പള്ളിത്തർക്കം പരിസമാപ്തിയിലേക്ക്
കോട്ടയം ഭദ്രാസനത്തിൽ പെട്ട ഉള്ളായം സെന്റ് ജോർജ് പള്ളിയുടെ കേസ് ബഹു ഹൈക്കോടതി തീർപ്പാക്കി. സുപ്രിം കോടതിയുടെ സെപ്റ്റംബർ 6 ൽ ഉണ്ടായ അവസാന ഉത്തരവ് (കണ്ടനാട് പള്ളി) പ്രകാരം മലങ്കര സഭയുടെ എല്ലാ പള്ളികളും 1934 -ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കണമെന്ന 2017 ജൂലായ് 3-ലെ തീർപ്പ് അന്തിമമെന്നും അതനുസരിച്ച് ഈ കേസിലെ വിധി മലങ്കരയിലെ എല്ലാ പള്ളികളെയും ബന്ധിതമാക്കിയതാണ് എന്നും പ്രത്യേകം എടുത്ത് പറയുന്നു.
ജൂലായ് 3 വിധിക്ക് ശേഷം തൃശൂർ ഭദ്രാസനത്തിൽ പെട്ട എരുക്കും ചിറ, മംഗലം ഡാം, ചെറുകുന്നം കേസുകളുടെ വിധിയും ഇപ്രകാരം ജൂലായ് 3 വിധി ബാധകമാക്കി തീർപ്പ് കൽപ്പിക്കുകയുണ്ടായി. മലങ്കര സഭാ പള്ളികളിൽ എല്ലാം 34 ഭരണഘടന പ്രകാരം ഭരണം നടത്തണം എന്ന് തീർപ്പ് കൽപ്പിക്കപ്പെട്ട സാഹചര്യത്തിൽ വീണ്ടും കേസുകൾക്കൊ തർക്കത്തിനോ അടിസ്ഥാനമില്ല എന്നും എല്ലാ അധികാരികളും കോടതികളും അതിന് അനുസൃതമായി വേണം പ്രവർത്തിക്കാൻ എന്നും ബഹു സുപ്രിം കോടതി വിധിച്ചിരുന്നു.
ഇതിന്റ അടിസ്ഥാനത്തിൽ ബഹു സുപ്രിം കോടതി തന്നെ കേരളാ ഹൈക്കോടതി രജിസ്ട്രിക്കും ഹൈക്കോടതി കീഴ്ക്കോടതികൾക്കും ടി വിധികൾ ഉൾപ്പടുത്തി മെമ്മോ നൽകിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ഈ കേസ് കാഞ്ഞിരപ്പിള്ളി മുൻസിഫ് കോടതിയും, ഹൈക്കോടതിയും നമ്പരിടാതെ തന്നെ പരിഹരിക്കപ്പെടുകയാണ് ചെയ്തത്.
മലങ്കര സഭ എന്ന ഒറ്റ ട്രസ്റ്റ് മാത്രമെ ഉള്ളൂ എന്നും ആ ട്രസ്റ്റിന്റെ അഭിഭാജ്യ ഘടകങ്ങൾ ആയ ഇടവക പള്ളികൾക്കും ആയത് പ്രകാരം ടി ട്രസ്റ്റിെലെ ഒരു ഘടകത്തിന് നൽകിയ വിധി ( 2017 ജൂലായ് 3 ന്) മറ്റ് അംഗങ്ങൾക്കും ബാധകമാണ് എന്നും ഈ കേസിലെ തീർപ്പോടെ പ്രത്യേകം വ്യാഖ്യാനിക്കപ്പെടാവുന്നതാണ്.
അതു കൊണ്ട് ജൂലായ് 3 വിധി നടപ്പാക്കാൻ പ്രത്യേകം കേസുകളുടെ ആവശ്യമില്ല, മറിച്ച് വിധി നടപ്പാക്കപ്പെടുകയാണ് വേണ്ടതെന്നും അതിന് വേണ്ടതായ ക്രമികരണങ്ങൾ ആവശ്യക്കാർക്ക് ചെയ്യാമെന്നും വ്യക്തമാക്കപ്പെടുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ റോഷൻ ഡി അലക്സാണ്ടർ, സീനിയർ അഭിഭാഷകൻ എസ് ശ്രീകുമാർ എന്നിവർ ഹാജരായി.