ് ഇത്ര വിപുലമായ സ്വന്തം ഈ പ്രസംഗക്കുറിപ്പുകളുടെ സമാഹാരത്തിന്റെ ഉടമ! ഒന്നും രണ്ടുമല്ല; 450 പ്രസംഗക്കുറിപ്പുകള്‍ ഉണ്ടായിരുന്നു അദ്ദേഹംതന്നെ സൂക്ഷിച്ചിരുന്ന ആ ഫയലുകളില്‍! കാലപ്പഴക്കം കൊണ്ടു നഷ്ടപ്പെട്ട ഏതാനും വാക്കുകളൊഴികെ സമ്പൂര്‍ണ്ണമായും പഠനവിധേയമാണ് ഈ പ്രസംഗക്കുറിപ്പുകള്‍.
ഈ രേഖാ സമുച്ചയത്തില്‍ പൂര്‍ണ്ണരൂപത്തിലുള്ള പ്രസംഗങ്ങള്‍ വളരെ കുറവാണ്. സ്വന്തം റഫറന്‍സിനായി കുറിച്ചുവെച്ച ആശയങ്ങള്‍ മാത്രമാണവ. ചിലത് സാമാന്യം ദീര്‍ഘമാണ്. ചിലത് ഏതാനും വാചകങ്ങള്‍ മാത്രം. മറ്റു ചിലതാകട്ടെ ഏതാനും വാക്കുകളിലൊതുങ്ങും.
പൊതുവെ ഒരു വേദവാക്യത്തിന്റെ സൂചനയോടെയാണ് ഈ കുറിപ്പുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് അതിന്റെ വ്യാഖ്യാനവും വിശകലനവുമാണ്. ഇതിനിടയില്‍ സമകാലിക സംഭവങ്ങളും പത്രവാര്‍ത്തകളും ഇന്ത്യന്‍ പുരാണങ്ങളും അന്തര്‍ദേശീയ സംഭവങ്ങളും ഒക്കെ കടന്നുവരും. തനിക്കുമാത്രമറിയാവുന്ന ചില വായ്‌മൊഴികളെയും പ്രാദേശിക കഥകളെയും പറ്റിയുള്ള സൂചനകളും ചില കുറിപ്പുകളിലുണ്ട്.
പ. പിതാവിന്റെ വേദശാസ്ത്ര-സഭാവിജ്ഞാനീയ ദര്‍ശനങ്ങളുടെ ഘടനയോ അവയുടെ സ്രോതസോ ഈ ലേഖകനറിയില്ല. പക്ഷേ അദ്ദേഹം പഠിച്ച ഭൗതീകശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ സരണികളുടെ സ്വാധീനം പല കുറിപ്പുകളിലും വ്യക്തമായി ദര്‍ശിക്കാം.
സെമിനാരി വിദ്യാഭ്യാസത്തിനു പ്രീഡിഗ്രിയോ തത്തുല്യ യോഗ്യതയോ മാത്രം അടിസ്ഥാന മാനദണ്ഡമായിരുന്ന കാലത്ത് ഭൗതീകശാസ്ത്രത്തില്‍ ബിരുദത്തോടുകൂടി സെമിനാരി പ്രവേശനത്തിനെത്തിയ പൗലൂസ് ദ്വിതീയന് അക്ഷരത്തിന്റെ വിലയും വിദ്യയുടെ ശക്തിയും നന്നായി അറിയാമായിരുന്നു. കത്തനാര്‍ക്ക് ഒരു ബിരുദംതന്നെ ഭൂഷണമായിരുന്ന കാലത്ത് സെമിനാരി പഠനത്തിനുശേഷം കോളേജില്‍ ചേര്‍ന്നുപഠിച്ച് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയതും ഇതിനു തെളിവാണ്. ജ്ഞാനത്തെപ്പറ്റിയുള്ള ഈ അവബോധം അദ്ദേഹം പ്രസംഗക്കുറിപ്പുകള്‍ തയ്യാറാക്കുന്നതിലും പ്രതിഫലിക്കുന്നുണ്ട്.
