നീതിപീഠത്തിൻ്റെ തീരുമാനങ്ങൾ അവഗണിച്ചാൽ രാജ്യം അപകടത്തിലാകും.
കൊട്ടാരക്കര: ജനാധിപത്യ രാജ്യത്തു നീതിനിഷേധം ഉണ്ടാകാൻ പാടില്ലെന്നും നീതി നിഷേധിക്കുന്നതും നീതിപീഠത്തിൻ്റെ തീരുമാനങ്ങളെ അവഗണിക്കുന്നതും രാജ്യത്തെ അപകടത്തിലേക്കു തള്ളിവിടുമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലുള്ള സംസ്ഥാന സർക്കാർ അനാസ്ഥയ്ക്കെതിരെ ഓർത്തഡോക്സ് സഭ സംഘടിപ്പിച്ച തെക്കൻ മേഖലാ പ്രതിഷേധ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാ ബാവാ. സഭയുടെ തെക്കൻ മേഖലകളിൽ ഉള്ള വിവിധ ഭദ്രാസനങ്ങളിൽ നിന്നെത്തിയ പതിനായിരക്കണക്കിന് വിശ്വാസികൾ മലങ്കരയുടെ മോറാന് ജയ് വിളിച്ചു നീങ്ങിയപ്പോൾ കടലേഴും പിളർക്കുന്ന, ഇടിനാദം കൊട്ടാരക്കരയിൽ മുഴങ്ങി. ഭരണകൂടത്തിൻ്റെ ദാർഷ്ട്യത്തിനെതിരെ, നീതി നിഷേധത്തിനെതിരെ വടക്ക് പള്ളികൾക്കും വിശ്വാസികൾക്കും നേരെ അക്രമത്തിനെതിരെ, സഭാമക്കൾ ഒന്നിച്ചണിനിരക്കുന്ന കാഴ്ച വരാനിരിയ്ക്കുന്ന സഹന സമരങ്ങളുടെ മുന്നോടിയാണ് സൂചിപ്പിയ്ക്കുന്നത്. സഭാനേതൃത്വത്തോടു സഭാമക്കളുടെ കൂറും, വിശ്വാസവും അരക്കിട്ടുറപ്പിയ്ക്കുന്ന ഈ പ്രതിഷേധ ജനസാഗരം കോടതി വിധി നടപ്പിൽ വരുത്താതെ യാതൊരു വിധ ഒത്തുതീർപ്പുകൾക്കും സഭ തയ്യാറല്ല എന്ന സൂചന കൂടിയാണ്.
ഓർത്തഡോക്സ് സഭ ബലഹീനവും ഒന്നിനോടും പ്രതികരിക്കാത്തവരുമാണെന്നു ഭരണകൂടം കരുതരുത്. പല മൗനാനുവാദങ്ങളും കൊടുത്ത് സെമിത്തേരി കയ്യേറുന്ന രീതി ചിലയിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം അടക്കണമെന്നതു തികച്ചും ന്യായമായ ആവശ്യമാണ്. പക്ഷേ, കാർമികൻ ഓർത്തഡോക്സ് വൈദികനായിരിക്കും. പാരമ്പര്യവും ചിട്ടയും നിയമവും അനുസരിച്ചാണു സഭ മുന്നോട്ടു പോകേണ്ടത്. അതിനു മറ്റൊരു സഭയുടെ ഇടപെടൽ ആവശ്യമില്ല– ബാവാ പറഞ്ഞു. കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് അധ്യക്ഷനായി. പ്രതിഷേധ പ്രമേയം ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഏബ്രഹാം അവതരിപ്പിച്ചു.
ഡോ.തോമസ് മാർ അത്തനാസിയോസ്, ഡോ.മാത്യൂസ് മാർ സേവേറിയോസ്, കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ.സഖറിയാസ് മാർ അപ്രേം, ഡോ യാക്കോബ് മാർ ഐറേനിയസ്, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ്, ഡോ. യൂഹാനോൻ മാർ തേവോദോറസ്, അലക്‌സിയോസ് മാർ യൗസേബിയോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.ജോഷ്വ മാർ നിക്കോദീമോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോൺ, സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ,ഫാ.സോളു കോശി, ഫാ.സി.ഡി രാജൻ നല്ലില, ഫാ. എബി ഫിലിപ്പ്, ഫാ.പി.ജി ജോസഫ്, ഫാ, രാജൻ മാത്യു, ടിൽസൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.
https://ovsonline.in/latest-news/church_meet_in_kolenchery/