ഞായറാഴ്ചകള്‍, പെരുന്നാളുകള്‍, ആദ്ധ്യാത്മിക പ്രസ്ഥാന വാര്‍ഷികങ്ങള്‍ മുതലായവയ്ക്കു മാത്രമല്ല, എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ സഹപട്ടക്കാരനായിരിക്കെ അനേകം ഭവന പ്രാര്‍ത്ഥനായോഗങ്ങള്‍ക്കും തയാറാക്കിയ കുറിപ്പുകള്‍ ഈ സമാഹാരത്തിലുണ്ട്. ഒരു പക്ഷേ അവയായിരിക്കും ഭൂരിപക്ഷം എന്നു പറയുന്നതില്‍ തെറ്റില്ല. പല കുറിപ്പുകളിലും വേദി സൂചിപ്പിച്ചിട്ടില്ലാത്തതിനാല്‍ കൃത്യമായ ഒരു കണക്കെടുപ്പ് അസാദ്ധ്യമാണ്. സദസ്സ് വിപുലമായാലും എത്ര ചെറുതായാലും തയ്യാറെടുപ്പോടെ മാത്രമേ അഭിസംബോധന ചെയ്യാവു എന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. കുറിപ്പുകള്‍ ഉപയോഗിക്കാറില്ലായിരുന്നു എങ്കിലും പൗരസ്ത്യ കാതോലിക്കാ ആയ ശേഷവും അദ്ദേഹം പ്രസംഗപീഠത്തില്‍ കയറിയിരുന്നത് കൃത്യമായ തയാറെടുപ്പോടുകൂടി മാത്രമായിരുന്നു എന്ന് ഈ ലേഖകന് നേരിട്ടറിയാം.
പ്രസംഗങ്ങളും ലേഖനങ്ങളും തയ്യാറാക്കുന്നതില്‍ പ. പിതാവ് അത്യന്തം സൂക്ഷ്മത പുലര്‍ത്തിയിരുന്നു എന്ന് ഒരു സംഭവംകൊണ്ട് വ്യക്തമാക്കാം. കുന്നംകുളം മെത്രാനായിരിക്കെ അവിടുത്തെ ഒരു പള്ളിയുടെ സൂവനീറിന് ലേഖനം കൊടുക്കാമെന്നു അദ്ദേഹം സമ്മതിച്ചിരുന്നു. നിശ്ചിത സമയം കഴിഞ്ഞിട്ടും അതു സാധിക്കാത്തതില്‍ മുഷിഞ്ഞു സംസാരിച്ച പള്ളി ഭാരവാഹിയോട് അദ്ദേഹം പറഞ്ഞു: …എടാ നീ തെങ്ങിനു തടമെടുക്കുന്നതുപോലെ ഒരു തൂമ്പാ എടുത്ത് നാല് കിള കിളച്ചാല്‍ ലേഖനം വരില്ല. അതിനു പഠിക്കണം, ചിന്തിക്കണം. അതിനു സമയം വേണം. എനിക്കു സമയം കിട്ടിയില്ല. അതുകൊണ്ട് എഴുതിയുമില്ല…
ഈ കുറിപ്പുകള്‍ തയാറാക്കിയിരിക്കുന്ന മാദ്ധ്യമങ്ങളും ശ്രദ്ധേയമാണ്. വെറും കടലാസുകള്‍, എറണാകുളം പള്ളിയുടെ ലറ്റര്‍പാഡ്, തുണ്ടുകടലാസുകള്‍, വിവാഹ ക്ഷണപത്രങ്ങള്‍ മുതലായി വൈവിദ്ധ്യമാര്‍ന്ന പ്രതലങ്ങളിലാണ് ഇവ രചിക്കപ്പെട്ടത്. എന്തിനധികം! പരുമല സെമിനാരിയിലെ വൗച്ചറിന്റെ പുറത്തുപോലും പ. പിതാവ് പ്രസംഗക്കുറിപ്പ് തയാറാക്കിയിട്ടുണ്ട്. പരിമിതമായ സാഹചര്യങ്ങളിലും പ്രസംഗത്തിന് തയ്യാറെടുക്കുക എന്നത് അനിവാര്യമാണെന്നു പൗലൂസ് ദ്വിതീയന്‍ വിശ്വസിച്ചിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
പൗരാണിക സഭകളില്‍ അത്യന്തം പ്രാധാന്യമുള്ള ഒരു പഠനശാഖയാണ് പിതൃവിജ്ഞാനീയം (Patristic). മണ്‍മറഞ്ഞ സഭാ പിതാക്കന്മാര്‍ വാമൊഴിയായും വരമൊഴിയായും ശേഷിപ്പിച്ച ചിന്തകളുടേയും ദര്‍ശനങ്ങളുടെയും സമാഹരണവും പഠനവുമാണ് ഈ വേദശാസ്ത്ര ശാഖയുടെ അസ്ഥിവാരം. അനേക നൂറ്റാണ്ടുകളില്‍ നൂറുകണക്കിനു സഭാ പിതാക്കന്മാരുടെ പഠനങ്ങളിലൂടെയും ചിന്തകളിലൂടെയും ഉണ്ടായ പരിശുദ്ധാത്മ വ്യാപാരമാണ് പ. സഭയുടെ വേദാധിഷ്ഠിതമായ വേദശാസ്ത്രവും ദൈവശാസ്ത്രവും സന്മാര്‍ഗ്ഗശാസ്ത്രവും ആയി ഇന്ന് നിലനില്‍ക്കുന്നത്. ഈ പ്രബോധനങ്ങളുടെ കാച്ചിക്കുറുക്കിയ സത്താണ് ദിവ്യജ്ഞാനം ശ്രദ്ധിച്ചുകൊണ്ട്… ഇന്ന് പ. സഭ പിന്തുടരുന്നത്.
രണ്ട് സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ അനേകം സഭാ പിതാക്കന്മാര്‍ മലങ്കര നസ്രാണികള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന് അവരെ പ്രബോധിപ്പിച്ചിട്ടുണ്ട്. പക്ഷേ അവയില്‍ ലിഖിതരൂപത്തില്‍ അവശേഷിച്ചത് തുലോം പരിമിതമാണ്. അതിനാല്‍ത്തന്നെ മലങ്കര സഭാ പിതാക്കന്മാരെ അവലംബിച്ചുള്ള പിതൃവിജ്ഞാനീയ പഠനങ്ങള്‍ തികച്ചും പരിമിതവുമാണ്. അച്ചടിച്ചതോ ആരെങ്കിലും കേട്ട് എഴുതിയെടുത്തതോ ആയ അംഗുലീ പരിമിതമായ പ്രസംഗങ്ങള്‍ മാത്രമാണ് പ. പരുമല തിരുമേനി മുതലുള്ള മലങ്കരസഭാ പിതാക്കന്മാരുടേതായി അവശേഷിച്ചിട്ടുള്ളത്. അതിനാല്‍ത്തന്നെ പൗലൂസ് ദ്വിതീയന്റെ പ്രസംഗക്കുറിപ്പുകള്‍ മലങ്കര സഭയ്ക്ക് ഒരു അമൂല്യ സമ്പത്താണന്നു നിസംശയം പറയാം.
പല തലങ്ങളില്‍ ഈ കുറിപ്പുകള്‍ പഠനവിധേയമാക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി അവയിലെ ആദ്ധ്യാത്മിക – വേദശാസ്ത്ര – സഭാവിജ്ഞാനീയ ദര്‍ശനങ്ങളെപ്പറ്റി. അദ്ദേഹത്തിന്റെ സാമൂഹികശാസ്ത്ര – വര്‍ത്തമാനകാല വിശകലനങ്ങളാണ് രണ്ടാമതായി പഠനവിധേയമാക്കേണ്ടത്. ഒരു ഇടവക പട്ടക്കാരന്‍, ഇടയന്‍ എന്നീ നിലകളില്‍ ഇത്തരം പ്രബോധനങ്ങളുടെ പ്രസക്തിയും സ്വാധീനവും പഠന വിധേയമാക്കേണ്ടതാണ്.
സ്വജീവിതകാലത്ത് ഒരു ഉജ്വല പ്രഭാഷകനോ, പ്രാസംഗികനോ, ധ്യാനഗുരുവോ ആയി തീര്‍ത്തും അറിയപ്പെടാതിരുന്ന മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ മലങ്കര സഭയിലെ വരും തലമുറകള്‍ക്കായി കാത്തുവെച്ച തിരുശേഷിപ്പാണ് ദിവ്യജ്ഞാനം എന്നു നാമകരണം ചെയ്യാവുന്ന ഈ പ്രസംഗക്കുറിപ്പുകള്‍. ശരിയായി ഉപയോഗിച്ചാല്‍ മലങ്കര സഭയുടെ പിതൃവിജ്ഞാനീയ പഠനത്തിന് പുത്തന്‍ ഉണര്‍വേകുന്ന ഉത്തേജക ഔഷധം.
മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കടന്നുപോയി ഒരു വര്‍ഷം തികയുമ്പോഴാണ് യശ്ശസ് ഒഴികെ അദ്ദേഹം അവശേഷിപ്പിച്ചുപോയ ഈ അനശ്വര സമ്പത്തിനെ ലോകം തിരിച്ചറിയുന്നത്.
ഡോ. എം. കുര്യന്‍ തോമസ്